Monday, December 23, 2024
Homeസ്പെഷ്യൽനേരുന്നു ഒരായിരം പിറന്നാൾ ആശംസകൾ. ✍ മേരി ജോസി മലയിൽ, തിരുവനന്തപുരം.

നേരുന്നു ഒരായിരം പിറന്നാൾ ആശംസകൾ. ✍ മേരി ജോസി മലയിൽ, തിരുവനന്തപുരം.

മേരി ജോസി മലയിൽ, തിരുവനന്തപുരം.

ഏപ്രിൽ 13, 2024 — 89 വയസ്സ് പൂർത്തിയാകുന്ന അപ്പച്ചന് ഐശ്വര്യത്തിൻറെയും ആഹ്ലാദത്തിൻറെയും മധുരം നിറഞ്ഞ ഒരു ജന്മദിനം ആശംസിക്കുന്നു. അതോടൊപ്പം ചെറിയൊരു ഓർമ്മക്കുറിപ്പ്.

മലയാറ്റൂർ രാമകൃഷ്ണന്റെ ‘വേരുകളി’ലെ നായകൻ രഘുവിനെ പോലെ തൻറെ പിതൃക്കളുടെ ഓർമ്മകൾ തങ്ങിനിൽക്കുന്നിടത്തേക്ക് അപ്പച്ചൻ മടങ്ങുമെന്ന് പണ്ടേ നിശ്ചയിച്ച് ഉറപ്പിച്ചിരുന്നു. പാരമ്പര്യത്തിലേക്കും സ്നേഹത്തിലേക്കുള്ള ആ മടക്കയാത്ര എന്നെന്ന് മാത്രമേ ഞങ്ങൾ മക്കൾക്ക് സംശയം ഉണ്ടായിരുന്നുള്ളൂ.

24 വർഷം മുൻപ് കൃത്യമായി പറഞ്ഞാൽ 2000 ആണ്ടിലാണ് അപ്പച്ചനും അമ്മച്ചിയും തിരുവനന്തപുരത്തുനിന്ന് ഔദ്യോഗിക ജീവിതത്തിലെ തിരക്കുകൾ അവസാനിപ്പിച്ച് വേരുകൾ തേടി തൻറെ സ്വന്തം നാടായ ഇരിങ്ങാലക്കുടയിലേക്ക് ചേക്കേറുന്നത്.
പരമ്പരാഗതമായി ഞങ്ങൾക്ക് കിട്ടിയ കയ്യാലപറമ്പിൽ വർഷങ്ങൾക്കുമുമ്പേ അപ്പച്ചൻ വീട് പണിതിരുന്നു. മക്കളെല്ലാവരും അതിനുമുമ്പേ കൂടുവിട്ടു പറന്നു പോയി. അപ്പച്ചനും അമ്മച്ചിയും ഇരിഞ്ഞാലക്കുട താമസത്തിന് എത്തി അധികം താമസിയാതെ ഞങ്ങൾ ഓരോരുത്തരായി ഇരിങ്ങാലക്കുടയിലേക്ക് എത്താൻ തുടങ്ങി. മധ്യവേനലവധി ആരംഭിച്ചതും ഞാൻ ആദ്യം എത്തി. തേനീച്ചകൂട് ഇളകുന്നതു പോലെയാണ് ഞങ്ങളുടെ വരവെന്ന് അപ്പച്ചൻ തമാശയായി പറയുമായിരുന്നു. ഒരാൾ എത്തിയാൽ പുറകെ പുറകെ സഹോദരങ്ങൾ എല്ലാം എത്തും. ചിലർ എത്തുന്നത് ട്രെയിനിൽ, പ്ലെയിനിൽ, ബസ്സിൽ….അങ്ങനെ ആ മാസം മുഴുവനും റെയിൽവേസ്റ്റേഷനിലും എയർപോർട്ടിലും ഞങ്ങളെ റിസീവ്ചെയ്യലും തിരിച്ചു കയറ്റി വിടുന്ന പണിയും ആയിരിക്കും അപ്പച്ചന്. ജോണിസർ,അപ്പച്ചൻ എന്നൊക്കെയുള്ള ബഹുമാനത്തോടെ ഉള്ള വിളി മാത്രം കേട്ടിരുന്ന ഞാനന്ന് ആദ്യമായി അപ്പച്ചനെ ബന്ധുക്കളും സുഹൃത്തുക്കളും റപ്പായി ചേട്ടൻറെ എൻജിനീയർ ചെക്കൻ, കൊച്ചുവാറുവേ ട്ടേന്റെ അനിയൻ, അന്തോണി ചേട്ടന്റെ അനിയൻ, റപ്പായിയുടെ ഇളയപ്പൻ, ജോണിഉണ്ണി….ഇതൊക്കെ കേട്ടപ്പോൾ അന്ന് 65 വയസ്സോളം പ്രായമുള്ള അപ്പച്ചന് 10 വയസ്സ് കുറഞ്ഞോ എന്ന സംശയം എനിക്ക്.

അതുപോലെതന്നെ ഇരിഞ്ഞാലക്കുടയിൽ തിരുവനന്തപുരത്ത് നിന്ന് വ്യത്യസ്തമായി നേരം വെളുക്കുമ്പോൾതന്നെ മുൻവശത്തെ കതകുകളും പുറകുവശത്തെ കതകുകളും തുറന്നിടും. സ്വീകരണമുറിയിൽ എപ്പോഴും ഒന്നോ രണ്ടോ ബന്ധുക്കളോ സുഹൃത്തുക്കളോ അപ്പച്ചനോട് വർത്തമാനം പറയാനുണ്ടാകും. പിന്നാമ്പുറത്ത് സരസു, കൊച്ചുപെണ്ണ്,രാമകൃഷ്ണൻ, പുല്ലു ചെത്തുന്ന ആൾ, ചക്ക കരാറുകാരൻ..അതു പോലുള്ള ആൾക്കാരും.
എനിക്ക് ആകെ കൂടി നല്ല രസം തോന്നി. എന്തിനാണ് നമ്മൾ ഒറ്റപ്പെട്ട് ഇത്രയും കാലം ഇങ്ങനെ തിരുവനന്തപുരത്ത് കഴിഞ്ഞിരുന്നത് ? ഇവിടെ നമുക്ക് എത്രയധികം ബന്ധുക്കളാണ് എന്നും നമ്മുടെ ക്ഷേമം അന്വേഷിച്ചു വരുന്നവർ. വെറുതെയല്ല ഇവിടേക്ക് തന്നെ തിരികെ വരണമെന്ന് ഇരുവരും ശഠിച്ചിരുന്നത് എന്ന് അപ്പോഴാണ് മനസ്സിലായത്.

അന്ന് രാത്രിയോടെ ബാക്കി എന്റെ എല്ലാ സഹോദരങ്ങളും എത്തുമെന്ന അറിയിപ്പ് കിട്ടി.പുഡിങ്, സാലഡ്.. പോലുള്ള കൊച്ചു വിഭവങ്ങൾ ഉണ്ടാക്കാൻ അമ്മച്ചിയെ സഹായിക്കാനായി ഞാൻ പുറപ്പെട്ടു.പക്ഷേ അമ്മയുടെ സ്പെഷ്യൽ ഐറ്റംസ് ആയ കട്ലറ്റ്,ചിക്കൻ മപ്പാസ്, ചെമ്മീൻ കറി, മീൻ കറി…..ഇതൊക്കെ തയ്യാറാക്കാനുള്ള സഹായികൾ അടുക്കളയിൽ രാവിലെ തന്നെ ഹാജരായിട്ടുണ്ട്. സാധനം കയ്യിൽ കിട്ടിയാൽ അല്ലേ പണി തുടങ്ങാൻ പറ്റു. അവർ വേനൽമഴയും കണ്ട് രസിച്ചു നിൽക്കുകയാണ്. ഞങ്ങളൊക്കെ എത്തുന്ന അവസരത്തിൽ അപ്പച്ചനാണ് മാർക്കറ്റിൽ പോയി ഇതൊക്കെ വാങ്ങി വീട്ടിൽ എത്തിക്കുക. പക്ഷേ സ്വീകരണമുറിയിലെ സഭ പിരിയുന്നേയില്ല. അവിടെ അപ്പച്ചൻ സുഹൃത്തുക്കളുമായി വലിയ ചർച്ച, തർക്കം, സംവാദം നടക്കുകയാണ്. വിഷയം ഇതാണ്.തോമാശ്ലീഹാ കേരളത്തിൽ വന്നിട്ടുണ്ടോ? അതിനു ചരിത്രപരമായിട്ടുള്ള തെളിവുണ്ടോ?അത് സുറിയാനി കത്തോലിക്കരുടെ ഒരു വിശ്വാസം മാത്രമാണെന്ന് ഒരാൾ വാദിക്കുന്നു. മൂന്നാം നൂറ്റാണ്ടിൽ എഴുതിയ യൂദാസ് തോമസിന്റെ നടപടിയിൽ ഇന്ത്യയിലേക്ക് വന്ന സെൻറ് തോമസിനെ രസിപ്പിക്കുന്നതിന് രാജസദസ്സിൽ ഒരു ഹിബ്റു പെൺകുട്ടി പുല്ലാങ്കുഴൽ വായിച്ചെന്നും തോമസ് പകരം ഹീബ്രുവിൽ ഉള്ള ഒരു ഗീതം ആലപിച്ചു എന്നും പറയുന്നുണ്ടത്രേ!അത് ഒരാളുടെ കമൻറ്. പതിനാറാം നൂറ്റാണ്ടിലെ പോർച്ചുഗീസ് സ്രോതസ്സുകളിലും പ്രത്യേകിച്ച് ജോർനാദയിൽ ഈ ഹിബ്രു പെൺകുട്ടിയുടെ ഗാനാലാപനത്തെ കുറിച്ച് പറയുന്നുണ്ട് എന്നുപറഞ്ഞ് മറ്റൊരാൾ അതിനെ പിന്താങ്ങി. സെൻറ് തോമസ് വന്ന കാലത്ത് കൊടുങ്ങല്ലൂരിൽ ധാരാളം യഹൂദർ ഉണ്ടായിരുന്നു എന്ന് പരാമർശിക്കുന്നു ണ്ടെന്ന് മറ്റൊരാളുടെ അഭിപ്രായം. സംവാദം കത്തിക്കയറുന്നത് അല്ലാതെ അവസാനിപ്പിക്കാൻ ആർക്കും പ്ലാനില്ല. മണി പന്ത്രണ്ടായി. “ഞങ്ങൾ വൈകുന്നേരം കൃത്യം അഞ്ചുമണിക്ക് തന്നെ തിരികെ പോകും. “എന്ന് സഹായികൾ പിറുപിറുക്കാൻ തുടങ്ങി.

അമ്മ തോമാശ്ലീഹയോട് തന്നെ മുട്ടിപ്പായി പ്രാർത്ഥിച്ചോ എന്തോ ഓരോരുത്തരായി അപ്പച്ചന്റെ സുഹൃത്തുക്കൾ യാത്രപറഞ്ഞു. ഹാവൂ! ആശ്വാസമായി എന്ന് കരുതിയിരിക്കുമ്പോഴാണ് അപ്പച്ചൻ ഫോണിൽ ആരെയോ വിളിച്ചു മറ്റൊരു സംവാദത്തിന് തുടക്കമിടുന്നത്. ഞങ്ങളോടൊപ്പം കൂടുതൽ സമയം ചിലവഴിക്കാനായി കാലേക്കൂട്ടി എല്ലാ വിഭവങ്ങളും തയ്യറാക്കി വയ്ക്കുന്ന പതിവാണ് അമ്മച്ചിക്ക്. ഇനിയും ഇടപെട്ടില്ലെങ്കിൽ കാര്യം കുഴയും എന്ന് മനസ്സിലാക്കിയ അമ്മ ദയനീയമായി അപ്പച്ചന്റെ അടുത്ത് ചെന്ന് പറഞ്ഞു. “നിങ്ങൾ എനിക്ക് അടുക്കളയിലേക്ക് വേണ്ട സാധനങ്ങൾ….ഇറച്ചിയും മീനും വാങ്ങി തന്നിട്ട് സംവാദത്തിന് പോ. എൻറെ സഹായികൾ ഒക്കെ ഇപ്പോൾ സ്ഥലം വിടും. തോമാശ്ലീഹ കേരളത്തിൽ വന്നാലും എനിക്കൊന്നുമില്ല.പോയാലും എനിക്ക് ഒന്നുമില്ല “എന്ന്.

ഇത് കേട്ട് ചിരിച്ച് അപ്പച്ചൻ ഫോൺ സംവാദം വേഗം അവസാനിപ്പിച്ച് കാറുമെടുത്ത് മാർക്കറ്റിലേക്ക് കുതിച്ചു. രാത്രി എല്ലാവരും എത്തി ഡിന്നർ കഴിക്കാനിരുന്നപ്പോൾ അമ്മയുടെ കട്‌ലറ്റും കോഴിക്കാലും ഒരു പിടി പിടിക്കുമ്പോൾ ഞാനോർത്തു സത്യത്തിൽ തോമാശ്ലീഹ കേരളത്തിൽ വന്നിരുന്നോ?പെട്ടെന്ന് തന്നെ ഞാനും എൻറെ മനസ്സിനോട് പറഞ്ഞു. വരുകയോ പോവുകയോ ചെയ്യട്ടെ. 😜 നമ്മൾ അതൊന്നും കാര്യമാക്കണ്ട എന്ന്. എന്തായാലും തോമാസ്ലീഹ വന്നു എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. എന്നാലല്ലേ തോമാശ്ലീഹാ നേരിട്ട് മുക്കിയ ക്രിസ്ത്യാനികളാണ് ഞങ്ങൾ എന്ന് നമുക്ക് അന്തസ്സിൽ എല്ലാവരോടും പറഞ്ഞു നടക്കാൻ പറ്റുകയുള്ളൂ!

മറക്കാൻ മടിക്കുന്ന പ്രിയമുള്ള ചില ഓർമ്മകളുണ്ട്. അവയ്ക്ക് എന്നും വെള്ളമൊഴിക്കണം, അത് തളിർത്ത് മൊട്ടിട്ടു അതിൽ വീണ്ടും പൂക്കൾ വിരിയട്ടെ……

ഒരിക്കൽ കൂടി ഒത്തിരി സ്നേഹത്തോടെ അപ്പച്ചന് ആയുസ്സും ആരോഗ്യവും ഉണ്ടാകട്ടെ എന്ന പ്രാർത്ഥനയോടെ നേരുന്നു ഒരായിരം പിറന്നാൾ ആശംസകൾ.

മകൾ

മേരി ജോസി മലയിൽ, ✍️ തിരുവനന്തപുരം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments