Wednesday, November 27, 2024
Homeകേരളംട്രോളിങ് നിരോധനം :- മുന്നറിയിപ്പുകൾ കൃത്യമായി പാലിക്കണം - ജില്ലാ കളക്ടർ*

ട്രോളിങ് നിരോധനം :- മുന്നറിയിപ്പുകൾ കൃത്യമായി പാലിക്കണം – ജില്ലാ കളക്ടർ*

മലപ്പുറം:–മണ്‍സൂണ്‍ കാല ട്രോളിങ് നിരോധനം ജൂണ്‍ ഒമ്പത് അര്‍ധരാത്രി മുതല്‍ ആരംഭിക്കും. നിലവിലെ കാലാവസ്ഥയുടെ പശ്ചാത്തലത്തിൽ മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്കാണ് പ്രാധാന്യം എന്നും സുരക്ഷാ മുന്നറിയിപ്പുകൾ കൃത്യമായി പാലിക്കണമെന്നും ജില്ലാ കളക്ടർ വി.ആര്‍ വിനോദ് പറഞ്ഞു. ജൂലൈ 31 അർധരാത്രി വരെ 52 ദിവസം നീണ്ടുനിൽക്കുന്ന ട്രോളിങ് നിരോധന കാലയളവിലെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി മലപ്പുറം കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാതല യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഫിഷറീസ്, ഹാർബർ എഞ്ചിനീയറിങ്, മറൈൻ എൻഫോഴ്സ്മെന്റ്, പൊലീസ് വകുപ്പുകളുടെ ഏകോപനത്തിൽ കൃത്യമായ സുരക്ഷാ ക്രമീകരണങ്ങളാണ് ട്രോളിങ് നിരോധന കാലയളവില്‍ ജില്ലയിൽ ഒരുക്കുന്നത്. ഫിഷറീസ് വകുപ്പിന്റെ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം പൊന്നാനി ഹാർബറിനടുത്ത് പ്രവർത്തിക്കുന്ന ഫിഷറീസ് സ്റ്റേഷനിൽ മെയ് 15 മുതൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. മാസ്റ്റർ കൺട്രോൾ റൂം ഫിഷറീസ് ഡയറക്ടറേറ്റിൽ പ്രവർത്തിക്കുന്നുണ്ട്.

ട്രോളിങ് നിരോധന കാലയളവിൽ കടൽ രക്ഷാപ്രവർത്തനങ്ങൾക്കും കടൽ പട്രോളിങിനുമായി പൊന്നാനി, താനൂർ ബേയ്സുകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നതിനായി രണ്ട് പട്രോൾ ബോട്ടുകൾ വാടകയ്ക്കെടുത്തിട്ടുണ്ട്. കൂടാതെ കടൽ രക്ഷാ പ്രവർത്തനങ്ങൾക്കായി പൊന്നാനി, താനൂർ ബേയ്സുകൾ കേന്ദ്രീകരിച്ച് സീ റസ്ക്യൂ ഗാർഡുമാരെയും ഗ്രൌണ്ട് റസ്ക്യൂ ഗാർഡുമാരെയും നിയമിച്ചിട്ടുണ്ട്. പ്രധാന ഹാർബറുകൾ കേന്ദ്രീകരിച്ച് ബോധവത്ക്കരണ പരിപാടികൾ സംഘടിപ്പിക്കും. അന്യസംസ്ഥാന ബോട്ടുകൾ ട്രോൾബാൻ ആരംഭിക്കുന്നതിന്റെ തലേദിവസം തന്നെ സംസ്ഥാനം വിട്ടു പോവണം.

നിരോധിക്കപ്പെട്ട മത്സ്യബന്ധന രീതികൾ നടത്തിയാൽ ശക്തമായ നടപടി എടുക്കുമെന്നും കളർകോഡിങ് പൂർത്തീകരിക്കാത്ത യാനങ്ങൾ അടിയന്തിരമായി അവ പൂർത്തീകരിക്കണമെന്നും കാലാവസ്ഥാ മുന്നറിയിപ്പ് മത്സ്യത്തൊഴിലാളികൾ കർശനമായി പാലിക്കണമെന്നും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഡോ.വി പ്രശാന്തൻ യോഗത്തില്‍ അറിയിച്ചു. എല്ലാ മത്സ്യബന്ധന യാനങ്ങളും രജിസ്ട്രേഷൻ/ ലൈസൻസ് എന്നിവയുടെ പകർപ്പുകൾ യാനത്തോടൊപ്പം കരുതണം.

കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികൾക്ക് തീരസുരക്ഷയുടെ ഭാഗമായി ആധാർകാർഡ് വെരിഫിക്കേഷൻ ഉണ്ടായിരിക്കും. ലൈഫ്ജാക്കറ്റ് ഉൾപ്പെടെയുളള ജീവൻരക്ഷാ ഉപകരണങ്ങൾ യാനഉടമകൾ ഉറപ്പാക്കണം.
ഇതര സംസ്ഥാനതൊഴിലാളികളുടെ വിവരങ്ങൾ കൃത്യമായി ഫിഷറീസ് വകുപ്പിനെയോ കോസ്റ്റൽ പോലീസിനെയോ അറിയിക്കണം. യാനങ്ങൾക്ക് നിർബന്ധമായും രജിസ്ട്രേഷൻ, ലൈസൻസ് എന്നിവ ഉണ്ടായിരിക്കണം. ഹാർബറുകൾ കേന്ദ്രീകരിച്ച് വലകളുടെ പരിശോധനയും ഉണ്ടായിരിക്കും.

മത്സ്യത്തൊഴിലാളികൾക്ക് ഏത് അടിയന്തിര സാഹചര്യത്തിലും മലപ്പുറം കളക്ടറേറ്റിൽ പ്രവർത്തിക്കുന്ന *0483-2736320* എന്ന നമ്പറിൽ അടിയന്തിരകാര്യ നിർവ്വഹണകേന്ദ്രവുമായി ബന്ധപ്പെടാവുന്നതാണ്. കൂടാതെ പൊന്നാനി ഫിഷറീസ് സ്റ്റേഷനിൽ പ്രവർത്തിക്കുന്ന *0494-2666728* എന്ന കൺട്രോൾ റൂം നമ്പറിലും പൊന്നാനി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിലെ *0494-2666428* എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

ഹാർബർ എഞ്ചിനീയറിങ്, പൊലീസ്, മത്സ്യഫെഡ്, മറൈൻ എൻഫോഴ്സ്മെന്റ്, സിവിൽ സപ്ലൈസ് തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥരും വിവിധ മത്സ്യത്തൊഴിലാളി സംഘടനാ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.
➖➖➖➖➖➖➖

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments