കൊച്ചി: കേരള ഫുട്‌ബോളില്‍ ഇതുവരെ കാണാത്തത്ര തലപ്പൊക്കമുള്ള കൊമ്പന്മാര്‍. പരിശീലകരുടെ കുപ്പായത്തില്‍ വിദേശികളായ ‘പാപ്പാന്മാര്‍’. പ്രാദേശികവികാരത്തിന്റെ ആവേശകരമായ വെടിക്കെട്ടുമായി ആറുദേശങ്ങളുടെ ടീമുകള്‍. കേരള ഫുട്‌ബോളില്‍ വന്‍മാറ്റങ്ങള്‍ക്ക് തുടക്കമിടുമെന്ന് പ്രതീക്ഷിക്കുന്ന മഹീന്ദ്ര സൂപ്പര്‍ ലീഗ് കേരള ടൂര്‍ണമെന്റിന് ശനിയാഴ്ച കിക്കോഫ്. ഫോഴ്‌സാ കൊച്ചി എഫ്.സി.യും മലപ്പുറം എഫ്.സി.യും തമ്മിലുള്ള പോരാട്ടത്തോടെ ലീഗിന് തിരശ്ശീലയുയരും. കൊച്ചി ജവാഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ശനിയാഴ്ച രാത്രി എട്ടുമണിക്കാണ് കിക്കോഫ്.
തിരുവനന്തപുരം കൊമ്പന്‍സ് എഫ്.സി., തൃശ്ശൂര്‍ മാജിക് എഫ്.സി., കാലിക്കറ്റ് എഫ്.സി., കണ്ണൂര്‍ വാരിയേഴ്‌സ് എഫ്.സി. എന്നിവരാണ് മറ്റുടീമുകള്‍. സെപ്റ്റംബര്‍ ഒന്‍പതിന് മലപ്പുറത്ത് തൃശ്ശൂരും കണ്ണൂരും ഏറ്റുമുട്ടുമ്പോള്‍ പത്തിന് കോഴിക്കോട്ട് തിരുവനന്തപുരവും കോഴിക്കോടും തമ്മില്‍ മാറ്റുരയ്ക്കും. തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം, കൊച്ചി ജവാഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയം, മഞ്ചേരി പയ്യനാട് സ്റ്റേഡിയം, കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയം എന്നിവയാണ് മത്സരവേദികള്‍. തൃശ്ശൂര്‍ ടീമിന് മലപ്പുറവും കണ്ണൂര്‍ ടീമിന് കോഴിക്കോടും ഹോം ഗ്രൗണ്ടാകും. എല്ലാ ടീമുകളും ഹോം ആന്‍ഡ് എവേ അടിസ്ഥാനത്തില്‍ രണ്ടുതവണ പരസ്പരം കളിക്കും. ആദ്യറൗണ്ടില്‍ പോയിന്റുപട്ടികയില്‍ മുന്നിലെത്തുന്ന നാലു ടീമുകള്‍ സെമിഫൈനലിലേക്ക് മുന്നേറും. നവംബര്‍ പത്തിന് കൊച്ചിയിലാണ് ഫൈനല്‍.
താരത്തിളക്കത്തില്‍
ഐ.എസ്.എലില്‍ ചെന്നൈയിന്‍ എഫ്.സി.ക്ക് കളിച്ച ബ്രസീല്‍ താരം റാഫേല്‍ അഗസ്റ്റോ, കേരള ബ്ലാസ്റ്റേഴ്‌സിന് കളിച്ചിട്ടുള്ള ഹെയ്തി താരം കെര്‍വെന്‍ ബെല്‍ഫോര്‍ട്ട് തുടങ്ങിയവര്‍ ലീഗിലുണ്ട്. ലോകഫുട്‌ബോളിലെ പവര്‍ ഹൗസുകളായ ബ്രസീല്‍, സ്‌പെയിന്‍ എന്നിവിടങ്ങളില്‍നിന്നാണ് കൂടുതല്‍ വിദേശതാരങ്ങള്‍. സി.കെ. വിനീത്, അനസ് എടത്തൊടിക, അബ്ദുള്‍ ഹക്കു, ഉള്‍പ്പെടെയുള്ള മലയാളി താരങ്ങളും ഇന്ത്യന്‍ താരങ്ങളായ സുഭാശിഷ് റോയ്, ആദില്‍ ഖാന്‍ തുടങ്ങിയവരും കളിക്കുന്നുണ്ട്.
നിക്ഷേപത്തിന്റെ കരുത്ത്
ലീഗിന്റെ പ്രഥമസീസണില്‍ ഓരോ ടീമും എട്ടുമുതല്‍ പത്തുകോടി രൂപവരെ ചെലവഴിക്കുന്നു. എല്ലാ ടീമിന്റെയും പരിശീലകസ്ഥാനത്ത് വിദേശികളാണ്. ജൂനിയര്‍ താരങ്ങള്‍ക്കും മോശമല്ലാത്ത പ്രതിഫലം ഉറപ്പാക്കിയിട്ടുണ്ട്. നടന്മാരായ പൃഥ്വിരാജ് കൊച്ചി ടീമിന്റെയും ആസിഫ് അലി കണ്ണൂര്‍ ടീമിന്റെയും ഉടമകളില്‍ ഉള്‍പ്പെടുമ്പോള്‍ നിര്‍മാതാവ് ലിസ്റ്റന്‍ സ്റ്റീഫനാണ് തൃശ്ശൂര്‍ ടീം ഉടമകളിലൊരാള്‍. ആകെ 80 കോടിയിലേറെ രൂപയുടെ നിക്ഷേപമുണ്ട്.