Monday, November 25, 2024
Homeഅമേരിക്കദുഃഖ വെള്ളി അഥവാ ഗോഡ്’സ് ഫ്രൈഡേ.. ✍അഫ്സൽ ബഷീർ തൃക്കോമല

ദുഃഖ വെള്ളി അഥവാ ഗോഡ്’സ് ഫ്രൈഡേ.. ✍അഫ്സൽ ബഷീർ തൃക്കോമല

മഹാനായ യേശു ശിഷ്യന്മാരോടൊപ്പം അന്ത്യ അത്താഴം ഭക്ഷിച്ചു ,അവരുടെ കാലുകൾ കഴുകി വിനയത്തിന്റെയും സഹിഷ്ണതയുടെയും ഉദാത്ത മാതൃക ലോകത്തിനു കാണിച്ചു തന്ന പെസഹാ വ്യാഴത്തെ തുടർന്നുള്ള ഈ ദിവസത്തിൽ ‍യേശു ക്രിസ്തുവിന്റെ ത്യാഗോജ്വലമായ പീഡന കാലത്തെയും കാൽവരി മാമലയിലെ കുരിശു മരണത്തെയും ലോകമെമ്പാടുമുള്ള ക്രൈസ്തവർ ആചരിക്കുന്നതാണ് ദുഃഖ വെള്ളി.

പെസഹാ വന്നാൽ  കടന്നുപോകൽ എന്നാണ് അർത്ഥം.  ഇംഗ്ലീഷിൽ ‘മോണ്ടി തേർസ്ഡേ ‘ എന്നാണ് പെസഹ വ്യാഴം അറിയപ്പെടുന്നത്. ‘കൽപ്പന’ എന്നർത്ഥമുള്ള  ലാറ്റിൻ പദമായ ‘മൻഡാറ്റം’ എന്ന വാക്കിൽ നിന്നാണ് മോണ്ടിയെന്ന വാക്ക് ഉണ്ടാകുന്നത്. അന്ത്യ അത്താഴത്തിന്റെ ഓർമ്മ പുതുക്കാനായി വിശ്വാസികൾ അന്നേ ദിവസം അപ്പവും വീഞ്ഞും ഭക്ഷിക്കുന്നു. ക്രൈസ്തവ ആരാധനാലയങ്ങളിൽ വിശുദ്ധ കുർബ്ബാന സമർപ്പണവും ക്രിസ്തുവിന്റെ ശരീരവും രക്തവും അപ്പവും വീഞ്ഞുമായി കരുതി നൽകുന്ന ചടങ്ങും പെസഹ വ്യാഴാഴ്ചയാണ് നടക്കുന്നത്.ഒറ്റു കൊടുത്തതൊന്നും നില നിൽക്കില്ലെന്നും ഏവരെയും സ്നേഹം കൊണ്ട് കീഴ്പെടുത്താനാകുമെന്നുമുള്ള, ആഗോള സന്ദേശം നൽകുന്ന,
”പിതാവേ, ഇവര്‍ ചെയ്യുന്നത് എന്തെന്ന് ഇവര്‍ അറിയുന്നില്ല. ഇവരോട് ക്ഷമിക്കേണമേ… (ലൂക്കാ 23: 34) എന്ന് ലോകത്തോട് പറഞ്ഞതും
മനുഷ്യകുലത്തിന്റെ പാപങ്ങള്‍ സ്വയം ഏറ്റെടുത്ത് മുള്‍ക്കിരീടം ചൂടിയതും ചാട്ടവാറടി ഏറ്റതും 136 കിലോയോളം തൂക്കമുണ്ടായിരുന്ന കുരിശ് സ്വയം തോളിലേറ്റി ഗാഗുല്‍ത്താ മലയില്‍ നിന്നു യാതനകളുടെ ഭാരം വഹിച്ചതും ചരിത്രം . പെസഹ വ്യാഴാഴ്ച ക്രിസ്തീയ ഭവനങ്ങളിൽ പെസഹ അപ്പം ഉണ്ടാക്കി അപ്പം മുറിക്കൽ ചടങ്ങ് നടക്കും. സകലപാപങ്ങളിൽ നിന്നും മനുഷ്യരെ മോചിപ്പിക്കുന്നതിനായി  യേശു അപ്പം മുറിച്ച് ഇത് തന്റെ ശരീരവും രക്തവുമാകുന്നുവെന്ന് പറഞ്ഞ് പന്ത്രണ്ട് ശിഷ്യന്മാർക്ക്  നൽകിയതിന്റെ അനുസ്മരണമാണിത് .

ഗ്രിഗോറിയന്‍ കലണ്ടര്‍ അനുസരിച്ച് പാശ്ചാത്യ രാജ്യങ്ങളിലാണ് ആദ്യമായി ഈ ദിനം ആചരിച്ചത് . God’s Friday അഥവാ “ദൈവത്തിന്റെ ദിനം “എന്ന വാക്കിൽ നിന്നാണ് ഗുഡ് ഫ്രൈഡേ ആയി മാറിയതെന്നും ഒരു പക്ഷം .പാശ്ചാത്യ രാജ്യങ്ങളിൽ ഈ ദിവസത്തെ ഗുഡ്‌ ഫ്രൈഡേ (Good Friday ) എന്നും ചില രാജ്യങ്ങളിൽ Easter Friday (ഈസ്റ്റര്‍ വെളളി) എന്നും സുറിയാനി, യവന, ഓർത്തഡോക്സ്‌ തുടങ്ങിയ സഭകൾ വലിയ വെള്ളിയാഴ്ച അഥവാ ഗ്രെയിറ്റ്‌ ഫ്രൈഡേ (Great Friday) എന്നും വിളിക്കുന്നു. കേരളത്തിലെ സുറിയാനിസഭ കഷ്ടാനുഭവ ആഴ്ചയിലെ ഈ വെള്ളിയാഴ്ചയെ “ഹാശാ വെള്ളി “എന്നും വിളിക്കുന്നു. കത്തോലിക്ക സഭയുടെ ആചാരങ്ങളിൽ യേശുവിന്റെ പീഡാനുഭവ വഴികളിലെ സംഭവങ്ങളെ അനുസ്മരിച്ചു കൊണ്ടുള്ള കുരിശിന്റെ വഴി(Way of the Cross) ഈ ദിവസത്തെ ആചാരങ്ങളിൽ മുഖ്യമായതാണ്‌.

കേരളത്തിൽ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളായ കുരിശുമല, മലയാറ്റൂർ,‍ വയനാട് ചുരം, തുടങ്ങിയ ഇടങ്ങളിൽ വലിയ കുരിശും ചുമന്നു കാൽനടയായി മല കയറി പ്രദക്ഷിണം നടത്തുന്നതും . ഓർത്തഡോക്സ് സഭകൾ ദേവാലയത്തിന് പുറത്തും അകത്തുമായുള്ള പ്രദക്ഷിണങ്ങൾ, കുരിശു കുമ്പിടീൽ തുടങ്ങിയ ചടങ്ങുകളും ,കൂടാതെ യേശു അനുഭവിച്ച വേദന അനുസ്മരിച്ചു കൊണ്ട് “ചൊറുക്കാ “എന്നു വിളിക്കുന്ന കയ്പ്നീരു കുടിക്കുന്ന രീതിയും നിലനിൽക്കുന്നു .  പ്രോട്ടസ്റ്റന്റ്-നവീകരണ സഭകളിൽ വിപുലമായ ചടങ്ങുകളില്ലെങ്കിലും അനുതാപ പ്രാർത്ഥനകളോടൊപ്പം കുരിശിലെ ഏഴു മൊഴികളെ അടിസ്ഥാനമാക്കിയുള്ള പ്രഭാഷണങ്ങളും ഈ ദിവസം നടത്താറുണ്ട്. എന്നാൽ ബാപ്റ്റിസ്റ്റ്, ബ്രദറൻ, പെന്തക്കൊസ്ത് വിഭാഗങ്ങൾ ദുഃഖവെള്ളിയാഴ്ചയെ തന്നെ തള്ളി പറയുകയുകയും ചെയ്യുന്നു .യേശുവിന്റെ ജനനം ,തിരോധാനം എന്നീ വിഷയങ്ങളിൽ ക്രിസ്ത്യൻ, മുസ്‌ലിം ,യഹൂദ മത വിഭാഗങ്ങളിൽ വ്യത്യസ്ത വിശ്വാസങ്ങളാണ് നിലനിൽക്കുന്നത്.

മത്തായിയുടെ സുവിശേഷത്തിലെ “നല്ലവനായ ഒരുവന്‍ അയാളുടെ ഹൃദയത്തില്‍ നന്മ സൂക്ഷിക്കുന്നു. അതിനാലവന് സ്വന്തം ഹൃദയത്തില്‍ നിന്നു വരുന്ന നല്ല കാര്യങ്ങള്‍ സംസാരിക്കാനാകുന്നു. എന്നാല്‍ ദുഷ്ടനായ ഒരുവന്‍റെ മനസ്സില്‍ ദുഷ്ടത നിറയുന്നു. അതിനാല്‍ അയാള്‍ സംസാരിക്കുന്നത് അയാളുടെ ഹൃദയത്തില്‍നിന്നും വരുന്ന ദുഷിച്ച കാര്യങ്ങളാകും”.. ഈ വാക്കുകൾക്ക് വർത്തമാനകാലത്തു ഏറെ പ്രസക്തിയുണ്ട് .

ഏതായാലും യേശു ക്രിസ്തുവിന്റെ ത്യാഗ സമ്പൂർണമായ ജീവിത മാതൃക ലോകത്തിനു മുഴുവൻ മാർഗ രേഖയായാണ് . പ്രാർത്ഥനയിലൂടെയും ഇച്ഛാശക്തിയിലൂടെയും രോഗ സൗഖ്യവും സന്മാർഗ്ഗദർശനവും വർത്തമാന കാലത്തു ഏറെ പ്രസക്തമാണ് . മാനവരാശിയുടെ മുഴുവൻ സ്വത്തായ യേശു ക്രിസ്തു ഉൾപ്പടെയുള്ള മഹാരഥന്മാർ അരികു വത്കരിച്ചു നിർത്തപെടുന്നത് ഞെട്ടലോടെ കാണേണ്ട കാഴ്ചയുമാണ് .

“ക്ഷീണിച്ച കുരിശും  ചുമന്നു കൊണ്ട് അരയിലെ കീറ തുണി തുണ്ടുമായി ” എന്ന് തുടങ്ങുന്ന കട്ടക്കയത്തിന്റെ വരികളിലൂടെ യേശു ക്രിസ്തുവിന്റെ കുരിശുമരണത്തെ മലയാള സാഹിത്യത്തിൽ കൃത്യമായി വരച്ചുകാട്ടുന്നുണ്ട് …

✍അഫ്സൽ ബഷീർ തൃക്കോമല

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments