🔹രാജ്യത്തെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടിങില്‍ 62.37 ശതമാനം പോളിംഗ്. ത്രിപുരയില്‍ 80.17 ഉം, പശ്ചിമ ബംഗാളില്‍ 77 ഉം, തമിഴ്‌നാട്ടില്‍ 62ഉം രാജസ്ഥാനില്‍ 50 ശതമാനവുമാണ് പോളിംഗ്. ബിഹാറില്‍ നാല് മണ്ഡലങ്ങളിലേക്ക് നടന്ന വോട്ടെടുപ്പില്‍ 46 ശതമാനം പേര്‍ മാത്രമാണ് വോട്ട് രേഖപ്പെടുത്തിയത്.
🔹പോലീസുമായുള്ള തര്‍ക്കത്തെത്തുടര്‍ന്ന് തിരുവമ്പാടി ദേവസ്വം തൃശ്ശൂര്‍ പൂരം നിര്‍ത്തിവെച്ചു. രാത്രിയില്‍ മഠത്തില്‍ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാല്‍ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞതാണു പ്രകോപനത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ പഞ്ചവാദ്യക്കാര്‍ വടക്കുന്നാഥ ക്ഷേത്രനടയ്ക്കു മുന്നില്‍വച്ചു പിരിഞ്ഞുപോയി. ആനകളും പൂരപ്രേമികളും മടങ്ങി. നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം ശക്തമായ പ്രതിഷേധമറിയിച്ചു. ചരിത്രത്തിലാദ്യമായാണ് ഇത്തരം സംഭവം. പാറമേക്കാവിലമ്മയുടെ രാത്രി എഴുന്നള്ളിപ്പ് പൊലീസ് ബാരിക്കേഡ് വച്ച് തടയുകയും ഒരാനയെയും ഏതാനും മേളക്കാരെയും മാത്രം കടത്തിവിട്ടതും വലിയ ഒച്ചപ്പാടുണ്ടാക്കിയിരുന്നു. പൂരം തകര്‍ക്കാന്‍ പോലീസ് ശ്രമിക്കുകയാണെന്നാണ് തിരുവമ്പാടി ദേവസ്വം ആരോപിക്കുന്നത്.
🔹വീട്ടില്‍ വോട്ട് ചെയ്യാന്‍ സൗകര്യമൊരുക്കുന്നതില്‍ വരുത്തുന്ന വീഴ്ചകള്‍ ഒരുകാരണവശാലും അനുവദിക്കില്ലെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍. കണ്ണൂര്‍ കല്യാശ്ശേരിയില്‍ 92 വയസ്സുള്ള മുതിര്‍ന്ന വനിതയുടെ വോട്ട് രേഖപ്പെടുന്നതിനിടെ, ക്രമവിരുദ്ധമായ ഇടപെടല്‍ ഉണ്ടായെന്ന പരാതിയില്‍ അഞ്ച് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു.
🔹ജെസ്ന തിരോധാന കേസില്‍ കോടതിയില്‍ വിശദീകരണം നല്‍കി സിബിഐ. രക്തം പുരണ്ട വസ്ത്രം കേരള പൊലീസിന് ലഭിച്ചിട്ടില്ലെന്നും ജെസ്ന ഗര്‍ഭിണി അല്ലായിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയെ അറിയിച്ചു. ജെസ്നയുടെ രക്തക്കറ അടങ്ങിയ വസ്ത്രങ്ങള്‍ ക്രൈംബ്രാഞ്ച് സിബിഐക്ക് കൈമാറിയിരുന്നു എന്ന പിതാവിന്റെ മൊഴിയില്‍, വ്യക്തത വരുത്താനായി കോടതിയാണ് അന്വേഷണ ഉദ്യോഗസ്ഥനെ വിളിച്ച് വരുത്തിയത്.
🔹മുംബൈ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ് ഗവേഷക വിദ്യാര്‍ത്ഥി രാമദാസിനെ രാജ്യവിരുദ്ധ പ്രവര്‍ത്തി ആരോപിച്ച് രണ്ടു വര്‍ഷത്തേക്ക് സസ്പെന്റ് ചെയ്തു. പ്രോഗസ്സീവ് സ്റ്റുഡന്റ് ഫോറത്തിന്റെ ഭാരവാഹിയായിരുന്നു രാമദാസ്. ദില്ലിയില്‍ നടന്ന സംയുക്ത വിദ്യാര്‍ത്ഥി സമരത്തില്‍ പങ്കെടുത്തതടക്കം ചൂണ്ടിക്കാട്ടിയാണ് നടപടി. രാമദാസ് ക്യാമ്പസില്‍ അച്ചടക്ക ലംഘനം കാണിച്ചതായി ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതര്‍ ആരോപിച്ചു. സസ്പെന്‍ഷന് എതിരെ നിയമനടപടി സ്വീകരിക്കുമെന്ന് രാമദാസ് വ്യക്തമാക്കി.
🔹 കെഎസ്ആർടിസിയിൽ ഷെഡ്യൂൾ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള ജീവനക്കാർ ഹാജരായില്ലെങ്കിൽ ജീവനക്കാരിൽ നിന്നു വരുമാന നഷ്ടം ഈടാക്കും.ബസ്, ക്രൂ മാര്യേജ് സംവിധാനം നടപ്പാക്കും. ഒരു ഷെഡ്യൂൾ ബസിന് നിശ്ചിത ജീവനക്കാരെ നിയോഗിക്കുന്ന സംവിധാനമാണ് ബസ് ക്രൂ മാര്യേജ് സംവിധാനം.
സ്ഥിരം ഈ ഷെഡ്യൂളിന്റെ ഓപ്പറേഷൻ ഈ ജീവനക്കാരുടെ ചുമതലയും ബാധ്യതയുമായിരിക്കും. ഇത്തരത്തിൽ നിയോഗിക്കപ്പെട്ട ജീവനക്കാർ അനധികൃതമായോ മുൻകൂട്ടി അറിയിക്കാതെയോ ഡ്യൂട്ടിക്ക് ഹാജരായില്ലെങ്കിൽ, ആ ഷെഡ്യൂൾ മുടങ്ങുന്നത് മൂലം കോർപ്പറേഷനുണ്ടാകുന്ന വരുമാന നഷ്ടം ജീവനക്കാരിൽ നിന്ന് ഈടാക്കാനാണ് നീക്കം.
കോർപ്പറേഷനുണ്ടാകുന്ന വരുമാന നഷ്ടം ഡ്യൂട്ടിക്ക് ഹാജരാകാതിരുന്ന ജീവനക്കാരന്റെ വ്യക്തിഗത ബാധ്യതയായി കണക്കാക്കി നഷ്ടം ഈടാക്കാനാണ് നിർദേശം. യൂണിറ്റ് മേധാവികൾ നഷ്ടം കണക്കാക്കി റിപ്പോർട്ട് തയാറാക്കി സിടിഒ മുഖേന വിജിലൻസ് വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടർക്ക് അയയ്ക്കണം.
യൂണിറ്റുകളിൽ 50 ശതമാനം എട്ടുമണിക്കൂർ സിംഗിൾ ഡ്യൂട്ടിയും 50 ശതമാനം ഒന്നര ഡ്യൂട്ടി, ഡബിൾ ഡ്യൂട്ടി സർവീസുകളും ഉടൻ നടപ്പാക്കണമെന്നും ഓപ്പറേഷൻസ് വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടർ അധ്യക്ഷനായി ചേർന്ന ഉന്നത തല യോഗം തീരുമാനിച്ചു.
🔹വിദേശ ജോലി വാദ്ഗാനം ചെയ്ത് മുന്നൂറിലധികം യുവാക്കളില്‍നിന്നും ലക്ഷങ്ങള്‍ തട്ടിയ കേസില്‍ തൊടുപുഴ കോലാനി സ്വദേശി കണ്ണന് എന്ന വിളിപ്പേരുള്ള ജെയ്സണെ(40) തിരേ പാലാരിവട്ടം പോലീസ് ഒരു കേസു കൂടി രജിസ്റ്റര്‍ ചെയ്തു. ഇതോടെ ഇയാള്‍ക്കെതിരെയുള്ള കേസുകളുടെ എണ്ണം ഏഴായി. കേസില്‍ കൂടുതല്‍ പേര്‍ തട്ടിപ്പിന് ഇരയായതായാണ് പോലീസ് നിഗമനം. ഒളിവില്‍ കഴിയുന്ന ഇയാളുടെ ഭാര്യ ജെന്‍സി ദേവസിയെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ആരംഭിച്ചു.
🔹പക്ഷിപ്പനി സ്ഥിരീകരിച്ച ആലപ്പുഴ ജില്ലയിലെ എടത്വ, ചെറുതന പഞ്ചായത്തുകളില്‍ ഇന്നലെ വൈകുന്നേരം വരെ 17,280 താറാവുകളെ കൊന്നു മറവുചെയ്തു. പക്ഷികളെ കൊന്നശേഷം വിറക്, ഡീസല്‍, പഞ്ചസാര എന്നിവ ഉപയോഗിച്ച് നിശ്ചിത സ്ഥലങ്ങളില്‍ കത്തിച്ച് കളയുകയാണ് ചെയ്യുന്നത്. കത്തിക്കല്‍ പൂര്‍ത്തിയായശേഷം പ്രത്യേക സംഘമെത്തി ഇന്ന് അണുനശീകരണവും കോമ്പിങ്ങും നടത്തും.
🔹കോഴിക്കോട്: വീട്ടമ്മയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ സ്വര്‍ണം വില്‍ക്കാന്‍ സഹായിച്ചയാള്‍ പിടിയില്‍. നജുമുദ്ദീന്‍ (30) എന്ന പിലാപ്പിയെ ഗൂഡല്ലൂരിലെ ഒളിത്താവളത്തില്‍ നിന്നാണ് കസബ പോലീസും സിറ്റി ക്രൈം സ്‌ക്വാഡും ചേര്‍ന്ന് പിടികൂടിയത്.
കഴിഞ്ഞ വർഷം നവംബറിലാണ് സൈനബ എന്ന വീട്ടമ്മയെ പ്രതികള്‍ കാറില്‍ കയറ്റിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. ചുരിദാറിന്റെ ഷാള്‍ കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തി കൈയ്യിലുണ്ടായിരുന്ന പണവും സ്വര്‍ണാഭരണങ്ങളും കവരുകയായിരുന്നു. പിന്നീട് മൃതദേഹം തമിഴ്‌നാട്ടിലെ നാടുകാണി ചുരം ഭാഗത്ത് ഉപേക്ഷിച്ച് ഗൂഡല്ലൂരിലേക്ക് കടന്നുകളഞ്ഞു. ഈ സ്വര്‍ണം വില്‍പന നടത്താന്‍ സഹായിച്ച കുറ്റത്തില്‍ നജുമുദ്ദീനെ അഞ്ചാം പ്രതിയാക്കിയിരുന്നു. കൊലപാതകം നടത്തിയ ഒന്നും രണ്ടും പ്രതികളെയും ഇവരെ സ്വര്‍ണ വില്‍പനക്ക് സഹായിച്ച മറ്റ് രണ്ട് പ്രതികളെയും ഗൂഡല്ലൂരില്‍ നിന്നും സേലത്തു നിന്നും നേരത്തേ പിടികൂടിയിട്ടുണ്ട്.
🔹കോഴിക്കോട്: സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ അജൈവമാലിന്യങ്ങള്‍ തള്ളിയ ആളെ കണ്ടെത്തി പിഴ ചുമത്തി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍. ചാത്തമംഗലം പഞ്ചായത്തിലെ കമ്പനിമുക്കിലെ സ്വകാര്യ ഭൂമിയിലാണ് സംഭവം നടന്നത്. ഇന്നലെ രാത്രിയിലാണ് പ്ലാസ്റ്റിക് കവറുകളും ഓണ്‍ലൈന്‍ കൊറിയര്‍ കമ്പനികളുടെ പാക്കിംഗ് ബോക്‌സും ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പൊതിയുന്ന കണ്ടെയ്‌നറുകളും മറ്റും ഇവിടെ തള്ളിയ നിലയില്‍ കണ്ടത്.
മാലിന്യം പരിശോധിച്ചപ്പോള്‍ ഇതിലെ കൊറിയര്‍ ബോക്‌സില്‍ നിന്ന് മേല്‍വിലാസം കണ്ടെത്തി. ഈ വിലാസം പിന്തുടര്‍ന്നാണ് ആളെ കണ്ടെത്തിയത്. വാടകക്ക് നല്‍കിയ വീടിന്റെ വിലാസത്തിലാണ് ബോക്‌സ് വന്നിരുന്നത്. ഇവിടെ ഏതാനും വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവരാണ് താമസിക്കുന്നത്. കെട്ടിട ഉടമയെ വിവരം ധരിപ്പിച്ചെങ്കിലും ‘പ്രതി’ നിഷേധിച്ചു. എന്നാല്‍ അധികൃതര്‍ ഇയാളില്‍ നിന്ന് പിഴ ഈടാക്കുകുയം മാലിന്യം തിരച്ചെടുപ്പിക്കുകയും ചെയ്തു.
🔹കോഴിക്കോട്: കഴിഞ്ഞ ദിവസം കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മുക്കം പെരുമ്പടപ്പ് സ്വദേശി അഖിലാണ് മരിച്ചത്. അഖില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബൈക്കില്‍ അഖിലിനോടൊപ്പം ഉണ്ടായിരുന്ന രണ്ട് സുഹൃത്തുക്കള്‍ മുക്കത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
എടവണ്ണ – കൊയിലാണ്ടി സംസ്ഥാന പാതയില്‍ മുക്കം അത്താണി പെട്രോള്‍ പമ്പിന് മുന്‍വശത്താണ് അപകടം നടന്നത്. രാത്രി 11.45ഓടെയായിരുന്നു സംഭവം. എതിര്‍വശത്തേക്ക് പോകാന്‍ വളക്കുന്നതിനായി സമീപത്തെ പെട്രോള്‍ പമ്പിലേക്ക് കയറ്റിയ കാര്‍ റോഡിലേക്ക് ഇറങ്ങവെയാണ് ബൈക്കുമായി കൂട്ടിയിടിച്ചത്. മുക്കം ഭാഗത്തു നിന്നാണ് അഖിലും സുഹൃത്തുക്കളും ബൈക്കിൽ വന്നത്. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ അഖിലിനും സുഹൃത്തുക്കള്‍ക്കും സാരമായി പരിക്കേറ്റിരുന്നു. ബൈക്കിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്ന നിലയിലാണ്.
🔹കൊച്ചി: വിവാഹ വാഗ്ദാനം നല്‍കി എറണാകുളത്തെ പ്രമുഖ മാളിലെ സ്റ്റോർ ജീവനക്കാരിയെ പീഡിപ്പിച്ച അതേ സ്ഥാപനത്തിലെ അസി. സെക്യൂരിറ്റി ഓഫീസര്‍ അറസ്റ്റില്‍.
പാലക്കാട് ആലത്തൂര്‍ അന്തൂര്ക്കാട് വീട്ടില്‍ രമേഷ് കൃഷ്ണ(31)യെയാണ് എറണാകുളം നോര്‍ത്ത് പോലീസ് ഇന്‍സ്പെക്ടര്‍ പ്രതാപ് ചന്ദ്രന്, എസ്ഐ ടി.എസ്. രതീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
ഭാര്യയും രണ്ടു മക്കളുമുള്ള പ്രതി സ്ഥാപനത്തിലെ ജീവനക്കാരിയായ 19കാരിയെ പരിചയപ്പെട്ട ശേഷം വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നു.
താന്‍ ഭാര്യയുമായി പിരിഞ്ഞ് കഴിയുകയാണെന്നും വിവാഹബന്ധം വേര്‍പ്പെടുത്തിയ ശേഷം പരാതിക്കാരിയെ വിവാഹം ചെയ്യാമെന്ന് വാഗ്ദാനം നല്‍കി വിശ്വസിപ്പിച്ച് മാര്‍ച്ച് ഒമ്പത് മുതല്‍ ഏപ്രില്‍ ആറ് വരെയുള്ള സമയങ്ങളില്‍ വൈപ്പിന്‍ ബീച്ചിലും കച്ചേരിപ്പടി, കതൃക്കടവ് എന്നിവിടങ്ങളിലെ ഹോട്ടലുകളിലും കൊണ്ടുപോയി പല തവണ പീഡിപ്പിക്കുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ ഇന്നു കോടതിയില്‍ ഹാജരാക്കും.
🔹പൂനെയിലെ പിംപ്രി-ചിഞ്ച്‌വാഡ് ലിങ്ക് റോഡ് ഏരിയയിൽ ഒരു കടയുടമ നായ്ക്കുട്ടിയെ ഇരുമ്പ് വടി കൊണ്ട് അടിച്ച് റോഡിലേക്ക് ഇടുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി . പട്ടിക്കുട്ടിയെ റോഡിലേക്ക് അടിച്ച് ഓടിച്ചത് പ്രധികരൻ സ്വദേശിയായ ഗുപ്തയാണെന്ന് പുനെക്കർ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഇയാള്‍ക്കെതിരെ പിംപ്രി പോലീസ് സ്റ്റേഷന്‍ ലിങ്ക് റോഡ് സ്വദേശിയായ ഹിതേഷ് ജയ്പാൽ കുണ്ഡനാനി പരാതി നൽകിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഗുപ്ത ട്രേഡേഴ്സ് എന്ന കടയുടെ ഉടമയാണ് ഗുപ്ത. കടയ്ക്ക് മുന്നില്‍ നിന്നാണ് ചെറിയൊരു നായ കുട്ടിയെ ഇയാള്‍ ഇരുമ്പ് വടികൊണ്ട് അടിച്ച് അകറ്റുന്നത്. തിരക്കേറിയ റോഡിലേക്കാണ് ഇയാള്‍ പട്ടിക്കുട്ടിയെ അടിച്ച് ഓടിക്കാന്‍ ശ്രമിച്ചത്. അടിയേറ്റ പട്ടിക്കുട്ടി റോഡില്‍ തളര്‍ന്ന് കിടക്കുന്നു. ക്രൂരമായ ആക്രമണത്തില്‍ മൂന്ന് മാസം പ്രായമായ പട്ടിക്കുട്ടിയുടെ മുന്‍കാല്‍ ഓടിഞ്ഞു. വീഡിയോ ചിത്രീകരിച്ച ഹിതേഷ് പട്ടിക്കുട്ടിയെ ചികിത്സയ്ക്കായി വാക്കാട് മൃഗാശുപത്രിയിൽ പ്രവേശിപ്പിച്ചു. 1960-ലെ മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമത്തിന്‍റെ അടിസ്ഥാനത്തില്‍ പിംപ്രി പോലീസ് ഗുപ്തയ്ക്കെതിരെ കേസെടുത്തു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.
🔹 ലോക്സഭാ പോളിംഗ് ദിവസം മറ്റ് വോട്ടർമാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയെന്നാരോപിച്ച് തമിഴക വെട്രി കഴകം നേതാവും നടനുമായ വിജയ്ക്കെതിരെ ചെന്നൈയിൽ പരാതി. ചട്ടം ലംഘിച്ച് പോളിംഗ് സ്റ്റേഷനിൽ ആൾക്കൂട്ടത്തെ എത്തിച്ചുവെന്നാരോപിച്ചാണ് ചെന്നൈ പൊലീസ് കമ്മീഷണർക്ക് പരാതി ലഭിച്ചത്. ഒരു സാമൂഹ്യ പ്രവർത്തകനാണ് പരാതി നൽകിയത്. ഇയാളുടെ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.
തമിഴക വെട്രിക് കഴകം രൂപീകരിച്ച ശേഷം ആദ്യം നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനായി ഷൂട്ടിംഗ് തിരക്കുകൾക്കിടെയാണ് വിജയ് റഷ്യയിൽ നിന്നെത്തിയത്. നടന്റെ രാഷ്ട്രീയ പ്രവേശത്തിന് പിന്നാലെ വന്ന തെരഞ്ഞെടുപ്പിൽ വിജയ് വോട്ടിടാന്‍ എത്തുമോ എന്നതിൽ അഭ്യൂഹമുയർന്നിരുന്നു. വിജയ് എത്തുമോ എന്നറിയാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധകർ. രാവിലെ മുതൽ വിജയിയുടെ വസതിക്ക് മുന്നിൽ നിരവധി പേർ തടിച്ചു കൂടുകയും ചെയ്തിരുന്നു. ഉച്ചയോടെയാണ് വിജയ് വോട്ട് രേഖപ്പെടുത്താനെത്തിയത്. വീട് മുതൽ പോളിംഗ് ബുത്ത് വരെ ആരാധകരുടേയും പ്രവർത്തകരുടേയും അകമ്പടിയോടെയാണ് ബൂത്തിലേക്ക് അദ്ദേഹം എത്തിയത്. പൂക്കളെറിഞ്ഞും ആർപ്പുവിളിച്ചുമാണ് ആരാധകർ വിജയിയെ പോളിംഗ് ബൂത്തിലേക്ക് എത്തിച്ചത്. താരത്തിന്റെ വീഡിയോകളും ഫോട്ടോകളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസിൽ പരാതി ലഭിച്ചത്.
🔹ദുബായില്‍ വിമാനങ്ങള്‍ ലാന്‍ഡ് ചെയ്യുന്നതിന് 48 മണിക്കൂര്‍ നിയന്ത്രണം. ഇന്നലെ ഉച്ചയ്ക്ക് 12 മണി മുതല്‍ ആരംഭിച്ച നിയന്ത്രണം നാളെ ഉച്ചയ്ക്ക് 12 മണി വരെ ഉണ്ടായിരിക്കും . മഴക്കെടുതി പരിഹരിക്കുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം. എയര്‍ ഇന്ത്യ താല്‍ക്കാലികമായി ദുബായിലേക്കുള്ള ഫ്ലൈറ്റ് സര്‍വീസുകള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. ദുബായ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം തുടര്‍ച്ചയായി തടസ്സപ്പെടുന്നതിനാലാണ് എയര്‍ ഇന്ത്യ ഈ തീരുമാനം എടുത്തിരിക്കുന്നത്.
🔹മസ്കറ്റ്: ഒമാനില്‍ മനുഷ്യക്കടത്ത് ആരോപിച്ച് രണ്ട് പേരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. ഏഷ്യൻ പൗരത്വമുള്ള രണ്ട് പേരെയാണ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് റിസർച്ച് ജനറൽ ഡിപ്പാർട്ട്‌മെൻറ് അറസ്റ്റ് ചെയ്തത്.
ഒമാനിൽ തൊഴിലവസരങ്ങൾ ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചതിന് ശേഷം ഒരേ രാജ്യക്കാരായ സ്ത്രീകളെയാണ് പ്രതികൾ ഇരയാക്കിയത്. കുറ്റവാളികൾക്കെതിരെ നിയമനടപടികൾ പൂർത്തിയായി വരികയാണെന്നും റോയൽ ഒമാൻ പൊലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
🔹ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ ലഖ്നൗ സൂപ്പര്‍ ജയന്റ്സിന് എട്ട് വിക്കറ്റിന്റെ അനായാസ ജയം. ആദ്യം ബാറ്റ് ചെയ്ത് ചെന്നൈ 6 വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സെടുത്തു. 15 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍105 റണ്‍സ് മാത്രമുണ്ടായിരുന്ന ചെന്നൈ രവീന്ദ്ര ജഡേജയുടേയും മൊയിന്‍ അലിയുടേയും മഹേന്ദ്രസിംഗ് ധോണിയുടേയും പ്രകടനത്തോടെ അവസാന അഞ്ചോവറില്‍ 71 റണ്‍സടിച്ചു. മറുപടി ബാറ്റിംഗിനിറങ്ങിയ ലഖ്നൗ 53 പന്തില്‍ 82 റണ്‍സടിച്ച കെ.എല്‍.രാഹുലിന്റെ മികവില്‍ 19 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടന്നു.
🔹രഞ്ജിത്ത് സജീവ്, ദിലീഷ് പോത്തന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഫ്രാഗ്രന്റ് നേച്ചര്‍ ഫിലിം ക്രിയേഷന്‍സിന്റെ ബാനറില്‍ ആന്‍, സജീവ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ‘ഗോളം’ എന്ന ചിത്രം മെയ് 24 ന് പ്രദര്‍ശനത്തിനെത്തുന്നു. സസ്പെന്‍സ് മിസ്റ്ററി ത്രില്ലറായി ഒരുങ്ങുന്ന ഗോളം നവാഗതനായ സംജാദ് സംവിധാനം ചെയ്യുന്നു. മൈക്ക്, ഖല്‍ബ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രഞ്ജിത്ത് സജീവ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഗോളത്തില്‍ ദിലീഷ് പോത്തന്‍, സിദ്ദിഖ്, അലന്‍സിയര്‍, ചിന്നു ചാന്ദിനി തുടങ്ങിയ പ്രധാനതാരങ്ങള്‍ക്കൊപ്പം പതിനേഴോളം പുതുമുഖ താരങ്ങളും അണിനിരക്കുന്നു. പ്രവീണ്‍ വിശ്വനാഥും സംജാദും ചേര്‍ന്നാണ് ഗോളത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. 2023 ലെ മികച്ച വസ്ത്രാലങ്കാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം (സൗദി വെള്ളക്ക, നെയ്മര്‍)സ്വന്തമാക്കിയ മഞ്ജുഷ രാധാകൃഷ്ണനാണ് ഗോളത്തിന്റെ വസ്ത്രാലങ്കാരം നിര്‍വ്വഹിക്കുന്നത്. സസ്പെന്‍സ് ത്രില്ലര്‍ ചിത്രം ഇരട്ടയുടെ ക്യാമറ കൈകാര്യം ചെയ്ത വിജയ് ഗോളത്തിന്റെ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നു. നെയ്മര്‍, കിംഗ് ഓഫ് കൊത്ത തുടങ്ങിയ സിനിമകളുടെ കലാസംവിധാനം ഒരുക്കിയ നിമിഷ് താനൂര്‍ ഗോളത്തിന്റെ കലാസംവിധാനം ഒരുക്കുന്നു. ഉദയ് രാമചന്ദ്രന്‍ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറാകുന്ന ഗോളത്തില്‍ ആദ്യമായി എബി സാല്‍വിന്‍ തോമസ് സംഗീതവും പശ്ചാത്തല സംഗീതവും നിര്‍വ്വഹിക്കുന്നു.