ഉള്ളിലെ ബുദ്ധൻ ഉണരട്ടെ?
—————————————–
ഒരു മോഷ്ടാവ് ഒരു ബുദ്ധാശ്രമത്തിൽ, മോഷ്ടിക്കാനായി കയറി. ഏറെ നേരം ശ്രമിച്ചിട്ടും, അയാൾക്കൊന്നും കിട്ടിയില്ല. എല്ലാം കണ്ടു കൊണ്ടിരുന്ന സന്യാസിക്ക് ആയാളോടലിവു തോന്നി. അദ്ദേഹം അയാളോടു പറഞ്ഞു: “ആ കട്ടിലിനടിയിൽ, കുറച്ചു പണമുണ്ട്. എടുത്തു കൊള്ളൂ”.
പണവുമായി മോഷ്ടാവു പോകുന്നതിനിടയിൽ, സന്യാസി വീണ്ടും പറഞ്ഞു: “നീ മോഷണം തുടരുന്നതിൽ എനിക്കു പരാതിയില്ല. എന്നാൽ, ഇന്നു മുതൽ, മോഷ്ടിക്കുമ്പോൾ, ഞാൻ മോഷ്ടിക്കുകയാണെന്ന് ഉള്ളിൽ പറഞ്ഞു കൊണ്ടു വേണം അതു ചെയ്യാൻ”.
ചില നാളുകൾക്കു ശേഷം, ആ മോഷ്ടാവ് തിരിച്ചെത്തി, സന്യാസിയോടു കയർത്തു: “നിങ്ങൾ എൻ്റെ ജീവിതം തകർത്തു”, അയാൾ അട്ടഹസിച്ചു. സന്യാസി ചോദിച്ചു: “ഞാൻ എങ്ങനെയാണു നിൻ്റെ ജീവിതം തകർത്തത്?” മോഷ്ടാവ് കൂടുതൽ ക്ഷുഭിതനായി പറഞ്ഞു:
“മോഷ്ടിക്കയാണെന്നു സ്വയം പറഞ്ഞു താൻ തെറ്റു ചെയ്യുകയാണെന്നു സ്വയം മനസ്സിലാക്കി എങ്ങനെയാണ് ഒരാൾക്കു മോഷ്ടിക്കാൻ കഴിയുക? ഞാൻ മോഷണം നിർത്തി!”
സന്യാസി പറഞ്ഞു: “എല്ലാവരിലും ഒരു ബുദ്ധനുണ്ട്. നിങ്ങളിലെ ബുദ്ധൻ, ഉണർന്നത് ഇപ്പോഴാണെന്നു മാത്രം”.
എല്ലാവരും, ഏതെങ്കിലുമൊക്കെ ശീലങ്ങൾക്ക് അടമകളാണ്. മേഷണം കേവലമൊരു വകഭേദം മാത്രം. ചെയ്യാനാഗ്രഹിക്കാത്തതു ചെയ്യുന്നതും, പുറത്തു കടക്കാനാഗ്രഹിക്കുന്നവയിൽത്തന്നെ കുടുങ്ങിക്കിടക്കുന്നതുമാണ് ഒരാൾക്ക് അനുഭവിക്കേണ്ടി വരുന്ന, ഏറ്റവും വലിയ മാനസീക സമ്മർദ്ദം.
തെറ്റു ചെയ്യുന്ന സമയത്ത്, തെറ്റിൻ്റെ ഭവിഷ്യത്തുകളെക്കുറിച്ച് സ്വയം ചിന്തിക്കാൻ കഴിഞ്ഞാൽ, തെറ്റിനോടു വിരക്തി തോന്നിത്തുടങ്ങും. പുറമേ നിന്നു ലഭിക്കുന്ന ഉപദേശങ്ങൾക്കല്ല, അകമേ ഉടലെടുക്കുന്ന തീരുമാനങ്ങൾക്കാണ് ഒരാളെ രൂപാന്തരപ്പെടുത്താനാകുക.
ദൈവം സഹായിക്കട്ടെ.. ഏവർക്കും നന്മകൾ നേരുന്നു. നന്ദി, നമസ്ക്കാരം