കോഴിക്കോട്: പുതിയ റെക്കോഡ് താണ്ടി മഞ്ഞലോഹത്തിന് ഇന്നും വില കൂടി. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കൂടിയത്. ഇതോടെ ഗ്രാമിന് 6,575 രൂപയും പവന് 52,600 രൂപയുമായി. വിവിധ രാഷ്ട്രങ്ങൾ തമ്മിലുള്ള സംഘർഷങ്ങളും അമേരിക്ക പലിശ നിരക്ക് കുറയ്ക്കുമെന്ന അനിശ്ചിതത്വവും ലോകമെമ്പാടും സ്വർണത്തോടുള്ള താൽപര്യവും വിലവർധനക്ക് ഇടയാക്കുന്നുണ്ട്.
സുരക്ഷിത നിക്ഷേപം എന്ന നിലയിൽ കേന്ദ്ര ബാങ്കുകൾ അടക്കം വൻതോതിൽ സ്വർണം വാങ്ങിക്കൂട്ടുന്നതും വില വർധന തുടരാൻ കാരണമാകുന്നു. അന്താരാഷ്ട്ര സ്വർണവില 2400 ഡോളറിലേക്ക് എത്തും എന്ന സൂചനയാണ് വന്നുകൊണ്ടിരിക്കുന്നത്. 2500 ഡോളറിലേക്ക് എത്തിയേക്കും എന്ന പ്രവചനങ്ങളും വരുന്നുണ്ട്. വെള്ളി വിലയും വർധിക്കുകയാണ്. 27.85 ആണ് ഇപ്പോഴത്തെ ഡോളർ നിരക്ക്. 30 ഡോളർ മറികടക്കും എന്നാണ് വിപണി നൽകുന്ന സൂചന.