മൂടികെട്ടിയ അന്തരീക്ഷം മാറി ചുറ്റിലും വെയില് തെളിഞ്ഞു വരുന്നു. ലിസി തൊട്ടപ്പുറത്തെ വീട്ടിലേക്കു കണ്ണുകൾ പായിച്ചു. ഏകദേശം നാൽപ്പതു വയസ്സു തോന്നിക്കുന്ന സുമുഖനായൊരു ചെറുപ്പക്കാരൻ. അയാൾ ഏതോ പുസ്തകം നോക്കികൊണ്ടിരിക്കുകയാണ്.
അവൾ മെല്ലെ ആന്റോയുടെ അടുക്കലെത്തി. ഇച്ചായ ദേ അപ്പുറത്തേയ്ക്ക് നോക്കിയേ അവിടെ പുതിയ താമസക്കാർ ആരോ വന്നിരിക്കുന്നു.
ഉം… അവൻ മൂളി. സമ്പന്നനായ പത്രോസ് മുതലാളിയുടേയും മേരിയുടേയും ഒരേ ഒരു മകൻ.
പത്തേക്കർ വിസ്താരമുള്ള തേയില തൊട്ടത്തിന്റെ ഏക അവകാശി.
പത്തേക്കർ തോട്ടത്തിന്റ തെക്കു വശത്തുകൂടി ഒരു പുഴ ഒഴുകുന്നുണ്ട്. ഒരിക്കലും വറ്റാത്ത പുഴ. ആ പുഴയുടെ പാറയിടുക്കുകളിൽ ചീങ്കണ്ണികളുടെ ആവാസകേന്ദ്രമാണ്.
ലിസി അവൾ സുന്ദരിയാണ്. ഉദയ സുര്യന്റെ കാന്തിയുണ്ട് അവളുടെ മുഖത്തിന്. ആകർഷണ ശക്തിയുള്ള വശ്യമനോഹരമായ കരിനീലക്കണ്ണുകൾ.
വിവാഹം കഴിഞ്ഞു പത്തുപന്ത്രണ്ട് വർഷം ആയെങ്കിലും ഇതുവരേയ്ക്കും അവർക്കൊരു കുഞ്ഞു ജനിച്ചിട്ടില്ല. ചികിത്സകൾ പലതും ചെയ്തെങ്കിലും കുഴപ്പമൊന്നും ഇല്ലെന്ന് ഡോക്ടർമാർ വിധിയെഴുതി.
സമയം പാതിരാ കഴിഞ്ഞു. ലിസ്യ്ക്ക് ഉറങ്ങാൻ കഴിയുന്നില്ല. അവൾ കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടന്നു.
എന്തെന്നറിയില്ല അകാരണമായൊരു ഭീതി അവളിൽ ഉടലെടുത്തു. അവൾ ജനലിൽ കൂടി പുറത്തേയ്ക്ക് നോക്കി.
ആകാശത്ത് മേഘക്കീറുകൾക്കിടയിലൂടെ പൂർണ്ണചന്ദ്രൻ ഉദിച്ചു നിൽക്കുന്നു. നിലാവെളിച്ചം പുഴയിൽ പരന്നിട്ടുണ്ട്.
ലിസി തലതിരിച്ച് ആന്റോയെ നോക്കി. അയാളും ഉറങ്ങിയിട്ടില്ലെന്നു മനസ്സിലായി.
അവൾ അയാൾക്കരികിലേയ്ക്ക് ചേർന്നു കിടന്നുകൊണ്ട് ചോദിച്ചു ഇച്ചായൻ ഉറങ്ങിയില്ലേ,?
ഓരോന്നോർത്തപ്പോൾ ഉറക്കം വരുന്നില്ല. അയാൾ പറഞ്ഞു. അയാളിൽ വർഷങ്ങൾക്ക് മുൻപുള്ള ഓർമ്മകൾ നിറഞ്ഞാടി.
അയാൾ ആ കഥ ലിസിയോട് പറഞ്ഞു. ഇരുപതു വർഷങ്ങൾക്കപ്പുറം ഒരു രാത്രിയിൽ തോക്കുമെടുത്ത് തേയില തോട്ടത്തിന്നപ്പുറമുള്ള കാട്ടിൽ അപ്പച്ചൻ വേട്ടയാടാൻ പോയി. കൂടെ ആന്റോയും പോയി.
നല്ല ഇരുട്ടായിരുന്നെങ്കിലും നക്ഷത്ര കൂട്ടങ്ങളുടെ പ്രകാശം ഞങ്ങൾക്ക് വെളിച്ചം നൽകികൊണ്ടിരുന്നു. അവർ മുന്നോട്ട് നടന്നുകൊണ്ടിരുന്നു.
പെട്ടെന്ന് ഇരുളിൽ നിന്നും ഒരു രൂപം അവരുടെ മുന്നിലേക്ക് വന്നു. വെള്ള വസ്ത്രം ധരിച്ചു പാറിപറക്കുന്ന മുടിയുമായി സുന്ദരിയായൊരു സ്ത്രീരൂപം.
സ്വതവേ ധീരനായിരുന്ന അപ്പച്ചൻ താൻ കൂടെ ഉണ്ടായിരുന്നത് കൊണ്ടാണോ എന്തോ പേടിച്ചു വിറച്ചു. അവളുടെ കാലുകൾ നിലത്തു മുട്ടുന്നില്ല.
ഇതൊരു മനുഷ്യസ്ത്രീ അല്ല. ഭയം അയാളുടെ സിരകളെ കടന്നാക്രമിച്ചു.
അവരുടെ അരികിലേയ്ക്ക് വന്നവൾ ചോദിച്ചു എന്നെ എന്റെ വീട്ടിലേയ്ക്ക് ഒന്നു കൊണ്ടാക്കാമോ? ആ കാണുന്ന മലയുടെ ചുവട്ടിലാണ്. അവൾ പറഞ്ഞു.
അയാളുടെ ശിരകളിൽ കൂടി ഒരു മിന്നൽ പിണർ പാഞ്ഞു കയറി.
അടിമുടി വിറച്ചു. മകന്റെ കയ്യും പിടിച്ച് പിന്നെ ഓരോട്ടമായിരുന്നു.
രണ്ടു പേരുടെയും കഴുത്തിൽ കുരിശ് ഉണ്ടായിരുന്നതുകൊണ്ട് അവൾക്ക് അവരെ തൊടാൻ പറ്റില്ലായിരുന്നു.
തൊട്ടു പിന്നാലെ വന്ന അവൾ ഇവർ വീടിന്റെ പടി നടന്നതും ഗേറ്റ് ടപ്പ് എന്ന ശബ്ദത്തോടെ ആഞ്ഞടച്ചു.
ആ ഇടിയുടെ ആഘാതത്തിൽ പത്രോസ് ബോധം കെട്ടുവീണു. ആന്റോക്ക് ഒന്നും മനസ്സിലായില്ല.
മാറിയാമ്മ ഓടിവന്ന് ബഹളം വെച്ചതിനെ തുടർന്ന് ആരെല്ലാമോ ഓടിവന്ന് അയാളെ താങ്ങിയെടുത്ത് വീട്ടിനുള്ളിലേയ്ക്ക് കൊണ്ടുപോയി. പക്ഷെ അപ്പോഴേക്കും ആ പ്രാണൻ നിലച്ചിരുന്നു.
ഈ കഥ ആന്റോ ലിസിയോട് പറഞ്ഞപ്പോൾ അവളുടെ കരിനീല മിഴികളിൽ ഭയത്തിന്റെ നിഴൽപ്പാടുകൾ ആളിക്കത്തി.
അല്പനിമിഷങ്ങൾക്ക് ശേഷം അവൾ മെല്ലെ കർട്ടൻ മാറ്റി ജനലിലൂടെ അപ്പുറത്തെ വീട്ടിലേയ്ക്ക് നോക്കി.
അവിടെ ലൈറ്റ് അണഞ്ഞിരിക്കുന്നു.
അപ്പോൾ കണ്ട കാഴ്ച അവൾക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല.
വീടിന്റെ പുറകിലൂടെ ഒരു നിഴൽ ആ റൂമിന്റെ ജനലിന്നരികെ നിൽക്കുന്നു. അല്പനിമിഷങ്ങൾക്കുശേഷം ജനാലയുടെ കൊളുത്തു മാറ്റി ആ
വിടവിലൂടെ ആ രൂപം അകത്തു കയറി.
ലിസി പേടിച്ചു വിറച്ചു. ആന്റോ നല്ല ഉറക്കമായതിനാൽ അവൾ വിളിച്ചില്ല. ആ രൂപം സുമുഖനായ ചെറുപ്പക്കാരന്റെ മുറി ലക്ഷ്യമാക്കി നടന്നു.
നിശബ്ദതയെ ഭേദിച്ചുകൊണ്ട് നായ്ക്കൾ ഓരിയിടുന്നു. അപ്പുറത്തെ കുറ്റിക്കാട്ടിൽ നിന്നും കാലൻകോഴി നീട്ടി വിളിക്കുന്നു.
ഉറക്കത്തിലേക്ക് വഴുതി വീണ ഡോക്ടർക്ക് ഒരു തണുത്ത കൈ തന്റെ മേലിൽ അമരുന്നതായി അനുഭവപ്പെട്ടു.
അയാൾ ഞെട്ടിയുണർന്നു. മുറിയിലെ അരണ്ട വെളിച്ചത്തിൽ അയാൾ ആ സ്ത്രീ രൂപത്തെ കണ്ടു. ആ ചുണ്ടുകൾ മന്ത്രിച്ചു സ്റ്റെല്ല. വർഷങ്ങൾക്ക് മുൻപ് താനും കൂട്ടുകാരും കൂടി ആക്രമിച്ചു കൊന്ന സ്റ്റെല്ല.
അയാൾ പിടഞ്ഞെഴുന്നേൽക്കാൻ ശ്രമിച്ചു. അവളുടെ ശക്തിക്കു മുൻപിൽ അവൾക്ക് ഒന്നനങ്ങാൻ പോലും കഴിയുന്നില്ല.
അവളുടെ നീണ്ടു കൂർത്ത കൊമ്പല്ലുകൾ
ആ കഴുത്തിലേക്ക് ആഴ്ന്നിറങ്ങി. ആ ശരീരം ഒന്നു പിടഞ്ഞു നിശ്ചലമായി. ചോര ഇറ്റിറ്റു വീഴുന്ന നാവും പുറത്തേയ്ക്ക് നീട്ടി ആ രൂപം ഇരുളിൽ മറഞ്ഞു.
ഇത് അഞ്ചാമത്തെ കൊലയാണ് ആ നാട്ടിൽ നടക്കുന്നത്. ഒരു തുമ്പും ലഭിക്കാത്ത
ഈ അറുംകൊലകൾ എങ്ങിനെ നടന്നുവെ ന്നോ, ഇതിന്റെ പിന്നിലുള്ള ചേതോവികാരം എന്തെന്നോ തുമ്പു കിട്ടാത്ത ഒരായിരം ചോദ്യ ചിഹ്നങ്ങൾ മാത്രം അവശേഷിച്ചു.
ഇത്രയായിട്ടും യാതൊരു തുമ്പും ലഭിക്കാത്ത ഈ കൊലകളെ കുറിച്ച് അന്വേഷിക്കാനായി പ്രസിദ്ധ കുറ്റാന്വേഷണ വിദഗ്ദരായ മാർട്ടിനും, ജയിംസും രംഗത്തെത്തുന്നു.
ആ പരിസരമാകെ സൂക്ഷ്‌മനിരീക്ഷണം നടത്തിയ അവർ അയൽവാസിയായ ആന്റോയുടെ വീട്ടിലെത്തുന്നു.
അവരിൽ നിന്നും ഈ കേസിനെ കുറിച്ച് വല്ല സൂചനയും ലഭിക്കുമോ എന്ന പ്രത്യാശയിലാണ് അവർ അങ്ങോട്ട് തിരി ച്ചത്.
മാർട്ടിൻ അവർക്ക് വല്ല അറിവും ഈ കൊലകളെ കുറിച്ച് ഉണ്ടോ എന്ന് അന്വേഷിക്കുന്നു.
ഡോക്ടർ കൊല്ലപ്പെട്ട രാത്രിയിൽ ലിസി കണ്ട സംഭവത്തെ കുറിച്ചും വർഷങ്ങൾക്കു മുമ്പ് തന്റെ അപ്പച്ചനുണ്ടായ അനുഭവത്തെ കുറിച്ചും അവരുമായി പങ്കു വെയ്ക്കുന്നു.
ഈ സംഭവത്തിൽ നിന്നും കൊലക്കു പിന്നിൽ ഒരു കൊലയാളി അല്ലെന്നും ഒരു സ്ത്രീയുടെ പ്രതീകാരമാണെന്നും അവർ തിരിച്ചറിയുന്നു.
അങ്ങിനെ ജയിംസും, മാർട്ടിനും, ആന്റോയും
ആ പ്രദേശം നിരീക്ഷിക്കാനായി ഇറങ്ങി പുറപ്പെട്ടു. അവർ കയ്യിലുള്ള ടോർച്ച് അണച്ച് പുഴക്കരയിലേക്ക് നടന്നു.
നിലാവ് കിഴക്കൻ മലയുടെ നിറുകയിൽ ഉയർന്നുവന്ന് ഒരു സ്വർണ്ണത്തളിക ചാരി വെച്ചിരിക്കുന്നപോലെ
നിലകൊണ്ടു.
അതാ പുഴയോട് ചേർന്ന് കിഴക്കു വശത്ത് എന്തോ അനങ്ങുന്നു. അവ്യക്തമായൊരു സ്ത്രീ രൂപം. ജയിംസ്
ടോർച്ച് തെളിയിച്ചു. പെട്ടെന്ന് ആ രൂപം കുറ്റിക്കാട്ടിലേയ്ക്ക് ഓടിമറഞ്ഞു.
പിറ്റേന്നും അതേ സമയത്തു തന്നെ അവർ യാത്ര തുടർന്നു.
അവർ നേരെ പോയത് കുന്നിൻ ചെരിവിലേയ്ക്ക് ആണ്. പടിഞ്ഞാറുനിന്നും തണുത്ത കാറ്റുവീശിക്കൊണ്ടിരുന്നു.
പൂമ്പൊടി വിതറിയതാണോ എന്നു തോന്നുമാറ് സുര്യൻ ചുവപ്പും മഞ്ഞയും കലർന്ന ഒരു പ്രകാശം മലഞ്ചരുവിൽ വിതറിയിട്ടു.
അവിടെ ധാരാളം കുറ്റിച്ചെടികൾ വളർന്നു നിൽക്കുന്നു. അതിൽ നിറയെ നനുത്ത പൂക്കൾ വിടർന്നു നിൽക്കുന്നു.
അവർ അല്പം കൂടി മുകളിലേയ്ക്ക് കയറി ഒരു വൃക്ഷ തണലിൽ വിശ്രമിക്കാൻ ഇരുന്നു.
ആരോ മുകളിലേയ്ക്ക് കയറി വരുന്നപോലെ അരണ്ട വെളിച്ചത്തിൽ അവർ കണ്ടു. അത് സുന്ദരിയായ ഒരു സ്ത്രീ
രൂപമായിരുന്നു.
തോക്കിന്റെ കാഞ്ചി വലിക്കാൻ തയ്യാറായി നിന്ന മാർട്ടിനെ നോക്കി അവൾ കൈകൂപ്പി പറഞ്ഞു. എന്നെ ഉപദ്രവിക്കരുത്. ഞാൻ എല്ലാം പറയാം.
അവർ തോക്ക് താഴ്ത്തി അവൾ പറയുന്നത് കേൾക്കാൻ തയ്യാറായി നിന്നു. അവൾ തുടർന്നു. വർഷങ്ങൾക്കു മുൻപ് മെഡിസിന് പഠിക്കുന്ന സമയം ഒരു ദിവസം വെള്ളിയാഴ്ച കൊല്ലപ്പെട്ട ഡോക്ടറും സഹപാഠികളും കൂടി ക്ലാസ്സ് വിട്ട് താമസ സ്ഥലത്തേയ്ക്ക് പോകുന്ന സമയം വലിച്ചിഴച്ചു കാറിൽ കയറ്റുകയും ദൂരേ എങ്ങോ കൊണ്ടുപോയി ക്രൂരമായി പീഡിപ്പിക്കയും, ബോധം നഷ്ടപ്പെട്ട എന്നെ ഒരു ചാക്കിലാക്കി ആ കാണുന്ന പുഴയിൽ ഒഴുക്കുകയും ചെയ്തു.
അതോടെ അവശേഷിച്ച ജീവനും പോയി.
പ്രതികാര ദാഹിയായ ഞാൻ മറ്റു നാലുപേരെയും ക്രൂരമായി കൊന്നു. അവശേഷിച്ചത് Dr. സ്റ്റീഫൻ മാത്രമായിരുന്നു. അന്വേഷണത്തിന്നൊടുവിൽ അവനും ഇന്നെന്റെ ഇരയായി. എന്റെ പ്രതികാരം പൂർത്തിയായി. ഇനി ഞാൻ പോകുന്നു എന്നു പറഞ്ഞവൾ ഇരുട്ടിൽ മറഞ്ഞു.
ജയിംസും, മാർട്ടിനും വന്ന കാര്യം നിറവേറ്റിയ സംതൃപ്തിയോടെ ആന്റോയോട് യാത്രയും പറഞ്ഞ് തങ്ങളുടെ ടൊയോട്ട ഗ്ലാൻസ് കാറിൽ കയറി യാത്രയായി.