തിരുവനന്തപുരം: ഭിന്നശേഷിക്കാരെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയാണ് സർക്കാർ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലെ എല്ലാ ജനവിഭാഗത്തെയും നവകേരള സൃഷ്ടിയുടെ ഭാഗമാക്കും. ഭിന്നശേഷിക്കാരുടെ സമഗ്രവികസനം സമൂഹത്തിന്റെ പൊതു ഉത്തരവാദിത്വമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരുവനന്തപുരത്ത് ഭിന്നശേഷി സൗഹൃദ കേരളം നവകേരള കാഴ്ചപ്പാട് എന്ന വിഷയത്തിൽ ഭിന്നശേഷി മേഖലയിലെ വ്യക്തികളുമായി നടത്തിയ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഭിന്നശേഷിയുള്ളവർക്കു കൂടി ഉപയോഗിക്കാൻ കഴിയുന്ന അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുകയാണ്. വിദ്യാഭ്യാസത്തിലും തൊഴിലിലും അവരുടെ പങ്കാളിത്തം ഉറപ്പാക്കുക, പരമാവധിയിടങ്ങൾ ഭിന്നശേഷി സൗഹൃദമാക്കുക ഇവയെല്ലാം ചെയ്തുവരുന്നത് ഈ കാഴ്ചപ്പാടിന്റെ ഭാഗമായാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിന്റെ എല്ലാ സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളെയും കെട്ടിടങ്ങളെയും പാർക്കുകളെയും ഭിന്നശേഷി സൗഹൃദമാക്കുന്നതിനുള്ള പദ്ധതിയാണ് ഇതിൽ പ്രധാനം. രണ്ടായിരത്തിലധികം കെട്ടിടങ്ങൾ ഇതിനകം തടസരഹിതമായിക്കഴിഞ്ഞു. വിനോദസഞ്ചാര കേന്ദ്രങ്ങൾ ഉൾപ്പെടെ ഭിന്നശേഷി സൗഹൃദമാക്കുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ഇന്നു രാവിലെ 9.30 മുതൽ ഉച്ചകഴിഞ്ഞ് 1.30 വരെ തിരുവനന്തപുരം ആർഡിആർ കണ്വൻഷൻ സെന്ററിൽ സാമൂഹിക നീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ മുഖ്യമന്ത്രിക്കു പുറമേ മന്ത്രിമാരായ ഡോ. ആർ. ബിന്ദു, വി. ശിവൻകുട്ടി, ജി.ആർ. അനിൽ എന്നിവരും ജില്ലയിലെ എംഎൽഎമാരും പങ്കെടുത്തു. പരിപാടിയിൽ 50 പേർക്ക് മുഖ്യമന്ത്രിയോടു നേരിട്ട് ചോദ്യം ചോദിക്കാനുള്ള അവസരമുണ്ടായിരുന്നു.