ആന്റിഗ്വ: ട്വന്റി 20 ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിനെ വീഴ്ത്തി ദക്ഷിണാഫ്രിക്ക സെമിയിൽ. ആവേശകരമായ പോരാട്ടത്തിനൊടുവിൽ മൂന്ന് വിക്കറ്റിന്റെ വിജയമാണ് എയ്ഡൻ മാക്രത്തിന്റെ സംഘം സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ് എട്ട് വിക്കറ്റ് നഷ്ടത്തിൽ 135 റൺസെടുത്തു. ദക്ഷിണാഫ്രിക്കൻ ബാറ്റിംഗിനിടെ മഴയെത്തിയതോടെ വിജയലക്ഷ്യം 17 ഓവറിൽ 123 റൺസായി ചുരുങ്ങി. 16.2 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്താൻ ദക്ഷിണാഫ്രിക്കയ്ക്ക് കഴിഞ്ഞു. ഗ്രൂപ്പ് ബിയിൽ അമേരിക്കയെ തോൽപ്പിച്ച് ഇംഗ്ലണ്ട് നേരത്തെ സെമി ഉറപ്പിച്ചിരുന്നു.
വെസ്റ്റ് ഇൻഡീസിനെതിരെ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബൗളിംഗിനിറങ്ങി. റോസ്റ്റൺ ചെയ്സിന്റെ 52 റൺസും കെയ്ൽ മയേഴ്സിന്റെ 35 റൺസുമാണ് വിൻഡീസിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. തബരീസ് ഷംസി മൂന്ന് വിക്കറ്റെടുത്തു. മറുപടി പറഞ്ഞ ദക്ഷിണാഫ്രിക്കയ്ക്കും ലക്ഷ്യത്തിലേക്കുള്ള യാത്ര എളുപ്പമായിരുന്നില്ല. കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ നഷ്ടമായി.
ട്രിസ്റ്റൺ സ്റ്റബ്സ് 29 റൺസും ഹെൻറിച്ച് ക്ലാസൻ 22 റൺസുമെടുത്ത് പുറത്തായി. മറ്റാർക്കും കാര്യമായ സംഭാവനകളും ഉണ്ടായിരുന്നില്ല. ഇതോടെ മത്സരം അവസാന ഓവറിലേക്ക് നീണ്ടു. എങ്കിലും മാക്രോ ജാൻസന്റെ അവസരോചിത ഇന്നിംഗ്സ് ദക്ഷിണാഫ്രിക്കയെ വിജയത്തിലെത്തിച്ചു. 14 പന്തിൽ ഒരു ഫോറും ഒരു സിക്സും സഹിതം 21 റൺസുമായി ജാൻസൻ പുറത്താകാതെ നിന്നു.