വൃശ്ചികമാസ പുലരിയിൽ ആ വൃദ്ധൻ കാണുന്നത് രണ്ടു ജെസിബി ഉപയോഗിച്ച് പ്രകൃതിയെ നശിപ്പിച്ചുകൊണ്ടിരിക്കുന്നതാണ്…
അദ്ദേഹം കരഞ്ഞുകൊണ്ടുപറയുന്നു പ്രകൃതിയെ നശിപ്പിക്കരുതേ….
പക്ഷേ… ആരുണ്ട് കേൾക്കാൻ….
അവർ അവരുടെ ജോലി തുടർന്നുകൊണ്ടേയിരുന്നു.കുന്നിൻ ചെരുവിലെ താഴ്വരയിലായിരുന്നു അദ്ദേഹത്തിന്റെ വീട്.അദ്ദേഹം പറയുന്നത് ആരും കേൾക്കാതിരുന്നപ്പോൾ അദ്ദേഹം കരഞ്ഞുകൊണ്ട് തിരിച്ചുപോയി…
വേനൽക്കാലത്ത് ചൂടു കൂടുതൽ അനുഭവിച്ചത് ആ പ്രദേശത്തായിരുന്നു. അപ്പോഴേക്കും കുന്നുകളും മരങ്ങളുമെല്ലാം അവിടെനിന്ന് പിഴുതെറിയപ്പെട്ടിരുന്നു .
അവർക്ക് സന്തോഷമായിരുന്നു പുഴയോരത്തുള്ള സ്കൂളും പ്രകൃതി ഭംഗിയിൽ നിൽക്കുന്ന അങ്ങാടിയും പഴങ്ങളും പച്ചക്കറികളും കൂട്ടിയിട്ടിരുന്ന നാട്….
സന്തോഷം അതികകാലം നീണ്ടുനിന്നില്ല.
കർക്കടകമാസം വന്നുചേർന്നു. മയച്ചാറ്റലുകൾ
അവരെ തണുപ്പിലേക്ക് കൊണ്ടുപോയി.
മഴ തകർത്തു പെയ്യുകയാണ്.
കൂടെ ഇളംകാറ്റുമുണ്ട്…
മഴ നനഞ്ഞുകൊണ്ട് പന്തുകളിക്കുന്നവരെയും മഴവെള്ളം ചിറകെട്ടി കളിക്കുന്ന കുട്ടികളെയും കാണുമ്പോൾ എല്ലാവർക്കും സന്തോഷം
നിറഞ്ഞ കാഴ്ചയായിരുന്നു.മഴ തുടർന്നുകൊണ്ടേയിരുന്നു…. മൂന്നുദിവസം തോരാമഴ….
പ്രായമായവർ രാമായണം വായിച്ചിരിക്കുന്നുസന്ധ്യാ സമയത്ത്… ചിലർ ഖുർആൻ പാരായണം ചെയ്യുന്നത് കേൾക്കാമായിരുന്നു…. കുട്ടികൾ പഠിക്കുന്നു…
പിഞ്ചുകുട്ടികൾക്ക് അമ്മമാർ കഥ പറഞ്ഞുകൊടുത്തുകൊണ്ട് അവരെ ഊട്ടുന്നു….
സമയം പിന്നെയും കടന്നുപോയി
രാത്രി പന്ത്രണ്ടുമണി… ചെറിയ ശബ്ദത്തോടു
കൂടിയാണ് ആദ്യം ആ മലവെള്ളം ഒലിച്ചിറങ്ങിയത്….
അതോടൊപ്പം കോരിച്ചൊരിയുന്ന മഴയുമെത്തി…
അപ്പോൾ അവിടെ ഒരു വൃദ്ധൻ പ്രാകൃത വേഷത്തോടെയെത്തി…
ആ വൃദ്ധൻ ഉച്ചത്തിൽ വിളിച്ചുപറയുന്നു…
“അപകടം വരുന്നുണ്ട്…
അയ്യോ…നിങ്ങൾ അറിയുന്നില്ലെ…?
എല്ലാവരും ഓടിപൊയ്ക്കോ…..
വേഗം… വേഗം… രക്ഷപെട്ടോ….”
പക്ഷേ ആ ശബ്ദം ആരും കേൾക്കുന്നില്ല….
വീണ്ടും വലിയ ശബ്ദത്തോടുകൂടി മലവെള്ളം കുതിച്ചിറങ്ങുകയാണ്… ഉറക്കത്തിൽനിന്നും ഞെട്ടിയുണർന്നുകൊണ്ട് കുറേപ്പേർ ഓടുന്നുണ്ട്….
പത്തുമിനിറ്റുകഴിഞ്ഞില്ല അട്ടഹാസത്തോടുകൂടി വീണ്ടും ഒരു ശബ്ദം മുഴങ്ങി…ഭൂമി പിളരുംപോലെയുള്ള ശബ്ദവും കല്ലും മണ്ണും വെള്ളവും എല്ലാം കുത്തിയൊഴുകുന്ന മലവെള്ളപ്പാച്ചിൽ….
അതോടുകൂടി എല്ലാം തകർന്നു… കാടും മേടും എല്ലാം…
സർവ്വത്ര നാശം വിതച്ചുകൊണ്ടുള്ള പ്രളയം…
കണക്കുകൾ പലതും നിരത്തി പക്ഷേ അതൊന്നും സത്യമല്ല… ഇനിയും അനേകം പേർ…
പലരും ജീവൻ പണയം വെച്ച് രക്ഷാപ്രവർത്തനം തുടങ്ങി . ചാലിയാർ പുഴയിലൂടെ എത്രമാത്രം ജഡങ്ങൾ…വീടുകൾ…. സമ്പാദ്യങ്ങൾ….
ദൈവമേ….
സ്വപ്നങ്ങളും പരാതികളും വേദനകളും വേവലാതികളും
പിന്നെ നാളെയെന്ന പ്രതീക്ഷകളും ഒരിക്കലും പൂവണിയാത്ത സ്വപ്നങ്ങളുമാണ് ഒലിച്ചുപോയത്… ക്യാമ്പുകളിൽ അമ്മിഞ്ഞ പാലിനായി പിഞ്ചു കുഞ്ഞുങ്ങൾ കരയുന്നു.
ഇതറിഞ്ഞ് മുലയൂട്ടാൻ കേരളത്തിലെ അമ്മമാർ ഓടിയെത്തുന്നു… സഹായനിധികളായ പലരും ഓടിയെത്തുന്ന കാഴ്ച്ചകൾ..
മണ്ണിൽ മറഞ്ഞതും മനസ്സിൽ പൊലിഞ്ഞതും
കണ്ണിൽ നിറഞ്ഞതും കണ്ണീർ കടലോലം….
കാട്ടുകൊമ്പൻ പോലും കണ്ണീരൊഴുക്കിയ ദുരന്തം വയനാട് ആർക്കും തന്നെ സഹിക്കാൻ കഴിയുന്നില്ല….
ദുരന്തചിത്രങ്ങൾ…
ഇനിയും എന്തെല്ലാം
കാണേണ്ടിവരും…
ഇതിൽനിന്നെല്ലാം ഒരു അതിജീവനം….
കാത്തിരിക്കാം
പ്രാർത്ഥനയോടെ…
പ്രതീക്ഷയോടെ…