Logo Below Image
Saturday, July 19, 2025
Logo Below Image
Homeകഥ/കവിതപൂമ്പാറ്റ (കഥ) ✍ശ്രീ മിഥില

പൂമ്പാറ്റ (കഥ) ✍ശ്രീ മിഥില

ശ്രീ മിഥില

ദിവ്യമായ ഏകാന്തതയിലലിഞ്ഞ വിവാഹസ്വപ്‌നങ്ങൾ കല്ലിൽ കെട്ടിയിട്ടപ്പോൾ ഹൃദയം വേദനയിൽനിന്ന് കവിതകളിലേക്ക് ഊഞ്ഞാലാടി.
തേൻമണക്കുന്ന പുതപ്പുകൾ
മഞ്ഞിൽ വരച്ച ചിത്രങ്ങളായി.
നീലിമയുടെ കണ്ണുകൾ ഈറനായി. “നീലിമേ”…..
അയാളുടെ ആക്രോശം ഞെട്ടലുണ്ടാക്കി അവളിൽ. സ്വപ്നം കൂടുകൂട്ടിയ മിഴികളിൽ നീർ തുളുമ്പി. മൂക്കിന്റെ തുമ്പിൽ വർണ്ണരാജിവിരിയിച്ച്‌ അവൾ വിറകൊണ്ടു.
“വരാൻ വൈകും. നീ കിടന്നോണം.” എന്നും അങ്ങനെയല്ലേ പ്രത്യേകിച്ച് പറയാനെന്താ. മനസ്സിൽവന്നത് പറയാതെ നാവ് കെട്ടിയിട്ടു.
പകൽ നീങ്ങാതെവന്നപ്പോൾ വെറുതെ പുറത്തിറങ്ങി. നടപ്പ് ഒരാശ്വാസം തന്നെ.
‘ആത്മാവിലെ വസന്തമേ നീയെന്നിലെ ശിശിരത്തിൽപോലും പൂ വിരിയിക്കുന്നു.
സന്ധ്യാകുങ്കുമം വിരൽത്തുമ്പാൽ തൊട്ടെടുത്തു നിന്നെ ഞാനണിയിക്കും
നീ കുറിക്കുന്ന കുറിമാനങ്ങളിലെ
അനുരാഗവർണ്ണംകണ്ടെന്റെ കവിൾത്തടം തുടുക്കുന്നു.’
മനസ്സിൽത്തെളിഞ്ഞ കവിത അവൾ ആരോടെന്നില്ലാതെ മൊഴിഞ്ഞു. നടപ്പ് സ്ഥിരമാക്കിയപ്പോൾ കൂട്ടുകൾ അറിയാതെ വന്നു. ഒപ്പംനടന്ന ആളിനോട് മനസ്സുതുറന്നു. കോഫിഷോപ്പിൽ പോയി വിരസതയകന്നു. ജീവിതം മനോഹരമാകുന്നപോലെ തോന്നി.
പെട്ടിയിൽ സൂക്ഷിച്ച ചിലങ്കകൾ അന്ന് ആദ്യമായി അണിഞ്ഞുനോക്കി. നൃത്തമാടി തളർന്നുമയങ്ങുമ്പോൾ സ്വപ്നത്തിൽ പൂവിൽ ചിത്രംവരയ്ക്കുന്ന ചിത്രശലഭങ്ങളെക്കണ്ടു മനസ്സ്തുള്ളി.
ഡൈനിങ്ടേബിളിൽ ഒറ്റയ്ക്കിരുന്ന് ഭക്ഷണംകഴിക്കുന്ന അയാളെക്കണ്ട് തെല്ലുഭയന്ന് അവൾ അയാളുടെ അടുത്തേക്ക് നടന്നുനീങ്ങി. ചിലങ്കയുടെ ശബ്ദം അയാളെ അസ്വസ്ഥനാക്കി. “എന്തിനാ ഇതൊക്കെ കെട്ടി നടക്കുന്നത്. നിനക്ക് ഭ്രാന്തുണ്ടോ?”

“അതുപിന്നെ ഞാൻ ഡാൻസ് പ്രാക്ടീസ് ചെയ്യുകയായിരുന്നു. ഇടയ്ക്ക് ഉറങ്ങി പ്പോയി.”
” ശരി ശരി ഊരിവെക്കൂ.”
അയാൾ തിരക്കിട്ടു മുറിയിലേക്ക് പോയി. ഇയാൾ എന്തിനാ ഇങ്ങനെ തിരക്കിടുന്നത് എപ്പോളും. അവൾക്ക് മനസ്സിലായില്ല.
മേലുകഴുകിവന്നു ഭക്ഷണം കഴിച്ച് അവൾ ചില കവിതകൾ കേട്ടിരുന്നു.
ആ കവിതകൾ ഇങ്ങനെയായിരുന്നു. ‘നിന്നെ ധ്യാനിക്കുമ്പോൾ എന്നിൽ പൂനിലാവുറയുകയും താരുണ്യം മൊട്ടിടുകയും ചെയ്യുന്നു.
കാലത്തിനക്കരെ കാണുന്നനേരത്ത് നിനക്കു നൽകാൻ ഒരു ചുംബനപരാഗം ഞാൻ സദാ കാത്തുവെക്കുന്നു.’
പണ്ടു കവിതപാടിനടന്ന സാഹുവിനെ ഒരു നിമിഷം അവളോർത്തു.
ഈ കവിതകൾ അത്രയ്ക്ക് പോരാ. അവൾ മനസ്സിൽ ഓർത്തു.

ഉറക്കത്തിലെപ്പോളോ മുറിയിൽവന്നു കിതച്ചുമടങ്ങുന്ന അയാളെ അവൾ അറപ്പോടെ, നോക്കാതെ കണ്ണടച്ചു.
വീണ്ടും കുളിച്ചു. കിടക്കുമ്പോൾ ശരീരം നീറുന്നുണ്ടായിരുന്നു.
നടക്കാൻ പോകാതെ അടുത്തദിവസം വീടിനുപുറത്തു ജീവൻ തുടിക്കാത്ത അന്യദേശച്ചെടികൾക്ക് അവൾ വെള്ളംപകർന്നു. തൊടിയിലെ പൂച്ചവാലൻ വാലാട്ടുന്നതോർത്തു അവൾ പുഞ്ചിരിച്ചു.

ഗേറ്റ്തുറന്നുവന്ന കൂട്ടിനെ അവൾ വീട്ടിലേയ്ക്ക് ക്ഷണിച്ചു. “ഇന്ന് കണ്ടില്ല നടക്കാൻ.”
” ഇന്ന് സുഖം തോന്നിയില്ല. അതുകൊണ്ട് ഇറങ്ങിയില്ല.”
ചായംതേക്കാത്ത ചുണ്ടുകൾ പതിയെ പറഞ്ഞു.
“വരൂ എന്തെങ്കിലും കുടിക്കാം.” സോഫയിലിരുന്ന കൂട്ടിനോട് അവൾ വാചാലയായി. നൃത്തം, സംഗീതം, സാഹിത്യം
കൂട്ടിന്റെ അറിവും നൃത്തത്തോടുള്ള അഭിനിവേശവും അവളെ ആവേശഭരിതയാക്കി.ചിലങ്കയണിഞ്ഞ പാദങ്ങളിൽ സ്വരങ്ങൾ ചിതറി. ഒരു നവരാത്രിമണ്ഡപത്തിന്റെ നിറദീപങ്ങൾ മനസ്സിൽ നിറമാലയായി.അടുത്ത ദിവസം കൂട്ടിനോടൊപ്പം നടക്കുമ്പോൾ പൊട്ടിച്ചിരികൾ നടപ്പാതയിൽ ചിലമ്പിച്ചു.

ഡിവോഴ്സ് നോട്ടീസ്കിട്ടി നാട്ടിലേക്ക് പോകുംമുൻപേ ചിലങ്കകൾ കൂട്ടിനു നൽകി. നൃത്തത്തിലെ പുതിയ സാധ്യതകളെക്കുറിച്ച് വാചാലനായ കൂട്ട് എയർപോർട്ടിൽ അവളെ യാത്രയാക്കി പോയി. ചിത്രശലഭങ്ങൾ ചിത്രംവരയ്ക്കുന്ന പൂക്കളെ സ്വപ്നംകണ്ട് അവൾ കണ്ണടച്ചിരുന്നു.
ഹിന്ദുസ്ഥാനിയും കർണ്ണാട്ടിക്കും ചേർന്നുള്ള ഒരു ഗംഭീര നൃത്തശിൽപ്പമായിരുന്നു അവളുടെ മനസ്സിൽ.നെടുമ്പാശേരിയിൽ അച്ഛൻ എത്തിയിരുന്നു. അച്ഛന്റെ ചുമലിൽചാഞ്ഞു നെടുവീർപ്പിടുമ്പോൾ അവൾ പഴയ പൂമ്പാറ്റയായി. അച്ഛന്റെ പൂമ്പാറ്റ. ‘പുലർകാല സുന്ദര സ്വപ്നത്തിൽ ഞാനൊരു പൂമ്പാറ്റയയൊന്നു മാറി’
അച്ഛന്റെ നെഞ്ചോട്പറ്റിച്ചേർന്ന് ആ ഇഷ്ടഗാനം അവൾ മൂളി.

✍ശ്രീ മിഥില

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ