സ്വിറ്റ്‌സർലന്റിലെ ജനീവ ആസ്ഥാനമാക്കി ഐക്യ രാഷ്ട്ര സഭയുടെ കീഴിൽ പ്രവർത്തിക്കുന്ന അന്തർദേശീയ തൊഴിൽ സംഘടനയുടെ ആഹ്വാനം പ്രകാരം 2002 മുതൽ ജൂൺ 12 ന് അന്തർദേശീയ ബാലവേല വിരുദ്ധ ദിനമായി ആചരിക്കുന്നു. കുട്ടികളുടെ മാനസികവും ശാരീരികവും സാംസ്കാരികവും സാമൂഹ്യവുമായ വളർച്ചയ്ക്ക് ദോഷകരമാം വിധത്തിലുമുള്ള ഏതെങ്കിലും തരത്തിലുള്ള ജോലികളിലേർപ്പെടുത്തുന്നതിനെയാണ് ബാലവേല എന്നുപറയുന്നത്
“എവിടെയെങ്കിലും ദാരിദ്രമുണ്ടെങ്കിൽ അത് എല്ലായിടത്തും ഐശ്വര്യത്തിന് വിഘാതമായിരിക്കും “എന്നതാണ് അന്തർദേശീയ തൊഴിൽസംഘടന മുൻപോട്ടു വെക്കുന്ന പ്രധാന ആദർശ സൂക്തം .പഠിച്ചും കളിച്ചും നടക്കേണ്ട പ്രായത്തിൽ ഒരു നേരത്തെ അന്നത്തിനായി പണിയെടുക്കേണ്ടി വരുന്ന കുട്ടികൾ ഒരു സമൂഹത്തിലെ ഏറ്റവും ദാരുണമായ കാഴ്ചയാണ് . ബാലവേല നിരോധനത്തെക്കുറിച്ച് സമൂഹത്തിന് ബോധവത്ക്കരണം നടത്തുക എന്ന ഉദ്ദേശമാണ് ലോക ബാലവേല വിരുദ്ധ ദിനം എന്നതിന്റെ പ്രാഥമിക ലക്‌ഷ്യം. ലോകത്തെ നൂറോളം രാജ്യങ്ങൾ ജൂൺ 12 ലോക ബാലവേല വിരുദ്ധ ദിനമായി ആചരിക്കുന്നുണ്ട് .
ജോലി കൊടുത്ത് തളർത്തേണ്ടതല്ല മറിച്ചു അറിവ് കൊടുത്ത് വളർത്തേണ്ടതാണ് ബാല്യംഎന്ന തിരിച്ചറിവിലേക്ക് ലോകം മാറുന്നു . ഐക്യ രാഷ്ട്ര സഭയുടെ പഠനമനുസരിച്ച് ആഗോളതലത്തിൽ ഓരോ 10 കുട്ടികളിലും ഒരാൾ ജോലി ചെയ്യാൻ നിർബന്ധിതരാകുന്നുണ്ട് എന്നായിരുന്നു മുൻ കാലങ്ങളിൽ എങ്കിൽ ഇന്നത് ഗണ്യമായി കുറഞ്ഞിട്ടുണ്ട് .
ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷന്റെ (ഐഎൽഒ) കണക്കുകൾ അനുസരിച്ച്, ലോകത്താകമാനം 150 മില്യൺ കുട്ടികൾ എങ്കിലും ബാലവേലയിൽ ഏർപ്പെടുന്നുണ്ട് അതിൽ 80 മില്യൺ കുട്ടികളും അപകടകരമായ സാഹചര്യങ്ങളിൽ ജോലി ചെയ്യുന്നു എന്നത് ഞെട്ടിപ്പിക്കുന്ന യാഥാർഥ്യമാണ് .എന്നാൽ കുട്ടികളുടെ എല്ലാ ജോലികളെയും ബാലവേലയായി കണക്കാക്കുന്നില്ല. ബാല കലാകാരന്മാരുടെ ജോലി, കുടുംബ ചുമതലകൾ , മേൽനോട്ട പരിശീലനം, ആധുനിക ജീവിതത്തിലെ ടെക്നോളജി ഉപയോഗിക്കാതെ ജീവിക്കുന്ന “ആമിഷ് കുട്ടികൾ “ചെയ്യുന്ന ജോലികൾ എന്നിവ ബാലവേലയായി കണക്കാക്കുന്നില്ല.
15 വയസ്സുവരെയുള്ള കുട്ടികൾക്ക് വിദ്യാഭ്യാസം സാവത്രികവും സൗജന്യവും നിര്ബന്ധവുമാക്കി ഭരണഘടന ഉറപ്പു നൽകുന്ന ഇന്ത്യ മഹാ രാജ്യത്തു ഭരണഘടനയുടെ 24, 39, 45 എന്നീ വകുപ്പുകള്‍ കാറ്റിൽ പറത്തി എട്ടു കോടിയിലേറെ കുട്ടികള്‍ കൂലിയില്ലാവേല ചെയ്യുന്നു എന്നത് വർത്തമാന കാല ഇന്ത്യയുടെ ശാപമാണ് .
അര്‍ഹമായ ബാല്യം നഷ്ടപ്പെടുകയും . മാനസികവും ശാരീരികവും ആന്തരികവുമായ വളര്‍ച്ച മുരടിച്ചു രാജ്യത്തിന്റെ ഭാവി ഭാഗദേയങ്ങൾ ഇരുട്ടിൽ തപ്പുന്നതിൽ
ഭരണാധികാരികൾക്കാണ് മുഖ്യ പങ്ക് .നമ്മുടെ രാജ്യത്തു ബാലവേല നിരോധിച്ചിട്ടു പതിറ്റാണ്ടുകൾ പിന്നിട്ടു.സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ മാറി മാറി വന്ന ഭരണകൂടങ്ങളെല്ലാം പലപ്പോഴായി നിയമം കൊണ്ടുവരികയും അവ പ്രാവര്‍ത്തികമാക്കുന്നതില്‍ ശ്രദ്ധ ചെലുത്തിയെങ്കിലും ബാലവേല എന്ന ഗുരുതരമായ സാമൂഹിക വിപത്തിനു നാളിന്നുവരെ പരിഹാരം കാണാന്‍ കഴിഞ്ഞിട്ടില്ല എന്നത് നമ്മുടെ നിയമ വ്യവസ്ഥയുടെ പോരായ്മയായോ അത് നടപ്പില്‍ വരുത്തുന്നതിലെ വീഴ്ചയായോ ആയി വേണം കാണാന്‍.
ആദിവാസി ഹരിജന്‍ മേഖലയില്‍ കുട്ടികള്‍ നമ്മുടെ രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും അടിമവേലക്കാരാണ്. അവരെ മുഖ്യധാരയിൽ കൊണ്ടുവരാനോ പഠനവും അടിസ്ഥാന സൗകര്യങ്ങളോനൽകാനോ ഡിജിറ്റൽ ഇന്ത്യയിൽ എന്തിനാണ് പിന്നോക്കം പോകുന്നതെന്ന് മനസിലാകുന്നില്ല. ലോകത്തു മാനവ വിഭവ ശേഷിയിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യത്തെ അവസ്ഥ പരമ ദയനീയം തന്നെ .
ദാരിദ്ര്യവും അനാഥത്വവും അജ്ഞതയും മാണ് ബാലവേല വർധിക്കാനുള്ള പ്രധാന കാരണങ്ങൾ. 2012ല്‍ കേരളം ബാലവേല വിമുക്ത സംസ്ഥാനമായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അതിഥി തൊഴിലാളികളുടെ ഒഴുക്ക് വർധിച്ചതോടെ . ഒഡിഷ, ബംഗാള്‍, ബിഹാര്‍, യു.പി, ആസാം തുടങ്ങിയയിടങ്ങളില്‍ നിന്ന് ഇടനിലക്കാർ വഴി നിരവധി കുട്ടികളെ കടത്തി കൊണ്ട് വന്ന് അനധികൃതമായി തൊഴിലെടുപ്പിക്കുന്നു.
ബാലവേല നിരോധന ഭേദഗതി നിയമം 2016 അനുസരിച്ചു ബാലവേല ചെയ്യിപ്പിച്ചതായി കണ്ടെത്തിയാൽ ആറുമാസം മുതൽ രണ്ടു വർഷം വരെ തടവ് ലഭിക്കും എന്ന നിയമം കേരള സംസ്ഥാനത്തു കർശനമായി നടപ്പാക്കിയാൽ ഈ സാമൂഹിക വിപത്തിൽ നിന്ന് കേരളത്തിന് കാരകയറാം .
ബാലവേല നിരോധിക്കേണ്ടതിന്‍റെ ആവശ്യകത അന്താരാഷ്‌ട്ര തലത്തിൽ ചർച്ച ചെയ്യാനാണ് ജൂണ്‍ 12 ബാലവേല വിരുദ്ധ ദിനമായി ആചരിക്കുന്നത്.നാളിതുവരെ പൂർണ്ണ ലക്ഷ്യത്തിൽ എത്തിയില്ല എന്നത് ഖേദകരമാണ് .ഒരു സമൂഹത്തിലെ നിര്‍ണായകമായ ഘടകമാണ് കുട്ടികള്‍ . ധാര്‍മ്മികമായ പിന്തുണയും വ്യക്തിപരമായ പിന്തുണയും ,സാംസ്കാരിക ഇടപെടലുകൾ ,സർക്കാരിന്റെ നേരിട്ടുള്ള നിരീക്ഷണങ്ങൾ തുടങ്ങി വലിയ ജാഗ്രത ഉണ്ടെങ്കിലേ കുട്ടിത്തൊഴിലാളികളെ വിദ്യാലയത്തിലേക്ക്എത്തിക്കാനാകൂ .അതിനാവശ്യമായ പ്രവർത്തനങ്ങൾ അവികസിത ഗ്രാമങ്ങളിൽ നിന്നും ആദിവാസി വിഭാഗങ്ങളുടെ ഇടയിലും അധസ്ഥിത
വർഗ്ഗങ്ങളുടെ കുടിലുകളിലും ഉണ്ടാകേണ്ടതുണ്ട് .
പഠിച്ചു വളരുന്ന തലമുറക്കായി കാത്തിരിക്കാം …