സംസ്ഥാന അണ്ടര്‍ 20 ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ചരിത്രത്തില്‍ ആദ്യമായി കിരീടത്തില്‍ മുത്തമിട്ട് ആഥിതേയരായ വയനാട്. കല്‍പ്പറ്റ മരവയലിലെ എം.കെ. ജിനചന്ദ്രന്‍ സ്മാരക ജില്ല സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ ഫൈനല്‍ ടൈ ബ്രേക്കറിലേക്ക് നീങ്ങിയപ്പോള്‍ ഷൂട്ടൗട്ടിലൂടെ 5-4 ലീഡില്‍ വയനാട് കപ്പുയര്‍ത്തുകയായിരുന്നു. ഇരുടീമും മികച്ചപ്രകടനം കാഴ്ചവെച്ച മത്സരം 1-1 സമനിലയില്‍ അവസാനിക്കുകയായിരുന്നു. ആദ്യപകുതിയില്‍ എട്ടാം മിനിറ്റില്‍ മലപ്പുറമാണ് മത്സരത്തിലെ ആദ്യ ഗോള്‍ കണ്ടെത്തിയത്.
വയനാടിന്റെ ഗോള്‍ പോസ്റ്റിനരികെ നിന്ന് ലഭിച്ച പന്ത് ഗോളിലേക്ക് ലക്ഷ്യം വെക്കുന്നതിനിടെ പ്രതിരോധനിരക്കാരന്റെ കൈയ്യില്‍ തട്ടിയതിന് റഫറി പെനാല്‍റ്റി വിധിക്കുകയായിരുന്നു. കിക്കെടുത്ത മലപ്പുറത്തിന്റെ ശ്രീഹരി ഉണ്ണികൃഷ്ണന്‍ മനോഹരമായി പന്ത് വലയിലെത്തിച്ചു. സ്‌കോര്‍ 1-0. തുടര്‍ന്നുള്ള സമയങ്ങളില്‍ ആക്രമിച്ച കളിച്ചെങ്കിലും ലീഡ് ഉയര്‍ത്താന്‍ മാത്രം മലപ്പുറത്തിന് കഴിഞ്ഞില്ല. വിങ്ങുകളിലൂടെയുള്ള മലപ്പുറം മുന്നേറ്റം തടയാന്‍ വയനാട് പ്രതിരോധനിര നന്നേ പാടുപ്പെട്ടു.
രണ്ടാംപകുതിയില്‍ വയനാടിന്റെ കളിശൈലി മാറി. നിരന്തരം മലപ്പുറത്തിന്റെ ഹാഫിലേക്ക് പന്ത് എത്തിക്കാന്‍ മധ്യനിരക്കാര്‍ക്ക് കഴിഞ്ഞു. ഇതിനുള്ള ഫലം 63-ാം മിനിറ്റില്‍ കണ്ടു.
മലപ്പുറം ബോക്‌സിലേക്ക് ഇരച്ചെത്തിയ വയനാട് താരത്തെ ഗോള്‍കീപ്പര്‍ വീഴ്ത്തിയതോടെ റഫറി മത്സരത്തിലെ രണ്ടാം പെനാല്‍റ്റിയും വിധിച്ചു. കിക്കെടുത്ത അമല്‍ ഷിനാസിന് പിഴച്ചില്ല. സ്‌കോര്‍ 1-1. സമനില പിടിച്ചതോടെ രണ്ടാംഗോളിനുള്ള നിരവധി അവസരങ്ങള്‍ വയനാട് തുറന്നെടുത്തെങ്കിലും ലക്ഷ്യം കാണാനായില്ല. ഷൂട്ടൗട്ടില്‍ മലപ്പുറത്തിന്റെ ആദ്യ കിക്ക് തന്നെ പുറത്തേക്ക് പോയി. മുഴുവന്‍ കിക്കും വലയിലെത്തിച്ച വയനാടിന്റെ താരങ്ങള്‍ ചരിത്രത്തിലേക്ക് നടന്നുകയറി. അണ്ടര്‍ 20 ഫുട്‌ബോള്‍ കിരീടം ആദ്യമായി വയനാടിന് സ്വന്തമാക്കി.