Friday, October 18, 2024
Homeകഥ/കവിതവഴിയിൽ കിട്ടിയ സമ്മാനം (കഥ) ✍ പിഎം കോങ്ങാട്ടിൽ

വഴിയിൽ കിട്ടിയ സമ്മാനം (കഥ) ✍ പിഎം കോങ്ങാട്ടിൽ

പിഎം കോങ്ങാട്ടിൽ

ബസ്സിലെ തിരക്കിൽ വെച്ചാണ് ഞാൻ അയാളെ കണ്ടത്. വളരെ ക്ഷീണിതനായിരുന്നു അയാൾ . മുൻപു കണ്ടിരുന്ന പ്രസാദം അയാളുടെ മുഖത്തുണ്ടായിരുന്നില്ല.
എനിക്കു അയാളെ നല്ല പോലെ അറിയാം. അറിയപ്പെടുന്ന ഒരു സാഹിത്യകാരനാണ് അയാൾ. യഥാർത്ഥ നാമം എഴുതിയാൽ നിങ്ങൾക്ക് മനസ്സിലാകുമെന്നതിനാൽ അത് ഞാൻ എഴുതുന്നില്ല.തല്ക്കാലം അയാളെ മാണിയെന്ന് വിളിക്കാം

” ടീച്ചറെ ഇതൊന്നു പിടിക്കാമോ ”
ദീർഘചതുരാകൃതിയിലുള്ള സാമാന്യം വലിപ്പമുള്ള ഒരുപൊതി അയാൾ എനിക്ക് നേരെ നീട്ടി.
കൈനീട്ടി വാങ്ങുമ്പോൾ സാമാന്യത്തിലധികം ഭാരമുള്ളതായി തോന്നി.

കൂടാതെ എന്തോ എന്റെ കൈവിരലിൽ തറച്ചത് പോലെയും തോന്നി.
“എന്താടോ മാണീ, ഇതു, നല്ല കനമുണ്ടല്ലോ ”
“അതൊരു സമ്മാനം കിട്ടിയതാ, ടീച്ചർ ഒന്നു വീട്ടിൽ വെക്കണേ, ഞാൻ രണ്ടു ദിവസം കഴിഞ്ഞു വന്നു വാങ്ങിക്കോളാം. ടീച്ചർക്ക് ഇറങ്ങാൻ ആയല്ലോ. എനിക്കു
ദൂരെയുള്ള വേറൊരു സ്‌ഥലം പോകാനുണ്ട്.തിരിച്ചുവരുമ്പോൾ ഞാൻ വീട്ടിൽ വന്നു വാങ്ങിക്കോളാം”
അപ്പോഴേക്കും എനിക്ക് ഇറങ്ങാനുള്ള സ്റ്റോപ്പ് എത്തിയിരുന്നു. പെട്ടിയെടുത്ത് അയാൾ കൂടെ ഇറങ്ങി ഒരു ഓട്ടോയിൽ എന്നെ കയറ്റി വിട്ടു.
വീട്ടിലെത്തുന്നതുവരെ ഇതിൽ എന്തായിരിക്കും എന്ന് ചിന്തയായിരുന്നു എനിക്ക്. വീട്ടിലെത്തി പെട്ടിയിറക്കി കാർപോർച്ചിൽ വെച്ചു.
ഓട്ടോ തിരിച്ചുപോയി.
,എന്താടോ താൻ ഈ താങ്ങിപ്പിടിച്ചു കൊണ്ടുവന്നിരിക്കുന്നത് ” ഓട്ടോറിക്ഷയുടെ ശബ്ദം കേട്ട് പൂമുഖത്ത് എത്തിയ സുരേട്ടൻ ചോദിച്ചു.
“ഇതാ കഥയെഴുതുന്ന മാണിയില്ലേ അവനു കിട്ടിയ എന്തോ സമ്മാനാ . ബസ്സിൽ വെച്ച് കണ്ടപ്പോൾ എന്നെ ഏൽപ്പിച്ചതാ. അയാൾ ദൂരെ എവിടേക്കോ പോവാണത്രേ . തിരിച്ചു വരുമ്പോ വന്നുകൊണ്ടോയിക്കോളാം ന്ന് പറഞ്ഞിട്ടുണ്ട് ”

“എന്നാലിത് അകത്തേക്ക് വെച്ചൂടെ, നല്ല ഭാരണ്ടെന്ന് തോന്നുണൂല്ലോ ഞാനെടുത്തു വയ്ക്കാം”
പെട്ടിയെടുത്തു കയറുമ്പോൾ സുരേട്ടന്റെ കാലൊന്നു തെന്നി,പെട്ടി ദൂരേക്ക് തെറിച്ചു വീണു.
പെട്ടി പൊട്ടി അതിൽ നിന്നും പുറത്തേക്കു ചാടിയ സമ്മാനം കണ്ടു ഞങ്ങൾ അന്തം വിട്ടു എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലായി.
അതിൽ നിന്നും തെറിച്ചു വീണത് ഒരു കൂറ്റൻ പാമ്പായിരുന്നു.
സ്വർണ്ണ നിറത്തിലുള്ള അതിന് ഒരു ഒത്ത മനുഷ്യനെക്കാൾ നീളം ഉണ്ടായിരുന്നു.
വീഴ്ചയുടെ ആഘാതം കൊണ്ടാണോ, അതോ പെട്ടിയിൽ ഇരുന്ന് ചത്തിട്ടുള്ളതു കൊണ്ടാണോ,
അതു അനങ്ങാതെ കിടക്കുന്നത് എന്ന് ഞങ്ങൾക്ക് മനസ്സിലായില്ല.
ഒരു നിമിഷം ഞങ്ങൾ പരസ്പരം നോക്കി
” നീ എന്തു മാരണത്തെയാ കൊണ്ടുവന്നിരിക്കണേ ” സുരേട്ടൻ പൊട്ടിത്തെറിച്ചു കൊണ്ടു ചോദിച്ചു.
” വിളിക്കവനെ, അവന്റെ ഒരു സമ്മാനം”

പാമ്പിനെ തന്നെ നോക്കിക്കൊണ്ട് ഞാൻ ഉടനെ മാണിയെ വിളിച്ചു.അവന്റെ ഫോൺ മണിയടിച്ചെങ്കിലും ആരും എടുത്തില്ല. കുറെ അടിച്ച ശേഷം അത് നിന്നുപോയി.
അതിനിടയിലാണ് ഞാൻ ശ്രദ്ധിച്ചത്.പാമ്പ് ചത്തിട്ടില്ല.
വായു കിട്ടിയതുകൊണ്ടാവാം അത് പതുക്കെ അനങ്ങാൻ ശ്രമിക്കുന്നു.
” അയ്യോ,സുരേട്ടാ അതു നോക്ക്, അതനങ്ങുന്നുണ്ടിപ്പോ”
ഞാൻ നിലവിളിക്കും പോലെ പറഞ്ഞു.സുരേട്ടൻ നിമിഷങ്ങൾക്കുള്ളിലാണ് കാർ പോർച്ചിൽ ഒരു മൂലയിൽ ഇരുന്ന നെറ്റ്കർട്ടൻ എടുത്തു അതിന്റെ മുകളിലേക്ക് പരത്തി വലിച്ചെറിഞ്ഞത്. മഴക്കാലമാകുമ്പോഴേക്കും കാർപോർച്ചിൽ നെറ്റ് അടിക്കണം എന്ന് പറഞ്ഞു രണ്ടുദിവസം മുൻപ് വാങ്ങി കൊണ്ടുവന്നു വെച്ചതായിരുന്നു അത്.
പാമ്പ് അതിനുള്ളിൽ പെട്ടു എന്ന് മനസിലായപ്പോൾ അതിന് ചുറ്റും മുറ്റത്ത് കൂട്ടിയിട്ടിരുന്ന കുറച്ചു ഇഷിട്കകൾ എടുത്തുവച്ചു.
ഗാർഡൻ മോടി പിടിപ്പിക്കാൻ എന്തോ ചെയ്യാൻ വേണ്ടി വെച്ചതായിരുന്നു ആ ഇഷ്ടികകൾ.
അതിനിടയിൽ കലിപ്പോടെ ചോദിച്ചു “നിന്റെ സാഹിത്യകാരനെ കിട്ട്ണ്ല്ലേ”.
“ഇല്ല, ഞാൻ അയാളുടെ ഭാര്യേ വിളിച്ചു നോക്കട്ടെ,”
ഞാൻ മെസഞ്ചറിൽ അയാളുടെ ഭാര്യയെ വീഡിയോ കോൾ ചെയ്തു.
“എന്താ ടീച്ചറേ,” തമിഴ് ചുവയുള്ള മലയാളത്തിൽ അവൾ ചോദിച്ചു.അയാൾ കല്യാണം കഴിച്ചത് നാഗർകോവിലിൽ നിന്നും ഒരു ക്രിസ്ത്യാനി പെൺകുട്ടിയെ ആണ്.
“മാണിയെവിടെ പോയി മാരിയമ്മൂ ”
മറിയാമ്മയാണ് മാരിയമ്മു ആയി മാറിയത്.
“അറിയില്ല ടീച്ചറേ, രണ്ടീസായി ഈടന്നു പോയിട്ട്, ചെലപ്പോ എന്റെ നാട്ടിൽ പോയിരിക്കും, അങ്ങനെ എടയ്ക്ക് പോകാറുണ്ട്,”
“അവനെ വിളിച്ചു ഉടനെ എന്റെ അടുത്ത് എത്താൻ പറയണം ഇല്ലെങ്കിൽ ഞാൻ പോലീസിനെ വിളിക്കുമെന്നും പറയണം.”
“അയ്യോ,എന്നാ പറ്റി ടീച്ചറേ, ”
പറ്റിയത് എന്തെന്ന് കാണണമെങ്കിൽ നീയുമിവിടെ വാ ”
ഞാൻ ദേഷ്യത്തോടെ ഫോൺ വെച്ചു.
വലയ്ക്കിടയിൽ കിടന്നിരുന്നയാൾ ഇഴയാൻ തുടങ്ങിയിരുന്നു. കെണിയിൽ പെട്ടു എന്ന് മനസ്സിലായതുകൊണ്ടോ എന്തോ അതു വായ് പൊളിച്ചു.
പാമ്പിനു ഇത്രയും വലിപ്പത്തിൽ വായ തുറക്കാൻ കഴിയുമെന്ന് അപ്പോഴാണ് എനിക്ക് മനസ്സിലായത്.പേടിച്ചു വിറച്ചു ഞാൻ സുരേട്ടനെ ഇറുക്കിപ്പിടിച്ചു.
“പാമ്പ് ചുറ്റിവരിയും പോലെ എന്നെ വരിഞ്ഞു മുറുക്കാതെ മാറി നില്ക്കു, ഓരോ പൊല്ലാപ്പു ഉണ്ടാക്കിക്കൊണ്ടു വന്നോളും പൊട്ടിക്കാളി ”

“ഞാൻ റഷീദിനെയും ജോസഫിനേയും
വിളിച്ചു നോക്കട്ടെ.”
“അവർ വന്നാൽ മാണിക്ക് പ്രശ്നം ഉണ്ടാവില്ലേ ”
സുരേട്ടന്റെ പ്രിയകൂട്ടുകാർ ആണ് ഫോറെസ്റ്റ് ഓഫീസർ
റഷീദും, സ്ഥലത്തെ എസ് പി ജോസഫും.
” പിന്നെന്ത് ചെയ്യാനാ നിന്റെ പ്ലാൻ “?
“അല്ലേട്ടാ,മാണിക്ക് ഒരു ചെറിയ മകളാണ്. അവന്റെ പേരിൽ കേസ് വന്നാൽ അത് ആ കുട്ടിയെ കൂടി ബാധിക്കില്ലേ?”
” അത് നമുക്ക് പിന്നീട് ആലോചിക്കാം, ഇതെന്തായാലും അവരെ അറിയിച്ചേ മതിയാകൂ ”
സുരേട്ടൻ മാറിനിന്ന് ഫോൺ ചെയ്യാൻ തുടങ്ങി.
“ഏകദേശം അര മണിക്കൂർആയല്ലോ, എന്നിട്ടും സംസാരം തീരുന്നില്ലല്ലോ ന്റെ ദൈവമേ “എന്നു ചിന്തിച്ചു കൊണ്ടു ഞാൻ ദൃഷ്ടി മാറ്റാതെ വലക്കുള്ളിലെ കക്ഷി എന്താണ് ചെയ്യുന്നതെന്ന് സസൂക്ഷ്മം വീക്ഷിച്ചുകൊണ്ടിരുന്നു. അതിനിടയിൽ ഒരു ഓട്ടോറിക്ഷ വന്നു നിൽക്കുന്ന ശബ്ദം കേട്ടു. അതിൽ നിന്ന് മാരിയമ്മുവും അഞ്ചുവയസ്സോളം വരുന്ന മകളും ഇറങ്ങി.
“എന്താ കാര്യം ടീച്ചറേ,”
വളരെ പതിഞ്ഞ ശബ്ദത്തിൽ എന്റെ അടുത്തെത്തും മുമ്പേ അവൾ ചോദിച്ചു. വിവാഹം കഴിച്ചു കൊണ്ടുവന്ന നാളുകളിൽ അവർക്ക് നല്ല സപ്പോർട്ട് നൽകിയത് താനായത് കൊണ്ടുള്ള സ്നേഹവും ബഹുമാനവും അവൾക്കെന്നോട് ഉണ്ട്.
“അയ്യോ എന്നായിത് പെരിയ പാമ്പു ഇരിക്കറേ ‘
പാമ്പിനെ കണ്ടതും മാരിയമ്മുവും മോളും പിന്നിലേക്ക് ചാടി.
“അത് തന്നെയാണ് ഞാനും ചോദിക്കുന്നത് എന്തായിത്. നിന്റെ ഭർത്താവ് മാണി എന്നോട്‌ സൂക്ഷിച്ചുവെക്കാൻ പറഞ്ഞു തന്നതാണ് ഇത്. എന്തിനാ അവൻ എന്നോടിത് ചെയ്തത്?’
“അയ്യോ, എൻ കണവനാ, എനക്കൊന്നും തെരിയാതമ്മാ” അവൾ വലിയ വായിൽ നിലവിളിക്കാൻ തുടങ്ങി. അമ്മ കരയുന്നതു കണ്ടു, മോളും കരയാൻ തുടങ്ങി.
“മിണ്ടാതെ അവിടെങ്ങാനും ഇരിക്കുന്നുണ്ടോ,”
സുരേട്ടൻ പൊട്ടിത്തെറിച്ചു.
അവരുടെ കരച്ചിൽ തേങ്ങലായി മാറി. അവർ പരസ്പരം കെട്ടിപ്പിടിച്ചു ഒതുങ്ങി നിന്നു.
വലക്കുള്ളിൽ കുടുങ്ങിയവൻ രക്ഷപെടുവാൻ വേണ്ടി സകല ശ്രമങ്ങളും നടത്തുന്നുണ്ട്.
ഇവിടുത്തെ ബഹളവും തിരക്കും കണ്ടു അയൽവക്കത്തെ രാജേട്ടനും മുരളിയും, സുലൈമാനിക്കയു മെല്ലാം ആശങ്കയോടെ ഗേറ്റു കടന്നു വരുന്നതു
കണ്ടു.
” ന്താ സംഭവം, സുരേട്ടാ, പതിവില്ലാതെ ആകെ ഒരു ബഹളം,? ”
“ഹേയ്, പേടിക്കേണ്ട മുരളീ , ഞങ്ങൾക്കൊന്നും പറ്റീട്ടില്യ, ദേ, ഇതാ കാര്യം,”
സുരേട്ടൻ വലക്കുള്ളിലേക്ക്
വിരൽ ചൂണ്ടിയപ്പോഴാണ് അവരത് ശ്രദ്ധിച്ചത്.
“അയ്യോ, ഇതെവിടുന്നു വന്നു സുരേഷേ ”
“ആ വിശേഷം പറയാനേറെയുണ്ട് രാജേട്ടാ. ജോസഫും, റഷീദും ഇപ്പൊ എത്തും.”
“അതിന്റെ മേത്ത്ക്കു അല്പം പെട്രോൾ ഒഴിച്ചാലോ, അതോ തല്ലിക്കൊന്നാലോ ”
“അതൊന്നും വേണ്ടെന്റെ സുലൈമാനിക്കാ, അതിനുള്ള ആൾക്കാരിപ്പോ എത്തും ”
“അല്ലെങ്കിലും അതിനെ ഉപദ്രവിക്കരുത്, അതു നോക്ക്,
അത് നല്ല സർപ്പമാ, അതിന്റെ നെറോം ഫണോം വലിപ്പോം കണ്ടില്ലേ, അതിനെ ഉപദ്രവിക്കരുത് കുട്ട്യോളെ”.

“എന്തായാലും, അതിനെ നമ്മൾ ഒന്നും ചെയ്ണില്യ,രാജേട്ടാ,
ഫോറെസ്റ്റ്കാർ വന്നു കൊണ്ടോയ്ക്കോളും, റഷീദ് അവരേം കൊണ്ടു ഇപ്പൊ എത്തും.’

“ദേ,എസ് പി സാർ എത്തീലോ, മുരളി പറയുന്നതു കേട്ട് മാരിയമ്മു വീണ്ടും കരച്ചിൽ തുടങ്ങി.
“നീ, കരയാതെ നിന്റെ ഭർത്താവിനെ വിളിക്ക്, ഇപ്പോൾ എവിടെയാണെന്ന് ചോദിക്ക്’
ജോസഫിന്റെ ഗാംഭീര്യശബ്ദം കേട്ട്, മാരിയമ്മു വിറക്കാൻ തുടങ്ങി.
” പേടിക്കേണ്ട നീയവനെ വിളിക്കു, മാരിയമ്മൂ”
ഞാൻ അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.
“അമ്മാ, ഞാനിങ്കട്ട് പോരുമ്പം വിളിച്ചമ്മാ, അവങ്ക നാഗർ കോവിൽ എത്തിയാൽ വിളിക്കാം, ഇനി ഇപ്പൊ വിളിക്കമാട്ടും ന്നു പറഞ്ചു ഫോൺ കട്ട് ചെയ്തമ്മാ ”
“ഓഹോ, അങ്ങനെയോ,
നീ ആ ഫോണിങ്ങു താ ‘
ജോസഫിന്റെ കൈയിൽ ഫോൺ കൊടുക്കുമ്പോൾ മാരിയമ്മു വിറക്കുന്നതു കണ്ടു, എന്റെ ദേഷ്യം ആവിയായി പോകുന്നത് ഞാനറിഞ്ഞു.
“നിന്നോടല്ലേ, വിളിക്കരുതെന്ന് പറഞ്ഞത്, ഞാൻ വിളിച്ചോളാംന്നു പറഞ്ഞതല്ലേ ”
“പക്ഷെ എനിക്കു നിന്നെ വേണംല്ലോ മാണീ ”
ജോസഫിന്റെ സംസാരം അവസാനിക്കും മുൻപേ ഫോൺ കട്ട്‌ ആയി.
ജോസഫ് ഉടനെ ആരെയൊക്കെയോ വിളിക്കുന്നതും മെസ്സേജ് നൽകുന്നതും കണ്ടു.
“അവനെ ഇപ്പോൾ കൈയിൽ കിട്ടും , സുരേഷേ, പക്ഷേ എന്താണവന്റെ പ്ലാൻ എന്നറിഞ്ഞാലേ സമാധാനം കിട്ടൂ.”
“ദേ,റഷീദും സംഘവും എത്തിയല്ലോ, ഇനി ഇവന്റെ കാര്യം ഇവർ നോക്കിക്കോളും.”

വാഹനത്തിൽ നിന്നുംപാമ്പിനെ പിടിക്കാനുള്ള എല്ലാ തയ്യാറെടുപ്പോടെയും അവർ ഇറങ്ങി. എല്ലാവരോടും ദൂരെ യ്ക്കു മാറിനിൽക്കാൻ ആവശ്യപ്പെട്ടു. ഗേറ്റിനു മുൻപിൽ അപ്പോഴേക്കും തടിച്ചു കൂടിയ ജനക്കൂട്ടത്തെ അകത്തു കടക്കാൻ സമ്മതിക്കാതെ ഗേറ്റ് അടച്ചു പൂട്ടി.
റഷീദും കൂടെയുള്ളവരും
വലക്കരുകിൽ എത്തി സൂക്ഷ്മ വിശകലനം നടത്തിയ ശേഷം അതിനെ അവർ കൊണ്ടുവന്ന ഒരു പ്രത്യേക കൂടിനുള്ളിലേക്ക്
കടത്താൻ ശ്രമിക്കുന്നത് ഞങ്ങൾ ശ്വാസമടക്കി നോക്കി ക്കൊണ്ടിരുന്നു. വലക്കുള്ളിൽ ആയതു കൊണ്ടു അധികം സമയം വേണ്ടിവന്നില്ല. വലയിൽ നിന്നും രക്ഷപ്പെടാൻ അവനും ആഗ്രഹിച്ചിരിക്കാമെന്നു ഞാനോർത്തു.
“എന്തിനാ റഷീ, അവൻ ഇതിനെ പിടിച്ചിട്ടുണ്ടാകുക ”
“ഇതു വളരെ അപൂർവമായി കാണാൻ കഴിയുന്ന ഒരു സർപ്പ മാണ്. ഇതിനെ കിട്ടിയാൽ നാൽപത്തിയൊന്നു ദിവസം കൂട്ടിലിട്ട് നല്ല പോലെ സ്നേഹിച്ചു വളർത്തിയാൽ പിന്നീട് അടുത്ത് വരുന്ന പഞ്ചമിനാളിൽ അത് നാഗമാണിക്യം നൽകും എന്നൊരു അന്ധവിശ്വാസം ചിലർക്കുണ്ട്, അതുകൂടാതെ ഇതിന്റെ വിഷത്തിൽനിന്നും ചില മയക്കുമരുന്നുകൾ ഉൾപ്പടെ പല ഔഷധക്കൂട്ടുകൾ ഉണ്ടാക്കാമെന്നും, പഴയ താളിയോലഗ്രന്ഥങ്ങളിൽ പറയുന്നുണ്ട്. കൂടാതെ നിങ്ങൾ എല്ലാവരും ഇതിനെ ഒന്നു സൂക്ഷിച്ചു നോക്കൂ, എന്താണവന്റെ തൊലിയുടെ തിളക്കം. ഇതിനു ഇന്റർനാഷണൽ മാർക്കറ്റിൽ നല്ല ഡിമാൻഡ് ഉണ്ട്. ഇങ്ങനെ യുള്ള ഏതെങ്കിലും റാക്കറ്റിൽ അറിഞ്ഞോ, അറിയാതെയോ പെട്ടുപോയ ഒരാൾ ആയിരിക്കും ഈ മാണി. അതൊക്കെ ജോസഫേ നിന്റെ തലവേദനയാട്ടോ ”
“ഞാൻ, ഇവരെ പറഞ്ഞു വിടട്ടേ, പിന്നെ എന്റെ പൊന്നു നളിനീ, ഇനിയെങ്കിലും ഇതുപോലെയുള്ള പരോപകാരം ചെയ്തു എന്റെ ചങ്ങാതിയെ വലക്കല്ലേ.
ഇതാ കൊണ്ടുപോകും മുൻപ് ഇതിനെ ഒന്നുകൂടി കണ്ടോളു, ഇനി ജീവിതത്തിൽ ഒരിക്കലും ഇതിനെ കാണാൻ കിട്ടിയെന്നു വരില്ല “.
ഞാൻ അടുത്തു ചെന്നു ആ കൂടിനുള്ളിലേക്ക് ഒന്നു നോക്കി. രക്ഷപ്പെടുത്തിയതിന് സന്തോഷവും നന്ദിയും പ്രകടിപ്പിക്കാനാണോ അത് വായ പിളർത്തി ഒന്നു വാലിൽ കുത്തി നിൽക്കാൻ ശ്രമിച്ചു.
“അയ്യോ’ എന്നലറി പിന്നിലേക്ക് നീങ്ങുമ്പോൾ ഞാൻ കണ്ടു ആ കണ്ണുകളിൽ ശൗര്യം തീരെയുണ്ടായിരുന്നില്ല, പകരം സ്നേഹം തുളുമ്പുന്ന ചിരിക്കുന്ന കണ്ണുകൾ ആയിരുന്നു അതെന്നു.

***

“മിനീ, മിനീ, ഇന്നെന്താ സ്വപ്നം കണ്ടത്, എന്തിനാ അലറിക്കരയുന്നത് ”
ശശിയേട്ടൻ തട്ടി വിളിച്ചുണർത്തിയിട്ടും കണ്ടത് സ്വപ്നമാണെന്ന് വിശ്വസിക്കാൻ എനിക്കായില്ല..
ഇനി രാവിലെ ഉണർന്നാൽ ഓർമ്മയുണ്ടെങ്കിൽ ഒരു കഥ എഴുതാംഅമ്മയോട് പറഞ്ഞാൽ കുറേ വഴിപാടുകൾ നടത്തി പ്രാർത്ഥിക്കാൻ പറയുന്ന കാര്യമോർത്തു ഞാൻ ചിരിച്ചു.
“മനുഷ്യന്റെ ഒറക്കം കളഞ്ഞു കെടന്നു ചിരിക്കാതെ, ഒറങ്ങാൻ നോക്ക്, പെണ്ണേ ”
പുതപ്പ് വലിച്ചിട്ടു ശശിയേട്ടൻ തിരിഞ്ഞു കിടക്കുമ്പോൾ
സ്വപ്നം മറക്കാതിരിക്കാൻ വേണ്ടി അതോർത്തുകൊണ്ടേയിരുന്നു ഞാൻ.

പിഎം കോങ്ങാട്ടിൽ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments