തൃശ്ശൂര്‍: ചരിത്രത്തിൽ ആദ്യമായി തൃശ്ശൂർ പൂരത്തിന്റെ ഭാഗമായുള്ള വെടിക്കെട്ട് പകൽവെളിച്ചത്തിലാണ് ഇത്തവണ നടന്നത്. കാലാവസ്ഥ പ്രതികൂലമാകുന്ന സാഹചര്യങ്ങളിലൊഴികെ മുടക്കമില്ലാതെ നടക്കുന്ന വെടിക്കെട്ട് ഇത്തവണ വൈകാൻ ഇടയാക്കിയത് പോലീസ് ഏര്‍പ്പെടുത്തിയ അനാവശ്യ നിയന്ത്രണങ്ങളാണെന്നാണ് ഉയരുന്ന ആരോപണം.
വെടിക്കെട്ടിന് മുമ്പ് സ്വരാജ് റൗണ്ടില്‍ പോലീസ് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളാണ് തര്‍ക്കത്തിന് കാരണമായത്. പോലീസുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് തിരുവമ്പാടി ദേവസ്വം പൂരം നിര്‍ത്തിവെക്കുകയായിരുന്നു. രാത്രിപൂരം വൈകി അവസാനിപ്പിച്ചു. തിരുവമ്പാടിയിലെ രാത്രി പൂരം ഒരാനപ്പുറത്ത് ചടങ്ങ് മാത്രമായി നടത്തി. പുലര്‍ച്ചെ മൂന്ന് മണിക്ക് ആരംഭിക്കേണ്ട വെടിക്കെട്ട് നാല് മണിക്കൂറോളം വൈകിയാണ് തുടങ്ങിയത്. ഇത് വെടിക്കെട്ട് കാണാനെത്തിയവരെയെല്ലാം നിരാശരാക്കി.
അനാവശ്യമായി തടഞ്ഞും ആളുകളെ തള്ളിമാറ്റിയും ചില പോലീസുകാര്‍ പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കളങ്കമുണ്ടാക്കിയെന്നാണ് ആരോപണം. പോലീസ് തന്നെ വിതരണം ചെയ്യുന്ന പാസിന്റെ കാര്യത്തില്‍പോലും അവസാനനിമിഷംവരെ വ്യക്തതയുണ്ടാക്കാനായില്ല. പൂരം സംഘാടകരുമായി പലപ്പോഴും തര്‍ക്കത്തിലേര്‍പ്പട്ടു. തിരുവമ്പാടി ഭഗവതി രാവിലെ പുറത്തിറങ്ങുമ്പോള്‍ തന്നെ പോലീസ് ഇടപെടല്‍ സംഘര്‍ഷമുണ്ടാക്കി. ആനയെഴുന്നള്ളിപ്പിനൊപ്പം ദേവസ്വം ഭാരവാഹികളെപ്പോലും നില്‍ക്കാനനുവദിക്കാത്തതാണ് പ്രശ്നമായത്. പാറമേക്കാവ് ഭഗവതിയുടെ എഴുന്നള്ളിപ്പിലും പ്രശ്നങ്ങളുണ്ടായി. അവസാനനിമിഷമാണ് പോലീസ് വടം കെട്ടാന്‍ തീരുമാനിക്കുന്നത്. വടം കെട്ടിയപ്പോള്‍ പലരും ഇതില്‍പെട്ടുപോകുകയും ചെയ്തു. ഇവരെ കുത്തിയും തള്ളിയുമാണ് പോലീസ് പുറത്താക്കിയത്.
വഴികളടച്ച് ആളുകളെ ബുദ്ധിമുട്ടിക്കുന്നതോടൊപ്പം ഗതാഗതം കൃത്യസമയത്ത് നിയന്ത്രിക്കാനാകാത്തതിനാല്‍ പൂരം എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങള്‍ എത്തുന്ന സ്ഥിതിയുമുണ്ടായി. പഴയ നടക്കാവില്‍ നിന്ന് റൗണ്ട് മുറിച്ചുകടന്ന് തേക്കിന്‍കാട് മൈതാനത്ത് പ്രവേശിക്കാവുന്ന ഗേറ്റ് പോലീസ് അടച്ചിട്ടു. മുന്‍വര്‍ഷങ്ങളില്‍ ചില സമയത്തുമാത്രം അടച്ചിരുന്ന കവാടമാണ് സ്ഥിരമായി കെട്ടിയടച്ചത്.
മഠത്തില്‍വരവ് പഞ്ചവാദ്യം ആരംഭിക്കുന്ന സമയത്തും പോലീസിന്റെ ഇടപെടലുണ്ടായി. ഇവിടെ നിന്ന് കമ്മിറ്റിക്കാര് ഉള്‍പ്പെടെയുള്ളവരെ തള്ളിമാറ്റിയത് തര്‍ക്കത്തിനിടയാക്കി. വാദ്യാസ്വാദകര്‍ക്ക് മുന്നില്‍ ചുറ്റും പോലീസിനെ വിന്യസിച്ചു. രാഷ്ട്രീയനേതാക്കള്‍ ഉള്‍പ്പെടെയുള്ളവരെയും മാറ്റാന്‍ ശ്രമമുണ്ടായി. പാസ് നല്കിയ പോലീസ് തന്നെ പ്രവേശനം നിഷേധിക്കുന്ന സ്ഥിതിയുണ്ടായി. തര്‍ക്കത്തിനൊടുവിലാണ് ചിലയിടത്തെ പ്രശ്നമെങ്കിലും പരിഹരിച്ചത്.
വടക്കുന്നാഥക്ഷേത്രത്തിലെ പൂജാരിമാരിലൊരാളേയും പോലീസ് തടഞ്ഞതായി പറയുന്നുണ്ട്. സ്ഥിരം ചെയ്യുന്നതുപോലെ പാറമേക്കാവ് വിഭാഗത്തിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാന്‍ ശ്രമിച്ചപ്പോഴാണിത്.