ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പ് ഗ്രൂപ്പ് എയിൽ അമേരിക്കയെ കീഴടക്കി ഇന്ത്യ. ഏഴ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ഇതോടെ ഇന്ത്യ സൂപ്പർ എട്ട് ഉറപ്പിച്ചു.
അമേരിക്ക ഉയർത്തിയ 111 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 18.2 ഓവറിൽ മറികടന്നു. ഓപ്പണറുമാരായ രോഹിത് ശർമയും (3) വിരാട് കോഹ്ലിയും (0) പരാജയപ്പെട്ടപ്പോൾ സൂര്യകുമാർ യാദവ് അർധ സെഞ്ചുറിയുമായി തിളങ്ങി.
സൂര്യകുമാർ പുറത്താകാതെ 49 പന്തിൽ രണ്ട് ഫോറും രണ്ട് സിക്സും ഉൾപ്പെടെ 50 റണ്‍സെടുത്തു. ശിവം ദുബെ പുറത്താകാതെ 35 പന്തിൽ 31 റണ്‍സ് നേടി. ഋഷഭ് പന്തിൽ 18 റണ്‍സെടുത്തു.
അമേരിക്കയ്ക്കായി സൗരഭ് നേത്രവാൽക്കർ രണ്ട് വിക്കറ്റ് നേടി. അലി ഖാൻ ഒരു വിക്കറ്റും വീഴ്ത്തി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത അമേരിക്ക നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 110 റണ്‍സെടുത്തു.
അർഷദീപ് സിംഗിന്റെ മികച്ച പ്രകടനമാണ് യുഎസിനെ ചെറിയ സ്കോറിൽ ഒത്തുക്കിയത്. ആദ്യ പന്തിൽ തന്നെ യുഎസിന് ഓപ്പണർ ഷയാൻ ജഹാംഗീറിനെ നഷ്ടമായി. 23 പന്തിൽ 27 റണ്‍സെടുത്ത എൻആർ കുമാറാണ് യുഎസ് നിരയിൽ ടോപ് സ്കോറർ. സ്റ്റീവൻ ടെയ്ലർ 24 റണ്‍സും സിജെ ആൻഡേഴ്സണ് 15 റണ്‍സും നേടി.
ഇന്ത്യയ്ക്കായി അർഷദീപ് സിംഗ് നാല് ഓവറിൽ ഒൻപത് റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി. ഹാർദിക് പാണ്ഡ്യ രണ്ട് വിക്കറ്റും നേടി.