Friday, January 10, 2025
Homeകഥ/കവിത'ബൗണ്ടറികൾ' (തുടർക്കഥ -Part- 6) ✍ പ്രതാപ് ചന്ദ്രദേവ്.

‘ബൗണ്ടറികൾ’ (തുടർക്കഥ -Part- 6) ✍ പ്രതാപ് ചന്ദ്രദേവ്.

പ്രതാപ് ചന്ദ്രദേവ്

കഥ ഇതുവരെ:
താൻ ഒരു ഹൃദ്രോഗി ആണെന്നും അധികം ആയുസ്ലില്ലന്നും മനസ്സിലാക്കിയ രാഹുൽ, തൻ്റെ എല്ലാമെല്ലാമായിരുന്ന ലക്ഷ്മിയുടെ നല്ല ഭാവിക്കു വേണ്ടി, അവളുമായുള്ള വിവാഹത്തിന് തനിക്ക് താല്പര്യമില്ലെന്ന് പറയുന്നു. അയാളുടെ ആ തീരുമാനത്തിൻ്റെ ആഘാതത്തിൽ അയാളുടെ അച്ഛനും അമ്മയും നഷ്ടപ്പെടുന്നു. ലക്ഷ്മിയെ അവളുടെ അച്ഛൻ വേറൊരാൾക്ക് നിർബന്ധിച്ച് വിവാഹം കഴിപ്പിച്ചു കൊടുക്കുന്നു.
നാടുവിട്ടു പോയ രാഹുലിൻ്റെ അസുഖം ഹരീഷ്ജി എന്ന സന്യാസി മാറ്റിക്കൊടുക്കുന്നു. തൻ്റെ ബുക്കുകൾ പബ്ലിഷ് ചെയ്ത വകയിൽ കിട്ടിയ ഭീമമായ തുക അനുജനും കുടുംബത്തിനും നല്കാനായി അയാൾ നാട്ടിലേക്ക് തിരികെ വരുന്നു. അനുജൻ്റെയും ഭാര്യയുടെയും പെരുമാറ്റത്തിലെ മാറ്റങ്ങൾ അയാളെ വിഷമിപ്പിക്കുന്നു. ലക്ഷ്മിയുടെ ഭർത്താവ് മരിച്ചു പോയ കാര്യം അയാൾ അറിയുന്നു.

തുടർന്ന് വായിക്കുക:

സാമാധാനിപ്പിക്കാനായി അവളോട് പറഞ്ഞു:

“കരയരുത് ലക്ഷമീ, അയാൾക്ക് അത്രയേ ആയുസ്സുണ്ടായിരുന്നുള്ളുവായിരിക്കും. വിഷമിച്ചിട്ട് ഇനി എന്താ കാര്യം?”

“അങ്ങേര് പോയതോർത്ത് എനിക്ക് ഒരു വിഷമവുമില്ല. ഈ അച്ഛൻ്റെ എടുത്തു ചാട്ടവും ആത്മഹത്യാ ഭീഷണിയുമാണ് എന്നെ ഈ നിലയിലെത്തിച്ചത്. അയാളെക്കുറിച്ച് എനിക്ക് നല്ലൊരു ഓർമ്മയുമില്ല. എൻ്റെയീ മോളെ, മോളേ എന്നൊന്നു വിളിക്കുകയോ ഒന്നെടുക്കകയോപോലും ചെയ്തിട്ടില്ല. അയാളുടെ മോളല്ല ഇവളെന്ന്. രാഹുലേട്ടൻ്റെ മോളാണെന്ന്.”

അതു കേട്ട് ഞെട്ടിയ എൻ്റെ മുഖത്ത് നോക്കി വിഷമത്തോടെ പുഞ്ചിരിച്ചിട്ട് അവൾ പറഞ്ഞു:

“നമുക്കറിയാമല്ലോ സത്യങ്ങൾ. നമ്മുടെ പവിത്ര ബന്ധത്തെ ഉർക്കൊള്ളാനൊന്നും ആ മാനസിക രോഗിക്ക് കഴിവില്ലായിരുന്നു. കഴിഞ്ഞ ജന്മത്തിലെ പാപങ്ങളുടെ ഫലമായിരിക്കും അയാളുടെ കുരുക്ക് എൻ്റെ കഴുത്തിൽ വീണത്. അല്ലെങ്കിൽ കുറച്ച് കാലത്തേയ്ക്കാണെങ്കിൽ പോലും രാഹുലേട്ടനെ പരിചരിച്ച് എൻ്റെ ജന്മം സായൂജ്യമടയുമായിരുന്നു. അതിനുള്ള യോഗ്യത ഇല്ലാണ്ടാക്കിയില്ലേ എൻ്റെ ഈ അച്ഛൻ. ദൈവത്തിനോട് എനിക്കൊരു പ്രാർത്ഥനേയുള്ളു. എൻ്റെ ഈ ജന്മം എടുത്തിട്ട്, രാഹുലേട്ടന് ആയുസ്സ് നീട്ടിത്തരണേയെന്ന്.”

എന്നും പറഞ്ഞ് വിങ്ങിവിങ്ങിക്കരയുന്ന അവളെ നോക്കി അന്തം വിട്ടു നിന്ന കാത്തു മോളെ ഞാൻ പെട്ടെന്ന് വാരിയെടുത്തു. ഒരു പൂച്ചക്കുഞ്ഞിനെപ്പോലെ അവൾ എന്നോട് ചേർന്ന് കെട്ടിപ്പിടിച്ചിരുന്നു. അവളുടെ അച്ഛൻ കൊടുക്കാത്ത സ്നേഹം ഒരപരിചിതനിൽ നിന്ന് അവൾ അനുഭവിക്കുകയാണെന്ന് തോന്നി. ലക്ഷ്മിയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പുന്നതു കണ്ടു. ബാലമാമയും ഗിരിജമാമിയും പഞ്ചാത്താപം കലർന്ന മിഴികളായി നിൽക്കുന്നു. രംഗം ഒന്ന് അയവുവരുത്താനായി കാത്തു മോൾക്ക് ഒരുമ്മ കൊടുത്തിട്ട്,

“മോള് ഏതു ക്ലാസ്സിലാ പഠിക്കുന്നത് ?”

അവൾ കൊഞ്ചലോടെ പറഞ്ഞു:

“ഇനി ഞാൻ ഫസ്റ്റ് സ്റ്റാൻഡേർഡിലാ…”

“സുന്ദരിക്കുട്ടീ നന്നായി പഠിക്കണേ, ഇനി ഞാൻ വരുമ്പോൾ ഗിഫ്റ്റ്സും ചോക്കളേറ്റ്സും ഒക്കെ വാങ്ങിക്കൊണ്ട് വരാമേ… ”

അവൾ ചിരിച്ചുകൊണ്ട് തലയാട്ടി. അവളെ പതുക്കെ താഴെ നിറുത്തിയിട്ട് ലക്ഷ്മിയെയും മറ്റുള്ളവരെയും നോക്കി,

” എന്നാ ഞാനിറങ്ങട്ടെ?”

“അയ്യോ മോനു ചായ തന്നില്ലല്ലോ ഞാനിപ്പോൾ കൊണ്ടു വരാം.”

എന്നു പറഞ്ഞ് അകത്തേയ്ക്ക് കയറാൻ പോയ ഗിരിജ മാമിയെ തടഞ്ഞു.

” വേണ്ട, ഞാനിപ്പോൾ വീട്ടിൽ നിന്ന് ഊണു കഴിച്ചതേയുള്ളു. ചായയൊക്കെ ഇനിയും കുടിക്കാമല്ലോ.”

എന്നു പറഞ്ഞിട്ട് മുറ്റത്തേയ്ക്കിറങ്ങി. ലക്ഷ്മി കുഞ്ഞിനെയും പിടിച്ചു കൊണ്ട് റോഡു വരെ കൂടെ വന്നു.
അവൾ ആകെ ക്ഷീണിച്ചു പോയിരിക്കുന്നു. എങ്കിലും അവളുടെ പഴയ സൗന്ദര്യം ഇപ്പോഴും നിലനില്ക്കുന്നു. അവളുടെ മുഖത്ത് നോക്കി പുഞ്ചിരിച്ചു കൊണ്ടു പറഞ്ഞു:

” എന്നാൽ ഞാൻ… ”

വിഷമമുഖത്ത് ഒരു പുഞ്ചിരി വരുത്തിക്കൊണ്ട് അവൾ പറഞ്ഞു:

“ആരോഗ്യമെല്ലാം നന്നായി ശ്രദ്ധിക്കണം കേട്ടോ, ക്ഷീണം എന്തെങ്കിലും വന്നാൽ പരിചരിക്കാൻ വേറെയാരെയും നോക്കരുതേ, എന്നെ വിളിച്ചാൽ മതി,ഞാൻ വരാം. മറ്റേതു ജോലിയെക്കാളും ഞാൻ സ്വപ്നം കാണുന്നത് അതാണ്.”

ഒന്നും പറയാതെ അവളെയും കാത്തുമോളെയും നോക്കി ഒന്നു പുഞ്ചിരിച്ചിട്ട് പെട്ടെന്ന് തിരിഞ്ഞു നടന്നു. അപ്പോൾ മനസ്സിൽ ലക്ഷ്മിയുടെ വാക്കുകളായിരുന്നു. പാവം അവളറിഞ്ഞിട്ടില്ല, എൻ്റെ അസുഖം മാറിയ കാര്യം. എങ്കിൽ അവൾ എന്നോടു ഇങ്ങനെ പറയില്ലായിരുന്നു. എൻ്റെ മരണശയ്യയിൽ എന്നെ പരിചരിക്കുന്നതും സ്വപ്നം കണ്ടു നടക്കുകയാണവൾ! എൻ്റെ അസുഖത്തിൻ്റെ കാര്യം ഇവരെ അറിയിച്ച അനിയൻ, എന്തേ അസുഖം മാറിയ കാര്യം ഇവരെ അറിയിച്ചില്ല! അതുപോലെ ലക്ഷ്മിയുടെ ഇപ്പോഴത്തെ അവസ്ഥയൊന്നും എന്നെയും അറിയിച്ചില്ലല്ലോ!

അന്നു രാത്രി ഡൈനിംഗ് ടേബിളിൽ ഒരുമിച്ച് ഭക്ഷണം കഴിക്കുമ്പോൾ രാജീവിൻ്റെയും ഉണ്ണിമായയുടെയും മുഖം ഗൗരവമായിരുന്നു.

“ചേട്ടൻ്റെ ഇനിയുള്ള പ്ലാൻ പറഞ്ഞില്ലല്ലോ? അവിടത്തെ ജോലികളയരുതെന്നാണ് എൻ്റെ അഭിപ്രായം. പിന്നെ ചേട്ടനറിയാമല്ലോ, എൻ്റെ പേരിലിരിക്കുന്ന ഈ വീടും സ്ഥലവുമൊക്കെ കണ്ടതുകൊണ്ടാണ് ഉണ്ണിമായയെ അവളുടെ വീട്ടുകാർ കെട്ടിച്ചു തന്നത്. ”

കൂടുതൽ അവനെ വിശദീകരിക്കാൻ അനുവദിക്കാതെ തടഞ്ഞു കൊണ്ടു പറഞ്ഞു:
“നിനക്ക് ഞാൻ തന്ന സ്വത്തുക്കൾ തിരികെ വാങ്ങാനല്ല ഞാൻ വന്നത്. നിനക്ക് ഞാൻ തന്നത് തന്നതു തന്നെയാണ്. അതൊന്നും ഞാനിനി തിരികെ ചോദിക്കുമെന്ന് പേടിക്കണ്ട. നിൻ്റെ കുടുംബത്തോടൊപ്പം രണ്ടു ദിവസം താമസ്സിച്ചിട്ട്, തിരികെ പോകാൻ വേണ്ടി മാത്രമാണ് ഞാൻ വന്നത്. അവകാശം പറയാനല്ല.”

ഇപ്പോൾ രാജിവിൻ്റെയും ഉണ്ണിമായയുടെയും മുഖം ഒന്നു തെളിഞ്ഞു. ആ തെളിച്ചത്തോടെ രാജീവ് പറഞ്ഞു:

” ഉണ്ണിമായയുടെ ബന്ധത്തിൽ ഒരു കാർഡിയോളജിസ്റ്റ് ഉണ്ട്. നമുക്ക് അങ്ങോട്ടു പോയി ഒരു ഡീറ്റയിൽ ചെക്കപ്പ് നടത്താം. അവിടത്തെ ഡോക്ടർമാർ പറഞ്ഞതൊന്നും പൂർണമായും വിശ്വസിക്കണ്ട.”

“ഇനി അതൊന്നും നോക്കുന്നില്ല. ജീവിക്കാൻ വിധിയുണ്ടെങ്കിൽ ജീവിക്കും. മരിക്കാനാണെങ്കിൽ അങ്ങനെ. അല്ലെങ്കിലും മനസ്സുകൊണ്ട് ഞാൻ എന്നേ മരിച്ചു കഴിഞ്ഞു.”

“ഇതാണ് ചേട്ടൻ്റെ ഒരു കുഴപ്പം. എന്തൊക്കെയോ മോട്ടിവേഷൻ ബുക്കുകൾ ചേട്ടൻ എഴുതിയെന്നൊക്കെ പറയുന്നു, എനിക്കത് അങ്ങോട്ടു വിശ്വാസിക്കാനേ പറ്റുന്നില്ല!”

എന്ന് രാജീവ് പറഞ്ഞപ്പോൾ മറുപടി ഒരു പുഞ്ചിരിയിൽ മാത്രം ഒതുക്കി.

മുറിയിൽ കിടക്ക ശരിയാക്കിക്കൊണ്ടു നിന്നപ്പോൾ പിള്ളേര് രണ്ടു പേരും അടുത്തു വന്നു കൂടി.

“വല്യച്ഛാ ഒരു കഥ പറഞ്ഞുതരോ ”

ഉത്സാഹത്തോടെ രണ്ടു പേരെയും അപ്പുറത്തും ഇപ്പുറത്തും ഇരുത്തി കഥ പറഞ്ഞു തുടങ്ങി. രണ്ടു പേരും ആകാംക്ഷയോടെ തലയാട്ടിക്കൊണ്ടിരുന്നപ്പോൾ കഥ പറച്ചിൽ നീണ്ടു പോയി. ആദി ഉറക്കം പിടിച്ചു തുടങ്ങി. കഥ നിറുത്താൽ മേഘ്ന സമ്മതിക്കുന്നുമില്ല. ഉണ്ണിമായ വന്ന് ആദിയെ എടുത്തു കൊണ്ടുപോയി. തിരികെ വന്ന് മേഘ്നയെ വിളിച്ചപ്പോൾ, ഞാനിന്ന് വല്യച്ഛൻ്റെ കൂടെ കിടന്നോളാം എന്ന് അവൾ പറഞ്ഞു. ഉണ്ണിമായ ദേഷ്യത്തോടെ അവളെ പിടിച്ചു വലിച്ചുകൊണ്ടു പോയി. മോള് നല്ല കരച്ചിലായിരുന്നു. അവളുടെ കരച്ചിലിൻ്റെ കാരണം രാജീവ് തിരക്കുന്നത് കേൾക്കാമായിരുന്നു.

” ഇപ്പോഴത്തെ കാലം ശരിയല്ല, അവളൊരു പെൺകുട്ടിയല്ലേ? ഇപ്പോൾ പത്രത്തിലും മറ്റും ഓരോന്ന് വരുന്നത് കണ്ടില്ലേ, പോരാത്തതിന് സന്യാസിമാരെന്ന് പറയുന്നവന്മാരെ ഒട്ടും വിശ്വാസിക്കാനേ പറ്റില്ല.”

ഉണ്ണിമായയുടെ വാക്കുകൾ ഒരു ചാട്ടുളിപോലെ ശരീരത്തിൽ ആഞ്ഞു കയറി.
തുടരും.

പ്രതാപ് ചന്ദ്രദേവ്✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments