തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് മെൻസ് ഹോസ്റ്റലിൽ അതിക്രമിച്ചുകയറി വാതിലും ജനലും പെട്രോളൊഴിച്ച് തീ കൊളുത്തിയയാളെ അറസ്റ്റ് ചെയ്തു. ശനിയാഴ്ച പുലർച്ച 2.30 ഓടെയായിരുന്നു സംഭവം. കേശവദാസപുരം പുതുവൽ പുത്തൻവീട്ടിൽ ഷാജഹാൻ (52) ആണ് അറസ്റ്റിലായത്. ഹോസ്റ്റലിലെ ജീവനക്കാരനായ തിരുനൽവേലി സ്വദേശി അശോക് കുമാറിന്റെ പരാതിയിലാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം അശോക് കുമാർ ഹോസ്റ്റലിനുസമീപത്തെ തട്ടുകടയിൽ ഭക്ഷണം കഴിക്കാനെത്തിയപ്പോൾ അവിടെയുണ്ടായിരുന്ന ഷാജഹാൻ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ദമ്പതികളോട് അപമര്യാദയായി പെരുമാറുകയും തുടർന്ന് വാക്കുതർക്കമുണ്ടാവുകയും ചെയ്തു.
അവരെക്കുറിച്ചുള്ള വിവരം ഷാജഹാൻ അശോക് കുമാറിനോട് തിരക്കിയെങ്കിലും തനിക്കറിയില്ലെന്നു പറഞ്ഞൊഴിഞ്ഞു. ഇതിൽ പ്രകോപിതനായ ഷാജഹാൻ അശോക് കുമാറിനെ ആക്രമിക്കാൻ ശ്രമിക്കുകയും നാട്ടുകാർ പിടിച്ചുമാറ്റുകയുമായിരുന്നു. തുടർന്നാണ് പ്രതി ഹോസ്റ്റലിൽ കയറി അശോക് കുമാറും മകനും താമസിക്കുന്ന താഴത്തെ നിലയിലുള്ള മുറിയുടെ വാതിലും ജനലും പെട്രോളൊഴിച്ച് തീ കൊളുത്തിയത്. ചൂടും പുകയും കാരണം ഞെട്ടിയുണർന്ന അശോക് കുമാർ വാതിൽ തുറന്നു നോക്കിയപ്പോൾ ഷാജഹാൻ നടന്നുപോകുന്നത് കണ്ടു. തുടർന്ന് അശോക് കുമാർ തന്നെ തീ കെടുത്തി.
രാവിലെ ഷാജഹാൻ വീണ്ടും വന്ന് എത്രയും വേഗം സ്ഥലം വിടണമെന്നാവശ്യപ്പെട്ട് അശോക് കുമാറിനെ ഭീഷണിപ്പെടുത്തി. തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്. ശനിയാഴ്ച രാവിലെതന്നെ പൊലീസ് ഇയാളെ പിടികൂടി. ദേഹോപദ്രവം ഏൽപ്പിച്ചതിനും പൊതുമുതൽ നശിപ്പിച്ചതിനുമുൾപ്പെടെ പൊലീസ് കേസെടുത്തിട്ടുണ്ട്.