Friday, September 20, 2024
Homeകഥ/കവിതകറുപ്പ് (കവിത) ✍ ജിജി രഘു

കറുപ്പ് (കവിത) ✍ ജിജി രഘു

ജിജി രഘു

ഹൃദയത്തിന്റെ വെളിച്ചം മങ്ങിയതു
മുതലായിരുന്നു,,

ഇരുട്ട് അധിനിവേശമാരംഭിച്ചത്.

അക്ഷൗഹിണികൾ നിരന്ന
പടക്കളത്തിൽ അന്ധകാരം
അന്തിമ വിജയമെഴുതി.

എട്ടാമത്തെയൊന്ന് ഇരുണ്ടു
പോയിരുന്നു.

കാക്കക്കറുപ്പില്ലെങ്കിലും
വെളുപ്പില്ലത്ര

കറുത്ത കുഞ്ഞ്
കണ്ണ് തട്ടാതിരിക്കാൻ ഒന്ന് നല്ലതാ..

വരണ്ട ചിരിയിൽ തന്ത പറഞ്ഞു.

ജീവിതത്തിന് കുറുകെ കരിമ്പൂച്ച
ചാടിയെന്ന്
കാർന്നോര് പറഞ്ഞു.

പേറ് കഴിഞ്ഞ പതിനാറിന്റെന്ന്
വേലിയിലെ വയസ്സൻ തെങ്ങ്
ഇടികൊണ്ട് കത്തി.

നാലാണ്ട് കിടപ്പിലായ വല്യച്ഛൻ
കാലം ചെയ്തു.

ശകുനക്കണക്കുകൾ നിരത്തി
അയലോക്കാര് മൂക്കത്ത് വിരൽ
വെച്ചു.

വയസ്സറിയിച്ചതിന്റെന്ന് മുതൽ
വയറ്റിൽ തീയായിരുന്നു തള്ളക്ക്.

കെട്ടിപ്പോവാതെ പുര നിറഞ്ഞാലോ,,?

കാൽ ചുവട്ടിലായാലോ
ആധികൾ പെരുത്തു .

മുജ്ജന്മ പാപത്തിന്റെ
കണക്ക് നിരത്തി അച്ഛൻ
പഴി കേട്ടു.

കൂടപ്പിറപ്പുകൾക്ക്
കൂടെക്കൂട്ടാൻ കുറച്ചിലായി.

ചോരകൾക്കറച്ചവൾ
ഒറ്റക്ക് ചോറ് തിന്നു .

കൺമഷിക്കായവൾ വാശി കൂട്ടിയില്ല.,

കറുത്തവൾക്കെന്തിന് കൺമഷി ,,.

അവഗണനകൾക്ക് ബോധം
വെച്ചപ്പോൾ_

കറുത്തവൾ വെളുത്ത
തുണിയിൽ കാലനെ വിളിച്ചു.

തെക്കെ മാവിൽ തൂങ്ങിയാടുന്ന
കറുത്ത പെണ്ണ് _

യക്ഷിയായി വരുമെന്ന്
അടക്കം ചെയ്യുമ്പോൾ ആരോ
അടക്കം പറഞ്ഞു.

വെളുത്തവരുടെ കറുത്ത
ഹൃത്തിലെവിടെയോ ഒരു തരി
നിലാവെട്ടം മിന്നിമറഞ്ഞു.

ഏഴു നിറങ്ങളൊഴുകിയിട്ടും
നിറമില്ലാതെ അഴക് മുറിഞ്ഞ
കറുപ്പിനെപ്പോഴും കാലത്തിന്റെ
മൂലയിലായിരുന്നിരിപ്പിടം.

കറുപ്പിനഴകുണ്ടെങ്കിലും
ഹൃദയം വെളുക്കണമെന്ന്
കാലം പറഞ്ഞു.

ഹൃദയം കറുത്തവന്റെ ലോകത്ത്
കാടത്തം ഇനിയുമത്രെ!

നടത്തമുറക്കാത്ത പിഞ്ചുകുഞ്ഞിന്റെ
മേനിയിൽ കാമം ദർശിച്ച
കാട്ടാളന് കാഴ്ചയില്ല ,,

ഇരുട്ട് നിറഞ്ഞ ഹൃദയം മുഴുവനും
അന്ധതയായാണ്.

മതം നോക്കി
മനുഷ്യനെയെണ്ണുന്നോർക്ക്
വെളുത്ത തുണിയുണ്ടെങ്കിലും
കറുത്ത ഹൃദയമാണ്.

പ്രണയം പറഞ്ഞ് കാമം കൊതിച്ച്
വിരഹത്തിൽ കത്തിയെടുത്തവന്
കരുവാളിച്ച മനമാണ്.

ഹൃദയാന്ധകാരത്തിൽ ഇരുട്ടിന്
കറുപ്പിന് അഴക് കുറവാണ്.

കറുപ്പഴകിലും ഹൃദയം വെളുക്കട്ടെ .

ഇരുട്ടിൻ കറുപ്പ് പടരാതെ
ഏഴഴകുള്ള കറുപ്പിനെ കാക്കട്ടെ .

കറുപ്പും വെളുപ്പുമില്ലാതെ
മനുഷ്യനെ തിരിച്ചറിയാൻ മാത്രം
അറിയട്ടെ,,

സ്നേഹത്തിന് വിലപറഞ്ഞവർ,

ഇല്ലാത്ത കുറ്റങ്ങൾ ചാർത്തിയവർ,

ഹൃദയംകാണാതെ
മുറിവേൽപ്പിച്ചുകടന്നുപോയവർ,.
മനസ്സിൽ കറുപ്പില്ലാത്തവർക്ക് എന്നും
സ്നേഹം മാത്രം,🌺❤️

✍ ജിജി രഘു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments