Thursday, December 26, 2024
Homeകേരളം*റിയാസ് മൗലവി വധക്കേസ്: വിധി പറഞ്ഞ ജഡ്ജിക്ക് ആലപ്പുഴയിലേയ്ക്ക് സ്ഥലം മാറ്റി *,

*റിയാസ് മൗലവി വധക്കേസ്: വിധി പറഞ്ഞ ജഡ്ജിക്ക് ആലപ്പുഴയിലേയ്ക്ക് സ്ഥലം മാറ്റി *,

കാസർകോട്: മദ്രാസ അധ്യാപകനായിരുന്ന റിയാസ് മൗലവി വധക്കേസിൽ വിധി പറഞ്ഞ ജഡ്ജിക്ക് ആലപ്പുഴയിലേയ്ക്ക് സ്ഥലംമാറ്റം. കാസർകോട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി കെകെ ബാലകൃഷ്ണനെയാണ് സ്ഥലം മാറ്റിയത്. ആലപ്പുഴ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയായിട്ടാണ് സ്ഥലം മാറ്റം. മുൻപ് തന്നെ സ്ഥലം മാറ്റത്തിന് അപേക്ഷ നൽകിയിരുന്നതായും സ്വാഭാവിക നടപടി മാത്രമാണ് ഇതെന്നുമാണ് വിശദീകരണം. മദ്രാസ അധ്യാപകനായിരുന്ന റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് പ്രതികളെയും വെറുതെവിട്ട നടപടി വിവാദങ്ങൾക്ക് കാരണമായിരുന്നു.

ആർഎസ്എസ് പ്രവർത്തകരും കേളുഗുഡെ സ്വദേശികളായ അജേഷ് എന്ന അപ്പു, നിതിൻ കുമാർ, അഖിലേഷ് എന്നിവരെയാണ് കാസർകോട് പ്രിൻസിപ്പൽ സെഷൻസ് കോടതി വെറുതെവിട്ടത്. പ്രതികളെ വെറുതെവിട്ടു എന്ന ഒറ്റവരിയിലാണ് കോടതി വിധി പറഞ്ഞതെന്ന പ്രത്യേകതയുമുണ്ട്.റിയാസ് മൗലവി കേസിൽ മൂന്ന് പ്രതികളെയും വെറുതെവിട്ട നടപടിയിൽ സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്. വിചാരണ കോടതി ഉത്തരവ് നിയമവിരുദ്ധമാണെന്ന് സർക്കാർ സമർപ്പിച്ച അപ്പീലിൽ വ്യക്തമാക്കുന്നുണ്ട്. പ്രോസിക്യൂഷൻ ശക്തമായ തെളിവുകൾ ഹാജരാക്കിയിട്ടും പ്രതികളെ വെറുതെവിടാൻ വിചാരണ കോടതി ദുർബലമായ കാരണങ്ങൾ കണ്ടെത്തിയെന്നും അപ്പീലിൽ പറയുന്നുണ്ട്.

ചൂരി മദ്രാസയിലെ അധ്യാപകനും കർണാടക കുടക് സ്വദേശിയുമായ മുഹമ്മദ് റിയാസ് മൗലവി 2017 മാർച്ച് 21നാണ് കൊല്ലപ്പെട്ടത്. പള്ളിയിലെ താമസ്ഥലത്ത് അതിക്രമിച്ച് കയറിയ പ്രതികൾ റിയാസ് മൗലവിയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കണ്ണൂർ ക്രൈംബ്രാഞ്ച് എസ്പി ആയിരുന്ന ഡോ. എ ശ്രീനിവാസൻ്റെ മേൽനോട്ടത്തിൽ കോസ്റ്റൽ സിഐ ആയിരുന്ന പികെ സുധാകരൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസിൽ അന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്. ഏഴുവർഷമായി പ്രതികൾ ജാമ്യമില്ലാതെ ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments