സ്കെച്ച് തയ്യാറാക്കുന്നു
“ഞാൻ പറഞ്ഞില്ലേ ? അവിടെയുള്ള ജോലിക്കാരിൽ ഭൂരിപക്ഷം പേർക്കും മുത്തുരാജ് അവിടെയാണ് താമസിക്കുന്നതെന്നറിയില്ല” നന്ദൻ പറഞ്ഞു. “പിന്നെ മറ്റൊരു കാര്യം അറിയാൻ കഴിഞ്ഞത്…..ഏറ്റവും മുകളിലത്തെ നിലയിൽ കോറിഡോറിൻ്റെ അറ്റത്തുള്ള ഒരു കാൽഭാഗത്തോളം ഭിത്തി കെട്ടി അടച്ചിരിക്കുകയാണ്. അതിനപ്പുറത്ത് എന്താണെന്നോ അതിനപ്പുറത്തേക്ക് എങ്ങനെ പ്രവേശിക്കാമെന്നോ ആർക്കും അറിയില്ല. മുതലാളി നിധി സൂക്ഷിച്ചിരിക്കുന്നയിടമാണെന്ന് ചിലർ വിശ്വസിക്കുന്നു.”
“അപ്പോൾ അവിടെയായിരിക്കും അവൻ താമസിക്കുന്നത്.” എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് ആണ് അത് പറഞ്ഞത്.
“അവനും അവളും അവിടെയായിരിക്കും.” ഷൂട്ടർ പറഞ്ഞു.
“പക്ഷേ അവർ ഏതു വഴി പുറത്ത് കടക്കും. ഭക്ഷണവും മറ്റു കാര്യങ്ങളും ഒക്കെ ?” മാർഷൽ ആർട്സ് വിദഗ്ധൻ ചോദിച്ചു.
“അതാലോചിച്ച് തല പുണ്ണാക്കേണ്ട. അവിടുള്ള ജോലിക്കാരിൽ ചിലർ അവൻ്റെ അനുയായികൾ ആയിരിക്കും. അവരു വഴി ഇതൊക്കെ സിമ്പിളായി നടത്താവുന്നതേയുള്ളൂ. ഒരു പക്ഷേ അങ്ങോട്ടുള്ള ഒരു വാതിൽ കാണും. നന്ദൻ പറഞ്ഞത് വച്ച് മുകളിലത്തെ നിലയിൽ തന്നെ ആയിരിക്കില്ല അങ്ങോട്ടുള്ള വാതിൽ.” എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് പറഞ്ഞു.
“പിന്നെ ?” മറ്റു നാലുപേരും ഒന്നിച്ചാണ് അത് ചോദിച്ചത്.
“ആ അടച്ചു കെട്ടിയ ഭാഗത്തുള്ള മുറികളുടെ അടിയിലുള്ള ഏതെങ്കിലും മുറിയിൽ നിന്ന് മുകളിലോട്ട് ഒരു ചെറിയ സ്റ്റെയർകെയ്സ് വച്ചാൽ മതിയല്ലോ. ഭക്ഷണം അടക്കമുള്ള സാധനങ്ങൾ അവൻ്റെ മുറിയിൽ എത്തിക്കാനും അവന് രഹസ്യമായി വെളിയിൽ പോകാനും എല്ലാം ആ വഴി മതിയാകും.”
“നന്ദൻ ഒരു കാര്യം കൂടി അന്വേഷിക്കണം. ആ അടച്ചു കെട്ടുള്ള ഭാഗത്തിന്റെ അടിയിലുള്ള മുറികളിൽ അവിടുത്തെ ഏതെങ്കിലും ജോലിക്കാരോ മറ്റോ സ്ഥിരമായി താമസിക്കുന്നുണ്ടോ എന്ന് അന്വേഷിക്കണം.”
“ഓക്കേ സർ.”
“ഞാൻ ഏതായാലും ആ ഹോട്ടലിൽ ഒരു മുറി ബുക്ക് ചെയ്ത് അവിടേക്ക് താമസം മാറ്റുകയാണ്.” എൻകൗണ്ടർസ്പെഷലിസ്റ്റ് പറഞ്ഞു.
“അത് അപകടം അല്ലേ? അവനെങ്ങാൻ തിരിച്ചറിഞ്ഞാലോ?” മറ്റു മൂന്നു പേരും ചോദിച്ചു.
“വേറെ വഴിയില്ല. അവിടെ താമസിച്ചുകൊണ്ട് നിരീക്ഷിക്കാനേ നിലവിൽ സ്കോപ്പ് ഉള്ളൂ. അവൻ അങ്ങനെ പുറത്തൊന്നും ഇറങ്ങുന്ന ആളല്ലല്ലോ. എന്നെ നോട്ടീസ് ചെയ്യാൻ വഴിയില്ല. നേരിട്ട് കണ്ടാലും ഞാൻ ആരാണെന്ന് അവൻ അറിയത്തും ഇല്ല.”
മറ്റു നാലുപേരും അത് ശരിയെന്ന രീതിയിൽ തലയാട്ടി.
………………………….
“ആ അടച്ചു കെട്ടിയ ഭാഗത്ത് കുറഞ്ഞത് നാല് മുറികൾ എങ്കിലും കാണും.” എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് പറഞ്ഞു. കഴിഞ്ഞ മൂന്ന് ദിവസമായി അദ്ദേഹം അവിടെയാണ് താമസിക്കുന്നത്. സമുദ്രോല്പന്ന കയറ്റുമതി നടത്തുന്ന ബിസിനസുകാരൻ എന്ന വ്യാജേനെയാണ് അദ്ദേഹം അവിടെ മുറിയെടുത്തിരിക്കുന്നത്.
“നാലു മുറികളോ?” സ്ഫോടന വിദഗ്ധൻ ചോദിച്ചു. “അത് ബുദ്ധിമുട്ടുണ്ടാകുമല്ലോ?”
“താങ്കൾ എന്താണ് ഉദ്ദേശിച്ചത്?” ഷൂട്ടർ ചോദിച്ചു.
“അല്ല ഞാൻ വിചാരിച്ചു…. ഒന്നോ രണ്ടോ മുറിയാണെങ്കിൽ അതിനടിയിലോ അല്ലെങ്കിൽ അതിലും താഴെയുള്ള മുറികളിലോ സ്ഫോടനം നടത്തിയാൽ മതിയാകുമായിരുന്നു. നാലു മുറികൾ ഒന്നിച്ച് കൈകാര്യം ചെയ്യാൻ പാടാണ്.” സ്ഫോടന വിദഗ്ധൻ ചിന്താക്ത്മനായി.
“അതിനു താഴത്തെ നാലു മുറികളിൽ ആ ഹോട്ടലിലെ ജോലിക്കാർ സ്ഥിരതാമസമാണ്.” നന്ദൻ പറഞ്ഞു.
“ഓക്കേ. അപ്പോൾ അതുതന്നെയാണ് അവൻ്റെ താമസ സ്ഥലം.” ഷൂട്ടർ പറഞ്ഞു.
“അവൻ താമസിക്കുന്നതിന്റെ തൊട്ടുതാഴത്തെ നിലയിലുള്ള ആ നാല് മുറികളിലോട്ടുള്ള കോറിഡോർ ഒരു ഗ്രിൽ വെച്ച് അടച്ചിരിക്കുകയാണ്. അതിനപ്പുറം ആ തൊഴിലാളികളുടെ മുഷിഞ്ഞ തുണിയും അലക്കിയ തുണികൾ ഉണങ്ങാൻ ഇട്ടിരിക്കുന്നതും ഒക്കെയായി ആകെ വൃത്തിഹീനമാക്കിയിട്ടിരിക്കുകയാണ്. ആ ഭാഗത്തേക്ക് ഗസ്റ്റുകൾ ആരും കടന്നുചെല്ലുകയില്ല എന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്.” എൻകൗണ്ടർ സ്പെഷലിസ്റ്റ് പറഞ്ഞു.”
“അവിടെ സിസിടിവി ക്യാമറകൾ ഉണ്ടോ?” ആരോ ചോദിച്ചു.
“ഉണ്ട്. അവിടെ മാത്രമല്ല, സകല മുക്കിലും മൂലയിലും ക്യാമറകൾ ഉണ്ട്. നേരെ കാണാവുന്നതു കൂടാതെ ഒളിപ്പിച്ചുവെച്ച ക്യാമറകളും ഉണ്ട് .” എൻകൗണ്ടർ സ്പെഷലിസ്റ്റ് പറഞ്ഞു.
“ഷിറ്റ്. അപ്പോൾ ആ ഹോട്ടലിന്റെ പരിസരത്തൂടെ പോയാൽ തന്നെ അവൻ അറിയും.”
“റൈറ്റ് . പിന്നെ, ക്യാമറകൾ മാത്രമല്ല, മെറ്റൽ ഡിറ്റക്ടറുകളും ബോംബ് ഡിറ്റക്ടറുകളും അങ്ങനെ ഹൈലി സഫിസികേറ്റഡായ സെക്യൂരിറ്റി സിസ്റ്റംസ് അവിടെ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്.” എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് പറഞ്ഞു.
“ഹോ, ഷിറ്റ്, അവൻ ഇതൊക്കെ എവിടുന്നു സംഘടിപ്പിച്ചു.”
“ സീ , ലിസൺ എവരിബഡി.” എൻകൗണ്ടർ സ്പെഷലിസ്റ്റ് എല്ലാവരുടെയും ശ്രദ്ധ ക്ഷണിച്ചുകൊണ്ട് പറഞ്ഞു തുടങ്ങി “അവൻ്റെ താമസസ്ഥലം നമ്മൾ ലൊക്കേറ്റ് ചെയ്തിരിക്കുന്നു . അടുത്ത സ്റ്റെപ്പ് . നിങ്ങൾ നാലുപേരും ഓരോരോ പേരുകളിൽ അങ്ങോട്ട് ഷിഫ്റ്റ് ചെയ്യുക. അവിടെവച്ച് നമ്മൾ പരസ്പരം അറിയില്ല. ആരും തമ്മിൽ സംസാരിക്കാനോ പരിചയഭാവം കാണിക്കാനോ ശ്രമിക്കരുത്. ബ്രീഫിങ് ഇതുപോലെ ചെന്നൈയിലോ മറ്റോ വെച്ച് നടത്താം. ഈസിറ്റ് ഒക്കെ?”
“അവന് നമ്മളെയൊക്കെ അറിയാമായിരിക്കുമോ?”
“മിസ്റ്റർ നന്ദൻ, ഞങ്ങളെ അവൻ അറിയില്ല. നിങ്ങളെ അവൻ അറിയുമോ ?”
“എനിക്കറിയില്ല സാർ.”
“എന്നിവേ വി ഹാവ് ടു ടേക്ക് ദാറ്റ് റിസ്ക്.” എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് പറഞ്ഞു.
(തുടരും)