Thursday, December 26, 2024
Homeകഥ/കവിതസിൽവോമയറിലെ ശിശിരസൂര്യൻ (കഥ)

സിൽവോമയറിലെ ശിശിരസൂര്യൻ (കഥ)

ഡോളി തോമസ് ചെമ്പേരി

ആ ആർട്ട് ഗാലറിക്കുമുന്നിൽ നിർത്തിയ കാറിൽ നിന്നും തന്റെ ഓട്ടോമാറ്റിക് വീൽച്ചെയറുമായി ചിത്രകാരി എമിൽ അലക്സിസ് തിടുക്കപ്പെട്ടിറങ്ങി.
ആളുകൾ വരും മുന്നേ ഗാലറിയിൽ എത്തണം. ചിത്രകാരിയെക്കൂടി കാണാനും പരിചയപ്പെടാനുമാണ് ആസ്വാദകർ എത്തുന്നത്. വൈകിയാൽ അത് അവരോടുള്ള അനാദരവാകും. എമിൽ അറിയപ്പെട്ടു വരുന്നേയുള്ളൂ. അതിനാൽ ആസ്വാദകരെയും സന്ദർശകരെയും വേണ്ടവിധം സ്വീകരിച്ചു ചിത്രങ്ങളെക്കുറിച്ചുള്ള അവരുടെ സംശയങ്ങൾക്കും ചോദ്യങ്ങൾക്കുമുള്ള മറുപടി കൊടുക്കേണ്ടത് ഒരു കലാകാരിയുടെ ഉത്തരവാദിത്തമാണ്.

അവർ ഹാളിലെത്തുമ്പോൾ ഒന്നുരണ്ടുപേർ വന്നിട്ടുണ്ടായിരുന്നു. ആ സന്ദർശകരോട് ക്ഷമാപണം നടത്തി പുഞ്ചിരിയോടെ വീൽചെയറിൽ അവരോടൊപ്പം ഓരോ ചിത്രത്തിന്റെയും സമീപം ചെന്ന് ഓരോന്നും വിശദീകരിച്ചു കൊടുത്തുകൊണ്ടിരുന്നു. തിരക്കേറുമ്പോൾ വലേറിയയും സഹായത്തിനെത്തും. എമിലിന്റെ പ്രസരിപ്പും ചിത്രരചനയിലുള്ള മികവും ആസ്വാദകരെ അത്ഭുതപ്പെടുത്തും വിധമായിരുന്നു.

ആളുകൾ വന്നും പോയുമിരിക്കുന്നു. തന്റെ വൈകല്യങ്ങളെ അതിജീവിച്ചു സ്വന്തമായ ഒരിടം കണ്ടെത്തിയ പെൺകുട്ടി എന്ന നിലയിലുള്ള പരിഗണയോടെ ആ ചിത്രപ്രദർശനം കാണാൻ ആളുകൾ ഏറെ എത്തുന്നുണ്ടായിരുന്നു. എമിലിനെ പ്രോത്സാഹിപ്പിക്കാനും അഭിനന്ദിക്കാനും ആരും ഒട്ടും പിശുക്ക് കാണിച്ചില്ല. ഈ പ്രദർശന ശാലയിലേയ്ക്ക് ആഷ് കളർ സ്യുട്ടിൽ വെള്ളാരം കണ്ണുകളുള്ള അതികായനായ ഒരു യുവാവ് കടന്നു വന്നു. കയ്യിൽ ട്യൂലീപ് പുഷ്പങ്ങളുടെ ഒരു ബൊക്കെയുമുണ്ട്. ഓരോ ചിത്രങ്ങളും കണ്ടുകൊണ്ട് നടക്കുമ്പോളാണയാൾ ഗാലറിയുടെ നടുവിലായി ആ ചിത്രം ശ്രദ്ധിച്ചത്. സ്‌നോ റിമൂവൽ മെഷീനുമായി തലചെരിച്ചു നോക്കി നിൽക്കുന്ന ഒരു കൗമാരക്കാരന്റെ ചിത്രം! അയാൾ അല്പനേരം അതിലേയ്ക്ക് നോക്കി നിർന്നിമേഷനായി നിന്നു. പിന്നെ എമിലിന്റെ സമീപത്തേക്ക് നടന്നടുത്തു. ബൊക്കെ എമിലിന് നൽകിക്കൊണ്ട് ആശംസകൾ അറിയിച്ചു.

“ആ ചിത്രം വിൽക്കുന്നോ?” മനോഹരമായി ഫ്രെയിം ചെയ്തു വെച്ചിരിക്കുന്ന ചിത്രം ചൂണ്ടി അയാൾ ചോദിച്ചു.

“ഇല്ല സർ, അത് ഞാൻ വിൽക്കാൻ വെച്ചതല്ല.” എമിൽ ഭവ്യതയോടെ പറഞ്ഞു.

“പക്ഷേ അതെനിക്ക് വേണമല്ലോ. നല്ല വില തരാം.”

“നോ.. സർ. എത്ര വില തന്നാലും അത് ഞാൻ കൊടുക്കില്ല.” എമിൽ കട്ടായം പറഞ്ഞു.

“ഓഹോ, അതിന് അത്രമാത്രം പ്രധാന്യമോ? എന്റെ നോട്ടത്തിൽ ഒരു യൂറോയ്ക്ക് പോലുമില്ലല്ലോ അത്.”

“സർ, അതിന്റെ പ്രാധാന്യം നിങ്ങൾക്കറിയാമായിരുന്നെങ്കിൽ നിങ്ങളിപ്പോൾ ഇങ്ങനെ പരിഹസിച്ചു സംസാരിക്കില്ലായിരുന്നു.” ദേഷ്യം വന്നുവെങ്കിലും അതടക്കി എമിൽ പുഞ്ചിരിയോടെ മറുപടി കൊടുത്തു. എന്തൊക്കെ പ്രകോപനമുണ്ടായാലും ആസ്വാദകരെ പിണക്കാതിരിക്കുക ക്ഷമയോടെ അവരുടെ അഭിപ്രായങ്ങളെ നേരിടുക എന്നതാണ് ഒരു കലാകാരന്റെ മികവ് എന്ന് എമിലിന് അറിയാമായിരുന്നു.

ആ യുവാവിന്റെ മനസ്സ് തരളിതമായി. അയാളുടെ കണ്ണ് നിറഞ്ഞു.

“നിനക്കെന്നെ മനസ്സിലായോ എമിൽ?” എമിലിന്റെ കൈകളിൽ തൊട്ട് കൊണ്ട് യുവാവ് ചോദിച്ചു.

അപ്പോളാണ് എമിൽ ആ മുഖത്തേയ്ക്ക് നോക്കിയത്. എമിലിന്റെ മിഴികൾ ഒന്ന് പിടഞ്ഞു ചിമ്മിത്തുറന്നു. അല്പനേരം അവ ആ പുഞ്ചിരിക്കുന്ന മുഖത്ത് തറഞ്ഞു നിന്നു. യുവാവിന്റെ വിരലുകളിൽ നിന്നും ഒരു വിദ്യുത് പ്രവാഹം ശരീരത്തിലേക്ക് പടരുന്നത് അറിഞ്ഞ എമിൽ ഒരു വിതുമ്പലോടെ വിളിച്ചു.

“ബെൻ…”

യുവാവ് എമിലിന്റെ മുന്നിൽ മുട്ടുകുത്തിയിരുന്നു അവളുടെ കരങ്ങൾ എടുത്തു ചുംബിച്ചു.

“ബെൻ, ഞാൻ നിന്നെക്കാത്തിരിക്കുകയായിരുന്നു. നീ വന്നുവല്ലോ.” എമിൽ കരഞ്ഞു.

ബെൻ എമിലിന്റെ മുഖം തന്റെ കൈക്കുമ്പിളിൽ എടുത്തു. ആ കവിളിലൂടെ ഒഴുകിയ കണ്ണീർ തന്റെ കരങ്ങൾ കൊണ്ട് തുടച്ചു.

“എമിൽ കരയാതെ. ഞാൻ എല്ലാം അറിയുന്നുണ്ടായിരുന്നു. നിന്റെ മുന്നിൽ വരാനുള്ള യോഗ്യതയും സമയവും ആവാൻ കാത്തിരിക്കുകയായിരുന്നു ഇതുവരെ.”

എമിൽ ബെന്നിന്റെ കൈകളിൽ മുറുകെപ്പിടിച്ചു. ഈ ദൃശ്യം കണ്ട് വലേറിയ അവർക്കരികിലേയ്ക്ക് വന്നു.

“എമിൽ, എന്തായിത്‌? ആരാണിദ്ദേഹം?”

എമിൽ ഭംഗിയായി അറേഞ്ചു ചെയ്തു വെച്ച ചിത്രത്തിലേക്ക് കൈ ചൂണ്ടി. വലേറിയ ആ ചിത്രത്തിലേയ്ക്കും പിന്നെ മകളുടെ കണ്ണുകളിലേയ്ക്കും നോക്കി. അവൾ പൊന്നുപോലെ സൂക്ഷിച്ചു വെച്ച ആ ചിത്രത്തിലെ പയ്യനാണ് തന്റെ മുന്നിൽ നിൽക്കുന്നതെന്ന് ആ അമ്മയ്ക്ക് മനസ്സിലായി. അപ്പോൾ മാത്രമാണ് മകളുടെ ഇതുവരെയുള്ള ശാഠ്യത്തിന്റെ കാരണവും മനസ്സിലായത്.

“ഹായ്” ബെൻ എണീറ്റ് വലേറിയയ്ക്ക് ഹസ്തദാനം നൽകി സ്വയം പരിചയപ്പെടുത്തി.

“ഞാൻ ബെൻ ആഞ്ചലോ ഫ്രഡറിച്. ഇപ്പോൾ ബെർലിനിൽ സ്‌നോപ്ലോ മെഷീനുകളുടെ ഡീലർ ആണ്.”

“ഒഹ്! ഗുഡ്.” വലേറിയ അയാളെ അഭിനന്ദിച്ചു. അല്പനേരം അവിടെ അവരോടൊപ്പം ചിലവഴിച്ചതിന് ശേഷം ‘വീട്ടിലേയ്ക്ക് വരാം. അപ്പോൾ കൂടുതൽ സംസാരിക്കാം’ എന്ന് പറഞ്ഞു ബെൻ പോയി. പോകുമ്പോൾ ആ ചിത്രവും അയാൾ നെഞ്ചോട് ചേർത്തു പിടിച്ചിരുന്നു. അപ്പോൾ മുതലുള്ള മകളുടെ മുഖത്തെ പതിവില്ലാത്ത പ്രസരിപ്പും സന്തോഷവും വലേറിയയുടെ മനസ്സ് നിറച്ചു. അന്നത്തെ പ്രദർശനസമയം കഴിഞ്ഞു വീട്ടിലേക്കുള്ള യാത്രയിൽ എമിലിന്റെ മനസ് വർഷങ്ങൾക്ക് പിന്നിലേയ്ക്കൂളിയിട്ടു.

സിൽവോമെയർ ജോർദാൻ സ്ട്രാബെ തെരുവ് ശിശിര കാലത്തിന്റെ ആലസ്യത്തിലായിരുന്നു. റോഡിൽ ഏകദേശം അഞ്ചോ ആറോ ഇഞ്ചു കനത്തിൽ മഞ്ഞു വീണുകിടക്കുന്നു. സമീപത്തെ വീടുകൾക്ക് മുന്നിൽ നിർത്തിയിട്ടിരിക്കുന്ന കാറുകൾ മഞ്ഞുപാളികളാൽ പൊതിയപ്പെട്ടിരുന്നു. റോഡരികിലെ വൃക്ഷങ്ങളിലും വീടുകൾക്ക് മുന്നിലെ പൂന്തോട്ടങ്ങളിലെ ചെടികളും മഞ്ഞു മൂടി എങ്ങോട്ട് നോക്കിയാലും നരച്ച വെളുപ്പ് നിറം.

ശീതകാലമായാൽ എല്ലാവർക്കും നല്ല അദ്ധ്വാനമാണ്. രാവിലെ എണീറ്റ് വാതിൽ തുറന്നു പുറത്തിറങ്ങുമ്പോൾ സൂക്ഷിച്ചില്ലെങ്കിൽ ഒരു വീഴ്ച്ച ഉറപ്പ്. കാറിന് മുകളിൽ കട്ടിപിടിച്ച മഞ്ഞുപാളികൾ തട്ടിക്കളഞ്ഞു വൃത്തിയാക്കാൻ ഇറങ്ങുമ്പോളേക്കും മഞ്ഞു മാറ്റി റോഡ് വൃത്തിയാക്കുന്ന യന്ത്രങ്ങളും ജോലി തുടങ്ങിക്കഴിഞ്ഞിരിക്കും.

ഇളവെയിൽ തട്ടുമ്പോൾ ഹിമപാളികൾ വൈഡൂര്യം പോലെ പ്രകാശിക്കുന്നത് കാണാൻ നല്ല ഭംഗിയാണ്. ഗാർഡൻ സ്ട്രീറ്റിലെ വീടിന്റെ രണ്ടാം നിലയിലെ ജനാലയ്ക്കലിരുന്നു എമിൽ, നിത്യവും കാണുന്ന കാഴ്ചകളാണ് ഇത്. പക്ഷെ ഇതൊന്നുമല്ലാതെ അവൾ മറ്റൊന്ന് പ്രതീക്ഷിച്ചിരിക്കുകയാണ്.

സ്‌നോ റിമൂവൽ മെഷീനുമായി തെരുവ് വൃത്തിയാക്കാനെത്തുന്ന വെള്ളാരം കണ്ണുകളുള്ള യുവത്വത്തിലേയ്ക്ക് കാലൂന്നി നിൽക്കുന്ന കൗമാരക്കാരന്റെ മെഷീന്റെ ശബ്ദം കേൾക്കുമ്പോൾ എമിൽ ഉത്സാഹിയാകും. അവൻ പ്രസരിപ്പോടെ ജോലി ചെയ്യുന്നത് കൗതുകത്തോടെ നോക്കിയിരിക്കുക അവളുടെ ഇഷ്ടവിനോദമായിരുന്നു. എല്ലാ ദിവസവും അവൻ ആ ജോലി ചെയ്യുന്നുണ്ടായിരുന്നെങ്കിലും എമിൽ അവനെ ശ്രദ്ധിക്കാൻ തുടങ്ങിയത് ആ സംഭവത്തിന് ശേഷമാണ്.

നല്ല തണുപ്പുള്ള പുലരിയിൽ പതിവ്പോലെ അന്നും മുറിയിലെ ഹീറ്ററിന്റെ സുഖദമായ ചൂടിൽ ആയ കൊണ്ടുവന്ന ഒരു കപ്പ് കാപ്പിയുമായി ജനാലയ്ക്കലിരുന്നു പുറത്തേക്കാഴ്ചകളിലേയ്ക്ക് മടുപ്പോടെ നോക്കിയിരിക്കുകയായിരുന്നു എമിൽ. ജനാലയിൽ നിറയെ മഞ്ഞ് പറ്റിപ്പിടിച്ചിരിക്കുന്നു. പുറത്തെ ദൃശ്യങ്ങൾക്ക് അത്ര തെളിച്ചം പോരാ..

ആയയെ വിളിച്ചു ജനൽ വൃത്തിയാക്കാൻ പറഞ്ഞു. വൈപ്പർ കൊണ്ട് ജനൽപ്പാളികളിൽ പറ്റിപ്പിടിച്ചിരുന്ന മഞ്ഞ് അടർത്തിക്കളഞ്ഞിട്ട് ഒരു ടൗവൽ കൊണ്ട് തുടച്ചു വൃത്തിയാക്കി അവ തുറന്നിട്ടു. അതിലൂടെ നേരിയ പ്രകാശം സ്വർണ്ണവർണ്ണ രശ്മികളായി അകത്തേയ്ക്ക് കയറി. അപ്പോഴാണ് ഒരു സ്‌നോ റിമൂവൽ മെഷീന്റെ ശബ്ദം ഉച്ചസ്ഥായിയിൽ ഉയർന്നതും പിന്നാലെ ഒരു ചടപട ശബ്ദവും കേട്ട് എമിൽ താഴേയ്ക്ക് നോക്കിയത്. അവൾക്ക് ചിരിയടക്കാനായില്ല. മെഷീനോടൊപ്പം താഴെ വീണുകിടക്കുന്ന യുവാവ്. അവന്റെ രോമക്കുപ്പായത്തിലും തൊപ്പിയിലും നിറയെ മഞ്ഞ് പറ്റിപ്പിടിച്ചിരിക്കുന്നു. ചുറ്റും നോക്കിക്കൊണ്ട് അവൻ എണീൽക്കാൻ ശ്രമിച്ചു. പിന്നെയും വീണു. മറിഞ്ഞുകിടന്ന യന്ത്രം അപ്പോഴും ശബ്ദമുണ്ടാക്കിക്കൊണ്ടിരുന്നു. അടുത്ത ശ്രമത്തിൽ എണീറ്റതും അവന്റെ കട്ടി ഷൂ വീണ്ടും തെന്നി. പിന്നെയും അവൻ മലർന്നടിച്ചു വീണു. ഇക്കുറി അവന്റെ നോട്ടം ഒന്ന് പാളി. അത് എമിലിന്റെ ജാലകത്തിലേയ്ക്കായിരുന്നു.

എമിലിനെ കണ്ടതും അവൻ ജാള്യതയോടെ ഒന്നു ചിരിച്ചു. എമിൽ അപ്പോൾ പൊട്ടിച്ചിരിക്കുകയായിരുന്നു. ഇക്കുറി അതീവ സൂക്ഷ്മതയോടെ അവൻ എണീറ്റ് യന്ത്രം നേരെ നിർത്തി. എന്നിട്ട് ഒന്നും സംഭവിക്കാത്ത മട്ടിൽ മഞ്ഞു നീക്കിക്കൊണ്ടിരുന്നു. അതിനിടെ ഒന്നുരണ്ടു വട്ടം കൂടി ആ ജാലകത്തിലേയ്ക്ക് അവന്റെ കണ്ണുകൾ അറിയാതെ നീണ്ടു ചെന്നു. കണ്ണിൽ നിന്നും മറയുന്നത് വരെ എമിൽ, അവന്റെ പ്രവൃത്തി കൗതുകത്തോടെ നോക്കിയിരുന്നു. ശേഷം തന്റെ വീൽ ചെയർ ഉരുട്ടി മേശയുടെ അടുത്ത് വന്ന് ബുക്ക് നിവർത്തി അന്നത്തെ ഹോം വർക്ക് ചെയ്യാൻ തുടങ്ങി.

ഒൻപത് മണിയാകുമ്പോൾ മിസ് എത്തും. സ്നേഹവതിയാണെങ്കിലും അനുസരണക്കേട് കാട്ടിയാൽ ദേഷ്യം വരും മിസിന്. ദേഷ്യം വന്നാൽ പിന്നെ മിസ് മിണ്ടില്ല. അതാണ് സങ്കടം. ആരും വഴക്കിടുന്നതോ മിണ്ടാതിരിക്കുന്നതോ എമിലിന് സഹിക്കാൻ പറ്റില്ല. ചിലപ്പോ മമ്മയും അങ്ങനെയാണ്. ഭക്ഷണം കഴിച്ചില്ലെങ്കിൽ മിണ്ടാതെയിരിക്കും. കുഞ്ഞിലെ മുതൽ ഭക്ഷണം കഴിപ്പിക്കാനുള്ള മമ്മയുടെ അടവാണ് അതെന്ന് അറിയാഞ്ഞിട്ടല്ല. മനഃപൂർവ്വമല്ല. ഭക്ഷണം കാണുമ്പോൾ ഡാഡിനെ ഓർമ്മവരും. വിശപ്പ് കെട്ടുപോകും. അതാണ്.

ഡാഡിനായിരുന്നു തന്നെ ഏറെയിഷ്ടം. അന്ന് ആ പിസ്സയ്ക്ക് വാശി പിടിച്ചില്ലായിരുന്നെങ്കിൽ തന്റെ ഡാഡ് ഇപ്പോഴും തങ്ങളുടെ കൂടെ കണ്ടേനെ. ഏതു വാശിയും സാധിച്ചു തരുമായിരുന്നു ഡാഡ്. ആ വാശിയാണ് ഡാഡിനെ എന്നന്നേക്കുമായി നഷ്ടപ്പെടുത്തിയത്. അതിൽപ്പിന്നെ പിസ്സ കഴിച്ചിട്ടില്ല. താൻ വിഷമിക്കുന്നത് കാണുമ്പോൾ മമ്മാ സമാധാനിപ്പിക്കും.

“മോളെ ഡാഡിന് അത്രയെ ആയുസ്സുണ്ടായിരുന്നുള്ളൂ. അല്ലാതെ മോൾ ഒരുതരത്തിലും ഡാഡിന്റെ മരണത്തിന് കാരണക്കാരിയല്ല.”, എത്രയൊക്കെ സമാധാനിപ്പിച്ചാലും ഉളിന്റെയുള്ളിൽ ഉരുകാത്ത മഞ്ഞുപാളി പോലെ ആ ചിന്ത ഉറച്ചുകിടന്നു.

വാശിപിടിച്ചുള്ള കരച്ചിലിൽ ആ ശീതകാലത്തെ ഒരു സായാഹ്നത്തിൽ ഡാഡ്
തന്നെയും കൂട്ടി പിസ്സ ഷോപ്പിലേയ്ക്ക് പോകുമ്പോൾ ഒരു വളവിൽ കട്ടി പിടിച്ച മഞ്ഞിൽ കാർ തെന്നിയത് മാത്രം ഓർമ്മയുണ്ട്. അബോധാവസ്ഥയിൽ നിന്നും ഉണരുമ്പോൾ ആസ്പത്രിക്കിടക്കയിലായിരുന്നു. ഡാഡിനെ വിളിച്ചു കരഞ്ഞപ്പോൾ ഡോക്ടർ സമാധാനിപ്പിച്ചുകൊണ്ട് ആ സത്യം വെളിപ്പെടുത്തി. പൊടുന്നനെ ലോകം ശൂന്യമായത് പോലെ. ആശുപത്രിയിൽ നിന്നും പുറത്തുവരുമ്പോൾ വീൽ ചെയറിലായിരുന്നു. കാലുകളുടെ ചലനശേഷി അമ്പത് ശതമാനവും നഷ്ടപ്പെട്ടു. പക്ഷെ ഡാഡ് പോയതിനോളം വലുതല്ലല്ലോ തന്റെ കാൽ. പിന്നെ തനിക്കു വേണ്ടി മാത്രമാണ് മമ്മാ ജീവിക്കുന്നത്. പലരും നിർബ്ബന്ധിച്ചു മറ്റൊരു വിവാഹത്തിന്.

ഒരിക്കൽ ഗ്രൻഡ്‌മായോട് മമ്മാ പറയുന്നത് കേട്ടു.

” എന്റെ അലക്സിയല്ലാതെ മറ്റൊരാളെ ആ സ്ഥാനത്ത് പ്രതിഷ്ഠിക്കാൻ എനിക്കിതുവരെ കഴിഞ്ഞിട്ടില്ല മമ്മാ. അലെക്സിയുടെ പൊന്നുമോൾ എമിൽ. അവൾ തനിച്ചാകും. അത് ആലോചിക്കാൻ പോലും കഴിയില്ല.”

“വലേറിയ..എമിലിനെ ഞാൻ കൊണ്ടുപോയ്ക്കോളാം.” ഗ്രാൻഡ്മാ പറഞ്ഞു.

“വേണ്ട മാം..വിവാഹം വേണമെന്ന് തോന്നിയാൽ ഞാൻ പറയാം. എമിലിന് അലെക്സിയെപ്പോലെ ഒരു ഡാഡ്നെ കിട്ടുകയാണെങ്കിൽ മാത്രം.” മമ്മാ തീർത്തു പറഞ്ഞു. പിന്നീട് ഗ്രാൻഡ്‌മാ അതേപ്പറ്റി സംസാരിച്ചിട്ടേയില്ല.

മിസ്സ് വന്നപ്പോൾ എമിൽ ടേബിളിന് അടുത്തേയ്ക്ക് വന്നു.
ക്ലാസ്സ് നടക്കുമ്പോളും മഞ്ഞിൽ തെന്നിവീണ് എണീക്കാൻ പരിശ്രമിക്കുന്ന അവന്റെ മുഖഭാവമായിരുന്നു എമിലിന്റെ മനസ്സിൽ. ഒരു പ്രാവശ്യം അറിയാതെ ഊറിച്ചിരിച്ചപ്പോൾ മിസ് അത് കണ്ടു.

“എന്താ എമിൽ?”

“ഏയ് ഒന്നുമില്ല മിസ്.” പറയുമ്പോൾ ചിരി പൊട്ടിയെങ്കിലും അതടക്കി.

പിറ്റേന്നും നേരത്തെ തന്നെ എമിൽ ജാലകത്തിന് പിന്നിൽ സ്ഥാനമുറപ്പിച്ചു. യന്ത്രത്തിന്റെ ശബ്ദം തെരുവിന്റെ അങ്ങേയറ്റത്തു കേൾക്കാൻ തുടങ്ങി. അത് അടുത്തടുത്ത് വന്നുകൊണ്ടിരുന്നു. തലേന്നത്തെ ദൃശ്യം അവളുടെ ഓർമയിൽ വന്നു. ചുണ്ടിൽ നിലാവ് പോലെ ഒരു പുഞ്ചിരി പടർന്നു. പുറത്ത് യന്ത്രം മഞ്ഞുപാളികളെ ഛിന്നഭിന്നമാക്കി മുന്നേറുന്നു. രണ്ടു വശത്തേക്കും വെളുത്ത പരലുകളായി മഞ്ഞ് ചിതറിത്തെറിക്കുന്നത് മനോഹരമായ ഒരു കാഴ്ചയാണ്.
അനുസരണയില്ലാത്ത കുട്ടിയെ മെരുക്കുന്ന രക്ഷിതാവിനെപോലെ യന്ത്രത്തിന്റെ പിന്നിൽ പിടിച്ചു കൊണ്ട് അവനും മുന്നേറുന്നു.

താഴെ എത്തിയപ്പോൾ അവന്റെ കണ്ണുകൾ ജാലകത്തിലേയ്ക്ക് പാളി. എമിലിന്റെ ചിരിയുടെ അനുരണനമെന്നോണം അവന്റെ ചുണ്ടിലും മനോഹരമായ ഒരു ചിരി പടർന്നു. പിന്നീട് ഇത് പതിവായി. അവനേക്കാത്ത് എമിൽ ജാലകത്തിന് പിന്നിലുണ്ടാവും. കണ്ണുകൾകൊണ്ട് അവർ എന്നും പരസ്പരം സംസാരിച്ചു.

“മാരിയോ.. അവൻ എവിടെയാണ് താമസിക്കുന്നത്?. ഒരു ദിവസം എമിൽ ആ യുവാവിനെക്കുറിച്ചു ആയയോട് അന്വേഷിച്ചു.

“അറിയില്ല..ഒരു പക്ഷേ.. തെരുവിന്റെ പ്രാന്തപ്രദേശത്തെവിടെയെങ്കിലും ആകും.”

അവന്റെ കണ്ണുകൾക്ക് എന്തൊരു തീക്ഷ്ണത എന്തൊരു വശ്യത!. ആ ചിരിക്ക് ഹിമപാളികളിൽ തട്ടി പ്രതിഫലിക്കുന്ന സൂര്യരശ്മികളെക്കാൾ പ്രകാശമുണ്ടെന്ന് എമിൽ കണ്ടെത്തി. ആ ചിരി തനിക്കൊരു പ്രത്യേക ഉന്മേഷം തരുന്നുണ്ടെന്നു അവൾ വിശ്വസിച്ചു. തന്റെ മുന്നിലിരിക്കുന്ന കാൻവാസിൽ അവൾ ആ കണ്ണുകൾ മാത്രം വരച്ചിട്ടു. ആ കണ്ണുകളിൽ നോക്കി തന്റെ വയലിനിൽ മനോഹരമായ ഒരു രാഗം ആലപിച്ചു. അപ്പോൾ ആ നാദം മാലാഖമാരുടെ സ്വർഗ്ഗീയ സംഗീതം പോലെ തോന്നിച്ചു. മഞ്ഞുകാലത്തെ അവൾ ഇഷ്ടപ്പെടാൻ തുടങ്ങി ഓരോ പുലരിയെയും അവൾ ആവേശത്തോടെ വരവേറ്റു. ജാലകത്തിലൂടെ കാണുന്ന വിരസമായ നരച്ച കാഴ്ച്ചകൾക്ക് അഭൗമ കാന്തി അനുഭവപ്പെട്ടു.

ഓരോ ദിവസവും ക്യാൻവാസിൽ അവന്റെ മുഖത്തിന്റെ ഓരോ ഭാഗങ്ങൾ അവൾ വരച്ചു ചേർത്തു. മൂക്ക്, ചുണ്ടുകൾ, മുഖം അങ്ങനെയങ്ങനെ..മഞ്ഞുകാലം കഴിയാറായി…മഞ്ഞിൻ പുതപ്പിനടിയിൽ നിന്നും സസ്യങ്ങളും ചെടികളും മോചിതരായിക്കൊണ്ടിരുന്നു. അവസാനം അവൻ വരുമ്പോൾ അവൾ വരച്ച ചിത്രവും പൂർത്തിയായിരുന്നു.

അന്ന് ആ ജനാലയ്ക്കൽ അവൻ കണ്ടു സ്‌നോ റിമൂവൽ മെഷിനുമായി തലതിരിച്ചു നോക്കി പുഞ്ചിരിക്കുന്ന ജീവസ്സുറ്റ ആ ചിത്രം. അവനത് നിർന്നിമേഷനായി നോക്കി നിന്നു. യന്ത്രം നിർത്തിയിട്ട് മുകളിലേയ്ക്ക് കയറിവരാൻ എമിൽ അവനെ ക്ഷണിച്ചു. അവൻ മടിച്ചു നിൽക്കുന്നത് കണ്ട് എമിൽ വിളിച്ചു പറഞ്ഞു.

“കയറി വരൂ..ഇത് നിനക്ക് വേണ്ടി വരച്ചതാണ്.”

അവൻ തന്റെ വീടിന് നേരെ വരുന്നത് കണ്ട എമിൽ മാരിയോയോട് വാതിൽ തുറക്കാൻ നിർദേശിച്ചു. തുറന്ന വാതിലൂടെ കോണികയറുന്ന ഷൂവിന്റെ താളബദ്ധമായ ശബ്ദം അവൾ കേട്ടു. അവൻ അകത്തു പ്രവേശിച്ചു പരുങ്ങി നിന്നു.

“നിന്റെ പേരെന്താ?” എമിൽ ചോദിച്ചു.

“ബെൻ”

പതിഞ്ഞ സ്വരത്തിൽ മറുപടി പറയുമ്പോൾ അവന്റെ നോട്ടം അവളുടെ വീൽ ചെയറിലേയ്ക്കായി. മരവിച്ച തടിക്കഷ്ണം പോലെ താഴേയ്ക്ക് തൂങ്ങിക്കിടക്കുന്ന ആ കാലുകൾ കണ്ടപ്പോൾ അവന്റെ ആഹ്ലാദമെല്ലാം കെട്ടു. ദുഃഖത്തോടെ അവൻ ആ കാലിലേക്ക് നോക്കി..

“ഈ ചിത്രം നീയെടുത്തോ..”

അവന്റെ ശ്രദ്ധയെ അവൾ ആ ചിത്രത്തിലേക്ക് ക്ഷണിച്ചു. അല്പനേരം അവൻ അതിലേക്ക് നോക്കിനിന്നു. പിന്നെ രണ്ടു കൈകൊണ്ടും വാങ്ങി അത്ഭുതത്തോടെ നോക്കിക്കൊണ്ടിരുന്നു. എന്നിട്ടതിൽ ഒരു മുത്തം നൽകി അവളുടെ കയ്യിൽ തിരിയെ ഏൽപ്പിച്ചു.

“ഇത് വയ്ക്കാനുള്ള സ്ഥലം ഇപ്പോൾ എന്റെ വീട്ടിൽ ഇല്ല. ഇത് നീ സൂക്ഷിച്ചോളൂ. ഒരിക്കൽ ഞാൻ തിരിയെ വരും. അപ്പോൾ ഇതെനിക്ക് വേണം. അതുവരെ ഇത് നിന്റെ കൈയിൽത്തന്നെ ഇരിക്കട്ടെ.”

എന്നിട്ടവൻ അതിവേഗം പടികളിറങ്ങി. തിരിഞ്ഞു നോക്കാതെ തന്റെ മെഷീനുമായി തെരുവിന്റെ അങ്ങേ മൂലയിൽ മറഞ്ഞു…എമിൽ ഓരോ മഞ്ഞുകാലവും പ്രതീക്ഷയോടെ കാത്തിരുന്നു. പിന്നെ സ്‌നോ റിമൂവൽ മെഷീനുമായി അവനെ ആ വഴി കണ്ടിട്ടേയില്ല. പിന്നീട് വന്ന ഓരോ മഞ്ഞുകാലവും അവനില്ലാതെ വിരസമായി കടന്നുപോയി.

“എമിൽ വീടെത്തി.” അമ്മയുടെ ശബ്ദമാണ് എമിലിനെ ചിന്തയിൽ നിന്നുണർത്തിയത്.

മുറിയിലെത്തിയതും അവൾ തന്റെ സ്റ്റുഡിയോയിലേക്ക് കയറി.
വലേറിയ കോഫിയുമായി എത്തുമ്പോൾ സ്റ്റുഡിയോയുടെ വാതിൽ അടഞ്ഞു കിടക്കുന്നതാണ് കണ്ടത്.

ഇനി മണിക്കൂറുകൾ കഴിഞ്ഞേ എമിൽ അവിടെനിന്നും ഇറങ്ങൂ. സ്റ്റുഡിയോയിൽ കയറി വാതിലടച്ചാൽപ്പിന്നെ ആരെങ്കിലും വിളിക്കുകയോ ശല്യപ്പെടുത്തുകയോ ചെയ്താൽ ദേഷ്യം വരും. ചായങ്ങളും ബ്രഷും വലിച്ചെറിയും. ക്യാൻവാസ് നശിപ്പിക്കും. ഇതറിയാവുന്ന വലേറിയ മകളെ ശല്യപ്പെടുത്താതെ തിരിയെ നടന്നു.

അത്താഴത്തിന് സമയമായപ്പോൾ വീണ്ടും വലേറിയ സ്റ്റുഡിയോയുടെ മുന്നിലെത്തി. അകത്തു നിന്നും വയലിനിൽ നിന്നും നേർത്ത നാദം പുറത്തേയ്ക്കൊഴുകുന്നു. വലേറിയയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു. എത്ര കാലം കൂടിയാണ് എമിൽ വയലിൻ വായിക്കുന്നത്. അല്പനേരം വലേറിയ അവിടെ നിന്നു. പിന്നെ രണ്ടുപ്രാവശ്യം വാതിലിൽ മുട്ടി. മൂന്നാമത് ഒന്നുകൂടി മുട്ടാൻ ഒരുങ്ങുമ്പോളേക്കും വാതിൽ തുറക്കപ്പെട്ടു. അതിമനോഹരമായ ചിരിയോടെ എമിൽ വലേറിയയെ സ്വാഗതം ചെയ്തു.

“വരൂ മമ്മാ..”

വലേറിയ അകത്തേയ്ക്ക് കയറി.
മുന്നിലെ ജീവസ്സുറ്റ ആ ചിത്രത്തിലേക്ക് കണ്ണിമയ്ക്കാതെ നോക്കി. ട്യൂലീപ് പുഷ്പങ്ങളുടെ ബൊക്കെയുമായി മുട്ടുകുത്തിയിരുന്ന് ഒരു പെണ്കുട്ടിയുടെ വിരലുകളിൽ ചുംബിക്കുന്ന വെള്ളാരം കണ്ണുള്ള യുവാവ്. അതിന്റെ ക്യാപ്‌ഷനായിരുന്നു അതിലും മനോഹരം. ‘ശിശിരസൂര്യൻ’. വലേറിയ മകളെ ചേർത്തുപിടിച്ചു. വാത്സല്യത്തോടെ അതിലേറെ ആശ്വാസത്തോടെ ആ നെറുകയിൽ ചുംബിച്ചു.

ഡോളി തോമസ് ചെമ്പേരി✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments