Sunday, November 24, 2024
Homeകഥ/കവിതനാടോടുമ്പോൾ (നർമ്മകഥ) ✍ മേരി ജോസി മലയിൽ, തിരുവനന്തപുരം.

നാടോടുമ്പോൾ (നർമ്മകഥ) ✍ മേരി ജോസി മലയിൽ, തിരുവനന്തപുരം.

മേരി ജോസി മലയിൽ, തിരുവനന്തപുരം.

“പുതിയ കുടുംബത്തിൻ കതിരുകൾ ഉയരുന്നു…. തിരുസഭ വിജയത്തിൽ തൊടുകുറി അണിയുന്നു…..
നവദമ്പതിമാരെ ഭാവുകം അരുളുന്നു……”
എന്ന ഭക്തിഗാനം സ്പീക്കറിലൂടെ കേട്ടപ്പോൾ ടീച്ചറുടെ മനസ്സിലേക്ക് വന്നത് മാതാപിതാക്കളുടെ നടുവൊടിയുന്നു എന്നുകൂടി ചേർക്കേണ്ടത് ആയിരുന്നു എന്നായിരുന്നു. 🥰😜

കുടുംബ സുഹൃത്തിൻറെ മകളുടെ അഞ്ചുദിവസത്തെ വിവാഹ ആഘോഷങ്ങളിൽ പങ്കെടുത്ത് നെഞ്ചത്ത് ഒരു തീക്കട്ടയും ആയാണ് ശ്രീദേവി ടീച്ചർ സ്വന്തം വീട്ടിൽ തിരിച്ചു വന്നു കയറിയത്.

“ഈശ്വരാ തൻറെ മകളുടെ അതേ പ്രായക്കാരിയുടെ വിവാഹാഘോഷങ്ങളിലായിരുന്നല്ലോ പങ്കെടുത്തത്. ഇതിൻറെ നാലിലൊന്ന് പകിട്ടിൽ തൻറെ മകളുടെ കല്യാണം നടത്താൻ പറ്റുമോ? ആലോചിക്കുന്തോറും ടീച്ചറുടെ മനസ്സ് വേപഥു പൂണ്ടു.എട്ടും പത്തും വയസ്സുള്ള രണ്ട് പെൺ മക്കളെ നന്നായി വളർത്തി പഠിപ്പിച്ച് ഉദ്യോഗസ്ഥകൾ ആക്കണമെന്നും പറഞ്ഞു മരണക്കിടക്കയിൽ നിന്ന് ഭർത്താവ് തന്നെ ഏൽപ്പിച്ചിട്ട് പോയ രണ്ടുപേരെയും ഒരു അധ്യാപിക ജോലി കൈയിൽ ഉണ്ടായിരുന്നതുകൊണ്ട് ഒരുവിധം ഉന്തിയും തള്ളിയും കുടുംബം മുന്നോട്ടു നീക്കി. പന്ത്രണ്ടുവർഷത്തെ സ്വർഗ്ഗതുല്യമായ ദാമ്പത്യജീവിതത്തിന് കരിനിഴൽ വീഴ്ത്തിയത് ഭർത്താവിൻറെ അറ്റാക്ക് രൂപത്തിലുള്ള അകാലമരണം.

അന്നുതൊട്ട് ഇന്നുവരെ ടീച്ചർക്ക് ഒരേ ഒരു വിചാരം മാത്രമേ ഉണ്ടായിരുന്നുള്ളൂ. എങ്ങനെയും രണ്ടുപേരെയും പഠിപ്പിക്കാവുന്നിട ത്തോളം പഠിപ്പിച്ച് സ്വന്തം കാലിൽ നിറുത്തണം. അതിനു വേണ്ടി മുണ്ടുമുറുക്കിയുടുത്തും ദാരിദ്ര്യം ആരെയുമറിയിക്കാതെ അന്തസ്സായി തന്നെ ടീച്ചർ രണ്ടുമക്കളെയും ഐടി പ്രൊഫഷണൽ ഉദ്യോഗസ്ഥകൾ ആക്കി. ക്യാമ്പസിൽ നിന്ന് തന്നെ രണ്ടുപേരും ജോലിയിൽ കയറി. ചെറുപ്പത്തിലേ വിഷമം അറിഞ്ഞു വളർന്നതുകൊണ്ട് അത്യാഡംബരത്തിലോ പൊങ്ങച്ചങ്ങളിലോ രണ്ടു പേർക്കും താൽപര്യമുണ്ടായിരുന്നില്ല.പഠിക്കാൻ അതിസമർത്ഥർ ആയിരുന്നു രണ്ടുപേരും.

ടീച്ചർ സ്കൂളിൽ നിന്ന് വീട്ടിലെത്തിയാൽ കുട്ടികൾക്ക് ട്യൂഷൻ എടുത്തും വരുമാനം ഉണ്ടാക്കിയിരുന്നു. അമ്മയുടെ കഷ്ടപ്പാടുകൾ മക്കൾ കണ്മുന്നിൽ കണ്ടിരുന്നത് കൊണ്ട് തന്നെ അധ്വാനിച്ചു ഉണ്ടാക്കുന്ന ഓരോ പൈസയും സൂക്ഷിച്ചാണ് അവർ മൂന്നുപേരും ചെലവാക്കിയിരിക്കുന്നത്. മൂത്ത മകൾക്ക് ജോലി കിട്ടിയതോടെ കാര്യങ്ങൾക്കൊക്കെ ഒരു അയവ് വന്നു. ഓരോ മാസത്തേയും ശമ്പളം കൂട്ടി വെച്ച് അവൾ ഓരോ പുതിയ വീട്ടുപകരണങ്ങളും ഫർണിച്ചറുകളും ഒക്കെ വാങ്ങി വീട് മോടി പിടിപ്പിച്ചു.

അങ്ങനെയിരിക്കുമ്പോഴാണ് അവളുടെ ഒന്നാം ക്ലാസ് മുതൽ ഒന്നിച്ചു പഠിച്ച ഉറ്റ കൂട്ടുകാരിയുടെ കല്യാണക്ഷണം കിട്ടിയത്. സമ്പന്ന കുടുംബത്തിലെ അംഗമായ അവളുടെ കല്യാണം കണ്ടാണ് ടീച്ചറുടെ മനസ്സ് പ്രക്ഷുബ്ദമായത്.
ഇവരുടെ കുടുംബ ബജറ്റ് തന്നെ ആകെ തകിടം മറിച്ച് ഒന്നര ലക്ഷം രൂപയ്ക്ക് മാത്രം തുണിയും അതിനു ചേർന്ന ആക്സസറീസും വാങ്ങേണ്ടി വന്നു.

ആദ്യം വിവാഹനിശ്ചയം. അതിന് ഒരു ഡ്രസ്സ് കോഡ് ഉണ്ടായിരുന്നു. പിന്നെ മനസമ്മതത്തിനു തലേദിവസത്തെ മെഹന്ദി ഇടൽ ചടങ്ങ്. എല്ലാം ഇവൻറ് മാനേജ്മെൻറ്കാരെയാണ് ഏൽപ്പിച്ചിരുന്നത്.
തന്റെ രണ്ട് പെൺമക്കൾ അടക്കം രണ്ടാഴ്ചയായി ഡാൻസ് പ്രാക്ടീസ് ചെയ്ത് ഒരേതരത്തിലുള്ള ഡ്രസ്സ് അണിഞ്ഞു അടുത്ത കാലത്തിറങ്ങിയ മലയാള സിനിമയിലെ വധുവിനെ കൊണ്ടുവരുന്നതു പോലെയാണ് ആ പാട്ടിന് ഒപ്പിച്ചു നൃത്തം ചെയ്താണ് കല്യാണപ്പെണ്ണിനെ സ്റ്റേജിലേക്ക് കൊണ്ടുവന്നത്. വരനും കൂട്ടുകാരും ഡാൻസ് ചെയ്തു തന്നെയാണ് ഇവരുടെ അടുത്തേക്ക് വരുന്നത്.പിന്നെ പാട്ടും ഡാൻസും പുരുഷന്മാരുടെ മദ്യപാനവും ഒക്കെയായി രാവേറെ നീണ്ടു ആഘോഷങ്ങൾ. അത് കാണാൻ വരന്റെ വീട്ടിൽ നിന്ന് കുടുംബാംഗങ്ങൾ എല്ലാവരും എത്തിയിരുന്നു.

പിറ്റേദിവസം മനസ്സമ്മതം. അതും കഴിഞ്ഞത് പാതിരാത്രിയോട് അടുത്താണ്. പിന്നെ രണ്ടാഴ്ച കഴിഞ്ഞ് കല്യാണം.കല്യാണതലേന്ന് വീട്ടിൽ മധുരം വെപ്പ്. ഡാൻസ്, പാട്ട്….. വീടുമുഴുവൻ ദീപാലംകൃതമായിരുന്നു. പിറ്റേദിവസം കല്യാണം. ലക്ഷകണക്കിന് രൂപ ആയിരിക്കും ഇതിനു എല്ലാത്തിനും കൂടി ചെലവായിട്ട് ഉണ്ടാവുക. സമ്പന്നർ ആയതു കൊണ്ട് അതൊന്നും അവർക്ക് ഒരു പ്രശ്നമേ അല്ലായിരുന്നു.

ഏതായാലും അയൽവക്കത്തെ കല്യാണം കഴിഞ്ഞപ്പോൾ ടീച്ചറും മക്കളും മൂക്കുകൊണ്ട് ക്ഷ വരച്ചു എന്ന് പറഞ്ഞാൽ മതിയല്ലോ? 😜 മകളുടെ കൂട്ടുകാരി കല്യാണം കഴിഞ്ഞ ഉടനെ അമേരിക്കയിലേക്ക് പോയി.പിന്നെ ടീച്ചർക്കും മക്കൾക്കും കുടുംബബജറ്റ് ഒക്കെ ഒന്ന് നേരെയായി വരാൻ മൂന്നുമാസം പിടിച്ചു. 🥰

ഇത് എത്രയോ നിസ്സാരം എന്നാണ് മോൾ ടീച്ചറോട് പറഞ്ഞത്.അവരുടെ ഓഫീസിലെ ഒരു പെൺകുട്ടിയുടെ വിവാഹത്തിന്‍റെ കാര്യം കേട്ടാൽ അമ്മ അപ്പോൾ എന്തു പറയും? ആ പെൺകുട്ടി വിവാഹം കഴിച്ചത് ഒരു നോർത്തിന്ത്യനെ ആയിരുന്നു. ഉറപ്പിക്കൽ ചടങ്ങ്, ഫോട്ടോ ഷൂട്ട്,ബാച്ചിലർപാർട്ടി, മെഹന്തി, ഹൽഡി,സംഗീത്,കന്യാദാൻ,ഗൃഹപ്രവേശം, വിവാഹം, വിവാഹ റിസപ്ഷൻ, പോസ്റ്റ് വെഡിങ് ഷൂട്ട്………

ഇത്രയും ചടങ്ങുകൾ ഉണ്ടായിരുന്നുവത്രേ!
ഓരോന്നിനും പ്രത്യേക തരത്തിലുള്ള ഡ്രസ്സും ആഭരണങ്ങളും വധുവരന്മാർ മാത്രമല്ല വരുന്ന ആൾക്കാർ അടക്കം അണിയേണ്ടിയിരുന്നു.

അതുപോലെ മറ്റൊരു പരിപാടിയാണ് സേവ് ദ ഡേറ്റ്. വിവാഹതീയതി മറന്നു പോകാതിരിക്കാൻ കല്യാണം കൂടാനുള്ള എല്ലാവർക്കും വധുവരന്മാരുടെ ഫോട്ടോയും തീയതിയും എഴുതി ഫ്രിഡ്ജിൽ ഒട്ടിക്കാനുള്ള ഒരു മാഗ്നെറ്റ് ആക്കി അയച്ചു കൊടുക്കുമത്രേ!ഡേറ്റ് മറന്നു പോകാതിരിക്കാൻ വേണ്ടി ചെയ്യുന്നതാണ്. മറ്റൊരു കൂട്ടുകാരിയുടെ കല്യാണത്തിന് പോയപ്പോൾ പെൺകുട്ടി അഞ്ച് ഫംഗ്ഷനും അഞ്ചുതരം ഉടുപ്പിന് ചേരുന്ന ലെൻസ് ആണത്രേ കണ്ണിൽ വച്ചിരുന്നത് എന്ന്. 🙆 ന്യൂജെൻ വിശേഷങ്ങൾ എല്ലാം കേട്ട് ടീച്ചർ മൂക്കത്ത് വിരൽ വച്ചു. 🙄 കല്യാണമണ്ഡപത്തിൽ വച്ച് ആദ്യമായി കണ്ട് ബാലേട്ടന് താലി കെട്ടാൻ കഴുത്ത് നീട്ടി കൊടുത്ത ശ്രീദേവി ടീച്ചർക്ക് ഇതെല്ലാം കേട്ട് തല ചുറ്റുന്നത് പോലെ തോന്നി.നാടോടുമ്പോൾ നടുവേ ഓടുക തന്നെ.😂

ടീച്ചർ തന്റെ സ്വന്തം മകളോട് അവളുടെ വിവാഹക്കാര്യം അന്നുതന്നെ ചർച്ച ചെയ്തു. പക്ഷേ മകൾ പറഞ്ഞത് അമ്മയ്ക്ക് ഞാൻ ഒരു സർപ്രൈസ് തരുന്നുണ്ട് നോക്കിക്കോളൂ എന്ന്. അത് കേട്ടതോടെ ടീച്ചറുടെ ഉള്ള ജീവനും പോയി. “ദൈവമേ പെണ്ണ് എന്ത് കുരുത്തക്കേട് ആണോ ഒപ്പിച്ചു വെച്ചിരിക്കുന്നത്. ഇത്രയും നാളും ആഡംബരം ഒന്നുമില്ലെങ്കിലും ആത്മാഭിമാനത്തോടെ തലയുയർത്തി പിടിച്ചു ജീവിച്ചു. “

പക്ഷേ മകൾ ചെയ്തത് അറിഞ്ഞപ്പോൾ ടീച്ചർക്ക് അഭിമാനം തോന്നി. തൻറെ പേര് അഡ്രസ്സ്,ജോലി ചെയ്യുന്ന കമ്പനിയുടെ പേര്, ഇഷ്ടങ്ങൾ,ഹോബികൾ,ജോലി എല്ലാം ഒരു റെസ്യൂം പോലെ എഴുതി ഉണ്ടാക്കി സ്ത്രീധനമോ വിവാഹ ആഘോഷങ്ങളോ നടത്താൻ താൽപര്യമില്ലാത്ത സമാന ചിന്താഗതിക്കാരിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു എന്ന് ഒരു പരസ്യം മാട്രിമോണിയിൽ അവൾ തനിയെ കൊടുത്തിരുന്നു. താല്പര്യമുള്ളവർ അമ്മയെ വന്നു കണ്ടു സംസാരിക്കാൻ ആവശ്യപ്പെട്ട് ടീച്ചറുടെ ഫോൺ നമ്പറും കൊടുത്തു. മൂന്നു ചെറുപ്പക്കാർ അമ്മയെ ഫോണിൽ വിളിച്ചു. അവരെ ടീച്ചർ മൂന്നു സമയത്തായി ഒരു കോഫീ ചാറ്റിലേക്ക് വിളിച്ചുവരുത്തി സംസാരിച്ചു. അതിൽ മകൾക്കുകൂടി ഇഷ്ടപ്പെട്ട പയ്യൻറെ വീട്ടുകാരുമായി പെണ്ണുകാണാൻ വരാൻ ആവശ്യപ്പെട്ടു. ആയിരം രൂപ കൊണ്ടും ഒരു വിവാഹം നടത്താമെന്ന് അവർ മറ്റുള്ളവർക്ക് കാണിച്ചു കൊടുത്തു. മകളുടെ തന്നെ സമ്പാദ്യത്തിൽ നിന്ന് ചെറിയൊരു പാർട്ടി എത്രയും വേണ്ടപ്പെട്ടവർക്ക് മാത്രം നടത്തി കാര്യം അവസാനിപ്പിച്ചു.

ഇന്നും മാതൃകാ ദമ്പതികളായി അവർ ജീവിക്കുന്നു. പത്തു നില വിവാഹം നടത്തിവിട്ട ചില മക്കളുടെ ഒക്കെ വിവാഹ വസ്ത്രത്തിന്‍റെ പുതുമണം നഷ്ടപ്പെടുന്നതിനു മുൻപ് എട്ടുനിലയിൽ പൊട്ടി ചിതറുന്ന കാഴ്ചയും കോടതി കയറിയിറങ്ങിയുള്ള കാഴ്ചകളും ഇന്ന് ഒട്ടും പുതുമയില്ലാത്ത കാര്യങ്ങൾ ആയിത്തീർന്നിരിക്കുന്നു. കുടുംബ കോടതിയിലെ 2023ലെ മാത്രം കേസിന്റെ എണ്ണം ആയിരത്തിൽ താഴെ ആണെന്ന് പറയുമ്പോൾ ഊഹിക്കാമല്ലോ കാര്യങ്ങളുടെ പോക്ക് എങ്ങോട്ടാണെന്ന്. 🙄

സ്വന്തം അനുഭവങ്ങളിൽ നിന്ന് മാത്രം പഠിക്കണമെന്ന ദുർവാശിയാണ് പലരുടെയും ജീവിതം നഷ്ടത്തിൽ കലാശിക്കുന്നതിനുള്ള കാരണം. മറ്റുള്ളവരുടെ അനുഭവങ്ങളിൽ നിന്ന് കൂടി പഠിക്കുവാൻ തയ്യാറാകുന്നവർക്ക് മാത്രമാണ് മുൻകരുതലോടെ ജീവിതത്തെ സമീപിക്കാൻ ആവുക.

ടീച്ചറുടെ മകളും നാട് ഓടുമ്പോൾ നടുവേ ഓടുക മാത്രമല്ല ട്രാക്ക് തെറ്റി തെന്നിവീണ് നടുവൊടിയാതെ നോക്കാനുള്ള ബുദ്ധി കൂടി കാണിച്ചു എന്നതായിരുന്നു ടീച്ചറുടെ ഭാഗ്യം.

മേരി ജോസി മലയിൽ, തിരുവനന്തപുരം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments