തലപ്പും
തളിരും കരിഞ്ഞ്
താഴെ വീണ് പിടയുന്നു ചെടികൾ ..!
തോട് വറ്റി
നീര് വറ്റി
ഉറവ വറ്റി
വിണ്ട് കീറി കിടക്കുന്നു പാടങ്ങൾ .!
വറ്റിയ നദിയുടെ തീരത്ത്
വെള്ളത്തിനായ് കുഞ്ഞു കുഴികൾ
കുത്തി മടുത്ത് തളർന്ന്
കരയുന്ന കുഞ്ഞുങ്ങൾ ..!
പൊള്ളുന്ന വഴികളിൽ
പദമൂന്നുമ്പോൾ
നിൽക്കുവാനാവാതെ തുള്ളുന്നു !
വറുതി കനക്കുമ്പോൾ
വേവും നോവും പടർത്തി
പെരുകുന്നു ദീനങ്ങൾ …!
മഴ കാത്ത് കാത്തിരുന്ന്
മിഴി തിളച്ച് ചിറക് കരിഞ്ഞ്
ഓർമ്മ മാത്രമായ്
ഒടുങ്ങുന്നു വേഴാമ്പൽ …!
നിന്നുള്ളിലൊരു തുള്ളി
തേൻ പോലുമില്ലെന്ന്
പൂവിനോട് ചൊല്ലി
പിണങ്ങിപ്പിരിയുന്നു പൂമ്പാറ്റ …!
ഈർപ്പത്തിന്റെ കണിക
പോലുമില്ലാതെ മുങ്ങി മരിച്ച
കുളത്തിനരികിൽ ചിതറി
കിടക്കുന്നത് നീർക്കിളികളുടെ
ജഡങ്ങൾ തന്നെയാണ് …!
തണ്ണീരും തണലും
തണുപ്പും കുളുർനിഴലുമൊക്കെ
നമുക്ക് വെറും
കനവുകൾ മാത്രമാവുന്നുവോ ?