രാജ്യത്ത് ഡ്രോണ്‍ സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിനായി യുഎവി/യുഎഎസ്/ഡ്രോണ്‍ ആക്‌സിലറേഷന്‍ ആന്റ് നെറ്റ് വര്‍ക്കിങ് പ്രോഗ്രാം അവതരിപ്പിച്ച് കാണ്‍പുര്‍ ഐഐടിയിലെ സ്റ്റാര്‍ട്ടപ്പ് ഇന്‍ക്യുബേഷന്‍ ആന്റ് ഇനൊവേഷന്‍ സെന്റര്‍ (എസ്‌ഐഐസി)
എസ്‌ഐഐസിയും കാണ്‍പുര്‍ ഐഐടിയിലെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സംരംഭമായ സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ കപ്പാസിറ്റി ബില്‍ഡിങ്, ട്രെയിനിങ് ആന്റ് ഡിസൈന്‍ ഓഫ് അണ്‍മാന്‍ഡ് ഏരിയല്‍ വെഹിക്കിള്‍സും, ഡ്രോണ്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യയും ചേര്‍ന്നാണ് ഈ പ്രോഗ്രാം അവതരിപ്പിച്ചിരിക്കുന്നത്.
സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഡ്രോണ്‍ വ്യവസായം ആരംഭിക്കുന്നതിനും വളര്‍ത്തുന്നതിനുമുള്ള വിഭവങ്ങളും വൈദഗ്ദ്ധ്യവും നല്‍കുകയാണ് പരിപാടിയുടെ ലക്ഷ്യം.
വര്‍ഷം തോറും 20 സ്റ്റാര്‍ട്ടപ്പുകളെ വീതം ഉഡാന്‍ പ്രോഗ്രാമിനായി തിരഞ്ഞെടുക്കും. അവരെ രണ്ട് വിഭാഗങ്ങളാക്കും. ഈ സ്റ്റാര്‍ട്ടപ്പുകളെ എസ്‌ഐഐസി, ഐഐടി കാണ്‍പുര്‍ എന്നിവിടങ്ങളില്‍ ഇന്‍ക്യുബേറ്റ് ചെയ്യും. ഇതുവഴി അത്യാധുനിക ഗവേഷണ വികസന സൗകര്യങ്ങളും, സാങ്കേതിക പിന്തുണയും, സാമ്പത്തിക പിന്തുണ ലഭിക്കുന്നതിനുള്ള അവസരങ്ങളും കമ്പനികള്‍ക്ക് ലഭിക്കും.
കാണ്‍പുര്‍ ഐഐടിയിലെ ഡ്രോണ്‍ സെന്റര്‍ ഓഫ് എക്‌സലന്‍സിലെ ഹെലികോപ്റ്റര്‍ ആന്റ് വിറ്റോല്‍ ലബോറട്ടറി, ഫ്‌ളൈറ്റ് ലബോറട്ടറി, നാഷണല്‍ വിന്‍ഡ് ടണല്‍ ഫസിലിറ്റി എന്നീ പരീക്ഷണ കേന്ദ്രങ്ങളില്‍ സാങ്കേതിക വിദ്യകള്‍ പരീക്ഷിക്കാന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സൗകര്യമുണ്ടാവും. ഓരോ വിഭാഗത്തിലേയും ആറ് സ്റ്റാര്‍ട്ടപ്പുകള്‍ക്ക്
വര്‍ഷം മൂന്ന് ലക്ഷം രൂപവീതം ഫെലോഷിപ്പ് ലഭിക്കും.
ഉഡാന്‍ പ്രോഗ്രാമിനായി അപേക്ഷിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ പ്രൊമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്റ് ഇന്റേണല്‍ ട്രേഡ് ഡിപ്പാര്‍ട്ട്‌മെന്റില്‍ രജിസ്റ്റര്‍ ചെയ്ത പ്രൈവറ്റ് ലിമിറ്റഡ് കമ്പനികളായിരിക്കണം. ഒപ്പം മറ്റ് നിബന്ധനകളുമുണ്ട്. ജൂണ്‍ 20 വരെ അപേക്ഷിക്കാം.