പെര്‍ത്ത് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച. ഓസ്ട്രേലിയക്കെതിരെ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നാലു വിക്കറ്റ് നഷ്ടത്തില്‍ 51 റണ്‍സെന്ന നിലയില്‍ പതറുകയാണ്. 10 റണ്‍സുമായി റിഷഭ് പന്തും 8 റണ്ണോടെ ധ്രുവ് ജുറെലും ക്രീസില്‍. ഓസ്ട്രേലിയക്കായി മിച്ചല്‍ സ്റ്റാര്‍ക്കും ജോഷ് ഹേസല്‍വുഡും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
യശസ്വി ജയ്സ്വാൾ, മലയാളി താരം ദേവ്ദത്ത് പടിക്കൽ, വിരാട് കോലി, കെ എല്‍ രാഹുല്‍ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത് ആദ്യ ദിനം ലഞ്ചിന് മുമ്പ് നഷ്ടമായത്. ഓസീസ് പേസര്‍മാരെ ആത്മവിശ്വാസത്തോടെ നേരിട്ട രാഹുലാണ് ഇന്ത്യയെ രണ്ടക്കം കടത്തിയത്.ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്‍റെ പന്തില്‍ സ്ലിപ്പില്‍ ക്യാച്ച് നല്‍കി മടങ്ങി. എട്ട് പന്തുകള്‍ നേരിട്ടെങ്കിലും ജയ്സ്വാളിന് അക്കൗണ്ട് തുറക്കാനായിരുന്നില്ല. രണ്ടാം വിക്കറ്റില്‍ രാഹുലിനൊപ്പം പടിക്കല്‍ പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും സ്റ്റാര്‍ക്കിന്‍റെയും ഹേസല്‍വുഡിന്‍റെയും പന്തുകള്‍ക്ക് മുന്നില്‍ പതറി.
രാഹുലും കോലിയും ഇന്ത്യക്ക് പ്രതീക്ഷ നല്‍കിയെങ്കിലും ഹേസല്‍വുഡിന്‍റെ അപ്രതീക്ഷിത ബൗണ്‍സിന് മുന്നില്‍ കോലി(5) വീണു. 12 പന്തില്‍ അഞ്ച് റണ്ണെടുത്ത കോലിയെ സ്ലിപ്പില്‍ ഉസ്മാന്‍ ഖവാജ കൈയിലൊതുക്കുകയായിരുന്നു. ഓസീസ് പേസര്‍മാരുടെ പന്തുകളെ മികച്ച രീതിയില്‍ നേരിട്ട രാഹുലാണ് ഇന്ത്യയെ മുന്നോട്ടു നയിച്ചത്. എന്നാല്‍ ലഞ്ചിന് തൊട്ടു മുമ്പ് രാഹുലിനെ(26) കൂടി മടക്കി മിച്ചൽ സ്റ്റാര്‍ക്ക് ഇന്ത്യയ്ക്ക് പ്രഹരമേല്‍പ്പിച്ചു.നേരത്തെ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. സ്പിന്നര്‍മാരായ രവിചന്ദ്രൻ അശ്വിനും രവീന്ദ്ര ജഡേജയു ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്തായപ്പോള്‍ വാഷിംഗ്ടണ്‍ സുന്ദര്‍ ഒരേയൊരു സ്പിന്നറായി പ്ലേയിംഗ് ഇലവനിലെത്തി.വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറെലും സ്പെഷലിസ്റ്റ് ബാറ്ററായി ടീമിലെത്തി.