ഇരുളിൻ്റെയിഴകീറി
നെയ്ത സ്വപ്നങ്ങളിൽ
വിരഹദുഃഖത്തിൻ്റെ
കരിനിഴൽ വീഴവേ ,
അറിയുന്നു ഞാനിതാ,
ജീവിതവീഥിയിൽ
ഏകനായ് പിന്നെയും
ബാക്കിയാവുന്നതായ്.
എൻ്റെയീമാറിൻ്റെ
ചൂടേറ്റ് വിടരേണ്ട
തരളപുഷ്പത്തെ
പറിച്ചെടുത്തന്നു നീ
എത്ര നിസ്സാരമായ്,
ക്രോധാഗ്നിധാരയാൽ
കനവുകളൊക്കെക്കരിച്ചേ
കടന്നു പോയ്.
വാക്കിൻ്റെമുനയിലായ്
വിഷംപുരട്ടി നീ
ഹൃദയത്തിലാഞ്ഞു
തറച്ചേയകന്നുപോയ്.
ആരോ ചലിപ്പിച്ച
നൂൽപ്പാവയെന്നപോൽ
അന്ധയായെല്ലാം
മറന്നേ പറന്നുപോയ്
എങ്കിലും, വാക്പോരി-
ലിനിയും മരിക്കാതെ
എവിടെയോ പ്രണയം,
ബാക്കിയാവുന്നപോൽ.
പ്രണയിച്ചുപോയില്ലേ
നിന്നെ ഞാനെപ്പോഴോ
പിരിഞ്ഞതിൽദുഃഖമുണ്ടാകാതിരിക്കു
മോ
എത്രയോ രാവുക
ൾ
പിന്നെയും നിന്നെയോർ-
ത്തെൻ്റെയീതൂലിക
ചലിച്ചിരുന്നു
വ്യർത്ഥമെന്നുത്തമ
ബോധ്യമുണ്ടെങ്കിലും
ഒപ്പമുണ്ടാകാൻ
കൊതിച്ചിരുന്നു
ഓർക്കുവാൻ നൊമ്പരം
മാത്രമേ തന്നു നീ
തനിമയിൽ തപ്തനായ്
വിട്ടുപോയെങ്കിലും
നിനക്കായ്, മിടിച്ചൊരെൻ
ഹൃദയം മറക്കുമോ
നിനക്കായ്, പിന്നെയും
കവിതകൾ കോർക്കുവാൻ.
ജീവരക്തത്തിൻ്റെ
തുള്ളികളിറ്റി ഞാൻ
ഒടുവിലീക്കവിത
നിനക്കായ് കുറിക്കവേ
ഇവിടെ മരിക്കട്ടെ,
നിന്നുടെയോർമ്മകൾ
വാക്കിനാൽ തർപ്പണം
ചെയ്തുപോകട്ടെ ഞാൻ.