“ഈ പ്രാവശ്യം ഏപ്രിൽ 15നാണ് വിഷു വരുന്നത് ട്ടോ”. പാറുവമ്മ നങ്ങേലിയമ്മയോടായി പറഞ്ഞു.
“അതെയോ? സംക്രമംണ്ടാവും ല്ലേ?”നങ്ങേലിയമ്മയുടെ ചോദ്യത്തിന് പാറുവമ്മ തലയാട്ടി. രണ്ടുപേരും അയൽവാസികളും കൂട്ടുകാരുമാണ്.
“കണി വെക്കേണ്ടേ.”
“ദാപ്പോ നന്നായെ. ന്താ നിനക്കൊരു സംശയം നങ്ങേല്യേ.”അങ്ങനെ അവരുടെ സംസാരം ദിവസങ്ങൾ നീണ്ടു. ഒടുവിൽ വിഷു വന്നെത്തി. തലേന്ന് വൈകുന്നേരം മുതൽ പാറുവമ്മ കണിയൊരുക്കാനുള്ള തിരക്കിലായിരുന്നു. ഒടുവിൽ എല്ലാം കേമമാണെന്ന് ഒരിക്കൽ കൂടി ഉറപ്പുവരുത്തി പാറുവമ്മ ഉറങ്ങാൻ കിടന്നു.
“കൃഷ്ണ ഗുരുവായൂരപ്പാ” കാത്തോണേ, പാറുവമ്മ കിടക്കയിൽ കിടന്നു കൊണ്ട് കൈ കൂപ്പി പ്രാർത്ഥിച്ചു.
പുലർച്ചെ 4മണിക്ക് തന്നെ അവർ ഉണർന്നു.
കിടക്കയിൽ നിന്നും പതിയെ കണ്ണടച്ച് പാറുവമ്മ തപ്പിതപ്പി പൂജാമുറിയിൽ എത്തി.
രണ്ടു കൈയും കൂപ്പി പതിയെ പാറുവമ്മ കണ്ണു തുറന്നു.അവർ ഞെട്ടിപ്പോയി.താൻ ഒരുക്കി വച്ച ഉണ്ണിക്കണ്ണനെ കാണാൻ ഇല്ല. ബാക്കി എല്ലാ വിഷുഒരുക്കങ്ങളും ഉണ്ട്.
പാവം പാറു അമ്മ, സുന്ദരക്കുട്ടനായി ഒരുക്കി വച്ച തന്റെ ഉണ്ണിക്കണ്ണനെ കാണാതെ കരഞ്ഞു പോയി.
പാറുവമ്മ ആകെ തളർന്ന് അവിടെ തന്നെ ഇരുന്നു .
” പാറുവേ “റെഡി ആയില്ലേ?നമുക്ക് അമ്പലത്തിൽ പോകേണ്ടേ? നങ്ങേലി അമ്മ ചോദിച്ചു.
പാറു അമ്മ പൊട്ടിക്കരഞ്ഞുകൊണ്ട് നങ്ങേലി അമ്മയോട് നടന്ന കാര്യങ്ങൾ പറഞ്ഞു.
“ന്റെ പാറൂ കൊച്ചുമോനും നീയും അല്ലെ ഇവിടെള്ളൂ, പുറത്തൂന്ന് ആരേലും വന്ന് കണ്ണനെ കൊണ്ടോവ്യോ”, നങ്ങേലി അമ്മ പറഞ്ഞു.
ഉടനെ തന്നെ പാറുവമ്മ അകത്തു പോയി കൊച്ചു മകനെ നോക്കി. അവൻ മൂടി പുതച്ച് കിടന്നുറങ്ങുന്നു.
ഒരു മനഃസമാധാനത്തിന് അവർ അവനോടു വിളിച്ചു ചോദിച്ചു.
“ന്റെ കുട്ട്യേ നീ ഉണ്ണിക്കണ്ണനെ കണ്ടോ”? കേൾക്കേണ്ട താമസം അവൻ ഒന്നുകൂടി മൂടിപ്പുതച്ചുറങ്ങി.
പാറു അമ്മ ആകെ വിഷമത്തിൽ കുളിക്കാൻ പോയി.
കുളികഴിഞ്ഞ് ക്ഷേത്രത്തിൽ പോകാൻ റെഡിയായി വന്ന പാറുവമ്മ ഞെട്ടിപ്പോയി.
താൻ കണി ഒരുക്കി വച്ച ഉണ്ണിക്കണ്ണൻ അതാ പീഠത്തിൽ ഇരിക്കാതെ പുറംതിരിഞ്ഞിരിക്കുന്നു.
അത് കണ്ടപാടെ പാറുവമ്മ ഇരുകൈകളും കൂപ്പി തൊഴുതു.”ന്റെ കണ്ണാ നീ എവിടെ പോയി? ഞാൻ ഒരുക്കിയ കണി നിനക്ക് ഇഷ്ടായില്ല്യേ”.
ഒരു നിധി കിട്ടിയപോലെ ആ അമ്മ ഉണ്ണിക്കണ്ണനെ എടുത്തു പീഠത്തിൽ വച്ചു ക്ഷേത്രത്തിൽ പോയി.ഇതെല്ലാം അറിയുന്ന കള്ളക്കണ്ണൻ ഒരു കള്ളചിരിയോടെ കൊച്ചുമോനെ നോക്കി ചിരിച്ചു നിന്നു.ഞാൻ ഉണ്ടായതെല്ലാം മുത്തശ്ശിയോട് പറയട്ടേയെന്ന ഭാവത്തിൽ. “അരുതേ” എന്ന ഭാവത്തിൽ കൊച്ചുമോൻ മുത്തശ്ശിയുടെ പിന്നിലൊളിച്ചു.
തന്റെ കൊച്ചു മകൻ കൂട്ടുകാരോടൊപ്പം വിഷുക്കണി ഒരുക്കി, വീടുകൾ തോറും കാണിക്കാൻ മഞ്ചം റെഡി യാക്കി കഴിഞ്ഞപ്പോൾ ആണ് അറിയുന്നത് ഉണ്ണിക്കണ്ണൻ ഇല്ലായെന്ന്.
പുലർച്ചെ 3മണിക്ക് കൊച്ചു മകൻ മുത്തശ്ശി ഒരുക്കി വച്ച ഉണ്ണിക്കണ്ണനെ എടുത്തുകൊണ്ട് നാടാകെ കണികാണിച്ചു.
തിരിച്ചു വന്ന കൊച്ചുമകൻ വന്നപാടെ ക്ഷീണംകൊണ്ട് ഉണ്ണിക്കണ്ണനെയും കൊണ്ട് പുതച്ചുമൂടി കിടന്നങ്ങു ഉറക്കമായി. മുത്തശ്ശിയുടെ കരച്ചിൽ കേട്ടപ്പോഴാണ് ഉണ്ണിക്കുട്ടന് ഓർമ്മ വന്നത്.പിന്നെ പെട്ടന്ന് ഉണ്ണിക്കുട്ടൻ ഉണ്ണികണ്ണനെ പുറം തിരിച്ചു തറയിൽ കൊണ്ട് വച്ചു.
എന്നാൽ ക്ഷേത്രത്തിൽ പോകുന്നവഴിക്കെല്ലാം ഉണ്ണിക്കണ്ണന്റെ ലീലാവിലാസങ്ങൾ ആയിരുന്നു അതെല്ലാം എന്നാണ് ആ സാധുഭക്ത കരുതിയത്.