Monday, December 23, 2024
Homeകേരളംനീലക്കുറിഞ്ഞി പഠനോത്സവം വിദ്യാര്‍ത്ഥികള്‍ക്ക് വേറിട്ട അനുഭവമായി

നീലക്കുറിഞ്ഞി പഠനോത്സവം വിദ്യാര്‍ത്ഥികള്‍ക്ക് വേറിട്ട അനുഭവമായി

വിദ്യാര്‍ഥികള്‍ക്ക് പുതിയ അറിവും അനുഭവങ്ങളും പകര്‍ന്നു നല്‍കിയ ഹരിതകേരളം മിഷന്‍ നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനോത്സവത്തിന് സമാപനം. ലോക ജൈവവൈവിധ്യ ദിനചാരണത്തോടനുബന്ധിച്ചു അടിമാലി നീലക്കുറിഞ്ഞി ജൈവവൈവിധ്യ വിജ്ഞാന കേന്ദ്രത്തില്‍ നടന്ന ത്രിദിന ക്യാമ്പില്‍ 14 ജില്ലകളില്‍ നിന്നുള്ള 59 വിദ്യാര്‍ഥികള്‍ പങ്കെടുത്തു. ഇടുക്കി ജില്ലയിലെ അടിമാലി, മൂന്നാര്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു പഠനോത്സവം സംഘടിപ്പിച്ചത്.

പ്രകൃതി സൗഹൃദ ചിത്ര രചന, ജൈവവൈവിധ്യത്തെക്കുറിച്ചും അതിന്റെ സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുമുള്ള അവബോധം സംബന്ധിച്ച് പരിസ്ഥിതി ഗവേഷകരുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി വിവിധ സെക്ഷനുകള്‍, ഇരവികുളം നാഷണല്‍ പാര്‍ക്ക്, മൂന്നാര്‍ ലച്ച്മി എസ്റ്റേറ്റ് തുടങ്ങിയ ഇടങ്ങളിലെ ഫീല്‍ഡ് സന്ദര്‍ശനം, ഗ്രൂപ്പ് ചര്‍ച്ചകള്‍, കലാപരിപാടികള്‍ തുടങ്ങിയവ പഠനോത്സവം മികവുറ്റതാക്കി.

പഠനോത്സവത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികളെ ഗ്രീന്‍ അംബാസിഡര്‍മാരായി പ്രഖ്യാപിച്ചുകൊണ്ടുള്ള ഹരിതകേരളം മിഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ക്യാമ്പിന്റെ സമാപന ദിവസം പരിസ്ഥിതി പ്രവര്‍ത്തകന്‍ ഡോ.ജോമി അഗസ്റ്റിന്‍ വിദ്യാര്‍ഥികള്‍ക്കായി പരിസ്ഥിതി സംരക്ഷണ ക്ലാസ് നയിച്ചു. ഹരിതം കേരളം മിഷന്റെ നേതൃത്വത്തില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ജില്ലാതല ക്വിസ് മത്സരങ്ങളില്‍ വിജയികളായവരാണ് ക്യാമ്പില്‍ പങ്കെടുത്തത്. ബ്ലോക്ക് -കോര്‍പ്പറേഷന്‍ തലത്തില്‍ പങ്കെടുത്ത 9000 ത്തോളം പേരില്‍ നിന്നും മത്സര വിജയികളായ 629 കുട്ടികളെ പങ്കെടുപ്പിച്ചാണ് ജില്ലാതല ക്വിസ് മത്സരം ജില്ലാകേന്ദ്രങ്ങളില്‍ സംഘടിപ്പിച്ചത്.

പരിസ്ഥിതി ഗവേഷകന്‍ ഡോ. സുജിത് വി ഗോപാലന്‍, അലന്‍, ആദര്‍ശ്, അജയ്, നവകേരളം കര്‍മപദ്ധതി അസിസ്റ്റന്റ് കോ-ഓഡിനേറ്റര്‍ ടി പി സുധാകരന്‍, പ്രോഗ്രാം ഓഫീസര്‍ ആര്‍.വി. സതീഷ്, ഹരിത കേരളം മിഷന്‍ പ്രൊജക്റ്റ് കോ-ഓഡിനേറ്റര്‍ ലിജി മേരി ജോര്‍ജ്, പ്രോഗ്രാം അസോസിയേറ്റ് കാര്‍ത്തിക എസ്, ജിഷ്ണു എം, ജില്ലാ കോ-ഓഡിനേറ്റര്‍മാര്‍, ഹരിതകേരളം മിഷന്‍ യങ് പ്രൊഫഷണലുകള്‍ തുടങ്ങിയവര്‍ പഠനോത്സവത്തിന് നേതൃത്വം നല്‍കി.

ഇരവികുളത്തോട് ഇണങ്ങി വിദ്യാര്‍ഥികള്‍.

പശ്ചിമഘട്ടത്തിന്റെ ജൈവവൈവിധ്യ സമൃദ്ധിയുടെ അടയാളമായ വരയാടുകളെ നേരിട്ട് കണ്ടത് വിദ്യാര്‍ഥികള്‍ക്ക് വേറിട്ട അനുഭവമായി. മനുഷ്യനോട് ഇണങ്ങിയ വരയാടുകള്‍ ഇരവികുളത്തിന്റെ മാത്രം പ്രത്യേകതയായത് കൊണ്ട് തന്നെ അവയോടൊപ്പം ചിത്രങ്ങള്‍ എടുത്തും മഞ്ഞും തണുപ്പ് ഒക്കെ മറികടന്ന് പ്രകൃതിക്ക് ഒപ്പം നടന്നു കയറുകയായിരുന്നു വിദ്യാര്‍ഥികള്‍.

ഇരവികുളത്തിന്റെ ഏറ്റവും പ്രധാന സവിശേഷതയായ വരയാടുകള്‍ക്ക് അപ്പുറം നീലക്കുറിഞ്ഞി, അവിടെയുള്ള അപൂര്‍വ ഇനം സസ്യങ്ങള്‍, ചിത്രശലഭങ്ങള്‍, പക്ഷികള്‍ തുടങ്ങിയവയെല്ലാം വിദ്യാര്‍ഥികള്‍ പരിസ്ഥിതി ഗവേഷകര്‍ക്കൊപ്പം നിരീക്ഷിക്കുകയും സംശയനിവാരണം നടത്തുകയും ചെയ്തു.

പക്ഷികളെ കണ്ടും കേട്ടും…

പക്ഷികളെ അടുത്ത് നിരീക്ഷിക്കുന്നതിനും കൂടുതല്‍ അറിയുന്നതിനും വിദ്യാര്‍ഥികളുമായി മൂന്നാര്‍ ലക്ഷ്മി എസ്റ്റേറ്റ് സന്ദര്‍ശനം നടത്തി. കാടിനോട് ചേര്‍ന്നുള്ള യാത്രയില്‍ പക്ഷികളെ കൂടാതെ ശലഭങ്ങളും വിവിധ ഇനം സസ്യ വൈവിധ്യങ്ങളെയും പരിചയപ്പെടാന്‍ വിദ്യാര്‍ഥികള്‍ക്ക് കഴിഞ്ഞു.0

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments