രാവിലെ സമയം 6.30, മാധവൻ നമ്പ്യാരുടെ മൊബൈലടിച്ചു, അയാൾ ഫോൺ കട്ടാക്കി പുതപ്പിനടിയിലേക്ക് ചുരുണ്ടു, അതാ വീണ്ടും ഫോണടിക്കുന്നു, അയാൾ പിന്നെയും ഫോൺ കട്ടാക്കി, പുതപ്പ് മുഖത്തേക്ക് വലിച്ചിട്ടു, പക്ഷെ അയാൾക്ക് ഇതിനകം ഉറക്കം നഷ്ടപ്പെട്ടിരുന്നു. ആകെ ദേഷ്യപ്പെട്ട് പിറുപിറുത്തു കൊണ്ട് അയാൾ എഴുന്നേറ്റു.
അസോസിയേഷൻ പ്രസിഡൻ്റായപ്പോൾ മുതൽ തുടങ്ങിയതാണ് ഈ കഷ്ടപ്പാട്, രാവിലെ ഉറക്കം മതിയാക്കുന്നതിന് മുമ്പ് ആരെങ്കിലും വിളിച്ചുണർത്തും. സർവീസിൽ നിന്ന് വിരമിച്ച ശേഷമെങ്കിലും കൊതി തീരും വരെ കിടന്നുറങ്ങാമെന്ന് വിചാരിച്ചതാണ്, ആ ആഗ്രഹം വൃഥാവിലായി. എല്ലാ വീട്ടുകാരുടേയും നിർബന്ധപ്രകാരമാണ് താൻ പ്രസിഡൻ്റാകാമെന്ന് സമ്മതിച്ചത്. പക്ഷെ അത് ഇത്രയും വലിയ പൊല്ലാപ്പാകുമെന്ന് കരുതിയില്ല .രാവിലെ മാലിന്യമെടുക്കാൻ ആളെത്തിയില്ലെങ്കിൽ, പത്രം വന്നില്ലെങ്കിൽ, കോർപറേഷൻ വെള്ളം എത്തിയില്ലെങ്കിൽ, സ്ട്രീറ്റ് ലൈറ്റ് കത്തിയില്ലെങ്കിൽ, ആർക്കെങ്കിലും സുഖമില്ലാതായാൽ ആംബുലൻസ് വിളിക്കാൻ, മരണാവശ്യത്തിന്, അങ്ങനെ എന്താവശ്യങ്ങൾക്കും കോളനിയിലെ ഓരോ വീട്ടുകാരും മാധവൻ നമ്പ്യാരെ വിളിച്ച് തുടങ്ങി, നമ്പ്യാരോട് പറഞ്ഞാൽ എല്ലാ കാര്യങ്ങൾക്കും ഒരു പരിഹാരമുണ്ടാക്കുമെന്ന് എല്ലാവർക്കുമറിയാം.
പല്ല് തേച്ച് മുഖം കഴുകി വന്നപ്പോഴും ഫോൺ നിറുത്താതെ അടിക്കുന്നത് കേട്ടപ്പോൾത്തന്നെ പ്രശ്നം അല്പം ഗുരുതരമായിരിക്കുമെന്ന് അയാൾക്ക് മനസിലായി. അയാൾ ഫോണെടുത്ത് നോക്കി, അസോസിയേഷൻ സെക്രട്ടറി ഷിബുവിൻ്റെ നമ്പരാണ്. നാല് മിസ്ഡ് കാൾ. ഗുരുതരമായ എന്തോ പ്രശ്നമുണ്ട്, നമ്പ്യാർ ഫോണെടുത്ത് ഷിബുവിനെ വിളിച്ച് കാര്യം തിരക്കി .
“മാധവൻ ചേട്ടാ നമ്മുടെ ഹൗസിംങ്ങ് കോളനിയിലെ ആളുകളെല്ലാം വളരെ പരിഭ്രാന്തിയിലാണ്. കൊച്ചു പെൺകുട്ടികളുള്ള പല വീടുകളുടെയും മുന്നിൽ പുതിയ ജോഡി ചെരുപ്പുകൾ, അതും കുട്ടികളുടെ പാകത്തിനുള്ള നല്ല ഭംഗിയുള്ളവ, ചേട്ടനെ വിളിച്ചിട്ട് കിട്ടാതെ വന്നപ്പോൾ ഞാൻ പോലീസിൽ വിവരമറിയിച്ചിട്ടുണ്ട്, ചേട്ടൻ വേഗം വരൂ, പോലീസ് ഇപ്പോഴെത്തും ” ഷിബു പറഞ്ഞത് കേട്ട് ഫോൺ കട്ടാക്കി നമ്പ്യാർ വേഗം ഷർട്ട് ധരിച്ചു.
പുറത്ത് റോഡിലെത്തിയപ്പോഴേക്കും പോലീസെത്തി. എല്ലാ വീട്ടിലും കയറി അവർ വിവരമന്വേഷിച്ചു.. സി സി ടി വി ക്യാമറകളുള്ള ഒന്ന് രണ്ട് വീട്ടിലെ ക്യാമറകളിൽ പതിഞ്ഞ ചില ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചു.
ഈ സമയം പുറത്ത് റോഡിൽ എല്ലാവരും തിരക്കിട്ട ചർച്ചയിലായിരുന്നു. .ഓരോരുത്തരും അവരവരുടെ ഊഹത്തിൽ തോന്നുന്ന കാര്യങ്ങൾ പറഞ്ഞ് കൊണ്ടേയിരുന്നു. പലരും പറയുന്നത് കുട്ടികളെ തട്ടിക്കൊണ്ട് പോകാൻ ശ്രമിക്കുന്നവർ അടയാളമായി ഇട്ടതാകാം ആ ചെരുപ്പുകൾ എന്നാണ്. ചിലർ പറയുന്നത് എല്ലാവരേയും വെറുതെ പേടിപ്പിക്കുവാനും കളിയാക്കാനും ആരെങ്കിലും ചെയ്ത ഒരു നേരമ്പോക്കാകാം ഈ സംഭവമെന്നുമാണ് .
പോലീസ് മടങ്ങിപ്പോയ ശേഷം ഷിബുവിനോട് അസോസിയേഷൻ്റെ അംഗങ്ങളുടെയെല്ലാം ഒരു അടിയന്തിര യോഗം അന്നേ ദിവസം വൈകിട്ട് 6 മണിക്ക് വിളിക്കണമെന്ന് പറഞ്ഞേൽപ്പിച്ച ശേഷമാണ് മാധവൻ നമ്പ്യാർ വീട്ടിലേക്ക് തിരിച്ച് പോയത്.
വൈകിട്ട് അടിയന്തിര യോഗത്തിൽ അംഗങ്ങളെടുക്കേണ്ട ജാഗ്രതകൾ എന്തൊക്കെയാണെന്നും, എല്ലാ വീടുകളുടെയും മുൻവശത്ത് നേരം വെളുക്കുന്നതു വരെ ഒരു ബൾബ് കത്തിക്കിടക്കണമെന്നും നായ്ക്കളുള്ള വീട്ടുകാർ അവയെ വീട്ടിലെ മുറ്റത്ത് അഴിച്ച് വിടണമെന്നും തീരുമാനമായി. സംശയകരമായി ആരെയെങ്കിലും കണ്ടാലോ, എന്തെങ്കിലും സംശയാസ്പദമായ ശബ്ദം കേട്ടാലോ സെക്രട്ടറിയേയോ പ്രസിഡൻ്റിനേയോ അറിയിക്കാമെന്നും എല്ലാവരും സമ്മതിച്ചു. എല്ലാവരും ജാഗരൂഗരായിരിക്കണമെന്ന സന്ദേശത്തോടെ യോഗം പിരിഞ്ഞു .
തുടർന്നുള്ള ദിവസങ്ങളിലൊന്നും അസ്വാഭാവികമായ യാതൊന്നും കോളനിയിൽ സംഭവിച്ചില്ല. പോലീസിൻ്റെ അന്വേഷണത്തിൽ ആളെ കണ്ടു കിട്ടിയിട്ടില്ല എന്നുള്ള സ്ഥിരം മറുപടി സ്റ്റേഷനിൽ നിന്ന് കിട്ടിക്കൊണ്ടിരുന്നു.
പോലീസിന് ഇത് വെറും നിസാര കേസായിരുന്നു, ആരുടേയും ഒരു സാധനവും നഷ്ടപ്പെട്ടിട്ടില്ല, ആർക്കും ഒരു തരത്തിലും ഒരുപദ്രവവും ഉണ്ടായിട്ടില്ല, സ്റ്റേഷനിൽ ഗുരുതരമായ പല ക്രൈമുകളും തെളിയിക്കാനായി കെട്ടിക്കിടക്കുമ്പോൾ ഇത്തരമൊരു സംഭവം പോലീസ് ഗൗരവമായെടുത്തില്ല.
കുറച്ച് ദിവസങ്ങൾക്ക് ശേഷം മാധവൻ നമ്പ്യാരുടെ ശ്രദ്ധ പത്രത്തിലെ ഒരു വാർത്തയിലുടക്കി.. അടുത്തുള്ള നഗരത്തിലെ പല വീടുകളിലും രാത്രി പുതിയ ചെറിയ ചെരുപ്പുകൾ കൊണ്ടു വക്കുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു എന്ന വാർത്തയായിരുന്നു അത്. മാധവൻ നമ്പ്യാരും ഷിബുവും കൂടി ആ പോലീസ് സ്റ്റേഷനിൽ എത്തി.
എസ്.ഐ .യിൽ നിന്ന് കിട്ടിയ വിവരങ്ങൾ കേട്ട് ഷിബുവിൻ്റേയും മാധവൻ നമ്പ്യാരുടേയും മനസ് വിങ്ങി.
കേസിലെ പ്രതി ഹക്കീം ടൗണിൽ ഒരു ചെരുപ്പ് കട നടത്തി വരികയായിരുന്നു . ഒരു ദിവസം ഒരു സ്ത്രീയും അവളുടെ അഞ്ച് വയസുള്ള പെൺകുട്ടിയും കൂടി ചെരുപ്പ് വാങ്ങാൻ അയാളുടെ കടയിലെത്തി, പല ചെരുപ്പുകളും അവർക്കിഷ്ടമായി, ഇഷ്ടപ്പെട്ട ചെരുപ്പുകൾക്ക് വില കൂടുതലായിരുന്നു. ബാർബിയുടെ പടമുള്ള ഒരു ചെരുപ്പ് ആ കുഞ്ഞിന് വളരെ ഇഷ്ടമായി, ആ ചെരുപ്പ് തന്നെ വേണമെന്ന് പറഞ്ഞ് വാശി പിടിച്ച് അവൾ കരഞ്ഞു, ആ അമ്മയുടെ കൈയ്യിൽ ആ ചെരുപ്പ് വാങ്ങുവാനുള്ള പണം ഉണ്ടായിരുന്നില്ല, ഉള്ള പണം കൊണ്ട് കുറഞ്ഞ വിലക്കുള്ള ചെരുപ്പും വാങ്ങി കരയുന്ന കുഞ്ഞുമായി ആ അമ്മ കടയിൽ നിന്നിറങ്ങി.
അവർ പോയതും ഹക്കീം ചെരുപ്പുകൾ അടുക്കി വച്ചു, അക്കൂട്ടത്തിൽ ബാർബിയുടെ പടമുള്ള ചെരുപ്പ് കാണുന്നില്ല, അത് ആ സ്ത്രീ മോഷ്ടിച്ച് കാണും, ഹക്കീം കരുതി.
ഹക്കീം ആ സ്ത്രീയുടെ പുറകേ ഓടിയെത്തി ചെരുപ്പെവിടെ എന്നന്വേഷിച്ചു. താൻ ചെരുപ്പ് എടുത്തിട്ടില്ല എന്ന് അവൾ കരഞ്ഞ് പറഞ്ഞു. റോഡിൽ നിറയെ ആളുകളുണ്ടായിരുന്നു, അവരുടെ മുന്നിൽ വച്ച് ഹക്കീം അവളുടെ കൈയ്യിലുണ്ടായിരുന്ന ബാഗും കവറുകളും പരസ്യമായി പരിശോധിച്ചു. കവറുകളിൽ നിന്ന് കുഞ്ഞുടുപ്പുകളും കുഞ്ഞുകളിപ്പാട്ടങ്ങളും ബിസ്ക്കറ്റ് കവറുകളും റോഡിൽ ചിതറി വീണു, പക്ഷെ ഹക്കീമിന് ആ ചെരുപ്പ് മാത്രം കണ്ടെത്താനായില്ല .
അപമാനിതയായ ആ സ്ത്രീ വിങ്ങിപ്പൊട്ടികരഞ്ഞ് കൊണ്ട് റോഡിൽ വീണതെല്ലാം പെറുക്കി കവറിലിട്ട് കുഞ്ഞിൻ്റെ കൈയ്യും പിടിച്ച് നടന്നകന്നു. ആ കാഴ്ച പലരുടെയും മനസിൽ വേദനയുണ്ടാക്കി.
തിരിച്ച് കടയിലെത്തിയ ഹക്കീം കണ്ടത് കടയിലെ അലമാരയുടെ അരികിൽ കിടക്കുന്ന ആ കുഞ്ഞു ചെരുപ്പുകളാണ്. അയാൾ ആകെ തളർന്നു, ആ പാവം സ്ത്രീയെ അത്രയും ആളുകളുടെ മുന്നിൽ വച്ച് അപമാനിച്ചതോർത്ത് അയാൾ മനം നൊന്ത് പശ്ചാത്തപിച്ചു.
പിറ്റേന്ന് പത്രം വായിച്ച ഹക്കീം ഞെട്ടി, കടയിൽ വന്ന സ്ത്രീയുടെയും കുഞ്ഞിൻ്റേയും ഫോട്ടോ ചരമ കോളത്തിൽ, മുകളിൽ ഒരു തലക്കെട്ടും, ‘കുഞ്ഞിനെ കൊന്ന് അമ്മ ജീവനൊടുക്കി ‘ .
വാർത്ത വായിച്ച ഹക്കീം പാപഭാരത്താൽ നീറിത്തുടങ്ങി .അയാൾക്ക് രാത്രി ഉറക്കമില്ലാതായി. കണ്ണടച്ചാൽ ബാർബിയുടെ ചെരുപ്പിന് വേണ്ടിയുള്ള ആ കുഞ്ഞിൻ്റെ കരച്ചിൽ അയാളുടെ ചെവിയിൽ കേൾക്കും, ആ സ്ത്രീയും കുഞ്ഞും തൻ്റെ മുന്നിൽ വന്ന് നിന്ന് ഉറക്കെ കരയുന്നത് സ്വപ്നം കാണുന്നത് പതിവായി. പശ്ചാത്താപം കൊണ്ടും ഉറക്കക്കുറവ് കൊണ്ടും അയാൾ ക്രമേണ ഒരു മാനസിക രോഗിയായി മാറി.
ഹക്കീമിലെ ആ മാനസിക രോഗിയാണ് രാത്രികാലങ്ങളിൽ പല വീടുകളുടെയും മുന്നിൽ പുത്തൻ കുഞ്ഞു ചെരുപ്പുകൾ വച്ചിട്ട് കടന്ന് കളയുന്നത്.
പകൽ മുഴുവൻ സാധാരണ ഒരു മനുഷ്യനെപ്പോലെ കട തുറന്ന് കച്ചവടം നടത്തുന്ന ഹക്കീം, രാത്രി കാലങ്ങളിൽ ചെറിയ പെൺകുട്ടികളുള്ള വീട് കണ്ട് പിടിച്ച് അവിടെ ചെരുപ്പ് വച്ച് മടങ്ങുന്നത് പതിവാക്കി .
ഹക്കീമിൻ്റെ മാനസികനില മനസിലാക്കി മജിസ്ട്രേറ്റ് അയാളെ മെൻറൽ അസൈലത്തിലേക്കയച്ചു.
ഹക്കീമിൻ്റ കഥ കേട്ട് മാധവൻ നമ്പ്യാരുടെ കണ്ണ് നിറഞ്ഞു. ജീവിതത്തിൽ ആർക്കും പറ്റാവുന്ന ഒരു തെറ്റ്, ആ തെറ്റിന് ഹക്കീം കൊടുക്കേണ്ടി വന്ന വില തൻ്റെ സ്വന്തം ജീവിതം തന്നെയായിരുന്നു ……..