ഒരു ജന്മം കൂടി പിറന്നിടേണം അത്-
കാടിന്റെ മകളായ് പിറന്നിടേണം.
നാട്ടു മൃഗങ്ങൾ തൻ കണ്ണിൽ പെടാതെ
കാട്ടുചോലതൻ താരാട്ട് കേട്ട്
കാടിന്റെ മടിയിൽ മയങ്ങിടേണം!
മലിനമല്ലാത്തൊരാ ശുദ്ധജലം
അമൃതുപോലെന്നും നുകർന്നിടേണം!
സ്വാതന്ത്ര്യത്തിന്റെ ജീവശ്വാസം
മതിവരുവോളം അറിഞ്ഞിടേണം!
കള്ളവും, ചതിയും എന്തെന്നറിയാത്ത
കാടിന്റെ മകളായ് വളർന്നിടേണം!
പൂക്കളും പുഴകളും ചെറുതളിരിലകളും
എൻ കാതിൽ കിന്നാരം ചൊല്ലിടേണം!
“ചിലു ചിലെ കരയുന്ന
കുഞ്ഞിക്കിളികളും
തുള്ളിക്കളിക്കുന്ന പുള്ളിമാനും
പൂക്കളെ പ്രണയിക്കും പൂമ്പാറ്റയും
പൂപോലഴകുള്ള പൊൻമയിലും
എൻ തോഴരായി കളിച്ചിടേണം!”
ഒരു ജന്മം കൂടി പിറന്നിടേണം
എനിയ്ക്കീ കാടിന്റെ മകളായ്
വളർന്നിടേണം!