താമസിച്ചാണ് റിസ ഉണർന്നത് . ആരോ കോളിംഗ് ബെല്ലടിക്കുന്നുണ്ട് . രാത്രി ഏറെ വൈകിയിട്ടും കാണാതിരുന്ന ഭർത്താവ് അരുണിനെ മൊബൈലിൽ വിളിച്ചിട്ട് കിട്ടാത്തതിന്റെ ടെൻഷൻ ഉറക്കം കളഞ്ഞു എന്നുള്ളതാണ് വാസ്തവം. ആ സമയത്ത് കൂട്ടുകാരെ വിളിച്ച് ശല്യപ്പെടുത്തേണ്ട എന്ന് കരുതിയെങ്കിലും അരുണിന്റെ മാതാപിതാക്കളെ വിളിച്ചു വിവരം പറഞ്ഞു . ഇന്നത്തെ കാലമല്ലേ? ഒന്നും പറയാൻ പറ്റില്ലല്ലോ. ചാനലുകളും പത്രങ്ങളും അത്രയ്ക്ക് പേടിപ്പിക്കുന്നുണ്ട്? അതുകൊണ്ടാണ് റിസ അങ്ങനെ ചെയ്തത് . മൂന്ന് കിലോമീറ്റർ അപ്പുറം താമസിക്കുന്ന അച്ഛൻ സമാധാനിപ്പിച്ചിരുന്നു.
” നേരം വെളുക്കട്ടെ . നമുക്ക് അന്വേഷിക്കാം. അതുവരെ അവൻ വരുന്നോ എന്ന് കാത്തു നോക്കാം .”
” അങ്ങനെ വരാതിരിക്കുന്ന ആളൊന്നുമല്ലച്ഛാ, അരുൺ. ” ഗദ്ഗദത്തോടെ റിസ പറഞ്ഞ വാക്കുകളിൽ അപ്പോഴത്തെ മുഴുവൻ ടെൻഷനും ഉണ്ടായിരുന്നു .
“വാതിൽ അടച്ച് കുട്ടികളെയുമായി നീ ഉറങ്ങാൻ നോക്ക് . ഏതായാലും നേരം വെളുക്കട്ടെ .”
അച്ഛൻറെ ഉറച്ച വാക്കുകൾ കുറച്ചെങ്കിലും ധൈര്യം തന്നു എങ്കിലും ഓരോന്നാലോചിച്ച് ഉറങ്ങാതെ കിടന്നു.
പുലർച്ചെ എപ്പോഴാേ ആണ് ഒന്നുറങ്ങിയത് .
കോളിംഗ് ബെൽ വീണ്ടും ശബ്ദിച്ചു. അരുൺ വരും എന്ന് കരുതി ഗേറ്റ് പൂട്ടാതെയാണ് കിടന്നതും . കാളിംഗ് ബെൽ അടിക്കുന്നത് അരുൺ ആയിരിക്കും എന്ന ചിന്ത റിസയുടെ മനസ്സിന് ആശ്വാസം പകർന്നു.
തിടുക്കത്തിൽ വാതിൽ തുറന്നപ്പോൾ മുന്നിൽ അച്ഛൻ ചിരിച്ചു നിൽക്കുന്നു .
“അവൻ വന്നാേ? ഏതായാലും നീ വേഗം പോയി ഒരു വടി എടുത്തുകൊണ്ടു വാ. ഞാൻ വന്നത് നല്ല നേരത്താ . വരാന്തയിൽ ഒരു പാമ്പ് കിടക്കുന്നു . ”
പേടിച്ച് റിസയും കുട്ടികളും പുറത്തേക്കിറങ്ങിയില്ല .നീണ്ട നല്ലൊരു ചൂരൽ വടി അവൾ അച്ഛൻറെ കയ്യിൽ കൊടുത്തു.
“സൂക്ഷിക്കണേ അച്ഛാ. അടി കൊള്ളുമ്പോൾ ചിലപ്പോൾ പത്തി ഉയർത്തിയേക്കാം. വേഗത്തിൽ ഇഴഞ്ഞ് അടുത്തേക്ക് വരാൻ സാധ്യതയുണ്ട്.ഞാനാരെയെങ്കിലും കൂടി സഹായത്തിന് വിളിക്കട്ടെ ?” റിസ ചോദിച്ചു.
“വേണ്ട! ഈ പാമ്പിന് ഇപ്പോൾ വിഷമില്ല . എന്നാൽ വിഷം കൂടുന്നതിന് മുമ്പ് തല്ലി പതം വരുത്തണം.” അതും പറഞ്ഞു അച്ഛൻ വരാന്തയിലേക്ക് നടന്നു . കുട്ടികളും റിസ യും പതുങ്ങിപതുങ്ങി അകലം പാലിച്ച് പിറകേ.
“ദേ കിടക്കുന്നു, കുടിച്ച് തീരാത്ത കുപ്പിയുമായി, ചുരുണ്ട പാമ്പ് പോലെ അരുൺ . ഒന്നും ചോദിക്കാതെ അച്ഛൻറെ കയ്യിലിരുന്ന ചൂരൽ അവൻറെ തുടയിൽ ആഞ്ഞു പതിച്ചു . ഞെട്ടി ഉണർന്ന അരുൺ വീണ്ടും പാമ്പായി ഇഴഞ്ഞു.