Sunday, December 22, 2024
Homeകഥ/കവിതറെക്സ് റോയിയുടെ നോവൽ... " അസാധ്യം " - (PART - 5)

റെക്സ് റോയിയുടെ നോവൽ… ” അസാധ്യം ” – (PART – 5)

റെക്സ് റോയി

കളം ഒരുങ്ങി

“ സാർ, അന്ത പാഴ്സൽ വന്താച്ച്.” ആക്രിക്കടയിലെ തമിഴനാണ്. ക്രിസ് എന്ന് വിളിക്കുന്ന ഷാർപ്പ് ഷൂട്ടർ എവിടുന്നോ അയപ്പിച്ച പാഴ്സൽ ആണ്. ഏതെങ്കിലും അത്യന്താധുനിക തോക്കിന്റെ ഭാഗങ്ങളായിരികാം.
“ അണ്ണെ, അത് നാൻ വരുവരെ പറ്റിരമാന വയ്റ്റിക്കൊൾ.” നന്ദൻ പറഞ്ഞു.
“ ആമാ സാർ . അപ്പടിയേ ചെയ് വോം.”

നന്ദൻ വാച്ചിൽ നോക്കി. സമയം പത്തര കഴിഞ്ഞിരിക്കുന്നു. നാശം, ഒൻപതേകാലിനു വരേണ്ട ട്രെയിനാണ്. ഇതുവരെ എത്തിയില്ല. നന്ദൻ അസ്വസ്ഥനായി ചിദംബരം റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടന്നു. ചെന്നൈയിലെ കൂടിക്കാഴ്ച കഴിഞ്ഞ് മൂന്ന് ദിവസമായി . ഇതുവരെ ഒന്ന് സ്വസ്ഥമായി ഇരിക്കാൻ സമയം കിട്ടിയില്ല. ഒരുപാടു കാര്യങ്ങൾ അറേഞ്ച് ചെയ്യാൻ ഉണ്ടായിരുന്നു.

ഒൻപതേകാലിന്റെ ട്രെയിനിൽ എത്തുന്ന ഒരു പഞ്ചാബിയെ പ്രതീക്ഷിച്ചാണ് നന്ദൻ അവിടെ കാത്തിരിക്കുന്നത്. മഞ്ഞ ടീ ഷർട്ടും നീല ജീൻസും നീല ബാക്ക്പായ്ക്കും. ഇതാണ് പഞ്ചാബിയെ തിരിച്ചറിയാനുള്ള അടയാളം. ആ പഞ്ചാബി ട്രെയിൻ ഇറങ്ങിയ ഉടനെ മൂത്രപ്പുരയിലേക്ക് പോകും. പുറകെ പോയി തന്റെ കയ്യിലുള്ള ചെറിയ പൗച്ച് ആ പഞ്ചാബിയെ ഏൽപ്പിക്കണം. ഇതാണ് നന്ദൻ്റെ ദൗത്യം. ആ പൗച്ചിനുള്ളിൽ ചിദംബരത്തെ ഒരു ലോഡ്ജിന്റെ ഒരു മുറിയുടെ താക്കോലും അവിടുത്തെ വിസിറ്റിംഗ് കാർഡും ഒരു വ്യാജ ഐഡന്റിറ്റി കാർഡുമാണുള്ളത്. ഒരു വ്യാജ കമ്പനിയുടെ പേരിൽ ആ ലോഡ്ജിൽ ഒരു മുറി ഒരു മാസത്തേക്ക് ബുക്ക് ചെയ്തിട്ടുണ്ട്. കമ്പനി എക്സിക്യൂട്ടീവുകൾ ഇടയ്ക്കിടെ വന്നു താമസിക്കും എന്നാണ് ലോഡ്ജിൽ അറിയിച്ചിട്ടുള്ളത്. ഐഡി കാർഡും താക്കോലുമായി വരുന്നവരെ ലോഡ്ജ്കാർ ഒരു ചോദ്യവും കൂടാതെ ആ മുറിയിൽ താമസിപ്പിച്ചോളും.

പഞ്ചാബി തൻ്റെ ബാക്ക്പായ്ക്കിൽ കൊണ്ടുവരുന്ന പാഴ്സൽ ആ മുറിയിൽ വെച്ചിട്ട് വൈകുന്നേരത്തോടെ മുറി പൂട്ടി പുറത്തുപോകും. സ്ഫോടന വിദഗ്ധനു വേണ്ടിയിട്ടുള്ള എന്തോ സാധനങ്ങൾ ആണ് ആ പാഴ്സലിനുള്ളിൽ. ചിദംബരത്തെ ഒരു റസ്റ്റോറന്റിൽ വച്ച്, നന്ദൻ കൊടുത്ത പൗച് തിരിച്ച് നന്ദനെ ഏൽപ്പിച്ച് പഞ്ചാബി തൻ്റെ പാട്ടിനു പോകും. പിന്നീട് സ്ഫോടന വിദഗ്ധൻ സൗകര്യം പോലെ ചെന്ന് ആ പാഴ്സൽ എടുത്തുകൊള്ളും. ആ പൗച്ചിലുള്ള താക്കോലിന്റെ ഡ്യൂപ്ലിക്കേറ്റും വ്യാജ ഐഡിയും എല്ലാം സ്ഫോടന വിദഗ്ധന്റെ കയ്യിലുമുണ്ട്. ആരെങ്കിലും പഞ്ചാബിയെ പിന്തുടർന്നു വന്നിട്ടുണ്ടെങ്കിൽ പിടിക്കപ്പെടാതിരിക്കാനുള്ള മുൻകരുതലാണിത്.

പെട്ടെന്ന് നന്ദന് ഒരു ഉൾവിളി . പ്ലാറ്റ്ഫോമിലെ ടീ സ്റ്റോളിൽ ഇരിക്കുന്ന ആൾ തന്നെത്തന്നെ ശ്രദ്ധിച്ചു കൊണ്ടിരിക്കുകയാണോ? നന്ദൻ അല്പം മാറിനിന്ന് ആ ടീ സ്റ്റാൾകാരനെ ശ്രദ്ധിച്ചു നോക്കി. ചിലപ്പോൾ തനിക്ക് തോന്നിയതാവാം. അല്ലെങ്കിൽ തന്റെ അസ്വസ്ഥമായ നടപ്പുകണ്ട് നോക്കിയതാവാം. ഏതായാലും ശ്രദ്ധിക്കണം. ആരൊക്കെ എവിടുന്നൊക്കെ ശ്രദ്ധിക്കുന്നുണ്ടെന്ന് പറയാൻ ഒക്കില്ല. തീവ്രവാദികളെയുംമറ്റും പിടിക്കാൻ എൻ ഐ എയും മറ്റും റെയിൽവേ സ്റ്റേഷനിലും പരിസരങ്ങളിലും ഉണ്ടാവാം. അവർക്കൊക്കെ ഒരു സംശയം തോന്നിയാൽ മതി ഉടനെ കസ്റ്റഡിയിൽ എടുക്കും. നടപ്പും ഇരിപ്പും ഭാവങ്ങളുമെല്ലാം ശ്രദ്ധിച്ചു വേണം. അയാളുടെയടുത്തുചെന്ന് ഒരു ചായ കുടിച്ചാലോ ? നന്ദൻ ആ ടീ സ്റ്റാൾ ലക്ഷ്യമാക്കി നടന്നു.

“ അണ്ണാ ഒരു ചായ”
“ സാർ കേരളത്തിലെവിടെയാണ് ?” ചായക്കടക്കാരൻ ചോദിച്ചു.
“ ങേ, താങ്കൾ മലയാളിയാണോ ?”
“ അതെ സാർ . പാലക്കാടാണ് വീട്. ഇവിടെയെത്തിയിട്ട് പത്തുവർഷമായി. ഈ സ്റ്റാൾ എടുത്തിട്ട് രണ്ടു വർഷമായി. സാർ ഇവിടെ എന്തു ചെയ്യുന്നു.” ചായക്കടക്കാരൻ ചായ ഉണ്ടാക്കുന്നതിനിടയിൽ നിർത്താതെ സംസാരം തുടങ്ങി. ഒരു മലയാളിയെ സംസാരിക്കാൻ കിട്ടിയ സന്തോഷത്തിലാണെന്നു തോന്നുന്നു.

“ ഞാനിവിടെ ചില ബിസിനസ് ആവശ്യത്തിനു വന്നതാണ്.”
“ തിരിച്ചു പോവുകയാണോ ?”
“ അല്ല , ഒരു സുഹൃത്ത് കൂടെ വരാനുണ്ട്. അവനെ വെയിറ്റ് ചെയ്യുകയാണ്.”

“ട്രെയിൻ ലേറ്റ് ആണ്.”
“അതെ അതെ”
“ ഈ വണ്ടി എന്നും ലേറ്റാ”
“തമിഴ്നാട്ടിൽ പൊതുവേ കൃത്യസമയത്ത് ട്രെയിനുകൾ ഓടും എന്നാണല്ലോ കേട്ടിട്ടുള്ളത്.”
“ അങ്ങനെയാണ് സാർ. ഇതൊരു ലോക്കൽ ട്രെയിനാണ്. എന്നും ലേറ്റാ. സാറിൻ്റെ ഫ്രണ്ട് ചെന്നൈയിൽ നിന്നാണോ വരുന്നത്.”
“അതെയതെ”

അപ്പോഴേക്കും ട്രെയിൻ ഉടൻ എത്തുമെന്നുള്ള അറിയിപ്പ് വന്നു. നന്ദൻ ചായയുടെ പണം നൽകിയശേഷം ശുചിമുറി ലക്ഷ്യമാക്കി നടന്നു. പ്ലാറ്റ്ഫോമിന്റെ അങ്ങേ അറ്റത്താണ് ശുചിമുറി. അതിനടുത്തുള്ള ഒരു ബെഞ്ചിൽ നന്ദൻ പോയിരുന്നു.

ട്രെയിൻ എത്തി. അധികം പേരൊന്നും ഇറങ്ങാനും കയറാനും ഇല്ലായിരുന്നു. അതാ ഒരു പഞ്ചാബി ചെറുപ്പക്കാരൻ . മഞ്ഞ ടീ ഷർട്ട് നീല ജീൻസ് നീല ബാക്പായ്ക്ക് . അയാൾ ശുചിമുറി ലക്ഷ്യമാക്കി വരികയാണ്. ശുചിമുറിയുടെ മുന്നിൽ ഇരിക്കുന്നയാൾക്ക് പണം കൊടുത്ത് പഞ്ചാബി അകത്തേക്ക് കയറി. അല്പസമയം വെയിറ്റ് ചെയ്തശേഷം നന്ദനും.

നന്ദൻ ചുറ്റും നോക്കി. ശുചിമുറിയിൽ ആ പഞ്ചാബി അല്ലാതെ വേറെ ആരും ഇല്ല . ഒരു യൂറിനലിൽ പുറം തിരിഞ്ഞു നിൽക്കുകയാണ് അയാൾ. നന്ദൻ അതിനടുത്തുള്ള യൂറിനലിൽ പോയി നിന്നു.

“കോൺട്രാക്ടർ” നന്ദൻ ആരോടെന്നില്ലാതെ പറഞ്ഞു.
“ഉം”
നന്ദൻ ഒന്നും കൂടി ചുറ്റുമൊന്നു നോക്കിയിട്ട് തന്റെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന പൗച്ച് എടുത്ത് നീട്ടി. അത് വാങ്ങി പെട്ടെന്ന് പോക്കറ്റിൽ ഇട്ട് ഒരു ഭാവഭേദവും കൂടാതെ പഞ്ചാബി ശുചിമുറിയുടെ പുറത്തേക്ക് നടന്നു.

(തുടരും)

റെക്സ് റോയി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments