കൂട്ടിയിട്ട
കടലാസുകൾക്കിടയിലായിരുന്നു
വെളുപ്പിൽ തെളിയുന്ന കറുത്ത
കണ്ണുള്ള വാക്ക് തുറിച്ചു നോക്കുന്ന
നനയാത്ത പുറം ചട്ടയുള്ളൊരു
പുസ്തകം.
മറിച്ചു നോക്കിയപ്പോൾ
അക്ഷരങ്ങളിൽ നിന്നൊരു തീക്കാറ്റേറ്റ്
കണ്ണ് ചുവന്നു.
എന്നിട്ടും വായിക്കാൻ തോന്നിച്ച
വരികൾ.
വാക്കയാളെ പുനർജ്ജനിപ്പിക്കും
പോലെ തോന്നിച്ചു.
ഓരോ പേജും നീണ്ട വർഷങ്ങൾ
വരച്ചു തീർക്കാത്ത വീട്.
ചായം മുഴുവനാക്കാത്ത പൂക്കൾ.
കരിഞ്ഞു നിൽക്കുന്ന മരങ്ങൾ
ഇരുട്ടുമൂടിയ ആകാശം.
തുറന്ന് കിടക്കുന്ന ജനലിലൂടെ കാറ്റിനെ
വിളിയ്ക്കുന്ന കൈകൾ.
രാത്രിയിൽ തിളങ്ങുന്ന കണ്ണുകൾ ഉള്ള
നക്ഷത്രം
നീണ്ടു മെല്ലിച്ചകൈവിരലിലെ പേരു
കൊത്തിയ മോതിരം.
ഒരു മുഴു ചിത്രം
മഞ്ഞനിറമുള്ള സാരിയിൽ
ചെമ്പകപ്പുനിറഞ്ഞ മുടിയുള്ള
പെൺരൂപം
അടുത്ത വരി ഓർമ്മയിലേയ്ക്ക്
തുറന്ന ജാലകമായിരുന്നു.
വരികളൊരു ഗന്ധമായി നിറഞ്ഞ
പോൽ
വിടരുന്ന പൂക്കളുടെ സാന്നിധ്യം
കൈനീട്ടി തൊട്ടു നോക്കിയാ
അക്ഷരങ്ങളെ
കാലം പൊടുന്നനെ
പിന്നിലേക്കയാളെ തള്ളിയിട്ടു.
അഭിസാരികയുടെ രാത്രിയിൽ നിന്ന്
തിരികെയെത്തിച്ച
തിരുത്തലുകളുടെ
ആകാശമാക്കിയ അതേ വരികൾ
ക്രമം തെറ്റി വരയ്ക്കുന്നു
ഞാനാ വഴി
മറുകരയിലേയ്ക്ക്
ഇനിയൊരിയ്ക്കലും
മടങ്ങാനാവാത്ത വിധം.
വരികളെയാളെ വിയർപ്പിച്ചു
കൊണ്ടിരുന്നു.
വെളിച്ചമണയ്ക്കാനുള്ള ബദ്ധപ്പാട്
കണ്ടവൾ ചോദിച്ചു.
ഞാനെൻ്റെ മുറിയിൽ
വിളക്കണയ്ക്കാറില്ലല്ലോ?
ഇരുട്ടിലെനിയ്ക്കൊരു
വസന്തത്തെ പുൽകണം
വെളിച്ചം തരാത്ത ഇരുട്ടല്ലത്
ഇരുട്ട് തരുന്ന വെളിച്ചമായി.
മുറിവ് പുണരുന്ന തോന്നൽ
മറിച്ചു നോക്കാതിരിക്കാനായില്ല
വരികളിലേയ്ക്കുറ്റു നോക്കി.
കവിതയിങ്ങനെ പൂർത്തികരിച്ചിരുന്നു.
തൊട്ടശുദ്ധമാക്കിയ ഇന്നിനെ
നാളെയിലേയ്ക്ക് കൈ പിടിക്കാതെ
ഒറ്റയ്ക്കൊരു ഋതുവിനെ
തേടണം.
നീല ജ്വാലയിൽ കത്തി തീരുന്ന
കടലാസ് കൂട്ടങ്ങൾക്കിടയിലൂടെ
വരികൾ മേഘങ്ങളിലേയ്ക്ക്
പറന്നു പോവും വരെ
ചുവന്ന ഡയറി ചേർത്തു
പിടിച്ചയാളും നനഞ്ഞു തീർന്നു.