Sunday, November 24, 2024
Homeകഥ/കവിതതിരിച്ചറിവുകൾ (നീണ്ടകഥ - ഭാഗം 2) ✍ സുദർശൻ കുറ്റിപ്പുറം

തിരിച്ചറിവുകൾ (നീണ്ടകഥ – ഭാഗം 2) ✍ സുദർശൻ കുറ്റിപ്പുറം

സുദർശൻ കുറ്റിപ്പുറം

(രാജീവ് നാട്ടിലേക്ക് തിരിച്ചെത്തി എന്ന് രേഖപ്പെടുത്തിയായിരുന്നു ആദ്യ ഭാഗം അവസാനിപ്പിച്ചത്… ഇതയാൾ നാട്ടിലെത്തിയതിനു ശേഷമുണ്ടായ അവസ്ഥയാണ്. പഠനശേഷം ജോലി ലഭിക്കാതെയിരിക്കുന്നവരുടെ ആത്മസംഘർഷം ഇവിടെ വരച്ചുകാണിക്കാൻ ഒരു ശ്രമം)

2️⃣ കർമ്മ പഥത്തിലൂടെ

.ഇതെന്തൊരു ലോകം.അയാൾക്ക് ആകെ അമർഷമാണ് തോന്നിയത്. ആർക്കെങ്കിലും എന്തെങ്കിലും തൊഴിൽ നൽകാം എന്നുവച്ചാൽ പണി എടുക്കാൻ ആരെയും കിട്ടുന്നില്ല. തയ്യാറായി വരുന്നവരോ കൂലി പറയുമ്പോൾ രാജ്യത്തൊന്നും ഇല്ലാത്തത്ര കൂലിയും. കൊടി പിടിക്കാനും, ജാഥ നയിക്കാനും എന്തിന് വെറുതെ ഇരിക്കാൻ പോലും ഏവരും ഒരുപോലെ. എന്തൊരൊരുമ !! വെറുതെയല്ല രാജ്യം ഇങ്ങനെയായത്. താനും ഇങ്ങനെയൊക്കെത്തന്നെ ആയിരുന്നില്ലേ. അയാൾ ഓർത്തു. ബിരുദപഠനത്തിനു ശേഷം നാട്ടിൽ തേരാ പാരാ നടന്നൊരു സമയം തനിക്കു മുണ്ടായിരുന്നു. രാവിലെ ആയാൽ പ്രഭാത കൃത്യങ്ങൾക്കു ശേഷം അലക്കിത്തേച്ച പാന്റും ഷർട്ടും ധരിച്ച് പെർഫ്യും പൂശി പുറത്തേക്കിറങ്ങും. അമ്മ ചോദിക്കുമ്പോൾ എന്തെങ്കിലും കള്ളം പറയും. പിന്നെ തിരിച്ച് വീട്ടിലേക്കെത്തുന്നത് രാത്രി വളരെ വൈകിയായിരിക്കും. വീട്ടിൽ ഉറങ്ങാതെ കാത്തിരിക്കുന്ന അമ്മ. വാതിൽ തുറക്കാൻ കുറച്ചു വൈകിയാൽ അമ്മയോടു തട്ടിക്കയറും. അമ്മ ചോറു വിളമ്പിയത് കഴിക്കാൻ തുടങ്ങിയാലോ അതിനില്ലാത്ത കുറ്റമൊന്നും ഉണ്ടാകില്ല. ഉപ്പേരി കരിഞ്ഞു, കൂട്ടാനിൽ ഉപ്പേറി, ചോറിൽ തലമുടി എന്നിങ്ങനെ . അതെല്ലാം കേട്ട് അമ്മ ക്ഷമയോടെ തലയും കുമ്പിട്ടിരിക്കും മറുത്തൊരക്ഷരം പറയാതെ. ശബ്ദം ഉച്ചത്തിലായാൽ അമ്മ പറയും. അച്ഛൻ ഉറങ്ങിക്കോട്ടെ എന്ന്.

“പകൽ മുഴുവൻ അത്യദ്ധ്വാനത്തിലായിരുന്നു, നിനക്കിങ്ങനെ തേരാ പാരാ നടക്കണ നേരം അച്ഛനെ ഒന്ന് സഹായിച്ചു കൂടേ” എന്നെല്ലാം. അകത്ത് അച്ഛന്റെ ചുമ കേൾക്കാം. എല്ലാം കേട്ട് സ്വയം പഴി പറഞ്ഞു കൊണ്ട്. അടുത്ത ദിവസവും തുടരും ഇതുപോലെ. കൂട്ടുകാരും ധാരാളമുണ്ടായിരുന്നു ഏവരും അഭ്യസ്തവിദ്യരും തൊഴിൽരഹിതരും. അങ്ങനെയിരിക്കുമ്പോഴാണ് ചങ്ങാതിമാരിൽ ചിലർ അഭിപ്രായപ്പെട്ടത് നമുക്കൊരു ട്യൂഷൻ സെന്റർ തുടങ്ങിയാലോ എന്ന്. ചിലർ എതിർത്തു ചിലർ സഹകരിച്ചു. മൂലധനം പിരിച്ചെടുത്തു. അതിൽ അയാളുടെ ഷെയറിനായി അച്ഛനോട് ചോദിച്ചപ്പോൾ, ഇത്രയും കാലം നിന്നെ പഠിപ്പിച്ചു വലുതാക്കിയില്ലേ ? ഇനി വല്ല തൊഴിലെടുത്തു ജീവിച്ചൂടേ ? ഇനി ഒരു പൈസ പോലും നിനക്കു വേണ്ടി ഞാൻ ചെലവാക്കുകയില്ല എന്നൊക്കെയാകും ഉത്തരം. ആ സമയത്തും അമ്മ സഹായത്തിനെത്തി ആവശ്യമുള്ള തുക എങ്ങനെ യൊക്കെയോ ഉണ്ടാക്കിത്തന്നു . അങ്ങനെ ആ നാട്ടിലെ ആദ്യത്തെ ട്യൂട്ടോറിയൽ പൊങ്ങി വന്നു, ആദ്യമൊക്കെ കുട്ടികൾ ധാരാളം ഉണ്ടായിരുന്നു. പിന്നെ പിന്നെ ഫീസ് കൊടുക്കാറായപ്പോഴേക്കും കുട്ടികൾ ഓരോന്നോരോന്നായി കൊഴിഞ്ഞു തുടങ്ങി. ഒരു ഗൃഹപാഠവും ചെയ്യാതെ തുടങ്ങിയ ആ പദ്ധതി പ്രവർത്തന മികവില്ലാത്തതിനാൽ പാതി വഴിയിൽ ഉപേക്ഷിച്ചു. അതു മൂലം ഉണ്ടായ നഷ്ടവും ചീത്തപ്പേരും ബാക്കി. താനും തൊഴിലില്ലായ്മക്കെതിരെ ജാഥ നയിക്കാനും, പ്രസംഗിക്കാനും നടന്നിട്ടില്ലേ. അയാൾക്ക് തന്നത്താൻ ദ്വേഷ്യവും വെറുപ്പും തോന്നാൻ തുടങ്ങി. രാവിലെ വീട്ടിൽ നിന്നിറങ്ങിയാൽ വഴിയിൽ കാണുന്ന പരിചയക്കാരെല്ലാം ചോദിക്കും.

“മോനെന്താ പണിയൊന്നും ആയില്ലേ”
“ഇത്രയൊക്കെ പഠിച്ചത് വെറുതെ ആയോ” “എന്തെങ്കിലും തൊഴിലെടുത്തു കൂടേ” .
അല്ലെങ്കിൽ
“പുറത്തെവിടെയെങ്കിലും ജോലിക്കു ശ്രമിച്ചു കൂടേ” എന്നൊക്കെ. അതെല്ലാം കേൾക്കുമ്പോൾ ജീവിതം ഒടുക്കിയാലോ എന്നു വരെ അയാൾ ചിന്തിച്ചിട്ടുണ്ട്. സഹപാഠികളും സുഹൃത്തുക്കളും ജോലി തേടി നാടു വിട്ടു. ചിലരെ കുടുംബക്കാർ കൊണ്ടുപോയി, ചിലർ തന്നത്താൻ പോകാൻ ചങ്കൂറ്റം കാട്ടി. അയാൾക്കു പക്ഷേ അതും തോന്നിയില്ല. കുറച്ചു കാലം അങ്ങിനെ നടന്നപ്പോൾ തന്റെ കൂടെ പഠിച്ച് ഇടയ്ക്ക് പഠനം നിർത്തിയവർ പോലും എന്തെങ്കിലും ജോലിയുമായി നാട്ടിൽ വിലസുന്നതു കണ്ടപ്പോൾ സഹികെട്ടാണ് അയാളും തീരുമാനമെടുത്തത് . നാടു വിടുക. അമ്മയോട് അവതരിപ്പിച്ചപ്പോൾ അമ്മ തേങ്ങി.

“ഭാഷ പോലും അറിയാതെ അന്യനാട്ടിൽ പോയാൽ നീയെങ്ങനെയാ രാജൂ ജീവിക്കാൻ കണ്ടിരിക്കുന്നത്“.

“ഇവിടെ അച്ഛനെ സഹായിച്ച് നിന്നു കൂടേ” എന്നെല്ലാം. എന്നാൽ അയാൾക്ക് നാടു വിടുക എന്നത് ഒരു ഉറച്ച തീരുമാനം തന്നെയായിരുന്നു.

“എന്താ രാജൂ ആരെയും പണിക്ക് കിട്ടിയില്ല അല്ലേ“ . പെട്ടെന്ന് അമ്മയുടെ ശബ്ദം കേട്ടപ്പോൾ അയാളുടെ ചിന്തകൾ മുറിഞ്ഞു പോയി .

“ആവശ്യക്കാരുണ്ടെങ്കിൽ ആർക്കെങ്കിലും വിൽക്കാ മായിരുന്നു. ഇതിപ്പോ അതുമില്ല. അച്ഛന് വൈക്കുന്ന കാലമായിരുന്നേൽ അച്ഛൻ ആരേയും കൂസുമായിരുന്നില്ല“.

അമ്മ തന്റെ ആത്മഗതം തുടർന്നു.
“ങ്ഹാ എല്ലാം ഓരോ ഗ്രഹപ്പിഴകൾ“.

അയാൾ ഇറയത്തേക്ക് കയറി. മൂലയിൽ ചാരി വച്ചിരുന്ന തൂമ്പ കയ്യിലെടുത്തു . അയാൾ ഉറപ്പിച്ചിരുന്നു . അച്ഛൻ പൊന്നുവിളയിച്ച മണ്ണാണിത്. അതിങ്ങനെ നശിപ്പിച്ചു കൂടാ .

“നീയെന്തു ഭാവിച്ചാ മോനേ, അതൊന്നും നിനക്ക് പറ്റുന്ന പണിയല്ല“ .

വീണ്ടും അമ്മയുടെ സ്വരം . അമ്മയെ വക വയ്ക്കാതെ അയാൾ തൊടിയിലിറങ്ങി . ആകെ കാടും പടലുമായിരിക്കുന്നു. വെള്ളം കിട്ടാതെ ചെടികളെല്ലാം വാടി ക്കരിഞ്ഞിട്ടുണ്ട്. അയാൾ ഒരു ഭാഗത്ത് നിന്ന് വൃത്തിയാക്കിത്തുടങ്ങി. കുറച്ച് കിളച്ചപ്പോൾ തന്നെ വിയർത്തു കുളിച്ചു. തൂമ്പ പിടിക്കാത്തതിനാൽ കൈകൾ വിറയ്ക്കാനും ഉള്ളം കൈ പൊട്ടി നീറാനും തുടങ്ങി. എന്നാലും അയാൾ തന്റെ പ്രവൃത്തി തുടർന്നു കൊണ്ടിരുന്നു. കുറച്ചു നേരത്തെ പ്രവൃത്തിക്കു ശേഷം വാടി നിൽക്കുന്ന ചെടികൾക്കെല്ലാം വെള്ളം നനച്ചു. ഉച്ചയ്ക്ക് ഊണു കഴിക്കാനിരുന്നപ്പോൾ യാതൊരു പരാതിയും പരിഭവവും കാണിക്കാതെ ഭക്ഷണം കഴിച്ചെഴുന്നേറ്റു.
പിന്നെ കുറച്ചുനേരം ഉച്ചമയക്കം. വൈകുന്നേരം കടയിൽ പോയി കുറച്ച് പച്ചക്കറി വിത്തുകൾ വാങ്ങി. അടുത്ത ദിവസം കാലത്ത് തടമെടുത്ത് അവ നട്ടു ചെറുതായി നനയ്ക്കുകയും ചെയ്തു. രണ്ടു മൂന്നു നാളിനകം അതെല്ലാം മുളച്ചുപൊങ്ങി. ദിവസവും അയാൾ കുറച്ചു നേരം പറമ്പിൽ ചുറ്റിക്കറങ്ങുകയും വൃത്തിയാക്കുകയും ചെയ്തു കൊണ്ടിരുന്നു. ഏതാനും നാളുകൾക്കുള്ളിൽത്തന്നെ പറമ്പ് പഴയ അവസ്ഥയിലായി.

ഇതിനിടയ്ക്ക് വീടിനു മുൻവശത്തെ റോഡ് പണിയും പൂർത്തിയായിക്കഴിഞ്ഞിരുന്നു. അച്ഛന്റെ ചികിത്സ തുടർന്നു വന്നിരുന്നതിനാൽ പ്രമേഹത്തിന്റെ കാഠിന്യം കുറയുകയും കാലിലെ മുറിവുണങ്ങുകയും ചെയ്തിരുന്നു. കണ്ണിന്റെ കാഴ്ച തിരികെ ലഭിച്ചില്ല എങ്കിലും ചെറിയ തോതിൽ നിഴൽ പോലെ ദൃശ്യങ്ങൾ കാണാനാരംഭിക്കുകയും ചെയ്തു.
ഒന്നുരണ്ടു മാസമങ്ങിനെ നീങ്ങി. വെണ്ടയും പയറുമെല്ലാം പൂവിട്ടു തുടങ്ങി. അയാൾക്കെന്തെന്നില്ലാത്ത ആഹ്ലാദം തോന്നി. തന്നത്താൻ അഭിമാനവും തോന്നിത്തുടങ്ങി. അതിനിടയ്ക്ക് 2 തവണ അച്ഛനെ ആശുപത്രിയിൽ കൊണ്ടുപോയിക്കാണിച്ചു. രണ്ടു തവണയും വീട്ടുമുറ്റത്ത് കാറു വന്നാണ് അച്ഛനെ കൊണ്ടുപോയി കൊണ്ടു വന്നത് മരുന്നുകളുടെ എണ്ണവും, ആവൃത്തിയും ഇപ്പോൾ കുറഞ്ഞിട്ടുണ്ട്.

അമ്മയ്ക്കും നഷ്ടപ്പെട്ട ഓജസ്സ് തിരികെ കിട്ടിയിരുന്നു.

ഇടയ്ക്കിടയ്ക്ക് നിഹാലിന്റെയും ബോസിന്റെയും ഫോൺ സന്ദേശങ്ങളും വന്നിരുന്നു സുഖ വിവരം അന്വേഷിക്കാനും, അയാൾ വിട്ടു പോന്ന പോസ്റ്റിൽ ആരെയും പുതിയതായി നിയമിച്ചിട്ടില്ല എന്നും തിരിച്ചു വരുന്നതിനെക്കുറിച്ചെല്ലാം ആരാഞ്ഞു കൊണ്ട് . അമ്മയ്ക്ക് സഹായത്തിനായി അയൽപക്കത്തെ ഒരു സ്ത്രീയെ ചുമതലപ്പെടുത്തി.

അങ്ങിനെ ദിവസങ്ങൾ സന്തോഷമായി നീങ്ങിത്തുടങ്ങി . കാറും കോളും ഇല്ലാതെ.

അതിനിടയ്ക്കാണ് ഒരു ദിവസം രാവിലെ പറമ്പിൽ പണിയെടുത്തു കൊണ്ടിരിക്കെ അമ്മ മൊബൈലുമായി പറമ്പിലേക്ക് വന്നത്.
അയാൾ ഫോൺ വാങ്ങി നോക്കി ബോസ് ആണ് . സംസാരം കുറച്ചധികം നീണ്ടു നിന്നു. അവസാനം ഫോൺ കട്ടു ചെയ്തപ്പോൾ അയാൾ പിറുപിറുക്കുന്നുണ്ടായിരുന്നു വീണ്ടുമൊരു യാത്ര ആവശ്യമായി വന്നിരിക്കുന്നു.

അയാൾ അന്നത്തെ പ്രവൃത്തി തൽക്കാലം നിർത്തി,ചുറ്റും നോക്കി. ആഹ്ലാദത്താലെന്നപോലെ താൻ നട്ട ചെടികൾ മന്ദമാരുതന്റെ തലോടലിൽ തലയാട്ടി നിൽക്കുന്നു. വളരെ മനോഹരമായ കാഴ്ച. അയാൾ സന്തോഷത്താൽ ദീർഘ നിശ്വാസമുതിർത്തു.

അത്താഴം കഴിക്കുന്ന നേരത്ത് അയാൾ അമ്മയോടു പറഞ്ഞു .

“അമ്മേ, ഇപ്പോൾ ഇവിടെ ഞാനില്ലയെങ്കിലും വലിയ കുഴപ്പമൊന്നും ഇല്ലല്ലോ . അച്ഛനും സമാധാനമുണ്ട്. അമ്മയ്ക്കാണെങ്കിൽ സഹായിയായി ഒരാൾ പണിക്കുമുണ്ട്. എനിക്കൊന്ന് ജോലി സ്ഥലത്തേക്ക് തിരിച്ചു പോയാൽ കൊള്ളാമെന്നുണ്ട്. അമ്മ എതിർത്തൊന്നും പറയരുത്. എപ്പോൾ വിളിച്ചാലും ഞാനോടിയെത്താം, ഉടനടിയില്ലെങ്കിലും ഒന്നുരണ്ടു ദിവസത്തിനകം തന്നെ .
അമ്മ അച്ഛനെക്കൊണ്ടും സമ്മതിപ്പിക്കണം .”

അച്ഛൻ എതിർപ്പൊന്നും പറഞ്ഞില്ല – ‘ അവനതാണ് ഇഷ്ടമെങ്കിൽ അങ്ങിനെ ചെയ്യട്ടെ ‘ എന്നു മാത്രം പറഞ്ഞു.

ചെറിയൊരിടവേളയ്ക്കു ശേഷം വീണ്ടും മറുനാട്ടിലേക്ക് – അത് മറ്റൊരു നിയോഗമാകാം.

… തുടരും …

✍ സുദർശൻ കുറ്റിപ്പുറം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments