കുപ്പയിലെ മാണിക്യം” അതാണ്”മുഹമ്മദ് പേരാമ്പ്ര” എന്ന അതുല്യ നാടകനടൻ !
പേരിന് മാത്രം സ്ക്കൂൾ വിദ്യാഭ്യാസമുള്ള, വിശപ്പിൻ്റെ വിളി മൂലം വിദ്യാലയത്തിൽ എത്തിച്ചേർന്ന പാവങ്ങളിൽ പാവപ്പെട്ട മുഹമ്മദ് പേരാമ്പ്ര.
സർഗ്ഗശേഷി വേണ്ടുവോളം ദൈവം കനിഞ്ഞനുഗ്രഹിച്ചു.
തൻ്റെ ജീവിതാനുഭവങ്ങളിലൂടെ നേടിയെടുത്ത അറിവ് അതായിരുന്നു അദ്ദേഹത്തിൻ്റെ വിദ്യാഭ്യാസം.
ഇല്ലായ്മയും വല്ലായ്മയും അതിജീവിച്ചു കൊണ്ട്, കനലെരിയുന്ന, കണ്ണീരുപ്പ് കലർന്ന തൻ്റെ ജീവിതത്തെ ഹൃദയസ്പർശിയായി തൻ്റെ വാക്കുകളിലൂടെ കോറിയിട്ടിരിക്കുന്നു.
എരിഞ്ഞടങ്ങുന്ന വിശപ്പിനെ, കരുത്താക്കി മാറ്റി തൻ്റെ പ്രയാണം തുടങ്ങി.
ചെറ്റക്കുടിലിൽ നിർധനനായി ജീവിച്ചു വളർന്ന അദ്ദേഹം സ്വന്തം നാടിന്നഭിമാന താരമായി.
ആ ജീവിതം നാടകത്തിനു വേണ്ടി ഉഴിഞ്ഞു വെച്ചു.
അനവധി പുരസ്ക്കാരങ്ങൾ നേടിയിട്ടും, താൻ പിന്നിട്ട വഴി മറക്കാത്ത എളിയ മനുഷ്യൻ.
വേദനകളുടെ തീക്കനലിൽ നിൽക്കുമ്പോഴും ഹൃദ്യമായി പുഞ്ചിരിക്കുകയും, ശക്തമായി സംസാരിക്കുകയും ചെയ്യുന്ന പച്ച മനുഷ്യൻ.
അദ്ദേഹത്തെ നേരിൽ കാണാനും, തൊട്ടറിയാനും കഴിഞ്ഞതു മുതൽ ആ വലിയ മനുഷ്യൻ എൻ്റെ ഹൃദയത്തെ വല്ലാതെ സ്വാധീനിച്ചിരിക്കയാണ്.
വായനയിലൂടെ, ജീവിതാനുഭവങ്ങളിലൂടെ നേടിയ അറിവുകളാണ് അദ്ദേഹത്തിൻ്റെ സൃഷ്ടികൾക്കാധാരമായത്.(നാടകം)
” കെടാത്ത ചൂട്ട്” എന്ന അദ്ദേഹത്തിൻ്റെ പുസ്തകത്തിലൂടെ, തൻ്റെ ജീവിതം വായനക്കാരുടെ മുന്നിലേക്ക് തുറന്നു വെച്ചിരിക്കുന്നു.
1957 ൽ കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയിൽ ജനനം.
പരേതരായ ചെറ്റയിൽ സൂപ്പി, പാത്തുമ്മ ദമ്പതികളുടെ മകനായി ജനനം.
ഏഴ് പതിറ്റാണ്ടുകളോളം നാടകരംഗത്ത് ജ്വലിച്ചു നിന്നു.
കേരളത്തിനകത്തും പുറത്തും ആയിരക്കണക്കിന് വേദികളിൽ പ്രഭാഷണം നടത്തിയിട്ടുണ്ട്.
സ്ക്കൂൾ വിദ്യാഭ്യാസം കുറവായ ഈ വലിയ കലാകാരൻ്റെ പ്രഭാഷണ മികവ് അഭിനന്ദനാർഹമാണ്.
വിവിധ നാടക ഗ്രൂപ്പുകളിലായി പതിനായിരത്തിലധികം വേദികളിൽ അഭിനയിച്ചു.
അഭിനയിക്കുകയായിരുന്നില്ല വേദികളിൽ, ജീവിക്കുകയായിരുന്നു.
ഉപഹാരം നാടകത്തിലെ അഭിനയത്തിന് സ്പെഷൽ ജൂറി അവാർഡും, നിറ നിറയോ നിറ ,രാഷ്ട്ര പിതാവ് എന്നീ നാടകങ്ങളിലെ അഭിനയത്തിന് സംസ്ഥാന സർക്കാറിൻ്റെ മികച്ച സഹനടനുള്ള പുരസ്ക്കാരവും ലഭിച്ചു.
കാവാലം നാരായണ പണിക്കർ പ്രതിഭാ പുരസ്ക്കാരം, ഡോ സിദ്ധരാജ് സ്മാരകം ഉൾപ്പെടെ നിരവധി പുരസ്ക്കാരങ്ങളും ലഭിച്ചിട്ടുണ്ട്.
2023 ൽ ഗുരുപൂജ പുരസ്ക്കാരം നൽകി സർക്കാർ ആദരിച്ചു.
തകരച്ചെണ്ട, കഥ പറയുമ്പോൾ, അച്ചുവിൻ്റെ അമ്മ, പത്തേമാരി, കുഞ്ഞനന്തൻ്റെ കട, ഉട്ടോപ്യയിലെ രാജാവ്, സൈഗാൾ പാടുന്നു എന്നീ സിനിമകളിലെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടു.
നിരവധി ടെലിഫിലിമുകളിലും അഭിനയിച്ചു.
കണ്ടം ബെച്ച കോട്ട്, ദി പോസ്റ്റ് ബോക്സ്, എന്നീ പ്രൊഫഷണൽ നാടകങ്ങളും സംവിധാനം ചെയ്തു.
വിഭാര്യനായ അദ്ദേഹത്തിൻ്റെ മകൻ സിറാജ് ആണ്.
നാടക നടനും പ്രഭാഷകനുമായ ഇദ്ദേഹം മലയാള നാടകവേദിയിൽ ശരീരഭാഷയും, ശബ്ദവും കൊണ്ട് തൻ്റെതായൊരു അടയാളപ്പെടുത്തൽ, സ്ഥാപിച്ചു കഴിഞ്ഞിരിക്കുന്നു.
ദുരിതം നിറഞ്ഞ കുട്ടിക്കാലത്ത് അദ്ദേഹത്തിൻ്റെ പേര്’ ചെറ്റയിൽ അമ്മത്’ എന്നായിരുന്നു.
പരമദരിദ്രനായ അമ്മത്. സാധുവായ
അമ്മതിനെ സരസ്വതി ദേവി കനിഞ്ഞനുഗ്രഹിച്ചു.
ജന്മസിദ്ധമായി ദാരിദ്ര്യത്തോടൊപ്പം സർഗ്ഗശേഷിയും കിട്ടി.
തൻ്റെ പ്രതിസന്ധികളെ വെല്ലുവിളിയോടെ നേരിടാനുള്ള കരുത്ത് നൽകിയത് അക്ഷരങ്ങളായിരുന്നു.
വായനയിലൂടെ സ്വന്തമായി ഒരു ലോകം പണിതെടുത്തു.
തൻ്റെ സർഗ്ഗവൈഭവവും ഇച്ഛാശക്തിയും കൊണ്ട് തൻ്റെ ഗ്രാമത്തിൻ്റെ പേര് തന്നിലൂടെ ചരിത്രത്തിലടയാളപ്പെടുത്തിയ അതുല്യകലാകാരനാണ്”മുഹമ്മദ് പേരാമ്പ്ര”.
അസാധ്യ പ്രതിഭയുള്ള കലാകാരൻ, ജനഹൃദയങ്ങളിലിടം നേടിയ പച്ചയായ മനുഷ്യൻ ഇന്നും ദാരിദ്ര്യത്തിൻ്റെ തീരത്താണന്തിയുറങ്ങുന്നത്.
ആ ജീവിതസമരത്തിൽ ജ്വലിക്കുന്ന തീക്ഷ്ണാനുഭവത്തിൻ്റെ തീയാണ്”കെടാത്ത ചൂട്ട്” എന്ന ഈ അക്ഷരോപഹാരം.
എന്നെ ഏറെ സ്വാധീനിച്ച ഈ അതുല്യ കലാകാരൻ്റെ ജീവിതമാകുന്ന ഈ പുസ്തകവായനയിലേക്ക് നിങ്ങളും എത്തിച്ചേരട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു.