Sunday, November 24, 2024
Homeഅമേരിക്കശുഭചിന്ത - (67) പ്രകാശഗോപുരങ്ങൾ - (43) ✍പി . എം . എൻ ....

ശുഭചിന്ത – (67) പ്രകാശഗോപുരങ്ങൾ – (43) ✍പി . എം . എൻ . നമ്പൂതിരി

പി . എം . എൻ . നമ്പൂതിരി

തത്ത്വം ഗ്രഹിക്കാൻ വേണ്ടിയുള്ള ഉപാധികളാണ് പുരാണങ്ങൾ

പുരാണങ്ങളില്‍ ധാരാളം കഥകള്‍ നമുക്ക് കാണാൻ കഴിയും. അതിലെ പല കഥകളിലും മാനുഷിക വികാരങ്ങളോടെ പെരുമാറുന്നവരെയും കാണാം. ഒന്ന് മനസ്സിലാക്കുക! പുരാണങ്ങള്‍ വായിക്കുമ്പോള്‍ അതിലെ കഥയില്‍ മാത്രം ശ്രദ്ധിച്ചാല്‍ പോരാ. ഓരോ കഥയ്ക്കും ഓരോ കഥാപാത്രത്തിനും പിന്നില്‍ ഓരോ തത്ത്വങ്ങളും ഉണ്ടാകും. ആ തത്ത്വങ്ങൾ നാം പ്രത്യേകം മനസ്സിലാക്കേണ്ടതായിട്ടുണ്ട്. കണ്ണിനു കാഴ്ചയില്ലാത്ത കുട്ടിയെ കുത്തിട്ടുതീര്‍ത്തഅക്ഷരങ്ങളില്‍ കൈവിരല്‍ തൊടുവിച്ച് പഠിപ്പിക്കുന്നതു പോലെയാണിത്.

തത്ത്വം ഗ്രഹിക്കാന്‍ വേണ്ടിയുള്ള ഉപാധി മാത്രമാണ് പുരാണകഥകള്‍.അങ്ങനെയുള്ള ഓരോ കഥയ്ക്കുള്ളിലും ആത്മതത്ത്വം ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് നമ്മള്‍ മനസ്സിലാക്കിയാലെ ആ കഥകൾ വായിച്ചതിൻ്റെ പ്രയോജനം ലഭിക്കുകയുള്ളൂ.

ദേവകിയുടെ പുത്രന്‍ തന്നെ കൊല്ലുമെന്ന അശരീരി കേട്ടപ്പോള്‍ മുതല്‍ കംസന് ഭയമായിരുന്നു. ഈ കഥയാണല്ലോ കൃഷ്ണഭഗവാന്റെ അവതാരകഥയുടെ തുടക്കം. അവസാനം കംസനെ ഭഗവാന്‍ നിഗ്രഹിച്ചു. മാതുലനായ കംസനെ ഭഗവാന്‍ നിഗ്രഹിച്ചത് തെറ്റായിപ്പോയില്ലേ എന്നു പലരും ചോദിച്ചതായി കേട്ടിട്ടുണ്ട്. എന്നാൽ എന്താണ് കംസനിഗ്രഹത്തിലൂടെ ഭഗവാന്‍ നമുക്ക് നൽകുന്ന ഉപദേശമെന്ന് ചിന്തിച്ചു നോക്കൂ!

ഭഗവാന്റെ ലക്ഷ്യം, ഓരോ വ്യക്തിയെയും ഈശ്വരസാക്ഷാത്കാരത്തിനും, നിത്യാനന്ദത്തിനും അര്‍ഹനാക്കുക എന്നതായിരുന്നു. എന്നാല്‍ ആ അവസ്ഥയിലേയ്ക്ക് എത്തുവാന്‍ ധര്‍മത്തിന്റെ പാതയില്‍ക്കൂടിയല്ലാതെ സാധ്യമല്ല എന്ന് ഭഗവാന് അറിയാമായിരുന്നു

എന്നാൽ ഈ കലിയുഗത്തിൽ ചില അവിവേകികള്‍ക്ക് ധര്‍മം എന്ന വാക്ക് കേള്‍ക്കുന്നതുതന്നെ അരോചകമാണ്. അത്തരക്കാരെ നമുക്കു ചുറ്റും ഇപ്പോള്‍ ധാരാളമാ യി കാണാനും കഴിയും. അങ്ങനെയുള്ള ഒരു വ്യക്തിയായിരുന്നു കംസന്‍. കംസനെ എത്ര ഉപദേശിച്ചാലും അവയൊന്നും ചെവിക്കൊള്ളാനുള്ള താല്പര്യം ആ മനസ്സിന് ഉണ്ടായിരുന്നില്ല. ധര്‍മം വെടിഞ്ഞ ഒരു മനസ്സിന് ഒരിക്കലും പരമാത്മ തത്ത്വത്തിലെത്താനും സാധിക്കില്ല എന്ന് ഭഗവാന് അറിയാമായിരുന്നു.

ശ്രീകൃഷ്ണഭഗവാന്‍ അവതരിച്ചത് ധര്‍മിക്കും അധര്‍മിക്കും വേണ്ടിയായിരുന്നു. അധര്‍മിയെയും ഈശ്വരനിൽ എത്തിക്കുക എന്ന കടമ ഭഗവാൻ നിർവ്വഹിക്കുകയാണ് ഉണ്ടായത്. അധര്‍മികളില്‍ ധര്‍മബോധം ചെലുത്താന്‍ വേണ്ടതെല്ലാം ഭഗവാൻ ചെയ്തു. എന്നിട്ടും ദേഹാത്മബോധത്താല്‍ മത്തനായ കംസൻ ധര്‍മമാര്‍ഗം കൈക്കൊണ്ടില്ല. അതുകൊണ്ട് ഭഗവാന്റെ മുമ്പില്‍ ഒരു വഴിയേ ബാക്കിയുണ്ടായിരുന്നുള്ളൂ. കംസൻ്റെ എല്ലാ അധര്‍മങ്ങള്‍ക്കും പ്രേരകമായിരിക്കുന്ന, ബഹിര്‍മുഖങ്ങളായ ഇന്ദ്രിയങ്ങളാൽ അധിഷ്ഠിതമായ കംസൻ്റെ ശരീരം നശിപ്പിക്കുക.!

ശരീരമാകുന്ന തടവറയില്‍നിന്നും കംസൻ്റെ ജീവനെ മോചിപ്പിക്കുക അതാണ് ഭഗവാന്‍ ചെയ്തതും. അങ്ങനെ മാത്രമേ ശരീരത്തിന്റെ നശ്വരതയെയും ആത്മാവിന്റെ അനശ്വരതയെയും അവരെ ബോധ്യപ്പെടുത്താന്‍ സാധിക്കുമായിരുന്നുള്ളൂ. അതുകൊണ്ടു മാത്രമേ വിഷയങ്ങളുടെ സ്പര്‍ശനമേല്‍ക്കാത്ത നിത്യാനന്ദത്തിന്റെ അവകാശികളാണു തങ്ങള്‍ എന്ന അനുഭവജ്ഞാനം അവര്‍ക്കു കൈവരുകയുള്ളൂ

സ്‌കൂളില്‍ ഇട്ടുകൊണ്ടുപോയ യൂണിഫോം മുഴുവന്‍ ചെളിയും, പൊടിയുമാക്കി വരുന്ന ചില കുട്ടികളെ നാം കാണാറില്ലേ!കുട്ടിയുടെ അമ്മ അവന്റെ മുഷിഞ്ഞുനാറിയ കുപ്പായം അഴിെച്ചടുക്കുന്നതും അലക്കിത്തേച്ച പുതിയ വസ്ത്രം ധരിപ്പിക്കുന്നതും സർവ്വസാധാരയാണ്. അതിനെ അനീതിയെന്നു പറയാൻ കഴിയുമോ? അതുപോലെ മറ്റെല്ലാ മാര്‍ഗങ്ങളും പരാജയപ്പെടുമ്പോഴാണ് നിലവിലുള്ള ശരീരത്തില്‍ നിന്ന് അധര്‍മ്മമായ ചിന്തകൾക്ക്‌ മോചനം നല്‍കുന്നത്. പുതിയ ശരീരം ലഭിക്കുമ്പോഴെങ്കിലും ധര്‍മത്തിന്റെ മഹത്ത്വം മനസ്സിലാക്കി ലക്ഷ്യത്തിലേക്കു നീങ്ങാന്‍ അവര്‍ക്കു സാധിക്കുന്നു.

കംസന് ഈ ജന്മത്തില്‍ ധര്‍മമാര്‍ഗത്തില്‍ സഞ്ചരിക്കാന്‍ കഴിയില്ലെന്ന് ഭഗവാന് അറിയാമായിരുന്നു. കംസന്റെ മനസ്സും ശരീരവും അത്രമാത്രം അധര്‍മത്തിന് അടിമയായി കഴിഞ്ഞിരുന്നു. ഇതു നഷ്ടമായി പുതിയ ശരീരം ലഭിച്ചാല്‍ മാത്രമേ പ്രയോജനമുള്ളൂ. ഭഗവാന്റെ കൈ കൊണ്ട് മരണം സംഭവിക്കുമ്പോള്‍, ഭഗവാനെ ദര്‍ശിച്ച്, സ്മരിച്ചു കൊണ്ട് ശരീരം വെടിയുമ്പോള്‍ പാപമെല്ലാം കഴുകിക്കളയപ്പെടുന്നു. വാസ്തവത്തില്‍ കംസന്റെ ആഗ്രഹം തന്നെ ഭഗവാന്റെ കൈകൊണ്ട് മരിക്കണമെന്നതായിരുന്നു. ഭഗവാന്‍ ആ ആഗ്രഹം സാധിച്ചുകൊടുത്തു. കംസന്റെ ജീവനെ ആ ശരീരത്തില്‍നിന്ന് ഭഗവാന്‍ ഉദ്ധരിക്കുകയാണു ചെയ്തത്. അങ്ങനെ കംസന് പരമാത്മാവില്‍ എത്താനുള്ള സാഹചര്യം ഭഗവാൻ ഒരുക്കി കൊടുത്തു.

ഒരു ഭിത്തിയില്‍ ചോക്കു കൊണ്ട് സിംഹത്തിന്റെയും പുലിയുടെയും മറ്റും പടം വരച്ച കുട്ടി പിന്നീട് അവ മായ്ച്ചു കളയും. വരകള്‍ മായുമ്പോള്‍ പുലിയും സിംഹവും ഇല്ലാതാവും. തെളിഞ്ഞ ഭിത്തി മാത്രം ശേഷിക്കും. കാരണം ഭിത്തിയാണ് അവയ്ക്ക് ആധാരം. അവിടെ അവന്‍ മാനിനെയും മുയലിനെയും വരയ്ക്കും. അവിടെ സിംഹവും പുലിയും മരിക്കുകയും മാനും മുയലും ജനിക്കുകയുമാണ് ഉണ്ടാ യത്. ഏതാനും വരകള്‍ മാറിയപ്പോള്‍ നാമവും രൂപവും മാറി. അ തുപോലെ ഭഗവാന്‍, കംസനിലെ അധര്‍മത്തെ കളയുകയാണു ചെയ്തത്. പുരാണങ്ങളിലെ പൊരുളും ഉണ്മയും ഇങ്ങനെയാണ് നാം വ്യാഖ്യാനിക്കേണ്ടതും അറിയേണ്ടതും.

പി . എം . എൻ . നമ്പൂതിരി✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments