Thursday, December 26, 2024
Homeകായികംനിര്‍ണായക പെനാല്‍റ്റി നഷ്ടപ്പെടുത്തി വിനീഷ്യസ്; വെനസ്വേലയോട് സമനില വഴങ്ങി ബ്രസീല്‍.

നിര്‍ണായക പെനാല്‍റ്റി നഷ്ടപ്പെടുത്തി വിനീഷ്യസ്; വെനസ്വേലയോട് സമനില വഴങ്ങി ബ്രസീല്‍.

ലോകകപ്പ് യോഗ്യത റൗണ്ടില്‍ താരനിബിഡമായ ടീമുണ്ടായിട്ടും വെനസ്വേലയോട് സമനില വഴങ്ങി ബ്രസീല്‍. സൂപ്പര്‍ സ്‌ട്രൈക്കര്‍ വിനീഷ്യസ് ജൂനിയര്‍ നിര്‍ണായക പെനാല്‍റ്റി നഷ്ടപ്പെടുത്തിയതിന് പിന്നാലെ പത്ത് പേരായി ചുരുങ്ങിയ വെനസ്വേല സംഘം പ്രതിരോധ കോട്ട കെട്ടിയാണ് ബ്രസീലിന്റെ ജയിക്കാനുള്ള നീക്കങ്ങളെ തടഞ്ഞത്. മത്സരം 1-1 സമനില ആയതോടെ പോയിന്റ് പട്ടികയില്‍ അര്‍ജന്റീനക്ക് തൊട്ട് പിന്നിലായി രണ്ടാം സ്ഥാനത്ത് എത്താനുള്ള അവസരമാണ് ബ്രസീലിന് നഷ്ടമായത്.

ബാഴ്‌സലോണ താരം റഫീന്‍ഹയാണ് സുന്ദരമായ ഫ്രീകിക്കിലൂടെ ബ്രസീലിന്റെ ഏക ഗോള്‍ നേടിയത്. ഇടവേളക്ക് പിരിയുന്നതിന് തൊട്ടുമുമ്പ് ബ്രസില്‍ നല്‍കിയ പ്രഹരത്തിന് രണ്ടാംപകുതിയുടെ ആദ്യ മിനിറ്റുകളില്‍ തന്നെ വെനസ്വേല മറുപടി നല്‍കി. ടെലാസ്‌കോ സെഗോവി തൊടുത്ത ഷോട്ട് ആണ് ഗോള്‍ ആയത്. സമനിലയോടെ പത്തു ടീമുകളുള്ള ലാറ്റിനമേരിക്കന്‍ യോഗ്യത ഗ്രൂപ്പില്‍ പതിനേഴ് പോയന്റുമായി ബ്രസീല്‍ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി. 22 പോയന്റുമായി അര്‍ജന്റീനയാണ് ഒന്നാം സ്ഥാനത്ത്. 19 പോയന്റുള്ള കൊളംബിയ രണ്ടാമതാണ്.

മത്സരം തുടങ്ങിയത് മുതല്‍ നിരവധി ഗോളവസരങ്ങളാണ് ബ്രസീലിന് ലഭിച്ചത്. ഇതില്‍ റഫീന്‍ഹക്ക് ലഭിച്ച അവസരം വിശ്വാസിക്കാനാവാത്ത വിധമായിരുന്നു നഷ്ടമായത്. വിനീഷ്യസ് നല്‍കിയ കിടിലന്‍ പാസ് പോസ്്റ്റിന് പുറത്തേക്ക് പോകുന്നത് ഉള്‍ക്കിടിലത്തോടെയാണ് ബ്രസീല്‍ ആരാധകര്‍ നോക്കി നിന്നത്. മറ്റൊരു അവസരം വെനിസ്വേല കീപ്പര്‍ റാഫേല്‍ റോമിയോയുടെ മിടുക്കില്‍ നഷ്ടമാകുന്നത് കാണാമായിരുന്നു. ജെഴ്‌സണിന്റെ തകര്‍പ്പന്‍ ഷോട്ടാണ് റാഫേല്‍ റോമിയോ മുഴുനീള ഡൈവിലൂടെ ഗോളില്‍ നിന്ന് തിരിച്ചുവിട്ടത്. കളി ആദ്യ പകുതി തീരാന്‍ മിനിറ്റുകള്‍ ശേഷിക്കെയായിരുന്നു ബ്രസീലിന്റെ ഗോള്‍ എത്തിയത്. 43-ാം മിനിറ്റില്‍ പോസ്റ്റില്‍ നിന്ന് 25 വാരയെങ്കിലും അകലെനിന്ന് റഫീഞ്ഞ തൊടുത്ത കനത്ത കിക്കിന് മുമ്പില്‍ ഇത്തവണ റാഫേല്‍ പരാജയപ്പെട്ടു. മനോഹരമായി ഗതി മാറി വന്ന പന്ത് ക്രോസ് ബാറിലുരുമി ഉള്ളിലേക്ക് കയറിയപ്പോള്‍ ബ്രസീല്‍ താരങ്ങള്‍ ആശ്വാസിച്ചു. സ്‌കോര്‍ 1-0.

പകരക്കാരനായി രണ്ടാം പകുതിയിലിറങ്ങിയ ടെലാസ്‌കോ സെഗോവിയയായിരുന്നു വെനസ്വേലയുടെ സ്‌കോറര്‍. ഇടതുവിങ്ങില്‍നിന്ന് നവാരോയുടെ പാസ് സവാരിനോയിലേക്ക്. സവാരിനോ സെഗോവിയയെ ഉന്നംവെച്ച് നല്‍കിയ പന്തില്‍ ബോക്‌സിന് പുറത്തുനിന്ന് സെഗോവിയ തൊടുത്ത ശക്തമായ ഷോട്ട് ബ്രസീല്‍ ഗോള്‍പോസ്റ്റിലേക്ക് വെടിയുണ്ട കണക്കെ കയറുമ്പോള്‍ കീപ്പര്‍ എഡേഴ്‌സണ്‍ കാഴ്ച്ചക്കാരനായിരുന്നു. സ്‌കോര്‍ 1-1.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments