“സലോമി, കുര്യാച്ചൻ, പ്രയാഗ, ജിൻസ്, സാബിർ,ഫാത്തിമ…..”
ചിത്രഗുപ്തൻ തന്റെ ബുക്കിൽ നോക്കി ഓരോരുത്തരുടെയും പേരുവിളിച്ചു.
” കൂട്ടം കൂടിനിന്ന് ഏഷണി പറയാതെ വരിയായി നിൽക്കൂ ”
അത് കേട്ടതും, “ഞാൻ മുൻപേ…എനിക്ക് മുൻപിൽ” എന്നു പറഞ്ഞുകൊണ്ട് തള്ളു പിടിക്കാൻ തുടങ്ങി എല്ലാവരും.
യമകിങ്കരന്മാർ അനുസരണക്കേടു കാണിച്ചവരുടെ കാലിലേക്ക് തിളച്ച വെളിച്ചെണ്ണയൊ ഴിച്ചപ്പോൾ, ‘വെച്ച കോഴീന്റെ മണം’ പോലെ ‘വെന്ത മനുഷ്യ ക്കാലുകളുടെ മണം അന്തരീക്ഷത്തിൽ അലയടിച്ചു.
അടുത്ത മുറിയിലെ കുടുമക്കാരൻ മൂക്കുചുളിച്ചു. “അശ്ലീകരം… സുകൃതക്ഷയം” എന്നെല്ലാം പിറുപിറുത്തു കൊണ്ട് നടന്നകന്നപ്പോൾ, കോണകത്തിന്റെ വാല് തൂങ്ങിക്കിടക്കുന്നത് കണ്ട കാലു വെന്ത കോലങ്ങൾ പൊട്ടിച്ചിരിച്ചു.
” സൈലൻസ്”… ചിത്രഗുപ്തൻ കയ്യിലിരുന്ന ചാട്ടവാർ വായുവിൽ ചുഴറ്റി.
ശബ്ദം കേട്ട ദാക്ഷായണി,ഗീതയെ കണ്ണുകൊണ്ട് ആംഗ്യം കാണിച്ചിട്ട് ചുണ്ടു കോട്ടി കൊഞ്ഞനം കുത്തിയതു കണ്ട ചിത്രഗുപ്തൻ പാതി ചിരിച്ചു. ആ ചിരിയുടെ അർത്ഥം എന്താണെന്നു കനകമ്മ പറഞ്ഞപ്പോൾ, ഗീത അറിയാതെ പൃഷ്ടം തടവി.
അപ്പോഴാണ് ഒരു യോ… യോ ക്കാരൻ യാതൊരു കൂസലുമില്ലാതെ വാതിൽക്കലേക്കു കടന്നുവന്നത് . അയാൾക്ക് നിയമങ്ങളൊന്നും ബാധകമല്ലെന്ന് തോന്നും.
ചെവിയിലിരിക്കുന്ന വെളുത്ത വണ്ടും, കയ്യിലെ മൊബൈലും കീറിപ്പറിഞ്ഞ ജീൻസുമിട്ട അവൻ അപ്പോഴും എന്തോ ചവയ്ക്കുന്നുണ്ടായിരുന്നു.
കയ്യിലിരുന്ന മൊബൈൽ ചിത്രഗുപ്തനു കാണാവുന്ന വിധത്തിൽ പിടിച്ചുകൊണ്ട് ഒരു വഷളച്ചിരി.
ഉണ്ടക്കണ്ണുകൾ ചൊവ്വാഗോളംപോലെയായ ചിത്രഗുപ്തൻ, അയാളെ നോക്കി മീശ ചുരുട്ടി. അയാൾ കൂസലില്ലാതെ പതുക്കെ നടന്നുചെന്ന് ചിത്രഗുപ്തന്റെ കാതിലോതിയത്, അകലെയായിരുന്നിട്ടും ചെവിവട്ടം പിടിച്ച് കനകമ്മ പിടിച്ചെടുത്തു.
” ദേ,അയാൾ ചിത്രഗുപ്തനു കൈക്കൂലി അയച്ചുകൊടുത്തെന്നു പറയുന്നു ”
“ഇവിടെയുമോ”… എന്ന ഭാവത്തിൽ പരസ്പരം നോക്കിയവരെ തള്ളവിരലുയർത്തിക്കാട്ടി രഘുനാഥ് ചിരിച്ചു. ശേഷം കണ്ണടച്ചു കാട്ടി.
“ഞാൻ ആരാ മോനെന്നറിയാമോ?? കവിയാണ്… കവി!”
“ങേ…ആണോ? ദാരിദ്ര്യം പിടിച്ച ലുക്ക് കണ്ടപ്പോഴേ തോന്നി “. സലോമി പരിഹസിച്ചു.
” ദാരിദ്ര്യമോ…എനിക്കോ?? ഹ ഹ..ഞാൻ അക്കാദമി പുരസ്കാരംവരെനേടിയ കവിയാണ്.ഒരു കാര്യം മാത്രം… കവിത ഏതോ ‘ബുജി’യുടേതാണ്. എന്ത് നല്ല കവിതയായിരുന്നു!! നിങ്ങൾക്ക് താല്പര്യമുണ്ടെങ്കിൽ ഞാൻ അതിനെപ്പറ്റി പറയാം.. അല്ല, നിങ്ങൾക്ക് താല്പര്യമുണ്ടാകും.
കവിതയുടെ പേര്… തുണിക്കടക്കാരി …
ഒരു പെൺകുട്ടി… താങ്ങി വാങ്ങാൻ കടയിൽ ചെന്നു. തുണിക്കടക്കാരിയാകട്ടെ, വൻകിട കമ്പനികളുടെ വിലകൂടിയ —-താങ്ങികൾ നിരത്തി വച്ചുകൊണ്ട് അതിന്റെ വൈശിഷ്ട്യങ്ങൾ പെൺകുട്ടിയുടെ കാതിലേക്കു കോരിയിടുകയാണ്. ഇടയിൽ, അതിലൊന്നെടുത്ത് മേൽമുണ്ടിന്റെ മുകളിൽ വച്ച് അളവു കൃത്യമാക്കി കാണിച്ചു കൊടുക്കുന്നുമുണ്ട്. വിലകൂടിയവ മാത്രം എടുത്തു കൊടുത്തപ്പോൾ, ‘ഇതെന്താണ് വില കുറഞ്ഞത് ഒന്നുമില്ലേ’ എന്നായി വാങ്ങാൻ ചെന്നവൾ. അതിനു മറുപടിയായി തുണികടക്കാരിയുടെ വിവരണം മണിപ്രവാളത്തിലെ നായികമാരെപ്പറ്റിയുള്ള വർണനയെ വെല്ലുന്ന തരത്തിലുള്ളതായിരുന്നു. അതുകൊണ്ടായിരിക്കാം എനിക്കാ കവിത ‘ക്ഷ’ പിടിച്ചു. ഞാനത് അടിച്ചുമാറ്റി… പുരസ്കാരത്തിന് അയച്ചു.
“കവിതയിൽ അശ്ലീലം ഉള്ളതിനാൽ കവിത തിരിച്ചയക്കാൻ പോവുകയാണെന്ന് കമ്മിറ്റിക്കാരിൽ ഒരാൾ “.
ഞാനാരാ മോൻ..?
പുരസ്കാരക്കമ്മിറ്റിയിലെ മൂന്നുപേരുടെയും ‘ജീ.പേ’ നമ്പറിൽ ഓരോ സംഖ്യയങ്ങയച്ചുകൊടുത്തു.
ദോഷം പറയരുതല്ലോ… എന്റെ കയ്യിൽ നിന്ന് പോയതിന്റെ മൂന്നിലൊരു ഭാഗം പുരസ്കാരത്തുകയായി തിരികെ കയ്യിൽ എത്തി.”
“പിന്നെ നിങ്ങളെങ്ങനെ അകാലത്തിൽ ഇവിടെയെത്തി?”
ചോദ്യകർത്താവായ കുര്യച്ചനെ നോക്കി രഘുനാഥ് പറഞ്ഞു.
” ഒരു കവിത്തവുമില്ലാത്ത പരമ ഭോഷ്കന് അക്കാദമി പുരസ്കാരം എന്നു കേട്ടാൽ ആരുടെയാണെങ്കിലും ചങ്ക് പൊട്ടത്തില്ലേ? എനിക്കും പൊട്ടി…ഒറ്റയടിക്ക് പൊട്ടി… ആരെങ്കിലുമെടുത്ത് ആശുപത്രിയിലെത്തിച്ചിരുന്നെങ്കിൽ, നിങ്ങളോടെനിക്കിതു പറയാൻ പറ്റുമായിരുന്നോ? ”
“അത് നന്നായി..ഇനിയുള്ള കവിതകളെങ്കിലും രക്ഷപ്പെടുമല്ലോ”.
ഗീത പറഞ്ഞു.
” അപ്പോൾ ആ കവിതയുടെ മാതാവ്… “അർദ്ധോക്തിയിൽ രഘുനാഥ് നാവു കടിച്ചു..