ശ്യണു സുമുഖി!
സുരസുഖ പരേ!
ശുദ്ധേ! ഭുജംഗമാതാവേ!
നമോസ്തുതേ
ശരണമിഹ ചരണസരസിജ യുഗളമേവതേ
ശാന്തേ ശരണ്യേ!
നമസ്തേനമോസ്തുതേ….
അടുത്തുള്ള ക്ഷേത്രത്തിൽ രാമായണപാരായണം നടത്താൻ ഭാര്യ പൂജാമുറിയിൽ ഇരുന്ന് അന്നത്തെ ഭാഗം വീണ്ടും വീണ്ടും ചൊല്ലി പഠിക്കുകയാണ്. അതുകേട്ട് ഭക്തിപൂർവ്വം സോഫയിൽ ഇരുന്ന് ടീപോയിൽ കാലും നീട്ടി വെച്ച് മുട്ടുവേദനയ്ക്കുള്ള വേദനസംഹാരി തേച്ചു പിടിപ്പിക്കുമ്പോൾ ആണ് ‘അരികിൽ നീ ഉണ്ടായിരുന്നെങ്കിലെന്ന് ഒരു മാത്ര വെറുതെ നിനച്ചു പോയി’ എന്ന മൊബൈലിന്റെ കിളിനാദം ശശിധരന്റെ ശ്രദ്ധ ക്ഷണിച്ചത്. കർക്കിടക കുളിരിൽ വാതത്തിന്റെ അസ്കിത കലശൽ ആണ്. അസ്വസ്ഥതയ്ക്ക് തെല്ല് ഒരു ആശ്വാസം എന്നോണം ചെല്ല കിളിയുടെ ശബ്ദം. സർ….. ഇത് ഹോളിഡേയ്സ് ടൂർസ് ആൻഡ് ട്രാവൽസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിൽ നിന്ന് അഞ്ജലിയാണ്. അഞ്ജലി ആണെങ്കിലും ആറെലി ആണെങ്കിലും കുഴപ്പമില്ല എന്ന് മനസ്സിൽ പറഞ്ഞു.
“ങ്ഹ പറഞ്ഞോളൂ”
“കൺഗ്രാജുലേഷൻസ് സർ! സാറിനും ഫാമിലിക്കും ഓണം വെക്കേഷൻ ഉള്ള ഒരു പാക്കേജ് ടൂർ സമ്മാനമായി കിട്ടിയിട്ടുണ്ട്. തിരുവനന്തപുരത്ത് വെച്ച് ഒരു ചടങ്ങ് ഉണ്ട്.അതിൽ പങ്കെടുത്ത് സമ്മാനം സ്വീകരിക്കാവുന്നതാണ്.
എങ്ങോട്ടേക്ക് ഉള്ള യാത്രയ്ക്കുള്ള സമ്മാനം ആണ് അടിച്ചിരിക്കുന്നത് ആകാംക്ഷയോടെ ശശിധരൻ ചോദിച്ചു.
ഡെസ്റ്റിനേഷൻ സാറിന് തിരഞ്ഞെടുക്കാം എന്ന് ചെല്ലക്കിളി. സിംലാ,ഗോവ, നൈനിറ്റാൾ, കാശ്മീർ, കുളു വാലി തുടങ്ങിയ പല സ്ഥലങ്ങളും ഉണ്ട് സാർ. ഭാര്യയുമായി ടൂർ ഒക്കെ പോകാറുണ്ടോ സർ?
സദ്യ ഉണ്ണാൻ ആരെങ്കിലും പൊതിച്ചോറും കൊണ്ടുപോകുമോ തങ്കകിളി എന്നാണ് പറയാൻ വന്നതെങ്കിലും റിട്ടയർ ചെയ്ത ഒരു സർക്കാർ ഉദ്യോഗസ്ഥൻ അല്ലേ ഡീസൻസി കൈവിടരുത് എന്ന് മനസ്സ് പറഞ്ഞതു കൊണ്ട്, പിന്നില്ലേ എല്ലാവർഷവും പോകാറുണ്ട് ഇത്തവണ നിങ്ങളുടെ ചെലവിൽ ആകട്ടെ വളരെ സന്തോഷം. എവിടുന്നാണ് എൻറെ ഫോൺ നമ്പർ കിട്ടിയത് എന്ന് ചോദിച്ചു. അത് സാറിൻറെ ഇതുപോലെ സമ്മാനം അടിച്ച് പോയ സാറിൻറെ ഒരു സുഹൃത്ത് തന്നതായിരുന്നു അത്രേ! അത് ആരാണപ്പാ തന്റെ അത്രയും വലിയ ഒരു അഭ്യുദുയകാംക്ഷി? തിരുവനന്തപുരത്ത് വച്ച് നടത്തുന്ന ആ ചടങ്ങിന്റെ തീയതിയും സമയവും സ്ഥലവും പുറകെ അറിയിക്കാം.
“ഞങ്ങൾ രണ്ടുപേരുംകൂടി അവിടെ വരാം. മക്കൾ ആരും ഇവിടെയില്ല. അവർ വിവാഹിതരും കുടുംബമായി അവർ കേരളത്തിൽ തന്നെ മറ്റു രണ്ട് ജില്ലകളിലെ സർക്കാർ ഉദ്യോഗസ്ഥരാണ്” എന്ന് അറിയിച്ചു.
രണ്ടുപേർക്കും അറുപതിന്റെ ചൊറിച്ചിൽ തുടങ്ങിയതുകൊണ്ട് വീട്ടിൽ തന്നെ ഞങ്ങൾ എല്ലാസമയവും നേരെ കണ്ടാൽ വഴക്കും വയ്യാവേലിയും ആണ്. ഇനി ഈ തർക്കശാസ്ത്ര ബിരുദം നേടിയവളെയും കൊണ്ട് കുളു വാലി വരെ പോയി സംഗതി കുളമാക്കാൻ എനിക്ക് എന്താ ഭ്രാന്ത് ഉണ്ടോ എന്ന് മനസ്സിലോർത്തു ആദ്യം. പിന്നെ കുറച്ചു കഴിഞ്ഞപ്പോൾ മറ്റൊരു ചിന്ത വന്നു. ഏതുസമയവും അവൾക്ക് എന്നെ മാത്രം ഒരിടത്തും കൊണ്ടുപോയില്ല എന്ന പരാതിയാണ്. കൂട്ടുകാരികളൊക്കെ അവരുടെ പെൺമക്കളുടെ പ്രസവം വരുമ്പോഴോ അല്ലെങ്കിൽ ബാങ്ക് ഉദ്യോഗസ്ഥരായ മക്കൾ അവരുടെ മാതാപിതാക്കളെ ഫ്രീയായി വിദേശത്തേക്ക് കൊണ്ടുപോകുന്നതായി പറഞ്ഞുള്ള അവളുടെ പരാതി ഇതോടെ തീർത്തേക്കാം എന്ന് കരുതി ശശിധരൻ നായർ.
എല്ലാം ഫ്രീ ആണല്ലോ അങ്ങനെ ആശ്വസിച്ചു. മുട്ടിലെ വാതത്തിനു എന്തെങ്കിലും ചെയ്യാം. കാലിൽ പട്ടീസ് ചുറ്റി പോകാം എന്ന് മനസ്സിൽ തീരുമാനിച്ചു. ചിങ്ങമാസത്തിൽ ആയിരിക്കും അത്രേ യാത്ര. അപ്പോൾ കാൽ ശരിയാകാനും മതി.
ഭാര്യയോട് ഒന്നും പറയാൻ പോയില്ല. അവളോട് പറയുന്നതും പത്രത്തിൽ വാർത്ത കൊടുക്കുന്നതും ഒരുപോലെയാണ്. പിന്നെ എന്തെങ്കിലും കാരണം കൊണ്ട് പോകാൻ പറ്റിയില്ലെങ്കിൽ വീടും പൂട്ടി ഏതെങ്കിലും ലോഡ്ജിൽ മുറിയെടുത്തു ഒളിച്ചു താമസിക്കേണ്ടി വരും.
അപ്പോഴാണ് ഭാര്യാസമേതം സമ്മാനം കിട്ടി യാത്ര പോയ ഒരു സുഹൃത്തിൻറെ പേര് ശശിധരന് ഓർമ്മ വന്നത്. ഉടനെ അയാളെ വിളിച്ച് ഇവിടെ നടന്ന സംഭവം ഒക്കെ പറഞ്ഞു. നീ പണ്ട് സമ്മാനം അടിച്ചു സിംഗപ്പൂർ പോയിരുന്നല്ലോ അതിൻറെ കാര്യം ഒക്കെ ഒന്ന് പറഞ്ഞു തരാമോ എന്ന് ചോദിച്ചു.
ചോദ്യം ചോദിച്ചത് മാത്രമേ ഓർമ്മയുള്ളൂ പിന്നെ ഒരു മണിക്കൂർ കഴിഞ്ഞാണ് സുഹൃത്ത് ഫോൺ കട്ട് ചെയ്തത്. അതിന്റെ രത്ന ചുരുക്കം ഇതായിരുന്നു.
“അയ്യോ! സാറെ പോകല്ലേ. അത് വെറും തട്ടിപ്പാണ് ഇതുപോലെ സമ്മാനം അടിച്ചു എന്നും പറഞ്ഞു എനിക്കും ഫോൺ വന്നു. ആ സമയം ഞാൻ ഓഫീസിൽ ആയിരുന്നു. സന്തോഷംകൊണ്ട് എല്ലാവരോടും പറഞ്ഞപ്പോൾ തന്നെ ലഡു വിതരണം നടത്തി. ലഡ്ഡു തിന്നു കഴിഞ്ഞു രണ്ടു ദിവസം കഴിഞ്ഞപ്പോൾ സാറേ ചെലവ് ചെയ്യണം ഇത് പള്ളിയിൽ പോയി പറഞ്ഞാ മതി എന്നും പറഞ്ഞ് ഹോട്ടലിൽ കോക്ക്ടയിൽ ഡിന്നർ നടത്തണമെന്ന് പുരുഷ സുഹൃത്തുക്കൾ. അതും അന്തസ്സായി നടത്തി. പോകേണ്ട ദിവസം അടുത്തു വന്നു. അപ്പോഴാണ് അവർ പറയുന്നത് ടിക്കറ്റിന്‍റെ പൈസ നിങ്ങൾ തരണം. സിംഗപ്പൂർ ഹോട്ടലിൽ താമസം ഫ്രീ ആണെന്ന് മാത്രം. പുറത്തു നിന്ന് നമ്മൾ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ അവർ തരാറുള്ള ഡിസ്കൗണ്ട് ഇവർ തരില്ല. പകരം ആ കാശ് കൂടി ടിക്കറ്റിന് എന്നും പറഞ്ഞ് എടുത്ത് താമസസ്ഥലത്ത് ഫ്രീയായി താമസിപ്പിക്കും. ഭക്ഷണവും നമ്മൾ തന്നെ വഹിക്കണം. അത്രയേ ഉള്ളൂ അതിൻറെ കാര്യം. തട്ടിപ്പിന്റെ വ്യാപ്തി ഇവിടെ നിന്നുതന്നെ ഞാൻ മനസ്സിലാക്കിയെങ്കിലും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും മുമ്പിൽ പിടിച്ചു നിൽക്കാൻ അമ്മയുടെ മുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് മാറ്റിവച്ചിരുന്ന കാശെടുത്ത് ചെലവാക്കി ഭാര്യാസമേതനായി സിംഗപ്പൂർ യാത്ര നടത്തി തിരികെ വന്ന് ഹതഭാഗ്യനായ കഥ സുഹൃത്ത് വിവരിച്ചുകൊടുത്തു.
അമ്മയ്ക്ക് മുമ്പേ നിശ്ചയിച്ച ഡേറ്റിൽ തന്നെ ശസ്ത്രക്രിയ നടത്തിയിരുന്നു. അതിന് എടുത്ത ലോണിന്‍റെ പലിശ താനിപ്പോഴും അടച്ചു കൊണ്ടിരിക്കുകയാണ് എന്ന്. ഫോൺ സംഭാഷണം അവസാനിപ്പിച്ചു ക്ഷേത്രത്തിലേക്ക് പോയി കഴിഞ്ഞിരുന്ന ഭാര്യയുടെ പൂജാമുറിയിൽ ചെന്ന് ഒന്നു കൂടി വിളക്ക് കത്തിച്ചു വച്ച് രാമായണ പുസ്തകം തുറന്ന് അതിൻറെ ബാക്കി ഭാഗം മുഴുവൻ വായിച്ചു തീർത്തപ്പോഴാണ് സമാധാനമായത്.
നിർമലഗാത്രിയാം ജാനകി സന്തതം
ത്വരിതമവൾ
ചരിതമുടനവ നൊടറിയിക്ക
പോയംബുധിയും കടന്നംബരാ ന്തേ ഭാവൻ………
ലഘു മധുര വചനമിതി ചൊല്ലി മറിഞ്ഞതു ലങ്കയിൽ നിന്ന് വാങ്ങീ മലർ മങ്കയും.
വിളക്ക് അണച്ചു പുസ്തകം അടച്ചുവച്ചു സുഹൃത്തിനെ വിളിച്ചു ചോദിക്കാൻ പ്രചോദനം നൽകിയ ദേവിക്കും ഒപ്പം ഭക്തയായ ഭാര്യയേയും മനസിൽ ഒന്ന് കൈകൂപ്പി മുട്ട് വലിച്ചു വലിച്ചു പതുക്കെ നടന്നു വന്ന് സോഫയിൽ തന്നെ അമർന്നിരുന്നു.
പാക്കേജ് ടൂർ എന്ന് പറഞ്ഞാൽ നമ്മൾ തന്നെ കാശു മുടക്കിയാൽ അഞ്ജലി എല്ലാംകൂടി ഒരു പാക്കറ്റിലാക്കി തരും. 😜 അത്രതന്നെ!🥰😀