പാകിസ്ഥാന്‍ വേദിയാകുന്ന ഐസിസി ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് മത്സരക്രമത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. ഫ്രബ്രുവരി 19ന് ആണ് മാച്ചുകള്‍ ആരംഭിക്കുന്നത്. ടൂര്‍ണമെന്റില്‍ ബംഗ്ലാദേശിനും ന്യൂസിലന്‍ഡിനുമൊപ്പം പാക്കിസ്ഥാന്റെ അതേ ഗ്രൂപ്പിലാണ് ഇന്ത്യ ഇടംപിടിച്ചിട്ടുള്ളത്.
ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്ന ഇന്ത്യ-പാകിസ്താന്‍ മത്സരം ഫെബ്രുവരി 23-ന് ഞായറാഴ്ചയായിരിക്കും. ടീം ഇന്ത്യ മുഹമ്മദ് റിസ്വാന്‍ നയിക്കുന്ന നിലവിലെ ചാമ്പ്യന്മാരായ പാകിസ്ഥാനെ നേരിടുമ്പോള്‍ അത് ക്രിക്കറ്റ് ലോകത്തെ എണ്ണം പറഞ്ഞ മത്സരങ്ങളിലൊന്നായിരിക്കും. ബംഗ്ലാദേശിനും ന്യൂസിലന്‍ഡിനുമെതിരായ ഇന്ത്യയുടെ അടുത്ത രണ്ട് ഗ്രൂപ്പ് മത്സരങ്ങള്‍ ഫെബ്രുവരി 20-നും, മാര്‍ച്ച് രണ്ടിനും ദുബായില്‍ നടക്കും. മാര്‍ച്ച് ഒമ്പതിനാണ് ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍.
മാസങ്ങള്‍ നീണ്ട തര്‍ക്കത്തിന് ശേഷമാണ് ടൂര്‍ണമെന്റ് ഹൈബ്രിഡ് മോഡലില്‍ നടത്തുമെന്നും 2027 വരെ ഇന്ത്യയോ പാകിസ്ഥാനോ ആതിഥേയത്വം വഹിക്കുന്ന ഏതൊരു ടൂര്‍ണമെന്റിലും ഇരുവരുടെയും മത്സരങ്ങള്‍ക്ക് നിഷ്പക്ഷ വേദി കാണാമെന്നും ഐസിസി ഔദ്യോഗികമായി അറിയിച്ചത്. സുരക്ഷ കാരങ്ങളാല്‍ ഇന്ത്യന്‍ ടീം പാകിസ്താനില്‍ കളിക്കാന്‍ തയ്യാറല്ല എന്ന വിവരം മുമ്പ് തന്നെ പുറത്തുവന്നിരുന്നു. ഇതോടെയാണ് ഇന്ത്യയുടെ മത്സരങ്ങള്‍ക്ക് ദുബായിയില്‍ വേദി ഒരുക്കിയത്. ഇന്ത്യ വേദിയാകുന്ന ടൂര്‍ണമെന്റുകളില്‍ പാകിസ്താനുമായുള്ള മത്സരങ്ങള്‍ മറ്റൊരു രാജ്യത്ത് ആയിരിക്കും നടത്തുക.