കൊച്ചി: തോപ്പുംപടിയിൽ ആറ് വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷ. മുണ്ടംവേൽ സ്വദേശി ശിവനാണ് എറണാകുളം പോക്‌സോ കോടതി ശിക്ഷ വിധിച്ചത്. ജഡ്ജി കെ. സോമനാണ് വിധി പറഞ്ഞത്. 2018ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
തടവുശിക്ഷയ്ക്കു പുറമെ 4,60,000 രൂപ പിഴയും അടക്കണം. ശിവന്റെ ഒറ്റമുറി വീട്ടിൽ ആറുവയസുകാരിയെ എത്തിച്ചു ക്രൂരമായി ബലാത്സംഗം ചെയ്‌തെന്നാണ് കേസ്. പോക്‌സോയിലെ ഗുരുതരമായ വകുപ്പുകളാണു പ്രതിക്കെതിരെ ചുമത്തിയത്. ട്രിപ്പിൾ ജീവപര്യന്തമാണു കോടതി വിധിച്ചിരിക്കുന്നത്. ഇതു ജീവിതാവസാനം വരെ തടവായി കണക്കാക്കുമെന്നും കോടതി അറിയിച്ചു. സംഭവത്തിൽ പ്രതി ജാമ്യം ലഭിച്ചു പുറത്തിറങ്ങിയിരുന്നു. ഇതിനുശേഷവും ഇയാൾ ലൈംഗികാതിക്രമം നടത്തിയെന്നും പൊലീസ് പറയുന്നു.