സാഹിത്യകാരനായ ജഗൻ സ്വസ്ഥമായി ഇരുന്ന് എഴുതുവാനായി ഒരു വീട് അന്വേഷിച്ചിറങ്ങി.
കുറേ നാളത്തെ അലച്ചിലിനുശേഷം അയാൾക്ക് ചുരുങ്ങിയ വാടകക്ക് നല്ലൊരു വീട് തരപ്പെട്ടു. അയാൾ ആശ്വസിച്ചു.
ജഗൻ അങ്ങോട്ട് താമസം മാറ്റി. എന്നാൽ അതൊരു പ്രേതബാധയുള്ള വീടാണെന്ന് ജഗൻ അറിഞ്ഞിരുന്നില്ല.
അപമൃത്യുവിന് ഇരയായ ആ വീട്ടിലെ പെൺകുട്ടി ഇന്ദിരയുടെ ആത്മാവ് അവിടെ കറങ്ങുന്നുണ്ടെന്ന് ചായക്കടക്കാരൻ കുട്ടപ്പൻ പറഞ്ഞു. ഉള്ളിൽ തെല്ലു ഭയം തോന്നിയെങ്കിലും മനസ്സിൽ ധൈര്യം സംഭരിച്ചു.
ആ വീട്ടിൽ ഒരുപാട് മുറികൾ ഉണ്ടായിരുന്നു. ശുദ്ധമായ കാറ്റും വെളിച്ചവും വേണ്ടതിലേറെ ഉണ്ടായിരുന്നു. എല്ലാം കൊണ്ടും മനസ്സിന് സന്തോഷം പകരുന്ന അന്തരീക്ഷം. അതിന്നിടയിലാണ് ഒരു പ്രേതം. അയാൾ മുറുമുറുത്തു.
മഞ്ഞുമൂടിയ അന്തരീക്ഷത്തിൽ തങ്ങി നിൽക്കുന്നതു പോലെയുള്ള നക്ഷത്ര കൂട്ടങ്ങളിലേയ്ക്ക് അയാൾ കണ്ണുകൾ പായിച്ചു. അവിടെ തന്റെ പ്രിയപ്പെട്ട അച്ഛന്റേയും അമ്മയുടേയും മുഖം അയാൾ കണ്ടു.
രാപ്പാടികൾ പാടുന്ന ഇലഞ്ഞി വൃക്ഷത്തി ന്റെ ചില്ലകൾ അപ്പോഴും ചലിച്ചുകൊണ്ടിരുന്നു.
ജഗൻ വെറും സാഹിത്യകാരൻ മാത്രമായിരുന്നില്ല, നല്ലൊരു പാട്ടുകാരൻ കൂടിയായിരുന്നു. അയാളുടെ മധുരമായ പാട്ടുകൾ പലയിടങ്ങളിലും സ്ഥാനം നേടി.
അയാൾ ഗ്രാമഫോൺ റെക്കാർഡർ ഓൺ ചെയ്തു. അതിമധുരമായ ഗാനങ്ങൾ ഒഴുകി വന്നു.
അപ്പോൾ അകത്തെ മുറിയിൽ നിന്നും ചിലങ്ക കളുടെ കിലുക്കം. താളാത്മകമായ ആ നാദം അയാളുടെ കർണ്ണപുടങ്ങളിലേക്ക് ഒഴുകിയെത്തി.
അയാൾ എഴുന്നേറ്റ് ആ ചിലങ്കയുടെ ശബ്ദം കേട്ട ദിശ ലക്ഷ്യമാക്കി മെല്ലെ നടന്നു.
ഹൌ എന്തൊരത്ഭുതം.
അതിമനോഹരിയായ ഒരു തരുണീമണി. കണ്ണഞ്ചിപ്പിക്കുന്ന സൗന്ദര്യം. അവൾ പരിസരം പോലും മറന്ന് ആടിതിമർക്കുകയാണ്. അയാൾക്ക് കണ്ണെടുക്കാൻ തോന്നുന്നില്ല. ഇത്രയും നല്ലൊരു നൃത്തം അടുത്തെങ്ങും കണ്ടിട്ടില്ല.
തന്റെ സങ്കല്പത്തിലെ പ്രേതം ഇനി ഇവൾ തന്നെയാണോ?. അത് അയാളിൽ ഒരു ഞെട്ടൽ ഉളവാക്കി.
അന്നത്തെ ദിവസം അയാൾക്ക് ഉറങ്ങാൻ കഴിഞ്ഞില്ല . പേടിപ്പെടുത്തുന്ന ചിന്തകൾ മനസ്സിലൂടെ കടന്നുപോയി. എങ്കിലും ആ നൃത്തം അയാളുടെ കണ്ണിൽ നിന്നും മായുന്നില്ല.
പിറ്റേ ദിവസവും ഈ സംഭവം ആവർത്തിച്ചു. അന്നയാൾ ഉറക്കെ വിളിച്ചു ചോദിച്ചു ഭവതി ആരാണ്? എങ്ങിനെ ഇവിടെ എത്തി.?.
അവൾ പൊട്ടിച്ചിരിച്ചുകൊണ്ട് പറഞ്ഞു ഞാൻ ഇന്ദിര. എന്റെ വീടാണ് ഇത്. ഞാൻ നിങ്ങളെ ഉപദ്രവിക്കില്ല പേടിക്കേണ്ട. ഞാൻ വലിയൊരു നർത്തകിയും ഗായികയുമായിരുന്നു.
നിങ്ങൾ വലിയൊരു ഗായകനും സാഹിത്യ കാരനുമാണെന്ന് ഞാൻ മനസ്സിലാക്കുന്നു. എന്റെ കഥ ഞാൻ നിങ്ങളോട് പിന്നീടൊരിക്കൽ ഞാൻ പറയാം.
ജഗന്റെ ഗ്രാമഫോണി ൽ നിന്നും ഒഴുകിവരുന്ന പാട്ടും ഇന്ദിരയുടെ ചുവടു വെയ്പ്പും കൂടി അവരെ ഉറ്റ സുഹൃത്തുക്കളാക്കി.
അങ്ങിനെ പകലും രാത്രിയും പ്രേതവും ജഗനുമായി സംസാരിച്ചു. അവർ സൗഹൃദത്തിലായി.
തനിച്ചവിടെ കിടക്കേണ്ട പ്രേതം വന്ന് കഴുത്തു ഞെരിച്ചു കൊല്ലുമെന്ന് ആളുകൾ അയാളെ ഭീഷണിപ്പെടുത്തി. ഇതൊന്നും അയാൾ ചെവി കൊണ്ടില്ല എന്നു മാത്രമല്ല ഇന്ദിരയുടെ പ്രേതവും അയാളും കൂടുതൽ കൂടുതൽ അടുത്തു.
എല്ലാവരുടേയും മുൻപിലൂടെ അയാൾ തല ഉയർത്തിപിടിച്ചു നടന്നു. പ്രേതവും ഞാനും കൂട്ടുകാരണെന്നും ആയാൾ അഭിമാനത്തോടെ പറഞ്ഞു.
രണ്ടു നാൾ കഴിഞ്ഞ ഒരുദിവസം അയാൾ എഴുതികൊണ്ടിരിക്കുന്നതിന്നിടയിൽ കറന്റ് പോയി. എങ്ങും ഇരുട്ട് തളം കെട്ടി.
പെട്ടെന്ന് അയാളെ അത്ഭുതപ്പെടുത്തികൊണ്ട് സൂര്യനാളം പോലെ
പ്രഭയുള്ള ഒരു വിളക്ക് കത്തികൊണ്ടിരിക്കുന്നു.
ആരാണ് ഈ വിളക്ക് കൊളുത്തിയത്? ഇതെവിടെ നിന്ന് വന്നു.
അങ്ങിനെ നൂറുനൂറു ചോദ്യങ്ങൾ അയാളുടെ മനസ്സിൽ പൊന്തി വന്നു.
ആ രാത്രി അവൾ ജഗന്നോട് തന്നെ കുറിച്ചുള്ള എല്ലാ കഥകളെല്ലാം പറയുന്നു
ആ വീട്ടിലെ അലമാരിയിൽ സൂക്ഷിച്ചിരുന്ന ഇന്ദിരയുടെ ഡയറി ജഗൻ കണ്ടെടുക്കുകയും അതിൽ അവളെ സ്നേഹിച്ചിരുന്ന “മിഥുൻ” എന്ന ചെറുപ്പക്കാരനെ കുറിച്ചും അവർ തമ്മിലുള്ള ബന്ധത്തെ കുറിച്ചും എഴുതിയിരു
ന്നു. കൂടാതെ അവളെ നിരന്തരം ശല്യപ്പെടുത്തിക്കൊണ്ടിരുന്ന ബന്ധുവായ അശോകിനെ കുറിച്ചും എഴുതിയിരുന്നു.
ഇന്ദിരയെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചു നടന്ന അശോകൻ ആ വിവാഹത്തിലൂടെ അവളുടെ സ്വത്തുക്കൾ കൈക്കലാക്കാമെന്ന് വ്യാമോഹിക്കുന്നു. ആ ആഗ്രഹത്തിനു മിഥുൻ ഒരു തടസ്ഥമായിരുന്നു.
അശോകൻ പലപ്രാവശ്യവും പലവിധത്തിലും മിഥുൻ നെ ഉപദ്രവിക്കാൻ ശ്രമിച്ചിരുന്നു. അതിൽ നിന്നെല്ലാം അവൻ അത്ഭുതകരമായി രക്ഷപ്പെട്ട വിവരവും ആ ഡയറിയിൽ നിന്നും ജഗൻ മനസ്സിലാക്കി.
ഒരു ദിവസം മിഥുൻ തനിക്ക് ജോലി കിട്ടിയ വിവരം ഇന്ദിരയെ നേരിൽ അറിയിക്കാനായി അവളുടെ വീട്ടിൽ എത്തുന്നു. മിഥുൻ വരുന്നത് കണ്ട അശോകൻ പുറകുവശത്ത് കൂടി അടുക്കളയിൽ എത്തി ഇന്ദിര മിഥുൻനായി തയ്യാറാക്കി വെച്ചിരുന്ന ഭക്ഷണത്തിൽ വിഷം കലർത്തുകയും അത് അറിയാതെ കഴിച്ച അയാൾ പിടഞ്ഞു വീണു മരിയ്ക്കുകയും ചെയ്യുന്നു.
സംഭവം അറിയാതെ മുറവിളി കൂട്ടിയ ഇന്ദിരയെ അയാൾ ആക്രമിക്കുകയും എതിർത്തു നിന്ന അവളെ പൊക്കിയെടുത്ത് കിണറ്റിലേയ്ക്ക് വീശി എറിയുകയുമായിരുന്നു. എല്ലാം ഞൊടിയിടയിൽ സംഭവിച്ചു.
അശോകൻ ഇന്ദിരയുടെ വീട്ടിലേയ്ക്ക് ഒളിഞ്ഞും പാത്തും വരുന്നത് കണ്ട രാവുണ്ണി മേനോന്റെ മനസ്സിൽ ചില സംശയങ്ങൾ ഉടലെടുക്കുകയും അയാൾ വീടിന്നുള്ളിലെ ജനാലയിലൂടെ അപ്പുറത്തെ വീട്ടിലേയ്ക്ക് നോക്കി നിൽക്കുകയും ചെയ്തു.
അവിടെ നിന്നു കേട്ട ബഹളവും ഇന്ദിരയുടെ ഉച്ചത്തിലുള്ള നിലവിളിയും കേട്ട അയാൾക്ക് എന്തോ പന്തികേട് തോന്നി. അങ്ങോട്ട് നോക്കാനായി ഇറങ്ങിയ അയാൾ വലിയൊരു ശബ്ദത്തോടെ കിണറ്റിൽ എന്തോ വീഴുന്ന ഒച്ചയും കേട്ടു.
അശോകൻ വീട്ടിൽ നിന്നും ഓടി പോകുന്നതും കണ്ടു.
ഇതിൽ എന്തോ പന്തികേട് തോന്നിയ അദ്ദേഹം ഉടൻ തന്നെ പോലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയും ഉടൻ തന്നെ പോലീസ് ജീപ്പ് ആ വീടിനെ ലക്ഷ്യമാക്കി കുതിച്ചെത്തുകയും ചെയ്തു. കൂട്ടത്തിൽ ജർമ്മൻ ഷെപ്പേർഡ് റാൻഡോയും കൂടെ ഉണ്ടായിരുന്നു.
റാൻഡോ നേരെ ഓടി മിഥുൻ മരിച്ചു കിടക്കുന്ന സ്ഥലത്തെത്തി. അവിടെയെല്ലാം മണപ്പിച്ചു നോക്കി നേരെ കിണറ്റിൻ കരയിലേയ്ക്ക് നടന്ന് മതിലിനു മുകളിലേയ്ക്ക് കാലെടുത്തു വെച്ച് ഉള്ളിലേയ്ക്ക് നോക്കി കുരച്ചു കൊണ്ടിരുന്നു.
അവനെ പിന്തുടർന്ന് കിണറ്റിൻ കരയിൽ എത്തിയ പോലീസ്കാർ കണ്ടത് വെള്ളത്തിൽ പൊങ്ങി കിടക്കുന്ന ഒരു സ്ത്രീയുടെ ശവശരീരമായിരുന്നു. പിന്നെ അത് കരയ്ക്ക് കയറ്റാനുള്ള ശ്രമം നടന്നുകൊണ്ടിരുന്നു.
അമ്മയും അച്ഛനും നഷ്ടപ്പെട്ട ഇന്ദിര വീട്ടിൽ വേലക്കാരി ജാനുവിനോടൊപ്പമാണ് താമസിച്ചിരുന്നത്. ജാനു പുറത്തു പോകുന്നത് കണ്ടാണ് അശോകൻ സംഭവ സ്ഥലത്ത് എത്തിയത്.
പുറത്തുപോയി വരുന്ന ജാനു വരുമ്പോൾ വീടു നിറയെ ആളുകളേയും പോലീസ്കാരേയും കണ്ട് കാര്യമെന്തെന്നറിയാതെ പകച്ചു നിൽക്കുന്നു.
പോലീസുകാർ ജാനുവിനെ ചോദ്യം ചെയ്യുന്നു. ആരിത് ചെയ്തു? നിനക്കിതിൽ പങ്കുണ്ടോ?. എന്തിനീ അറുംകൊല നടത്തി. അവർ ജാനുവിനെ ഭീഷണിപ്പെടുത്തി. അവൾ പൊട്ടിക്കരഞ്ഞു. മനസാ വാചാ അറിയാത്ത കാര്യങ്ങളാണ് തന്നോട് ചോദിക്കുന്നത്. അവളുടെ ദൈന്യതയാർന്ന മുഖം കണ്ട് പോലീസുകാർ മയമായി പെരുമാറി. ഉത്തരം കിട്ടാത്ത നൂറു നൂറു ചോദ്യങ്ങൾ.
നിരപരാധിയായ അവൾ ഈ രംഗങ്ങൾ ക്ക് സാക്ഷിയാകേണ്ടി വന്നതിനാലും തന്റെ കൊച്ചമ്മയുടെ അവസ്ഥയും കണ്ട് പൊട്ടിക്കരയുന്നു. പോലീസ് എന്തിന് തന്നെ സംശയിക്കുന്നു. അവൾ തന്റെ നിരപരാധിത്വം വ്യക്തമാക്കി. കൂടെ തന്നെ അശോകന്റെ ഇടക്കുള്ള വരവിനേയും ഭീഷണിയേയും കുറിച്ചവൾ പറഞ്ഞു.
ഇതിൽ നിന്നും ഒരു കാര്യം അവർക്ക് വ്യക്തമായി. ഈ രണ്ടു കൊലപാതകത്തിന്റെ യും പിന്നിൽ അശോകന്റെ കൈകളാണെന്ന്.
ഇതിന്നിടയിൽ റാൻഡോ നേരെ കുറ്റികാട്ടിലേയ്ക്ക് ഓടി.
അതിലൂടെ മണം പിടിച്ചു നടന്ന അവൻ ചെമ്മൺ പാതയിലേയ്ക്ക് കയറി വടക്കോട്ടു പോകുന്ന ഇടവഴിയിലേക്ക് കയറി മൂന്നാമത്തെ വീട്ടിലേയ്ക്ക് ഓടിക്കയറി. കുരച്ചു കൊണ്ട് അവിടമാകെ മണത്തു നോക്കി നേരെ ബസ്സ് സ്റ്റാന്റിലേയ്ക്ക് ഓടി. ഈ സമയം ആ വീട്ടിൽ ഒരു മദ്ധ്യവയസ്ക മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ഇതിൽ നിന്നും അവർ മനസ്സിലാക്കി കൊലയാളി അശോകൻ തന്നെയാണെന്ന് അവൻ സംഭവം നടത്തി ബസ്സ് കയറി രക്ഷപ്പെട്ടെന്നും മനസ്സിലാക്കി.
പിറ്റേന്ന് പത്രത്തിലും, ടീവിചാനലിലും, ലൈവ് ആയും വാർത്തകൾ വന്നു. ഒന്നു രണ്ടു പോലീസ്കാർ അശോകിന്റെ വീട്ടിലേക്കു തന്നെ മടങ്ങി ചെന്നു. അവർ ആ മദ്ധ്യവയസ്ക്കയെ പല വിധത്തിലും തിരിച്ചും മറിച്ചും ചോദ്യം ചെയ്തു. പക്ഷെ അവർക്ക് യാതൊന്നും അറിയില്ലെന്നു മനസ്സിലായി. ജോലി സംബന്ധമായ കാര്യത്തിന് പുറത്തു പോയിരിക്കയാണ് എന്നാണ് അവർ പറഞ്ഞത്.
അവൻ വന്നാൽ വിവരം അറിയിക്കാൻ പറഞ്ഞു അവർ അവിടെനിന്നും നേരെ രാവുണ്ണി മേനോന്റെ വീട്ടിലേയ്ക്ക് യാത്ര തിരിച്ചു.
പോലീസ്കാർ വരുന്നത് കണ്ട രാവുണ്ണി മേനോൻ മുറ്റത്തേയ്ക്ക് ഇറങ്ങി ചെന്നു. അയാൾ തനിക്കറിയാവുന്നതും, കണ്ടതുമായ എല്ലാ കാര്യവും വിശദീകരിച്ചു.
പോലീസ് ജീപ്പ് അവിടം വിട്ടുപോയി. അത് ഒരു വളവു തിരിഞ്ഞ് മുമ്പോട്ടു കുതിച്ചു. അപ്പോഴാണ് ജീപ്പിന്റെ മുമ്പിലെ ടയർ പഞ്ചറായത്. ഒരു നേർരേഖ പോലെ കിടക്കുന്ന റോഡ്. റോഡിനിരുവശത്തും വൻമരങ്ങൾ വളർന്നു നിൽക്കുന്നു.
റോഡിൽ കൂടി വാഹനങ്ങൾ ഒന്നും കാണുന്നില്ല. എന്തെങ്കിലും വാഹനം വന്നാൽ കൈകാട്ടി നിർത്താം എന്നു കരുതി ഇരിക്കുമ്പോൾ ശക്തമായ ഇടിവെട്ടിയത്. വീശിയടി ച്ച കാറ്റിൽ മരങ്ങളെല്ലാം ആടിയുല യുന്നു.
ആകാശം പൊട്ടിപിളർക്കുന്നതുപോലെ ഒരു മഴ പെയ്തു. അതിശക്തമായ കാറ്റും മഴയും. ജീപ്പിലുള്ളവർ മുഴുവൻ നനഞ്ഞു. മഴവെള്ളം റോഡിലൂടെ
കുതിച്ചൊഴുകി. വെള്ളത്തിൽ കുമിളകൾ ഒലിച്ചിറങ്ങി.
അവർ അല്പനേരം അങ്ങിനെയിരുന്നപ്പോൾ കണ്ടു തലവഴി മൂടിപുതച്ച ഒരു രൂപം ഇരുളിലൂടെ നടന്നു നീങ്ങുന്നു. എല്ലാവരുടേ യും ശ്രദ്ധ ആ വഴിയിലേക്ക് തിരിഞ്ഞു. അവൻ അശോകൻ ആയിരിക്കാമെന്ന് അവർ ഊഹിച്ചു.
പിന്നെ ഒട്ടും താമസിച്ചില്ല ജീപ്പിൽ നിന്നും ഇറങ്ങി അവർ സംഘം ചേർന്ന് വഴിയുടെ ഓരോ മൂലയിലും നിന്നു. ചിലർ അശോകിന്റെ വീട്ടിലേയ്ക്ക് നടന്നു.
അവിടമാകെ പോലീസ് വലവിരിച്ചിരിക്കുന്ന വിവരം അവൻ അറിഞ്ഞില്ല.
അകത്ത് അടക്കിപ്പിടിച്ച സംസാരവും മദ്ധ്യവയസ്കയുടെ തേങ്ങലിന്റെ ധ്വനിയും കേൾക്കുന്നു. ഒരാൾ മെല്ലെ ജനലിലൂടെ എത്തി നോക്കി. അത് അശോകൻ തന്നെയാണെന്ന് ഉറപ്പ് വരുത്തി.
പെട്ടെന്ന് ആ പോലീസുകാരൻ വിസിൽ മുഴക്കി. പോലീസ് വീടു മുഴുവൻ വളഞ്ഞു. രക്ഷപ്പെടാൻ ശ്രമിച്ച അവനെ കയ്യിൽ വിലങ്ങണിയിച്ച് അവർ പോലീസ് ജീപ്പിൽ കയറ്റി. ആ വാഹനം പോലീസ് സ്റ്റേഷനിലേയ്ക്ക് കുതിച്ചു.
സ്റ്റേഷനിൽ എത്തിയ അവനെ അവർ മാറി മാറി കൈകാര്യം ചെയ്തു. വേദനകൊണ്ടു പുളഞ്ഞ അവൻ ഒടുവിൽ കുറ്റസമ്മതം നടത്തി. അവനെ ലോക്കപ്പിൽ ഇട്ടടച്ചു.
ഈ അറുംകൊലയുടെ ചരിത്രം കേട്ടറിഞ്ഞ ജഗൻ ആ വീട്ടിൽ നിന്നും മടങ്ങിപോകാൻ തയ്യാറായില്ല. അയാൾ മനസ്സിലാക്കിയിരുന്നു ഇന്ദിരയോ മിഥുനോ ഒരിക്കലും തനിക്കൊരു ശല്യമാകില്ലെന്ന്. അയാൾ അവരുടെ കഥ തന്റെ തൂലിക തുമ്പിലൂടെ പുറലോകത്തെ അറിയിച്ചു.
രണ്ടു മാസം കഴിഞ്ഞപ്പോൾ അശോകിനെ തൂക്കികൊല്ലാനുള്ള ഉത്തരവ് കോടതി പ്രഖ്യാപിച്ചു. ആ കാഴ്ച കാണാൻ ഒരു വൻ ജനാവലി തന്നെ കാത്തു നിന്നിരുന്നു. അതോടെ കഥയ്ക്ക് തിരശീല വീഴുന്നു.