പത്തനംതിട്ട —കേന്ദ്ര സാമൂഹ്യക്ഷേമ മന്ത്രാലയത്തിനു കീഴില്‍ പി.എം. സൂരജ് പദ്ധതിയിലുള്‍പ്പെടുത്തി അനുവദിച്ച വായ്പയുടെ വിതരണവും തിരഞ്ഞെടുത്ത ശുചീകരണത്തൊഴിലാളിക്ക് ആയുഷ്മാന്‍ ആരോഗ്യകാര്‍ഡ് വിതരണവും കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. ദേശീയ സഫായി കമ്മിഷന്‍ അംഗം ഡോ. പി.പി. വാവ ആനുകൂല്യവിതരണം നടത്തി.
ശുചീകരണ തൊഴിലാളികള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച നാഷണല്‍ ആക്ഷന്‍ ഫോര്‍ മെക്കാനൈസ്ഡ് സാനിറ്റേഷന്‍ എക്കോസിസ്റ്റം (നമസ്തേ) പദ്ധതിയുടെ ഭാഗമായി അടൂര്‍ നഗരസഭയില്‍ രജിസ്റ്റര്‍ ചെയ്ത ശുചീകരണ തൊഴിലാളി എസ് സുജിത്തിന് ആയുഷ്മാന്‍ ഹെല്‍ത്ത് കാര്‍ഡും സീതത്തോട്, ഓമല്ലൂര്‍, റാന്നി പെരുനാട് ഗ്രാമപഞ്ചായത്തിലെ സിഡിഎസ്, ഹരിതകര്‍മ്മസേനയ്ക്കും മൂന്നു കോടി രൂപ വായ്പയുമാണ് വിതരണം നടത്തിയത്.
പി.എം. സൂരജ് നാഷണല്‍ പോര്‍ട്ടലിന്റെ ഉദ്ഘാടനവും ആനുകൂല്യ വിതരണോദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി ഓണ്‍ലൈനായി നിര്‍വഹിച്ചു. സാമൂഹികനീതി, ശാക്തീകരണ മന്ത്രാലയം സമൂഹത്തിലെ പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളുടെ സാമൂഹിക ഉന്നമനവും തൊഴിലധിഷ്ഠിത പൊതുക്ഷേമവും വായ്പാസഹായവും ലക്ഷ്യമാക്കി നടപ്പാക്കുന്ന പദ്ധതികളുടെ ഭാഗമായാണ് പുതിയ പോര്‍ട്ടല്‍.
ജില്ലാ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ അടൂര്‍ ആര്‍ഡിഒ വി ജയമോഹന്‍ അധ്യക്ഷത വഹിച്ചു. തിരുവല്ല സബ് കളക്ടര്‍ സഫ്ന നസറുദ്ദീന്‍, എഡിഎം ജി സുരേഷ് ബാബു, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.