കേരളത്തിൽ ഫുട്ബോളിന്റെ വളർച്ചയ്‌ക്ക് നിർണായകമാകുമെന്നു കരുതുന്ന പ്രഥമ സൂപ്പർ ലീഗ് കേരളയ്‌ക്ക് സെപ്‌തംബർ ഏഴിന് കൊച്ചിയിൽ കിക്കോഫ്. ആറു ടീമുകൾ അണിനിരക്കുന്ന ടൂർണമെന്റിൽ ജേതാക്കൾക്ക് ഒരുകോടി രൂപ സമ്മാനമായി നൽകും. റണ്ണറപ്പിന് 50 ലക്ഷം രൂപ. 33 മത്സരങ്ങളുള്ള ലീഗിന്റെ മുഖ്യസ്‌പോൺസർ മഹിന്ദ്രയാണ്. കേരളത്തിന്റെ ആദ്യ പ്രൊഫഷണൽ ഫുട്ബോൾ ലീഗ് ‘മഹിന്ദ്ര സൂപ്പർ ലീഗ് കേരള’ എന്ന് അറിയപ്പെടുമെന്ന് സൂപ്പർ ലീഗ് കേരള ഡയറക്ടർ ഫിറോസ് മീരാൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സെപ്തംബർ ഏഴിന് രാത്രി 7.30ന് കൊച്ചി നെഹ്റു സ്‌റ്റേഡിയത്തിലാണ് കിക്കോഫ്. ഫോഴ്സ കൊച്ചി എഫ്സിയും മലപ്പുറം എഫ്സിയും തമ്മിലാണ് ആദ്യമത്സരം. പ്രമുഖ കലാകാരന്മാർ അണിനിരക്കുന്ന പരിപാടികൾക്കുശേഷമായിരിക്കും ഉദ്‌ഘാടനമത്സരം.
തിരുവനന്തപുരം കൊമ്പൻസ് എഫ്സി, കണ്ണൂർ വാരിയേഴ്സ് എഫ്സി, കലിക്കറ്റ് എഫ്സി, തൃശൂർ എഫ്സി എന്നിവയാണ് മറ്റു ടീമുകൾ. മലപ്പുറം മഞ്ചേരി പയ്യനാട് സ്‌റ്റേഡിയം, കോഴിക്കോട് കോർപറേഷൻ ഇ എം എസ് സ്‌റ്റേഡിയം, തിരുവനന്തപുരം ചന്ദ്രശേഖരൻനായർ സ്‌റ്റേഡിയം എന്നീ വേദികളിലും കളിയുണ്ടാകും. എല്ലാ ദിവസവും രാത്രി 7.30നാണ് മത്സരം. 45 ദിവസം നീളുന്ന ലീഗിൽ 33 മത്സരങ്ങളാണ്. ഫൈനൽ നവംബർ പത്തിന് കൊച്ചിയിൽ. മത്സരങ്ങളുടെ തത്സമയസംപ്രേഷണം സ്റ്റാർ സ്‌പോർട്സ് 1ൽ. വെബ്സ്ട്രീമിങ് ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറിലും ലഭിക്കും. ടിക്കറ്റുകൾ പേടിഎം വഴി ബുക്ക് ചെയ്യാം. ഉദ്ഘാടനമത്സരത്തിന്റെ ടിക്കറ്റ് വിൽപ്പന തുടങ്ങി. മത്സരദിവസം സ്‌റ്റേഡിയത്തിലും ടിക്കറ്റ് ലഭിക്കും.
സൂപ്പർ ലീഗ് കേരളത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്ന് കേരള ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് നവാസ് മീരാൻ പറഞ്ഞു. പുതിയ കളിക്കാർക്ക് അവസരം കിട്ടും. വിദേശ കോച്ചുകൾക്കും കളിക്കാർക്കുമൊപ്പമുള്ള പരിശീലനം കേരളത്തിലെ പുതിയ തലമുറയ്‌ക്ക് പുതിയ അനുഭവമാകും. ഐഎസ്‌എല്ലിലെ 420 കളിക്കാരിൽ കേരളത്തിൽനിന്ന് 45 പേരാണുള്ളത്. അതിൽത്തന്നെ ആദ്യ ഇലവനിൽ കളിക്കുന്നത് വിരലിൽ എണ്ണാവുന്നവരാണ്. 100–-150 കളിക്കാരെ കേരളത്തിന് സംഭാവന ചെയ്യാൻ കഴിയുമെന്ന് നവാസ് മീരാൻ പറഞ്ഞു.
മൂന്നു പുതിയ സ്‌റ്റേഡിയങ്ങൾ സൂപ്പർ ലീഗിന്റെ ഭാഗമായി യാഥാർഥ്യമാകുമെന്ന് സിഇഒ മാത്യു ജോസഫ് അറിയിച്ചു. മലപ്പുറം, തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിൽ ടീമുകളുടെ മുൻകൈയിൽ സ്‌റ്റേഡിയം വരും. ഏകദേശം 60 കോടിയുടെ നിക്ഷേപം ആദ്യവർഷം ഉണ്ടാകുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. പത്രം, ടെലിവിഷൻ, ഓൺലൈൻ വിഭാഗങ്ങളിലെ മികച്ച റിപ്പോർട്ടർ, കാമറാമാൻ എന്നിവർക്ക് ഒരുലക്ഷം, 50,000 രൂപ ക്രമത്തിൽ അവാർഡ് നൽകാൻ തീരുമാനിച്ചു.
തിരുവനന്തപുരം
സൂപ്പർ ലീഗ് കേരള (എസ്എൽകെ) ടീമായ തിരുവനന്തപുരം കൊമ്പൻസ് പരിശീലനത്തിനും സൗഹൃദമത്സരങ്ങൾക്കുമായി ഗോവയിലേക്ക് പോയി. അവിടെ മൂന്നു മത്സരങ്ങളാണുള്ളത്.സൂപ്പർ ലീഗ് കേരളയിലെ ആദ്യമത്സരത്തിനായി ഗോവയിൽനിന്ന് നേരിട്ട് കോഴിക്കോട്ടെത്തും. സെപ്തംബർ പത്തിന് കലിക്കറ്റ് എഫ്‌സിയുമായാണ് കളി. ഗോവൻ യാത്ര ടീമിന് വളരെയേറെ പ്രയോജനം ചെയ്യുമെന്ന് മുഖ്യ പരിശീലകനായ സെർജിയോ അലെസാൻഡ്രെ പറഞ്ഞു.
ബ്രസീലിയൻ താരങ്ങളായ മുപ്പത്തിരണ്ടുകാരൻ പാട്രിക് മോട്ടോയും മുപ്പത്തിനാലുകാരനായ ഓട്ടേമെർ ബിസ്‌പോയുമാണ് പരിചയസമ്പന്നരായ താരങ്ങൾ. ഡേവി കുൻഹ്, റെനൻ ജനുവാരിയോ, മാർകോസ് വൈൽഡർ, മൈക്കേൽ അമേരികോ എന്നിവരാണ് ബ്രസീലിൽനിന്നുള്ള മറ്റു താരങ്ങൾ.