Monday, November 25, 2024
Homeഅമേരിക്കവാർത്തകൾ ഒറ്റനോട്ടത്തിൽ – മാർച്ച് 18, 2024 തിങ്കൾ

വാർത്തകൾ ഒറ്റനോട്ടത്തിൽ – മാർച്ച് 18, 2024 തിങ്കൾ

കപിൽ ശങ്കർ

🔹ഫിലഡൽഫിയയിലെ ജൂനിയാറ്റ സെക്ഷനിൽ തോക്കുചൂണ്ടി മക്‌ഡൊണാൾഡ് കവർച്ച നടത്തിയ മൂന്ന് തോക്കുധാരികൾക്കായി പോലീസ് തിരച്ചിൽ നടത്തുന്നു. കൈയിൽ തോക്കുകളുമായി ഡ്രൈവ് ത്രൂ ജനാലയിലൂടെ കയറിയ പ്രതികൾ ക്യാഷ് രജിസ്റ്റർ എടുത്തതായി ഉദ്യോഗസ്ഥർ പറയുന്നു. ടോറെസ്‌ഡേൽ അവന്യൂവിലെ 1800 ബ്ലോക്കിലാണ് സംഭവം.

🔹പെൻസിൽവാനിയയിലെ ബക്സ് കൗണ്ടിയിൽ ശനിയാഴ്ച മൂന്ന് കുടുംബാംഗങ്ങളെ മാരകമായി വെടിവെച്ചുകൊന്ന കേസിൽ പ്രതിയെന്ന് സംശയിക്കുന്നയാളെ ന്യൂജേഴ്‌സിയിലെ ഒരു വീടിനുള്ളിൽ നിന്ന് പിടികൂടിയതായി പോലീസ് അറിയിച്ചു. ട്രെൻ്റണിലെ ഫിലിപ്‌സ് അവന്യൂവിലെ 100 ബ്ലോക്കിലെ വസതിയിൽ വൈകുന്നേരം അഞ്ചരയോടെയാണ് ആന്ദ്രെ ഗോർഡൻ (26)നെയാണ് പിടികൂടിയതെന്ന് അധികൃതർ പറയുന്നു.

🔹ഗുണ്ടൂർ ജില്ലയിൽ നിന്നുള്ള 20 കാരനായ പരുചൂരി അഭിജിത്ത് എന്ന വിദ്യാർത്ഥി യുഎസിൽ ദാരുണമായി മരിച്ചത് ഇന്ത്യൻ സമൂഹത്തെ ഞെട്ടിച്ചിരിക്കുകയാണ്. ആഴത്തിലുള്ള വനത്തിനുള്ളിൽ കാറിനുള്ളിൽ നിന്നാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്, യൂണിവേഴ്‌സിറ്റി കാമ്പസിനുള്ളിൽ കൊലപാതകം നടന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

🔹ഞായറാഴ്ച പുലർച്ചെ വാഷിംഗ്ടൺ ഡിസിയിലെ ചരിത്രപരമായ പരിസരത്ത് ഉണ്ടായ വെടിവയ്പിൽ 2 പേർ മരിച്ചു, 5 പേർക്ക് പരിക്കേറ്റു, പ്രതിക്കായി തിരച്ചിൽ തുടരുകയാണെന്ന് പോലീസ് അറിയിച്ചു. കെന്നഡി റിക്രിയേഷൻ സെൻ്ററിന് സമീപമാണ് വെടിവെപ്പുണ്ടായത്.
ലോഗൻ സർക്കിളിന് കിഴക്ക് ഏഴ് ബ്ലോക്കുകളും മൗണ്ട് വെർനൺ സ്‌ക്വയറിന് വടക്ക് നാല് ബ്ലോക്കുകളും 7th സ്ട്രീറ്റ് NW, P സ്ട്രീറ്റ് NW എന്നിവയുടെ കവലയിൽ പുലർച്ചെ 3 മണിയോടെയാണ് വെടിവെപ്പ് പൊട്ടിപ്പുറപ്പെട്ടതെന്ന് പോലീസ് പറഞ്ഞു.

🔹ദീർഘകാല ഫോർട്ട് വർത്ത് ഫയർ ലെഫ്റ്റനൻ്റ് ഗാരി പഗ് ഡ്യൂട്ടിയിലിരിക്കെ മോട്ടോർ സൈക്കിൾ അപകടത്തിൽ കൊല്ലപ്പെട്ടതായി ഡിപ്പാർട്ട്മെൻ്റ് ശനിയാഴ്ച സ്ഥിരീകരിച്ചു. 56 കാരനായ ലെഫ്റ്റനൻ്റ് ഗാരെ പഗ് ഫോർട്ട് വർത്ത് നഗരത്തിൽ 34 വർഷമായി ജോലി ചെയ്തിരുന്നതായി അഗ്നിശമന സേന അറിയിച്ചു.

🔹ന്യൂയോർക്കിലെ ബ്രാഡക് അവന്യുവിലുള്ള നായർ ബനവലന്റ് അസോസിയേഷൻ സെന്ററിൽ വച്ച് മാർച്ച് 16 ശനിയാഴ്ച്ച വൈകിട്ട് മൂന്നു മണിമുതൽ വനിതാ ഫോറം സഹസ്രനാജപവും മഹാശിവരാത്രി ഭജനയും സംഘടിപ്പിച്ചു. തദവസരത്തിൽ ലോകപ്രശസ്ത കൗൺസിലറും ആദ്ധ്യാത്മിക പ്രഭാഷകനും പരിശീലകനുമായ ഡോ. ശ്രീനാഥ് കാരയാട്ട് പങ്കെടുത്ത് അനുഗ്രഹപ്രഭാഷണം നടത്തി.

🔹കോടതി ആവശ്യപ്പെട്ടാലേ എല്ലാം വെളിപ്പെടുത്തൂ എന്ന എസ്ബിഐയുടെ നിലപാട് അംഗീകരിക്കാനാവില്ലെന്നും ഇലക്ടറല്‍ ബോണ്ട് കേസില്‍ തിരിച്ചറയില്‍ കോഡടടക്കം എല്ലാ വിവരങ്ങളും നല്‍കാന്‍ എസ്ബിഐ തയ്യാറാവണമെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് താക്കീത് നല്‍കി. വ്യാഴാഴ്ചക്കകം എല്ലാം വെളിപ്പെടുത്തിയെന്ന് സത്യവാങ്മൂലം നല്കാനും കോടതി നിര്‍ദ്ദേശിച്ചു.

🔹കര്‍ണാടക മുന്‍ മുഖ്യമന്ത്രി ഡി വി സദാനന്ദ ഗൗഡ ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്ന് സൂചന. ലോക്സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ചാണ് സദാനന്ദ ബിജെപി വിടാനൊരുങ്ങുന്നത്. മൈസൂരില്‍ നിന്ന് മുന്‍ രാജകുടുംബാംഗം യദുവീര്‍ വൊഡെയാര്‍ക്കെതിരെ സദാനന്ദ ഗൗഡ കോണ്‍ഗ്രസിന്റെ സര്‍പ്രൈസ് സ്ഥാനാര്‍ത്ഥിയാകുമെന്നാണ് സൂചന.

🔹രാഹുല്‍ ഗാന്ധിക്ക് വയനാടിനോട് ആത്മബന്ധമുണ്ടെന്നും അത് കൊണ്ടാണ് വീണ്ടും മത്സരിക്കുന്നതെന്നും കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാല്‍. പിണറായി വിജയന്‍ രാഹുല്‍ ഗാന്ധിയെ പേടിക്കേണ്ടെന്നും രാഹുല്‍ ഗാന്ധിയുടെ ലക്ഷ്യം പിണറായിയെ ആക്രമിക്കല്‍ അല്ലെന്നും മോദിയെ താഴെ ഇറക്കല്‍ ആണെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

🔹സുരേഷ് ഗോപിക്കെതിരെ ഫേസ്ബുക്കിലെഴുതിയ കുറിപ്പ് പിന്‍വലിച്ച് കലാമണ്ഡലം ഗോപിയാശാന്റെ മകന്‍ രഘു ഗുരുകൃപ. താനിട്ട പോസ്റ്റ് എല്ലാവരും ചര്‍ച്ചയാക്കിയിരുന്നുവെന്നും സ്നേഹം കൊണ്ട് ചൂഷണം ചെയ്യരുത് എന്ന് പറയാന്‍ വേണ്ടി മാത്രമായിരുന്നു പോസ്റ്റെന്നും ഈ ചര്‍ച്ച അവസാനിപ്പിക്കണമെന്നുമായിരുന്നു വിശദീകരണം.

🔹വര്‍ക്കല മണമ്പൂരില്‍ 19 കാരിയായ ഗര്‍ഭിണിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വര്‍ക്കല മണമ്പൂര്‍ പേരേറ്റ്കാട്ടില്‍ വീട്ടില്‍ ലക്ഷ്മി ആണ് മരിച്ചത്. ബി എ അവസാന വര്‍ഷ വിദ്യാര്‍ത്ഥി ആയിരുന്നു ലക്ഷ്മി. തുടര്‍ വിദ്യാഭാസവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് കിരണുമായി ചില തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

🔹തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടും വ്യോമസേന ഹെലികോപ്ടറില്‍ സഞ്ചരിക്കുന്നുവെന്ന് കാണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പെരുമാറ്റച്ചട്ടലംഘനത്തിന് പരാതി നല്‍കി തൃണമുല്‍ കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നത് ചട്ട വിരുദ്ധമാണ്.

🔹തെലങ്കാന ഗവര്‍ണര്‍ തമിഴിസൈ സൗന്ദര്‍രാജന്‍ ലോക്സഭ തെരഞ്ഞെടുപ്പില്‍ തമിഴ്നാട്ടില്‍ നിന്ന് മത്സരിക്കും. നിലവില്‍ ഗവര്‍ണര്‍ സ്ഥാനം രാജി വെച്ചു. രാഷ്ട്രപതിക്ക് രാജിക്കത്ത് സമര്‍പ്പിച്ചിട്ടുണ്ട്. തമിഴ്നാട്ടില്‍ ബിജെപിക്ക് ശക്തരായ സ്ഥാനാര്‍ത്ഥികളില്ലെന്ന പരാതി നിലനില്‍ക്കവെ തമിഴിസൈയെ പോലെയുള്ളവരെ മുന്നില്‍ നിര്‍ത്തുന്നത് ഗുണകരമാകുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്.

🔹ബീഹാറിലെ ഖഗരിയയില്‍ കാറും ട്രാക്ടറും കൂട്ടിയിടിച്ച് മൂന്ന് കുട്ടികളുള്‍പ്പെടെ ഏഴുപേര്‍ മരിച്ചു. നാലുപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങുന്ന വഴിയാണ് അപകടമുണ്ടായത്.

🔹ദക്ഷിണ സുഡാനില്‍ താപനില 45 ഡിഗ്രിക്ക് മുകളില്‍ ഉയരാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഉഷ്ണ തരംഗത്തെ തുടര്‍ന്ന് സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. കുട്ടികളെ വീടിന് പുറത്തേക്ക് വിടരുതെന്ന് രക്ഷിതാക്കള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ഉത്തരവ് ലംഘിക്കുന്ന സ്‌കൂളുകള്‍ക്കെതിരെ നടപടിയെടുക്കുമെന്നും ഏതെങ്കിലും സ്‌കൂള്‍ തുറന്നാല്‍ രജിസ്‌ട്രേഷന്‍ പിന്‍വലിക്കുമെന്നാണ് താക്കീത്.

🔹പുതിയ പ്രൈവസി ഫീച്ചറുമായി എത്താന്‍ പോവുകയാണ് വാട്സ്ആപ്പ്. ഇനി മുതല്‍ ആപ്പില്‍ സ്‌ക്രീന്‍ഷോട്ട് പകര്‍ത്താന്‍ കഴിയില്ല. മറ്റുള്ളവരുടെ പ്രൊഫൈലില്‍ കയറിയുള്ള സ്‌ക്രീന്‍ഷോട്ട് എടുക്കലിനാണ് നിയന്ത്രണം. ഉപയോക്താക്കളുടെ സ്വകാര്യത മുന്‍ നിര്‍ത്തിയാണ് ഈ ഫീച്ചര്‍ വാട്സ്ആപ്പ് അവതരിപ്പിക്കുന്നത്. വാട്സ്ആപ്പില്‍ നിങ്ങള്‍ അപ്ലോഡ് ചെയ്യുന്ന പ്രൊഫൈല്‍ ചിത്രങ്ങള്‍ ഇനി മറ്റൊരാള്‍ക്ക് സ്‌ക്രീന്‍ഷോട്ട് എടുക്കാന്‍ സാധിക്കില്ല. ഈ ഫീച്ചര്‍ നിലവില്‍ ആന്‍ഡ്രോയിഡിന്റെ ചില ബീറ്റാ വേര്‍ഷനുകളില്‍ ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്. എന്നാല്‍ ഐഫോണില്‍ ഇതുവരെയും എത്തിയിട്ടില്ല.

🔹അരങ്ങിലും അണിയറയിലും വമ്പന്‍ താരനിരയുമായി ആഷിഖ് അബു ചിത്രം ‘റൈഫിള്‍ ക്ലബ്ബ്’ ഒരുങ്ങുന്നു. ദിലീഷ് പോത്തന്‍, വാണി വിശ്വനാഥ്, അനുരാഗ് കശ്യപ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. അനുരാഗ് കശ്യപിന്റെ ആദ്യ മലയാള ചിത്രം കൂടിയാണ് റൈഫിള്‍ ക്ലബ്ബ്. ഇവരെ കൂടാതെ വിന്‍സി അലോഷ്യസ്, വിഷ്ണു അഗസ്ത്യ, സുരഭി ലക്ഷ്മി, റംസാന്‍, ഉണ്ണിമായ, റാപ്പര്‍മാരായ ബേബി ജീന്‍ഹനുമന്‍കൈന്‍ഡ് എന്നിവരും അഭിനയിക്കുന്നു. ശ്യാം പുഷ്‌കരന്‍-ദിലീഷ് കരുണാകരന്‍, ഷറഫു- സുഹാസ് കൂട്ടുകെട്ടിലാണ് ചിത്രത്തിന്റെ തിരക്കഥയൊരുങ്ങുന്നത്. ‘തങ്കം’ എന്ന ചിത്രത്തിന് ശേഷം ശ്യാം പുഷ്‌കരന്‍ തിരക്കഥയൊരുക്കുന്ന ചിത്രം കൂടിയാണ് റൈഫിള്‍ ക്ലബ്. കൂടാതെ മായാനദിക്ക് ശേഷം ആഷിഖ് അബു- ശ്യാം പുഷ്‌കരന്‍- ദിലീഷ് കരുണാകരന്‍ കൂട്ടുകെട്ട് ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. റെക്സ് വിജയന്‍ സംഗീതമൊരുക്കുന്ന ചിത്രത്തില്‍ പ്രൊഡക്ഷന്‍ ഡിസൈനര്‍ അജയന്‍ ചാലിശ്ശേരിയാണ്. ഒപിഎം സിനിമാസിന്റെയും ട്രൂ സ്റ്റോറീസിന്റെയും ബാനറിലാണ് ചിത്രമൊരുങ്ങുന്നത്.

തയ്യാറാക്കിയത്:
കപിൽ ശങ്കർ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments