Friday, January 10, 2025
Homeകഥ/കവിതജാനകി.. (കഥ) ✍ബെന്നി സെബാസ്റ്റ്യൻ

ജാനകി.. (കഥ) ✍ബെന്നി സെബാസ്റ്റ്യൻ

ബെന്നി സെബാസ്റ്റ്യൻ (മികച്ച രചന: സംസ്‌കൃതി & ആർഷഭാരതി

അയാള്‍ പതിവായി ജോലികഴിഞ്ഞ് താമസിച്ചാണ് വീട്ടിലേയ്ക്ക് പോകുന്നത്.
അയാളെ നോക്കിയിരിയ്ക്കാന്‍ വീട്ടിലാരുമില്ല. പെന്‍ഷനാകാനിനി രണ്ടോ മൂന്നോ വര്‍ഷം…

നല്ല പ്രായത്തില്‍ കല്യാണം കഴിയ്ക്കാന്‍ തോന്നിയില്ല.വീട്ടില്‍ വലിയ പ്രാരാബ്ദമൊന്നും ഉണ്ടായിരുന്നില്ല.
രണ്ട് സഹോദരിമാരുണ്ടായിരുന്നത് മൂത്തവരായിരുന്നു. അയാള്‍ പ്രാഞ്ചാറായി വന്നപ്പോളേയ്ക്കും അവരെല്ലാം കര പററിയിരുന്നിരുന്നു.

കോളേജില്‍ പഠിയ്ക്കുമ്പോളൊരു പ്രണയമുണ്ടായി. അവസാനമവള്‍ മിക്കവാറും എല്ലാ കാമുകിമാരും പറയും പോലെ എന്നേക്കാള്‍ നല്ലൊരു പെണ്ണിനെ ഏട്ടനു കിട്ടുമെന്നൊരു ആണിയുമടിച്ച് ഗള്‍ഫുകാരനെ കല്യാണം കഴിച്ചു പോയി.

അവളേക്കാള്‍ നല്ല പെണ്‍കുട്ടികളെ പിന്നെ ഒരിടത്തും കാണാഞ്ഞിട്ടല്ല. അവളെന്ന പഴയൊരാ മുറിവിന്‍റെ പൊററന്‍ മാന്തിയും കിള്ളിയും പൊളിച്ചിരിയ്ക്കുന്നതില്‍ ഒരു സുഖം കണ്ടെത്തി.

അതിനിടയിലെപ്പോളോ അമ്മ പോയി. അമ്മ പോയിക്കഴിഞ്ഞ് ഒന്നോ രണ്ടോ വര്‍ഷം കഴിഞ്ഞ് അച്ഛനും പോയി.

അച്ഛന്‍ സര്‍ക്കാര്‍ ജോലിയിലിരിയ്ക്കെ മരിച്ചതുകൊണ്ട് ആശ്രിത നിയമനം വഴി അയാള്‍ക്ക് വില്ലേജില്‍ വില്ലേജ് അസിസ്ററന്‍റായി ജോലി കിട്ടി. പലയിടവും മാറി മാറി ജോലിചെയ്ത് അവസാനം നാട്ടില്‍ മടങ്ങിയെത്തി വീട്ടില്‍ നിന്നും ഒരു പത്ത് കിലോമീറററകലെ വില്ലേജോഫിസറായി വന്നടിഞ്ഞു.

എന്നും വൈകിട്ട് ബസ്ററാന്‍റില്‍ കുറേ സമയമായാള്‍ ഇരിയ്ക്കും . ചില സമയം ബസ്സ് സ്ററാന്‍റ് പൂരം കഴിഞ്ഞ ഉത്സവപ്പറമ്പു പോലാണ് അത് വിജനമായിക്കിടക്കും.

സ്ററാന്‍റിന്‍റെ പടിഞ്ഞാറെ കവാടത്തില്‍ നിന്നും ഒരു ചെറിയ ചുഴലിക്കാററ് കോണ്‍ ക്രീററു തറയിലെ പൊടിയും പേപ്പര്‍ തുണ്ടുകളും പറപ്പിച്ചു കൊണ്ട് അശ്വമേധം നടത്തും. ചിലപ്പോള്‍ കറങ്ങി പൊടിപ്പറപ്പിച്ചു കൊണ്ടിരിയ്ക്കുന്നതിനിടയില്‍ മായാജാലക്കാരന്‍റെ കൈയ്യടക്കത്തോടെ മാഞ്ഞു പോകും. അതുവരെ കാററിന്‍റെ തോളിലേറി വന്ന പൊടിയും കടലാസു തുണ്ടുകളും അനാഥമായി പാതിവഴിയില്‍ അടുത്ത കാററിന്‍റെ വരവിനായി കാത്തുകിടക്കും.

ചിലനേരം വററിവരണ്ട പുഴയിലേയ്ക്ക് മലവെള്ളം കുതിച്ചെത്തുന്നതു പോലെ ബസ്ററാന്‍റിന്‍റെ നാലതിരകളില്‍ നിന്നും ഉറവപൊട്ടിയ പോലെ ആള്‍ക്കൂട്ടം ഒഴുകിയെത്തും. അവരെയെല്ലാം എന്തു ചെയ്യുമെന്ന് അത്ഭുതപ്പെട്ടിരിയ്ക്കു മ്പോള്‍, ഉണങ്ങിയ മണ്ണിലേയ്ക്ക് ഒഴുകിയെത്തിയ വെള്ളം വലിഞ്ഞു പോകുന്നതു പോലെ പല വണ്ടികളില്‍ അവര്‍ അപ്രത്യക്ഷരാകും.

മിക്ക ദിവസവും അയാള്‍ അവരെ കാണാറുണ്ട് മെലിഞ്ഞ് ഉയരം കൂടിയ, മിക്കവാറും ചുരിദാറും ചില ദിവസങ്ങളില്‍ കോട്ടണ്‍ സാരിയിലും.
ആ ദിവസങ്ങളില്‍ അവര്‍ കുറേക്കൂടി സുന്ദരിയാണന്നയാള്‍ക്ക് തോന്നാറുണ്ട്.

എന്നോ എപ്പോളോ ഒരു ദിവസം അവരുടെ കണ്ണുകള്‍ ഒരേ നേര്‍ രേഖയിലെത്തി. പിന്നീടുള്ള ദിവസങ്ങളില്‍ കണ്ണുകള്‍ ഒരേ ദിശയിലെത്തുമ്പോള്‍ ചുണ്ടില്‍ ചെറിയ പുഞ്ചിരി വിരിയാന്‍ തുടങ്ങി.

ഒരു ദിവസമയാള്‍ സ്ററാന്‍റിലെ കടയില്‍ നിന്നും ചായ കുടിച്ചുകൊണ്ട് നില്‍ക്കുമ്പോളാണവരത്തിയത്,
അയാള്‍ സ്ഥിരം ഇരിയ്ക്കാറുള്ള സ്ററീല്‍ കസേരയിലേയ്ക്കവള്‍ നോക്കി.
അതൊഴിഞ്ഞു കിടക്കുവാണ്. അവിടയാളെ കാണാതെ അവളവിടാകെ ചുററും നോക്കി.

അയാളതു കണ്ടുകൊണ്ട് ചെറിയ ചിരിയോടു കൂടി ചൂടുചായ ഊതിക്കുടിച്ചു. തലതിരിച്ച് അയാള്‍ നില്‍ക്കുന്നിടത്തേയ്ക്ക് നോക്കിയപ്പോളയാള്‍ ചായ ഗ്ളാസ് ഉയര്‍ത്തിക്കാട്ടി. അവള്‍ അയാളുടെ അടുത്തെത്തി.

ഒരു ചായകുടിച്ചാലോ..?

അവര്‍ മറുപടി പറയും മുന്‍പേ അയാള്‍ ഒരു ചായ കൂടിയെന്നു കടക്കാരനോട് പറഞ്ഞു. അവള്‍ ഷാളുയര്‍ത്തി കഴുത്തിലെ വിയര്‍പ്പു തുടച്ചു.
ചൂടു ചായ അവര്‍ രണ്ടാളും പതുക്കെ ഊതിക്കുടിച്ചു.

അയ്യോ എന്‍റെ വണ്ടി വന്നു.

സ്ററാന്‍റിലേയ്ക്ക് കയറിവരുന്ന ബസ്സ് കണ്ടവള്‍ പറഞ്ഞു ധൃതിയില്‍ ചായ കുടിച്ചവള്‍ ഗ്ളാസ് മിഠായി ഭരണിയുടെ അടപ്പിനുമേലെ വച്ചു. തോളില്‍ കിടന്ന ഷോള്‍ഡര്‍ ബാഗിന്‍റെ സിബ്ബ് തുറന്നു കൊണ്ട് അയാളെ നോക്കി .

ഞാന്‍ കൊടുത്തോളാം
ഞാനല്ലേ, ചായ കുടിയ്ക്കാന്‍ വിളിച്ചത്…
അവള്‍ ബസ്സിനരുകിലേയ്ക്ക് ഓടിപ്പോയി.
അയാള്‍ സ്ഥിരം സീററില്‍ പോയിരുന്നു.

അവളുടെ ബസ്സ് സ്ററാന്‍റിന് പുറത്തേയ്ക്കിറങ്ങി തുടങ്ങി. അവള്‍ പുറത്തേയ്ക്ക് തലയിട്ട് അയാളെ നോക്കി പതുക്കെ കൈയ്യുയര്‍ത്തി ററാ ററ പറഞ്ഞു.

അന്നയാള്‍ പതിവില്ലാതെ മൂളിപ്പാട്ടുകള്‍ പാടി. പലപ്പോളും അയാളറിയാതൊരു പുഞ്ചിരി ചുണ്ടില്‍ പ്രത്യക്ഷപ്പെട്ടു. ആ രാത്രിയ്ക്ക് നീളം കൂടുതലാണന്നയാള്‍ക്ക് തോന്നി.

പിറേറന്നവര്‍ കുറെ സംസാരിച്ചു അവരൊരു വീട്ടില്‍ അടുക്കള പണിയാണ് രാവിലെ എട്ടുമുതല്‍ വൈകിട്ട് നാലുവരെ രണ്ട് കുട്ടികള്‍. രണ്ടും പെണ്‍കുട്ടികള്‍, മൂത്തയാള്‍ക്ക് ആറും രണ്ടാമത്തെയാള്‍ക്ക് നാലും. ഭര്‍ത്താവ് രണ്ടാമത്തെ കുട്ടി ജനിച്ച് രണ്ട് മാസം കഴിഞ്ഞപ്പോള്‍ പണിക്കു പോയതാണ് തിരിച്ചു വന്നേയില്ല.

ഏതോ ഒരു സ്ത്രീയുടെ കൂടെ പോയി . എവിടാണന്നൊരു വിവരവുമില്ല. അന്വേക്ഷിയ്ക്കാനും പോയില്ല. അവളുടെ അമ്മ കൂട്ടിനായി വീട്ടിലുണ്ട്.
പിന്നീടവര്‍ സ്ഥിരമായി കണ്ടു മുട്ടി സന്തോഷവും സങ്കടങ്ങളും കൈമാറി.

ഓണത്തിനയാള്‍ അവള്‍ക്കും അമ്മയ്ക്കും ഇതേവരെ കണ്ടിട്ടില്ലാത്ത അവളുടെ മക്കള്‍ക്കും ഓണക്കോടിയെടുത്തു കൊടുത്തുവിട്ടു.

ഓണം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞ് അവളുടെ മൂത്തമോള്‍ക്ക് പനിവന്ന് ആശുപത്രിയില്‍ അഡ്മിററായത് അന്നാണയാള്‍ ആദ്യമായി അവളുടെ അമ്മയേയും മക്കളേയും കാണുന്നത്. ഭക്ഷണത്തിന്‍റേയോ പരിചരണത്തിന്‍റെയോ കുറവുകൊണ്ട് വളര്‍ച്ച മുരടിച്ചതുപോലെ.

അവളുടെ അമ്മ ചിരപരിചിതരെപ്പോലെയാണ് പെരുമാറിയത് .
രണ്ട് മൂന്നു ദിവസം കഴിഞ്ഞാണവര്‍ ആശു പത്രിവിട്ടത് . അതുവരെ അയാള്‍ അവരോടൊപ്പം നിന്നു. ഡിസ്ച്ചാര്‍ജ്ജ് ചെയ്ത് പോകാന്‍ ഓട്ടോയിലേയ്ക്ക് കയറുമ്പോള്‍ മൂത്തകുട്ടി അയാളോട് പപ്പാ വരുന്നില്ലേയെന്നു ചോദിച്ചു. അയാള്‍ അവളെ നോക്കി. അവള്‍ പുഞ്ചിരിച്ചു.

പപ്പാ നാളെ വരാട്ടോ… മോളിപ്പം പൊയ്ക്കോ

അയാളവളുടെ മുടിയില്‍ തലോടി. ഓട്ടോ,അകന്നു പോയി.
പിന്നീടയാള്‍ അവധി ദിവസങ്ങളില്‍ അവളേയും മക്കളേയും കൂട്ടി സിനിമയ്ക്ക് പോയി. ടൗണില്‍ നടക്കുന്ന സര്‍ക്കസ് കാണിയ്ക്കാന്‍ കൊണ്ടു പോയി. അവര്‍ക്കാവിശ്യമുള്ളതെല്ലാം അയാള്‍ ഏറെറടുത്തു ചെയ്യാന്‍ തുടങ്ങി.
ഒരു ദിവസം അയാളോടവള്‍ പറഞ്ഞു.

എന്‍റേയും മക്കളുടേയും എല്ലാ കാര്യങ്ങളും നോക്കുന്നില്ലേ ..? വീട്ടിലേയ്ക്ക് വന്നു കൂടെ..?
വരാം..
അയാള്‍ തലയാട്ടി…
എന്ന്..?
എന്നു വരണം..?
ഇപ്പോ പോരെ…
അതുവേണ്ടാ നാളെ ഉച്ചയാകുമ്പോളേയ്ക്കും വരാം… വരണം.. എനിയ്ക്ക് ആരേയും ബോധിപ്പിക്കാനില്ല…
എനിയ്ക്കും..
ശരി നാളെ…

അയാള്‍ പുലച്ചെ എഴുന്നേററ് ഷേവു ചെയ്തു കുളിച്ചു. തലേന്നു ഇസ്തിരിയിട്ടു വച്ച ഷര്‍ട്ടും മുണ്ടും ധരിച്ചു. പണ്ടെങ്ങോ വഴിയരുകില്‍ നിന്നും വാങ്ങി അലമാരയില്‍ വച്ചിരുന്ന അത്തറെടുത്തു ഷര്‍ട്ടില്‍ പുരട്ടി.

നീളന്‍ വരാന്തയിലെ ഭിത്തിയില്‍ തൂക്കിയിട്ടിരുന്ന അച്ഛന്‍റെ അമ്മയുടേയും ഫോട്ടോയ്ക്ക് മുന്‍പില്‍ ഒരു നിമിഷം കണ്ണടച്ചു നിന്നു. കുറച്ചു ദിവസമായി അവരും അയാളും തമ്മില്‍ പിണക്കത്തിലായിരുന്നു. ഒററയ്ക്കാക്കിപ്പോയതിന് മിക്കവാറും അയാളവരോട് വഴക്കുണ്ടാക്കും.
അച്ഛന്‍ പതിവു പോലെ ഗൗരവത്തില്‍ തൊടിയിലേയ്ക്ക് നോക്കിയിരിയ്ക്കും. അമ്മ വാത്സല്യം നിറഞ്ഞൊരു പുഞ്ചിരിയോടെ അയാളുടെ പരിഭവം കണ്ടിരിയ്ക്കും.

വല്ലപ്പോളും മാത്രമുപയോഗിക്കുന്ന സ്കൂട്ടര്‍ തലേന്നേ കഴുകി തുടച്ചു വച്ചിരുന്നു.
ടൗണിലെ കടയില്‍ നിന്നും അയാള്‍ കുറച്ചു പഴങ്ങളും ബേക്കറി പലഹാരങ്ങളും വാങ്ങി വണ്ടിയില്‍ വച്ചു.

അവള്‍ പറഞ്ഞ,അറിവുവെച്ചയാള്‍ വണ്ടിയോടിച്ചു. വലിയ പൈനാപ്പിള്‍ തോട്ടത്തിനു നടുവിലൂടുള്ള,റോഡ് കഴിഞ്ഞ് ഇരു സൈഡില്‍ നിന്നും റോഡിലേയ്ക്ക് ചാഞ്ഞ് റോഡിനു മുകളില്‍ പന്തല്‍ തീര്‍ത്ത റബ്ബര്‍ തോട്ടത്തിലൂടെയുള്ള റോഡും കഴിഞ്ഞാല്‍ അവള്‍ താമസിക്കുന്ന കോളനിയായി.

അവളുടെ വീടിന്‍റെ മുന്‍പിലായി എതിര്‍ സൈഡിലാണ് കറന്‍റിന്‍റെ ട്രാന്‍സ്ഫോര്‍മര്‍ ഇരിയ്ക്കുന്നത്. അവിടേയ്ക്ക് ചെല്ലുമ്പോള്‍ ആ വീടിനു മുന്‍പിലൊരു ചെറിയ ആള്‍ക്കൂട്ടം. അയാള്‍ അവര്‍ക്കരുകിലായി വണ്ടിയൊതുക്കി.

കൂടി നിന്നവരോട്

എന്താ ഇവിടെ പ്രശ്നം..?

അതോ ആ വീട്ടിലെയാള് തിരിച്ചുവന്നു. അഞ്ചാറ് വര്‍ഷംമുന്‍പ് ഇട്ടേച്ചു പോയതാ വെളുപ്പിന് തിരിച്ചുവന്നു.
എന്നിട്ട്…?

അയാളവിടെ കേറിക്കൂടാന്‍ ശ്രമിയ്ക്കുന്നതാ..ജാനകി സമ്മതിയ്ക്കുന്നില്ല…മധ്യസ്ഥന്‍മാര് ചര്‍ച്ച നടത്തുന്നതാണ്..അവള്‍ക്ക് ടൗണിലാരോ കൂട്ടിപ്പോ ഉണ്ട് ആ വീട് രക്ഷപെട്ടു വരികയായിരുന്നു. അന്നേരമാ കാലന്‍ തിരിച്ചു വന്നു.
നിങ്ങളാരാ..?

ഞാനാരുമല്ല ഒരു വഴിപോക്കന്‍…

അയാള്‍ വണ്ടി തിരിച്ചു.

വരാന്തയിലേയ്ക്ക് കയറമ്പോള്‍ അച്ഛന്‍ അയാളെ അലിവോടെ നോക്കി .അമ്മയുടെ കണ്ണില്‍ നീര്‍നിറഞ്ഞിരുന്നോ..?
അയാള്‍ വരാന്തയില്‍ കിടന്നു. സിമന്‍റിന്‍റെ തണുപ്പ്,

എപ്പോളോ ഉറങ്ങിപ്പോയി അമ്മ അയാളുടെ നരവീണ മുടിയിഴകള്‍ക്കിടയിലൂടെ വിരലോടിച്ചു കൊണ്ടിരുന്നു. ഇടയ്ക്ക് അയാള്‍ കുട്ടിയായിരിയ്ക്കുമ്പോള്‍ അവനെ സന്തോഷിപ്പിക്കാന്‍ ചെയ്യും പോലെ നഖം തമ്മില്‍ കൂട്ടിമുട്ടിച്ച് പേന്‍ചാകും പോലുള്ള ശബ്ദമുണ്ടാക്കി.

വരാന്തയില്‍ നിന്നും വെയിലിറങ്ങി മുററത്തിനരുകിലെത്തി. വരാന്തയില്‍ ചെരിപ്പുരയുന്ന ശബ്ദം കേട്ടയാള്‍ കണ്ണുതുറന്നു.

അവള്‍…

ജാനകി,,

രണ്ടു കൈയ്യിലും ബിഗ് ഷോപ്പറും, അടുത്ത് മക്കളുമായി അയാളെ നോക്കി നില്‍ക്കുന്നു . കഴിഞ്ഞ ഓണത്തിന് അയാളെടുത്തു കൊടുത്ത ഡ്രസ്സാണവര്‍ ധരിച്ചിരിയ്ക്കുന്നത്.

അവിടെ വന്നത് ഞാന്‍ കണ്ടായിരുന്നു ഞാനിറങ്ങിവന്നപ്പോളേയ്ക്കും തിരിച്ചു പോന്നു കഴിഞ്ഞിരുന്നു. ഇവളുമാര്‍ക്ക് രണ്ടു പേര്‍ക്കും ഈ പപ്പയെ മതിയെന്ന്…

നിനക്കോ…?
എനിയ്ക്കും..

അമ്മയുടെ ഫോട്ടോയുടെ പിറകില്‍ നിന്നും അയാള്‍ വീടിന്‍റെ താക്കോലെടുത്ത് അവളുടെ നേര്‍ക്ക് നീട്ടി അവളതു വാങ്ങി വാതില്‍ തുറന്നു.

അയാളമ്മയേയും അച്ഛനേയും നോക്കി .അച്ഛന്‍ ഗൗരവം മറന്നയാളെ നോക്കി പുഞ്ചിരിച്ചു.
അമ്മ അലിവോടയും…..അയാള്‍ തിരിച്ചും …!!

ബെന്നി സെബാസ്റ്റ്യൻ

(മികച്ച രചന: സംസ്‌കൃതി & ആർഷഭാരതി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments