ജയ്പുർ: ട്വന്‍റി20 ലോകകപ്പിനു പിന്നാലെ ഇന്ത്യൻ പരിശീലക കുപ്പായം അഴിച്ചുവെച്ച മുൻ ഇന്ത്യൻ താരം രാഹുൽ ദ്രാവിഡ് തിരികെ പഴയ തട്ടകത്തിലേക്ക്.അടുത്ത സീസണു മുന്നോടിയായി ഐ.പി.എൽ ടീമായ രാജസ്ഥാൻ റോയൽസിന്‍റെ മുഖ്യപരിശീലകനായി ദ്രാവിഡ് ചുമതലയേൽക്കും.മലയാളി താരം സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ ടീമിന്‍റെ മെന്‍ററായി 2014, 15 സീസണുകളിൽ ദ്രാവിഡുണ്ടായിരുന്നു. 2012, 13 സീസണുകളിൽ റോയൽസിന്‍റെ ക്യാപ്റ്റനായിരുന്നു ദ്രാവിഡ്.
2016 മുതൽ ഡെൽഹി ഡെയർഡെവിൾസിന്‍റെ മെന്‍ററായിരുന്ന ദ്രാവിഡ് 2019ൽ ദേശീയ ക്രിക്കറ്റ് അക്കാദമി തലവനായി ചുമതലയേൽക്കുന്നതുവരെ ടീമിനൊപ്പമുണ്ടായിരുന്നു.2021ലാണ് ഇന്ത്യൻ ടീമിന്‍റെ പരിശീലകനായത്. 11 വർഷത്തെ ഐ.സി.സി കിരീട വരൾച്ചക്ക് വിരാമിട്ട്, ട്വന്‍റി20 ലോകകപ്പ് നേട്ടത്തിലെത്താൻ ടീം ഇന്ത്യയെ രാഹുൽ വഴികാട്ടി.
രാജസ്ഥാൻ ക്യാമ്പിലേക്ക് തിരിച്ചെത്തിക്കുന്നതിലൂടെ അടുത്ത സീസണിൽ കിരീടമുയർത്തുകയുകയെന്ന ലക്ഷ്യവും ടീമിനുണ്ട്. ഇന്ത്യയുടെ മുൻ താരം വിക്രം റാത്തോഡ് ദ്രാവിഡിനൊപ്പം അസിസ്റ്റന്‍റ് കോച്ചാകുമെന്നും സൂചനയുണ്ട്.
നേരത്തെ ഇരുവരും ക്രിക്കറ്റ് അക്കാദമിയിൽ ഒരുമിച്ച് പ്രവർത്തിച്ചിരുന്നു. ശ്രീലങ്കയുടെ മുൻ താരം കുമാർ സംഗക്കാര ടീം ഡയറക്ടറായി തുടരുമെന്നാണ് വിവരം.
2008നു ശേഷം കിരീടം നേടാൻ റോയൽസിന് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ സീസണിൽ പ്ലേഓഫിലാണ് പുറത്തായത്.