“ഹോ..എന്തൊരുഷ്ണം. ചുട്ടുപൊള്ളുന്ന ഈ വെയ്ലിൽ കുട പിടിച്ചിട്ട് ഒരു കാര്യവുമില്ല”. ഒരാ ത്മഗതത്തോടെ, കുട മടക്കി കക്ഷത്തിൽ വച്ചുകൊണ്ട്,
സ്റ്റെയർകെയ്സിന്റെ കൈവരിയിൽ പിടിച്ച് കുറുപ്പു സാർ കുറച്ച് സമയം നിന്നു.
നെറ്റിയിൽ നിന്ന് ഇറങ്ങിവന്ന വിയർപ്പ് തുടച്ച് കൊണ്ട് സാവധാനം വേദനയുള്ള കാൽമുട്ടുകളെ വരുതിയിലാക്കി കോണിപ്പടികൾ ഓരോന്നായി കയറി.
രണ്ടാം നിലയിലാണ് ഓഫീസ്.
ഇതിപ്പോൾ മൂന്നാം തവണയാണ് ഈ മല കയറുന്നത്.
ഇത്തവണ ഇനി അയാൾ എന്താണ് പറയാൻ പോകുന്നത്. എങ്ങനെയെങ്കിലും ഇന്ന് ആ സർട്ടിഫിക്കറ്റ് കിട്ടിയാൽ മതിയായിരുന്നു.
ഇല്ല ഇന്ന് അയാൾ മറിച്ചൊന്നും പറയില്ല ആത്മവിശ്വാസം വീണ്ടെടുത്തുകൊണ്ട് കുറുപ്പ് സാർ അവസാനത്തെ സ്റ്റെപ്പും കഴിഞ്ഞ് വരാന്തയിലെത്തി. ഓഫീസ് വാതുക്കൽ അൽപ്പം ഒന്നു നിന്നു.
ചെരിപ്പ് വരാന്തയിൽ ഊരിയിട്ടിട്ട്, കുട പുറത്തെ ഭിത്തിയിൽ ചാരിവെച്ചു.
തോളിലെ ടർക്കി എടുത്ത് കയ്യും മുഖവും ഒരിക്കൽ കൂടി തുടച്ചു.
എന്തൊരുഷ്ണം ആരോടെന്നില്ലാതെ പറഞ്ഞു കൊണ്ട് സാർ ഓഫീസ് റൂമിലേക്ക് എത്തിനോക്കി.
ഹോ ആശ്വാസമായി ഇന്ന് കസേരയിൽ ആളുണ്ട്.
അദ്ദേഹം മൊബൈലിൽ എന്തോ തിരക്കിട്ട് നോക്കിക്കൊണ്ടിരിക്കുകയാണ് .
ചെന്ന വിവരം അറിയിച്ചുകൊണ്ട് കുറുപ്പ് സാർ ചെറുതായൊന്ന് ചുമച്ചു.
പെട്ടെന്ന് പ്രതികരണവും ഉണ്ടായി.
“ഉം.. എന്താ “ എന്ന ഭാവേന അയാൾ തല ഉയർത്തി നോക്കി.
“ങ്ങാ… ഇരിക്ക്” അയാൾ ഇരിക്കാൻ ആംഗ്യം കാണിച്ചു.
ഏറെ ഭവ്യതയോടെ കസേരയിലിരുന്നിട്ട് കുറുപ്പ് സാർ പരിചയം പുതുക്കിക്കൊണ്ട് പറഞ്ഞു.
“ഞാനാ മനുവിന്റെ മരണ സർട്ടിഫിക്കറ്റിന്….. പറഞ്ഞുതീരും മുൻപ് ക്ലർക്ക് കയറി പറഞ്ഞു
“ഓ…. ഓ അതാ മെഡിക്കൽ കോളേജിൽ കിടന്ന് മരിച്ചത് അല്ലേ” അതെ അവിടുന്നുള്ള റിപ്പോർട്ട് വന്നതായി കണ്ടില്ല,”
“ പിന്നെ രണ്ട് ദിവസമായി ഇവിടെ നെറ്റ് കിട്ടുന്നില്ല”.
“അല്ല ഇനിയിപ്പോ വന്നാലും അതിന്റെ ക്രമമനുസരിച്ചേ സർട്ടിഫിക്കറ്റ് പ്രിന്റ് ഔട്ട് എടുക്കാൻ പറ്റു”.
“ സാറേ ഹോസ്പിറ്റലിൽ നിന്ന് മരണ റിപ്പോർട്ട് പിറ്റേദിവസം തന്നെ ഇങ്ങോട്ട് അയച്ചിട്ടുണ്ട് എന്ന് രാജു പറഞ്ഞായിരുന്നു “ കുറുപ്പ് സാർ ശബ്ദം താഴ്ത്തി പറഞ്ഞു”.
“ രാജു ഏത് രാജു.…”
“രാജു എന്റെ ഒരു വിദ്യാർത്ഥിയായിരുന്നു”.
“ങ്ങാ. അതാരുമാകട്ടെ കാർന്നോര് പോയിട്ട് നാളെ കഴിഞ്ഞുവാ നോക്കാം “
കുറച്ച് സമയം കൂടി കുറുപ്പ് സാർ അവിടെ ഇരുന്നു. വല്ലാത്തൊരു ഉഷ്ണവും പരവേശവും.
വിയർപ്പ് തുടച്ചു കൊണ്ട് ദയനീയമായി ഒരിക്കൽ കൂടി പറഞ്ഞു
“ സാർ ഞാനിപ്പോൾ ഈ ഒരു കാര്യത്തിന് മൂന്നാം തവണയാണ് വരുന്നത്”.
പെട്ടെന്ന് അതിനുള്ള മറുപടിയുമുണ്ടായി.
“ ആവശ്യക്കാരൻ ചിലപ്പോൾ അതിൽ കൂടുതൽ തവണ നടക്കേണ്ടി വരും” ക്ലാർക്ക് മൊബൈലിൽ നോക്കിക്കൊണ്ട് പറഞ്ഞു.
കുറുപ്പ് സാർ പതിയെ കസേരയിൽ നിന്ന് എഴുന്നേറ്റ് സാവധാനം പുറത്തേക്ക് ഇറങ്ങി. കുടയുമെടുത്ത് താഴോട്ടിറങ്ങി പോകുമ്പോൾ പിന്നിൽ നിന്ന് ആരോ വിളിച്ചു. “സാർ … സാറേ”
കുറുപ്പ് സാർ സാവധാനം തിരിഞ്ഞു നോക്കി. അൽപ്പമടുത്തു ചെന്നിട്ട് ചോദിച്ചു.
“ ആരാ..എന്താ മനസ്സിലായില്ല..”
“ എനിക്കു മനസ്സിലായി. പരമേശ്വരക്കുറുപ്പ് സാറ ല്ലേ…എന്താ ഇവിടെ…
സാർ വരൂ നമുക്ക് അകത്തിരിക്കാം”
സാറിന് ഇരിക്കാൻ കസേര നീക്കിയിട്ടു കൊണ്ട് അദ്ദേഹം ചോദിച്ചു. “സാറിന് കുടിക്കാൻ എന്താണ് വേണ്ടത്. ചായയോ കാപ്പിയോ… അല്ല സാറിന് കാപ്പിയല്ലേ ഇഷ്ടം “
കുറുപ്പ് സാർ അയാളെ വിസ്തരിച്ചു ഒന്നു നോക്കി.
സാറിന്റെ മുഖം വിവർണമായി.. ആ മുഖത്ത് പെട്ടെന്ന് ഒരു മ്ലാനത പരന്നു .
ഒരു നിമിഷം എന്തെങ്കിലും പറയാൻ വന്നത് തൊണ്ടയിൽ കുരുങ്ങി. സാവധാനം തല ഉയർത്തി ഒരു കുറ്റബോധത്തോടെ ചോദിച്ചു.
“ നാലുചിറയിലെ പ്രശോഭനല്ലേ …..”
“ സാർ എന്നെ മറന്നില്ല….“ പ്രശോഭൻ സാറിന്റെ വാക്കുകൾ ഇടയ്ക്ക് മുറിഞ്ഞു.
വലിഞ്ഞു മുറുകിയ ആ സന്ദർഭത്തെ ലഘൂകരിക്കാൻ കുറുപ്പ് സാർ ചോദിച്ചു
“ മോനെ അച്ഛനും അമ്മയും ഒക്കെ സുഖമായിരിക്കുന്നോ.. “
“ അവർ രണ്ടുപേരും സുഖമായിരിക്കുന്നു. ഇവിടെ എന്നോടൊപ്പമുണ്ട്”. അപ്പോഴും കുറുപ്പ് സാർ ഒരു കുറ്റബോധത്തോടെ മൗനിയായി ഇരുന്നു.
“ സാറിപ്പോൾ എന്ത് കാര്യത്തിനാ ഇങ്ങോട്ട് ഇറങ്ങിയത് “ പ്രശോഭൻ ചോദിച്ചു.
കുറുപ്പ് സാർ മുഖമുയർത്തി സാവധാനം പറഞ്ഞു “ മകന്റെ മരണ സർട്ടിഫിക്കറ്റ്…. “
ആരും കുറെ നേരത്തേക്ക് ഒന്നും മിണ്ടിയില്ല.
കണ്ണും മുഖവും തുടച്ച് കുറുപ്പ്സാർ പറഞ്ഞുതുടങ്ങി.
അവൻ താലൂക്ക് ഓഫീസിലെ ക്ലാർക്ക് ആയിരുന്നു.
ഒരു മാസം മുൻപ് ഒരു ആക്സിഡന്റിൽ മരിച്ചു.
പ്രശോഭൻ സാർ കമ്പ്യൂട്ടറിൽ എന്തോ തിരഞ്ഞിട്ട്
“സാറിരിക്കു ഞാനിപ്പോൾ വരാം” എന്ന് പറഞ്ഞു അദ്ദേഹം പുറത്തേക്ക് ഇറങ്ങി.
പ്രശോഭൻ സാറിന്റെ മേശപ്പുറത്തെ ബോർഡിൽ കുറുപ്പ് സാർ ഇങ്ങനെ വായിച്ചു
‘S. പ്രശോഭൻ, സെക്രട്ടറി’.
അല്പസമയം കഴിഞ്ഞ് പ്രശോഭൻ തിരിച്ചുവന്നു.
കയ്യിൽ ആവശ്യമുള്ള സർട്ടിഫിക്കറ്റുംഉണ്ടായിരുന്നു.
വിറക്കുന്ന കൈകളോടെ കുറുപ്പ് സാർ അത് വാങ്ങിക്കൊണ്ട് ദയനീയമായി പ്രശോഭന ഒന്നു നോക്കി.
“ എന്നോട് അല്ല ഞങ്ങളോട് ക്ഷമിക്കണം.” കുറുപ്പ് സാറിന്റെ ശബ്ദം ഇടറിയിരുന്നു.
പ്രശോഭൻ കുറുപ്പ് സാറിന്റെ തോളിൽ പിടിച്ചു കൊണ്ട് “ എന്താ സാർ ക്ഷമിക്കാനും പൊറുക്കാനും നിങ്ങൾ ഒരു തെറ്റും ചെയ്തിട്ടില്ലല്ലോ “
നെഞ്ചിൽ ഉരുണ്ടു കൂടിയ കിതപ്പാറ്റിക്കൊണ്ട് കുറുപ്പ് സാർ സാവധാനം പറഞ്ഞു.
“ഞാൻ അന്ന് അങ്ങനെയൊരു തീരുമാനം എടുത്തില്ലായിരുന്നുവെങ്കിൽ അവർ എന്റെ മോളെ കത്തിച്ചു കളയുമായിരുന്നു”. സദാചാര സമുദായ വാദികൾ.
ഉറഞ്ഞാടിയ ജാതിക്കോ മരങ്ങളുടെ മർദ്ദനവും ഭീഷണിയും.
പിന്നെ കയ്യിൽ കിട്ടിയതൊക്കെ അടിച്ചു തകർത്തു
അവളുടെ സർട്ടിഫിക്കറ്റുകളും മറ്റും കത്തിക്കാൻ ഒരുങ്ങി. അവരുടെ കാലു പിടിച്ചു യാചിച്ചു.
അന്നത്തെ ആ സാഹചര്യത്തിൽ ഞങ്ങൾ പിന്നെ എന്തു ചെയ്യും “ “മോൻ പറയൂ..”
കുറുപ്പ് സാർ വല്ലാതെ കിതച്ചു.
പ്രശോഭൻ കുറുപ്പ് സാറിനെ കസേരയിൽ ഇരുത്തികൊണ്ട് സാറിനെ ആശ്വസിപ്പിക്കാൻവേണ്ടി പറഞ്ഞു.
“ ശോഭ അന്നു തന്നെ എന്റെ കുടിലിൽ വന്നു എന്നോട് യാചിച്ചു.
“വൈകാതെ ഇവിടം വിട്ട് എങ്ങോട്ടെങ്കിലും പോയി രക്ഷപ്പെടണം.
അവർ ഈ കുടില് കത്തിക്കും.
എന്തും ചെയ്യാൻ മടിയില്ലാത്തവരാണ്” ഞാൻ ഒന്ന് എതിർത്തു നോക്കി.
ശോഭ സമ്മതിച്ചില്ല. നിങ്ങൾ പോകുന്നില്ലെങ്കിൽ ഞാനും ഈ കുടിലിൽ കിടന്നു വെണ്ണീറാകും “
“സാർ… എന്റെ ശോഭ രക്ഷപ്പെടണം എന്ന ഒരൊറ്റ തീരുമാനത്തിലാണ് ആ രാത്രി തന്നെ ഞങ്ങൾ അവിടം വിട്ടത്”.
എല്ലാം ഒരു ദുസ്വപ്നം പോലെ ഇന്നും ഞാനോർക്കുന്നു .
“അതെല്ലാം ഇന്ന് ഒരടഞ്ഞ അദ്ധ്യായംമാത്രം ”. പ്രശോഭൻ കണ്ണുകൾ തുടച്ചുകൊണ്ട് പറഞ്ഞു നിർത്തി.
ഒരു നീണ്ട മൗനത്തിന് ശേഷം
കുറുപ്പ് സാർ തല ഉയർത്തി സാവധാനം ചോദിച്ചു” പ്രശോഭൻ മോന്റെ കുടുംബമൊക്കെ സുഖമായിരിക്കുന്നോ “
“ഇല്ല സർ… എനിക്ക് ഇനിയും ഒരു കുടുംബ ജീവിതം ആയിട്ടില്ല…
ഞാൻ അതിനെക്കുറിച്ച് ആലോചിച്ചിട്ടുമില്ല”.
കുറുപ്പ് സാറിന്റെ മുഖം വിവർണ്ണമായി അദ്ദേഹത്തിന്റെ ചുണ്ടുകൾ വിറച്ചു.
പിന്നെ
ഇടനെഞ്ച് പൊട്ടിയുള്ള ഒരു കരച്ചിലായിരുന്നു.
ഒരു തേങ്ങലോടെ കുറുപ്പ് സാർ പറഞ്ഞു
“മോനെ…
വിവാഹാലോചനകൾ പലതു വന്നു ഒന്നിനും ശോഭമോൾ സമ്മതിച്ചില്ല.
അതിന് സമയമാകുമ്പോൾ ഞാൻ പറയാം എന്ന ഒറ്റ വാശിയിലാണ് അവൾ. എന്റെ ഈ ദുഃഖം വിൽക്കുവാനോ സ്നേഹം വാങ്ങുവാനോ ആർക്കും കഴിയില്ലല്ലോ…. “
എല്ലാം കേട്ടു അല്പ നിമിഷത്തിന് ശേഷം ഇടറുന്ന ശബ്ദത്തോടെ പ്രശോഭൻ വിളിച്ചു ”സാർ…. ആ വിളി ഇടയ്ക്ക് മുറിഞ്ഞു.
കുറുപ്പ് സാർ തല ഉയർത്തി ചോദിച്ചു
“എന്താ… പ്രശോഭൻ.. “
“ സാർ പന്ത്രണ്ടു വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഞാൻ ഒരിക്കൽ കൂടി ചോദിക്കുകയാണ്….
സാറിനൊപ്പം ഞാൻ കൂടി വരട്ടെ എന്റെ ശോഭയെ വിളിക്കാൻ”.